Connect with us

From the print

ചെറുതല്ല ഈ മത്സരം

ത്രികോണ പോരാട്ടമാണ് 114 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ചണ്ഡീഗഢ് ലോക്‌സഭാ മണ്ഡലത്തിൽ

Published

|

Last Updated

ത്രികോണ പോരാട്ടമാണ് 114 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ചണ്ഡീഗഢ് ലോക്‌സഭാ മണ്ഡലത്തിൽ. തുടർച്ചയായി രണ്ട് തവണ വിജയിച്ച നടി കിരൺ ഖേറിനെ മാറ്റി സഞ്ജയ് ടണ്ഠനെയാണ് ബി ജെ പി സ്ഥാനാർഥിയാക്കിയത്. കോൺഗ്രസ്സിന്റെ ദേശീയ നേതാവ് മനീഷ് തിവാരിയും എൻ ഡി എയുടെ മുൻ പങ്കാളി ശിരോമണി അകാലി ദളിന്റെ ഹർദീപ് ബുട്ടെർലയുമാണ് എതിരാളികൾ. ചണ്ഡീഗഢിലെ കൗൺസിലർ കൂടിയാണ് ബുട്ടെർല. മൂവരും ഇന്നാട്ടുകാരാണ്. വമ്പനൊരു ജനാധിപത്യ ധ്വംസനത്തെ പൊളിച്ചടുക്കിയ ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസ്സും എ എ പിയും അടങ്ങുന്ന ഇന്ത്യ സഖ്യം മത്സരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട ജാള്യം ബി ജെ പിക്കുമുണ്ട്. ജൂൺ ഒന്നിന് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഇവിടെ 6,47,291 പേരാണ് വിധി നിർണയിക്കാനുള്ളത്.

നഗരം നിർണയിക്കും
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരവും പഞ്ചാബ്- ഹരിയാന സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനവുമായ ചണ്ഡീഗഢിൽ നഗര വോട്ടർമാരാണ് വിധി നിർണയിക്കുക. ഗ്രാമീണ വോട്ടുകൾ 2.8 ശതമാനം മാത്രമാണ്. പട്ടിക ജാതിക്കാർ 18.9 ശതമാനമുണ്ട്. മതാടിസ്ഥാനത്തിൽ 80 ശതമാനം വരുന്ന ഹിന്ദുക്കളാണ് ഭൂരിപക്ഷം. 15 ശതമാനം സിഖുകാരും 4.87 ശതമാനം മുസ്‌ലിംകളുമുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ ട്രെൻഡിന് അനുസരിച്ച് എം പിമാരെ ജയിപ്പിച്ചുവിടുന്ന രീതിയാണെങ്കിലും ഈയടുത്തായി എ എ പി സ്വാധീനം സൃഷ്ടിച്ച കേന്ദ്ര ഭരണ പ്രദേശമാണിത്. കഴിഞ്ഞ മേയർ തിരഞ്ഞെടുപ്പിൽ എ എ പിയെ ‘തോൽപ്പിച്ചുകളഞ്ഞതും’ സുപ്രീം കോടതി ‘ജയം’ അനുവദിച്ചതുമായ സംഭവവികാസങ്ങളിലേക്ക് നയിച്ചത് ഇതോടൊപ്പം ചേർത്തുവായിക്കാം.

1967ൽ സ്ഥാപിതമായത് മുതൽ കോൺഗ്രസ്സ് ഏഴ് തവണ ജയിച്ചിട്ടുണ്ട്. ബി ജെ പിയാകട്ടെ നാല് തവണയും. ബി ജെ പിയുടെ പ്രാഗ് രൂപം ഭാരീതയ ജന സംഘ്, ജനതാ ദൾ, ജനതാ പാർട്ടി എന്നിവ ഓരോ തവണ വീതവും ജയിച്ചു. 2014ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ കിരൺ ഖേർ 1.91 വോട്ടുകളാണ് നേടിയത്. കോൺഗ്രസ്സിന്റെ പവൻ കുമാർ ബൻസാലിന് 1.21 ലക്ഷവും എ എ പിയുടെ ഗുൽ പനാഗിന് 1.08 ലക്ഷവും വോട്ട് ലഭിച്ചു. അഞ്ച് വർഷം പിന്നിട്ടപ്പോൾ 2.31 ലക്ഷം വോട്ട് നേടിയാണ് ഖേർ വിജയം ആവർത്തിച്ചത്. ബൻസാലിന് 1.84 ലക്ഷം വോട്ട് ലഭിച്ചപ്പോൾ എ എ പിയുടെ വോട്ടോഹരി വെറും മൂന്ന് ശതമാനത്തിലൊതുങ്ങി. 13,781 വോട്ടാണ് ആപ്പിന്റെ ഹർമോഹൻ ധവാന് ലഭിച്ചത്. രണ്ട് വർഷത്തിനുശേഷം നടന്ന കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആകെയുള്ള 35 സീറ്റിൽ 14 എണ്ണവും എ എ പി നേടി. ബി ജെ പിക്ക് 12ഉം കോൺഗ്രസ്സിന് എട്ടും അകാലിദളിന് ഒന്നും സീറ്റുകൾ ലഭിച്ചു. ഫലത്തിൽ തൂക്കുസഭയായിരുന്നു.

ജനാധിപത്യത്തിന് കോടതി രക്ഷ
കോടതി ഇടപെടൽ വരെയെത്തിയ മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തെ പകൽവെളിച്ചത്തിൽ ഹിംസിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ജനുവരി 30ന് കണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സഖ്യ പരീക്ഷണമായിരുന്നു ഇന്ത്യ മുന്നണിക്ക്. കണക്കുകൾ അനുകൂലവുമായിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ ബി ജെ പിയുടെ മനോജ് സൊൻകറിനെ വിജയിയായി പ്രഖ്യാപിച്ചു വരണാധികാരി. ഇന്ത്യ മുന്നണി സ്ഥാനാർഥിക്ക് 12ഉം ബി ജെ പിക്ക് 16ഉം വോട്ടുകൾ ലഭിച്ചെന്നും എട്ട് വോട്ടുകൾ അസാധുവായെന്നുമായിരുന്നു പ്രഖ്യാപനം. ഇത് തട്ടിപ്പാണെന്ന് ഇന്ത്യ മുന്നണി നിലപാട് സ്വീകരിക്കുകയും ബാലറ്റ് പേപ്പർ വരണാധികാരിയായ മാസിഹ് വികൃതമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു. നാമനിർദേശം ചെയ്യപ്പെട്ട കൗൺസിലറായ മാസിഹ് ബി ജെ പിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ നേതാവായിരുന്നു. ഒടുവിൽ സുപ്രീം കോടതി എ എ പിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യ മുന്നണിയെ ഏതുവിധേനയും പരാജയപ്പെടുത്തുകയെന്ന അപകടകരമായ സമീപനമാണ് ബി ജെ പി സ്വീകരിച്ചത്. അവരുടെ (ഇന്ത്യ മുന്നണി) കണക്കും പിഴച്ചു, കെമിസ്ട്രിയും പ്രവർത്തിച്ചില്ല എന്ന ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ ഫലം വന്നയുടനെയുള്ള പ്രസ്താവന ഇതിന് തെളിവാണ്. ഇങ്ങനെയെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്തൊക്കെ കാണേണ്ടിവരുമെന്ന ആശങ്ക ആ സമയത്ത് പടർന്നിരുന്നു. ഏതായാലും വലിയൊരു വിപത്തിൽ നിന്ന് സുപ്രീം കോടതി രാജ്യത്തെ രക്ഷിച്ചുവെന്ന് പറയാം.

കോൺഗ്രസ്സും എ എ പിയും സഖ്യത്തിലായതോടെ പുതിയൊരു തലം ചണ്ഡീഗഢിലെ തിരഞ്ഞെടുപ്പിന് വന്നിട്ടുണ്ട്. എ എ പി സ്ഥാപക നേതാവ് അരവിന്ദ് കെജ്‌രിവാൾ ജയിലിലാണെങ്കിലും ഭാര്യ പ്രചാരണരംഗത്ത് സജീവമാണ്. അതേസമയം, ശിരോമണി അകാലി ദൾ നേടുന്ന വോട്ടുകൾ ആരെ സഹായിക്കുമെന്ന് കണ്ടറിയേണ്ടി വരും.

Latest