Kerala
മലപ്പുറത്തെ ഈ അങ്കണ്‍വാടിയില്‍ 'ബിര്‍യാണി' മാത്രമല്ല, ഫ്രൈഡ് റൈസും വിളമ്പും
ചൊവ്വാഴ്ച ഫ്രൈഡ് റൈസും. വെള്ളിയാഴ്ച ബിരിയാണിയും
മലപ്പുറം | അങ്കണ്‍വാടിയിലെ ഉപ്പുമാവ് തിന്നു മടുത്ത ആലപ്പുഴ ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ ശങ്കുവെന്ന മൂന്നരവയസ്സുകാരന്റെ ‘ബിര്‍യാണിയും പൊരിച്ച കോഴിയും’ വേണമെന്ന വൈറല്‍ കഥക്ക് മുന്നേ ബിരിയാണി മാത്രമല്ല ഫ്രൈഡ് റൈസും വിളമ്പുന്ന സന്തോഷം പറയാനുണ്ട് ആലത്തൂര്‍പടി തട്ടാറമ്മലിലെ അങ്കണ്‍വാടിക്ക്.
പൊരിച്ച കോഴിയില്ലെങ്കിലും ഇവിടെ ആഴ്ചയില്‍ ഒരു ദിവസം ബിരിയാണിയും ഒരു ദിവസം ഫ്രൈഡ്റൈസും വിളമ്പി കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അങ്കണ്‍വാടിയിലെ ഉച്ചഭക്ഷണം ഇങ്ങനെയാണ്. വെജിറ്റബിള്‍ ബിരിയാണിയും ഫൈഡ്റൈസുമാണ് മെനുവെങ്കിലും സ്പോണ്‍സ്മാരെ കിട്ടിയാല്‍ അത് നോണ്‍വെജാക്കി മാറ്റും.
നഗരസഭയില്‍നിന്നും അങ്കണ്‍വാടി കുട്ടികള്‍ക്ക് പോഷകാഹരാത്തിന് ലഭിക്കുന്ന തുകയില്‍നിന്ന് തന്നെയാണ് ഇതിനുള്ള തുകയും കണ്ടെത്തുന്നത്.
ചൊവ്വാഴ്ചയാണ് ഫ്രൈഡ് റൈസിന്റെ ദിവസം. വെള്ളിയാഴ്ച ബിരിയാണിയും. ചില ദിവസങ്ങളില്‍ ഉച്ചഭക്ഷണ മെനുവില്‍ മാറ്റവുമുണ്ടാകുമെങ്കിലും അധികവും ഈ മെനുവാണ് ഇവിടത്തെ ഭക്ഷണ ക്രമം. മറ്റ് ദിവസങ്ങളില്‍ ചോറും ചെറുപയറും നല്‍കും. ഇന്നലെ അങ്കണ്‍വാടിയില്‍ വിളമ്പിയത് ഒന്നാംതരം ചിക്കന്‍ ബിരിയാണിയാണ്. 30 കുട്ടികളാണ് അങ്കണ്‍വാടിയിലുള്ളത്. പൈത്തിനിപ്പറമ്പ് സ്വദേശിനി ഷൈലജ അധ്യാപികയും സൈനബ സഹായിയുമാണ്.
ദേവികുളങ്ങരയിലെ ശങ്കുവെന്ന ത്രിജല സുന്ദറിന്റെ ആവശ്യം കേട്ട മന്ത്രി വീണാ ജോര്‍ജ് അങ്കണ്‍വാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.