From the print
ഇത് കൂട്ടായ്മയുടെ വിജയം; കേരള വോളിക്ക് പുത്തനുണർവായി ദേശീയ കിരീടം
സവായ് മാന്‍സിംഗ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിയ കാണിക്കൂട്ടത്തെ ത്രില്ലടിപ്പിച്ച അഞ്ച് സെറ്റ് പോരാട്ടത്തില്‍ സര്‍വീസസിനെ തോല്‍പ്പിച്ചാണ് കേരളം കപ്പുയര്‍ത്തിയത്.
കോഴിക്കോട് | ജയ്പൂരില്‍ നടന്ന ദേശീയ പുരുഷ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ കേരളത്തിന്റെ കിരീട നേട്ടം സംസ്ഥാനത്തെ വോളി പ്രേമികള്‍ക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. സവായ് മാന്‍സിംഗ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിയ കാണിക്കൂട്ടത്തെ ത്രില്ലടിപ്പിച്ച അഞ്ച് സെറ്റ് പോരാട്ടത്തില്‍ സര്‍വീസസിനെ തോല്‍പ്പിച്ചാണ് കേരളം കപ്പുയര്‍ത്തിയത്. 2017-18ല്‍ കോഴിക്കോട്ട് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ശേഷമുള്ള കേരളത്തിന്റെ ആദ്യ കിരീടം കൂടിയായിരുന്നു ഇത്. എസ് ടി ഹരിലാല്‍, ഇ കെ കിഷോര്‍ കുമാര്‍, ലാലു ജോണ്‍ എന്നിവരായിരുന്നു പരിശീലകര്‍.
ക്യാപ്റ്റനായ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കേരളത്തിന് കിരീടം സമ്മാനിക്കാന്‍ കോഴിക്കോട് ചെലവൂര്‍ സ്വദേശിയും കസ്റ്റംസ് താരവുമായ അബ്ദുര്‍ റഹീമിനു കഴിഞ്ഞു. കിരീട നേട്ടത്തെക്കുറിച്ച് റഹീം സിറാജിനോട് സംസാരിക്കുന്നു.
ടീം വര്‍ക്കിന്റെ വിജയം
ഏറെ സന്തോഷമുണ്ട്. ടീമിന്റെ ഒത്തൊരുമയാണ് ഈ കിരീടത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്. ആദ്യ മത്സരത്തില്‍ സര്‍വീസസിനോട് അഞ്ച് സെറ്റ് മത്സരത്തില്‍ നമ്മള്‍ പൊരുതിത്തോറ്റിരുന്നു. ആ തോല്‍വിക്ക് ശേഷമുള്ള മത്സരങ്ങളില്‍ ടീം സെറ്റായി. ഫൈനലില്‍ സര്‍വീസസിനെ തന്നെ എതിരാളികളായി ലഭിച്ചത് ഒരര്‍ഥത്തില്‍ ഗുണമായി മാറുകയായിരുന്നു. ആദ്യ കളിയിലെ സര്‍വീസസ് താരങ്ങളുടെ മികവും പോരായ്മകളും മനസ്സിലാക്കിയുള്ള പരിശീലകരുടെ ഗെയിം പ്ലാന്‍ ഫൈനലില്‍ ഞങ്ങള്‍ നടപ്പാക്കുകയായിരുന്നു. കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചാലും ഇല്ലെങ്കിലും കളി ജയിക്കണമെന്ന മനസ്സോടെ സഹതാരങ്ങള്‍ നല്ല പിന്തുണ നല്‍കി. സീനിയര്‍- ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ടീമിന്റെ വിജയത്തിനായി നിലകൊണ്ടു.
പ്രൈം വോളി
പ്രൈം വോളി ബോള്‍ ലീഗ് പോലുള്ള ചാമ്പ്യന്‍ഷിപ്പുകളുടെ വരവ് കേരള വോളിക്ക് വലിയ ഗുണം ചെയ്യുന്നുണ്ട്. പ്രൈം വോളിയുടെ വരവോടെ കളിക്കാര്‍ ട്രെയിനറെ വെച്ച് പരിശീലിക്കാനും ശാരീരികക്ഷമതയില്‍ നന്നായി ശ്രദ്ധിക്കാനും തുടങ്ങി. കിരീട നേട്ടത്തോടെ ടീമിലെ കൂടുതല്‍ താരങ്ങള്‍ക്ക് വരും സീസണുകളില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വി അബ്ദുര്‍റഹ്മാന്‍ (കായിക മന്ത്രി)
എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ദേശീയ വോളിയില്‍ പുരുഷ വിഭാഗം കിരീടം ചൂടിയ കേരളാ ടീമിന് അഭിനന്ദനങ്ങള്‍. വനിതാ വിഭാഗത്തില്‍ രണ്ടാമതെത്തിയ നമ്മുടെ ടീമും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ കുറച്ചു കാലമായി വോളിബോള്‍ രംഗത്തുണ്ടായ നല്ല മാറ്റങ്ങളുടെ ഫലമാണ് ഈ കിരീടം. തെറ്റായ പ്രവണതകളെ തുടര്‍ന്ന് വോളിബോള്‍ അസ്സോസിയേഷന്റെ അംഗീകാരം നഷ്ടമായിരുന്നു. തുടര്‍ന്ന് നിലവില്‍ വന്ന ടെക്നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ രംഗത്ത് ഗുണപരമായ ഇടപടലാണ് ഉണ്ടാകുന്നത്.
കിഷോര്‍ കുമാര്‍ (കേരള ടീം പരിശീലകന്‍)
ഓരോ മത്സരത്തിലും ഞങ്ങള്‍ക്ക് കൃത്യമായ പ്ലാന്‍ ഉണ്ടായിരുന്നു. അവ കളത്തില്‍ നടപ്പാക്കി. ടീം ഒറ്റക്കെട്ടായി നിന്നു. ഏറെ നാളുകള്‍ക്കു ശേഷമെത്തിയ ദേശീയ വോളിയില്‍ ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
കേരള പുരുഷ ടീം: അബ്ദുര്‍ റഹീം (ക്യാപ്റ്റന്‍), ജെറോം വിനീത്, പി വി ജിഷ്ണു, അനു ജെയിംസ്, കെ രാഹുല്‍, എറിന്‍ വര്‍ഗീസ്, എസ് അരവിന്ദ്, എം സി മുജീബ്, ഹേമന്ദ്, ഇ ജെ ജോണ്‍ ജോസഫ്, എന്‍ ജിതിന്‍, ടി ആര്‍ സേതു, കെ ഷിബിന്‍.