Connect with us

Articles

ഇത് സുവര്‍ണാവസരം; കോണ്‍ഗ്രസ്സ് പാഴാക്കരുത്

'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല, ഞാന്‍ ഗാന്ധിയാണ്' എന്ന മൂര്‍ച്ചയുള്ള വാചകം ഏറെ നാള്‍ അന്തരീക്ഷത്തില്‍ പ്രതിധ്വനി ഉയര്‍ത്തേണ്ടതുണ്ട്. മോദി തന്നെയാണ് അദാനി എന്ന ഭീകരസത്യം ലോകം സശ്രദ്ധം ശ്രവിച്ചിട്ടുണ്ട്. പോരാട്ടവീര്യം കുത്തിനിറക്കപ്പെട്ട ആ വാക്കുകള്‍ പകരുന്ന ആവേശം മുതലാക്കി കോണ്‍ഗ്രസ്സുകാര്‍ രാജ്യമൊട്ടാകെ കൊടുങ്കാറ്റായി ആഞ്ഞടിക്കേണ്ട സന്ദര്‍ഭമാണിത്. ബി ജെ പി അല്ലാത്ത മറ്റെല്ലാ പാര്‍ട്ടികളും രാഹുലിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചത് നിസ്സാര കാര്യമാണോ?

Published

|

Last Updated

നരേന്ദ്ര മോദി ചകിതനാണിന്ന്. പഴയ ‘പപ്പു’ അല്ല രാഹുല്‍ ഗാന്ധി എന്ന തിരിച്ചറിവ് അദ്ദേഹത്തെ മാത്രമല്ല, തീവ്ര ഹിന്ദുത്വവാദികളെയും ഞെട്ടിച്ചിട്ടുണ്ട്. അയോഗ്യനാക്കപ്പെട്ട സോണിയാ പുത്രന് കിട്ടുന്ന സഹതാപവും പിന്തുണയും ദേശീയ രാഷ്ട്രീയത്തെ ഋതുപ്പകര്‍ച്ചയിലേക്ക് നയിച്ചേക്കുമോ എന്ന ആശങ്ക ആര്‍ എസ് എസ് മേലാളന്മാരെ സംഭ്രാന്തിയിലാഴ്ത്തുന്നുണ്ട്. 2023 മാര്‍ച്ച് 25, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. മോദിയുടെ യഥാര്‍ഥ പ്രതിയോഗിയായി കാലം അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടിക്കഴിഞ്ഞു. ഭാരത് ജോഡോ യാത്ര വഴി ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടും ലഭിക്കാത്ത മൈലേജാണ് സൂറത്തിലെ ഒരു ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിന്റെ വിധിയെഴുത്തിലൂടെ രാഹുല്‍ നേടിയെടുത്തത്. അടിപടലം ഹിന്ദുത്വവത്കരിച്ച നീതിന്യായ വ്യവസ്ഥയുടെ മ്ലേച്ഛ മുഖമാണ് അവിടെ അനാവൃതമായത്. ഫാസിസത്തിന്റെ കുടിലത കണ്ട് ലോകം തന്നെ ഞെട്ടിയ സന്ദര്‍ഭം. ഇതിനു മുമ്പ് പലതവണ വാവിട്ട വാക്കുകള്‍ക്ക് പശ്ചാത്താപ സ്വരം മൊഴിഞ്ഞ രാഹുല്‍, അയോഗ്യനാക്കപ്പെട്ട ശേഷം എ ഐ എസി സി ആസ്ഥാനത്ത് 21 മിനുട്ട് നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ കാഴ്ചവെച്ച ധൈര്യവും ആര്‍ജവവും ആശയ സ്പഷ്ടതയും മോദിയെ നേരിടാന്‍ കെല്‍പ്പുള്ള ഒരു നേതാവാണ് അദ്ദേഹമെന്ന തോന്നലുളവാക്കി. േജാഡോ യാത്ര പകര്‍ന്ന ‘സിനര്‍ജി’മാത്രമല്ല, ഇടയനില്ലാത്ത പ്രതിപക്ഷത്തിന് മുന്നില്‍ മോദി-അമിത് ഷാ പ്രഭൃതികളും കൊടും വിദ്വേഷ വാഹകരായ മറ്റു ഹിന്ദുത്വ ശക്തികളും കാട്ടുന്ന ധിക്കാരത്തിന്റെ പെരുങ്കളിയാട്ടങ്ങള്‍ അദ്ദേഹത്തിലെ ‘ഗാന്ധി’യെ തൊട്ടുണര്‍ത്തിയത് പോലെ. 2019ല്‍ ‘ചൗക്കീദാര്‍ ചോര്‍ ഹേ’ എന്ന മോദിയെ കുറിച്ചുള്ള അവഹേളനത്തിന് സുപ്രീം കോടതിയില്‍ രാഹുല്‍ ക്ഷമാപണം നടത്തിയത് ആരും മറന്നിട്ടില്ല. 2014ല്‍ ഭീവണ്ടിയിലെ താനെയില്‍ ഗാന്ധിയെ കൊന്നത് ആര്‍ എസ് എസാണ് എന്ന ആരോപണത്തിന് കോടതി കയറേണ്ടിവന്നപ്പോള്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന അപകീര്‍ത്തി കേസ് തന്നെ കുടുക്കുമെന്ന് കണ്ട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് സുപ്രീംകോടതിയെ ബോധിപ്പിച്ച് തലയൂരുകയായിരുന്നു. അല്‍പ്പം ചരിത്രബോധമുള്ളവരുടെ സഹായം തേടിയിരുന്നുവെങ്കില്‍ പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കാമായിരുന്നു.

കാലം മാറി കഥ മാറി. ഇപ്പോള്‍ നാം കേട്ട സ്ഥൈര്യമുള്ള ശബ്ദത്തിലൂടെ രാഹുല്‍ ഗാന്ധി ചില പ്രതീക്ഷകള്‍ കൈമാറുന്നുണ്ട്. പാര്‍ലിമെന്റിന് അകത്തും പുറത്തും ഹിന്ദുത്വ വാദികളില്‍ നിന്ന് നേരിടേണ്ടിവന്ന അവഹേളനങ്ങളും അവഗണനയും അപഹാസ്യവുമെല്ലാം ക്ഷമയുടെ നെല്ലിപ്പടിയില്‍ കൊണ്ടെത്തിച്ചു. അതിനിടയിലാണ് രാജ്യം കൊള്ളയടിച്ച കള്ളന്മാര്‍ക്കൊക്കെ മോദി എന്ന പേരുണ്ട് എന്ന് നിരീക്ഷിച്ചതിന് കോടതി പരമാവധി ശിക്ഷ തലയില്‍ വെച്ചുകെട്ടുന്നത്. അതിന്റെ മറവിലാണ്, ഗാന്ധി കുടുംബത്തെ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ഉന്മൂലനം ചെയ്യുക എന്ന ആര്‍ എസ് എസ് അജന്‍ഡ നിര്‍ലജ്ജം നടപ്പാക്കിയതും. ജനാധിപത്യത്തിന്റെ ഭാഷയില്‍, ഇരുത്തം വന്ന ഒരു നേതാവിന്റെ ശൈലിയിലും സ്വരത്തിലും സംസാരിക്കുന്നിടത്തേക്ക് സോണിയാ പുത്രന്‍ വളര്‍ന്നുവെന്ന് തോന്നിപ്പിക്കും വിധം വിസ്മയാവഹമായ മാറ്റം സംഭവിക്കുമ്പോള്‍, അത്യാവേശത്തോടെ അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ട ബാധ്യത കോണ്‍ഗ്രസ്സിന്റേതാണ്. ആളിപ്പടരാനുള്ള മുന്തിയ സന്ദര്‍ഭമാണിത്. ‘മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല, ഞാന്‍ ഗാന്ധിയാണ്’ എന്ന മൂര്‍ച്ചയുള്ള വാചകം ഏറെ നാള്‍ അന്തരീക്ഷത്തില്‍ പ്രതിധ്വനി ഉയര്‍ത്തേണ്ടതുണ്ട്. മോദി തന്നെയാണ് അദാനി എന്ന ഭീകരസത്യം ലോകം സശ്രദ്ധം ശ്രവിച്ചിട്ടുണ്ട്. പോരാട്ടവീര്യം കുത്തിനിറക്കപ്പെട്ട ആ വാക്കുകള്‍ പകരുന്ന ആവേശം മുതലാക്കി കോണ്‍ഗ്രസ്സുകാര്‍ രാജ്യമൊട്ടാകെ കൊടുങ്കാറ്റായി ആഞ്ഞടിക്കേണ്ട സന്ദര്‍ഭമാണിത്. ബി ജെ പി അല്ലാത്ത മറ്റെല്ലാ പാര്‍ട്ടികളും രാഹുലിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചത് നിസ്സാര കാര്യമാണോ? ജനാധിപത്യത്തെ ഇമ്മട്ടില്‍ ഗളഹസ്തം നടത്തുമ്പോള്‍ പിണറായി വിജയനും മമതാ ബാനര്‍ജിയും സ്റ്റാലിനും നിതീഷ് കുമാറുമൊക്കെ നല്‍കുന്ന പിന്തുണയും ഹിന്ദുത്വ ഫാസിസത്തിന് എതിരെ ഉയര്‍ത്തിയ രോഷവും സമീപകാലത്ത് എപ്പോഴെങ്കിലും കോണ്‍ഗ്രസ്സ് അനുഭവിച്ചിട്ടുണ്ടോ? ഇല്ല. തിങ്കളാഴ്ച പാര്‍ലിമെന്റില്‍ 16 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഒരുമിച്ചിരുന്ന് മോദിയെ നേരിടാന്‍ തീരുമാനമെടുത്തത് മതേതര പക്ഷത്തെ കോരിത്തരിപ്പിക്കുന്നില്ലേ? പക്ഷേ ഡല്‍ഹിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ സംഗമം അടക്കം ആവേശഭരിതമല്ല. ലക്ഷങ്ങള്‍ സംഗമിക്കേണ്ട ഘട്ടത്തില്‍ ആയിരങ്ങള്‍ പോലുമില്ല എന്നതാണ് വാസ്തവം. കേരളത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ വിഷയത്തെ എത്രമാത്രം വ്യതിചലിപ്പിച്ചു?

തന്റെ സഹോദരനെ ആര്‍ എസ് എസ് വരിഞ്ഞുമുറുക്കുന്നത് കണ്ട് രോഷം അണപൊട്ടിയ പ്രിയങ്ക മൊഴിഞ്ഞ ചില വാക്കുകള്‍ പോരാട്ടത്തിനുള്ള ഇന്ധനമാക്കി മാറ്റാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ്സിന് സാധിക്കുന്നില്ല? ആ ചോദ്യത്തിന്റെ ഉത്തരമാണ് നാളത്തെ ജനാധിപത്യ ഇന്ത്യയെ പുതുക്കിപ്പണിയാന്‍ പോകുന്നത്. ആങ്ങളയെ പോലെ, പ്രിയങ്കയും വിമര്‍ശനത്തിന്റെ പീരങ്കി തിരിച്ചുവെച്ചിരിക്കുന്നത് മോദി എന്ന ഏകാധിപതിക്ക് നേരേയാണ്. വിഗ്രഹഭത്സനത്തിലൂടെ മാത്രമേ വര്‍ഗീയ ഫാസിസത്തിന്റെ അമരക്കാരനെ നിര്‍വീര്യമാക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാകണം പ്രധാനമന്ത്രി ഭീരുവും കള്ളനുമാണെന്ന് തെളിച്ചുപറയാന്‍ സോണിയയുടെ മക്കള്‍ക്ക് ധൈര്യം കിട്ടുന്നത്. രാഷ്ട്രീയമായി ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത മോദി എന്ന ആര്‍ എസ് എസ് പ്രചാരകിന്, രക്തവും ജീവനും കൊണ്ട് ജനാധിപത്യത്തെ ഊട്ടിവളര്‍ത്തിയ നെഹ്റു കുടുംബത്തിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാന്‍ എന്തര്‍ഹത എന്ന മൂര്‍ച്ചയേറിയ ചോദ്യം ദിഗന്തങ്ങളെ ഭേദിക്കുമാറ് അത്യുച്ചത്തില്‍ വിളിച്ചുപറയാന്‍ എവിടെ മനഃസ്ഥൈര്യമുള്ള കോണ്‍ഗ്രസ്സുകാര്‍? 138ന്റെ വാര്‍ധക്യസഹജമായ അവശത ആ പാര്‍ട്ടിയുടെ ഉണ്‍മയും ചൈതന്യവും ചോര്‍ത്തിയെടുത്തത് പോലെ. അടിയന്തരാവസ്ഥക്ക് ശേഷം ജനതാ ഭരണകാലത്ത് ഇന്ദിരയെ കോടതി ശിക്ഷിച്ചതും ഉപതിരഞ്ഞെടുപ്പില്‍ ചിക്മംഗളൂരുവില്‍ നിന്ന് ജയിച്ചുകയറിയതുമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതിയത്. സൂറത്ത് കോടതി വിധിയും തുടര്‍ന്ന് കെട്ടഴിഞ്ഞുവീണ സംഭവവികാസങ്ങളും മരവിച്ചുകിടക്കുന്ന കോണ്‍ഗ്രസ്സിന്റെ അന്തഃസ്ഥലികളെ തൊട്ടുണര്‍ത്തിയിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുകയാണ്. കോണ്‍ഗ്രസ്സിന് ഒരു പുനര്‍ജന്മം? ചിന്തിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല. ദേശമാസകലം മോദിവിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ എന്തുണ്ട് പോംവഴി? ഈ സന്ദിഗ്ധ ഘട്ടത്തിലും കോണ്‍ഗ്രസ്സിനെ നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത് ആ പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നുവളര്‍ന്നവരാണ്. എ കെ ആന്റണിയുടെ പ്രിയപുത്രന്‍ പറഞ്ഞത് കേട്ടില്ലേ? സ്വന്തം മക്കളിലേക്ക് നാം വിശ്വസിക്കുന്ന രാഷ്ട്രീയ ആദര്‍ശം പകര്‍ന്നുനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അവരെ പോലെ നിര്‍ഭാഗ്യവാനായ ഏത് പിതാവുണ്ട് ഈ ഭൂമുഖത്ത്?

രാഹുല്‍ അയോഗ്യനാക്കപ്പെട്ട വാര്‍ത്ത കേട്ട് അന്താളിച്ചുപോയ നേതാക്കളും അണികളും എത്ര പെട്ടെന്നാണ് പ്രതിഷേധ കളം വിട്ടോടിയത്. ഡല്‍ഹിയിലെ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള എത്ര എം പിമാര്‍ തങ്ങി? വ്രണിതഹൃദയനായ നേതാവിനെ തനിച്ചാക്കി എല്ലാവരും വീടണഞ്ഞില്ലേ? ജാഗ്രവത്തായി പുതിയ പടനിലം ഒരുക്കുന്നില്ലെങ്കില്‍ എല്ലാം ഒരാഴ്ച കൊണ്ട് മറക്കും. അയോഗ്യതാ വാര്‍ത്ത കേട്ട് രാജ്യമൊന്നടങ്കം ഞെട്ടിയിട്ടും ആര്‍ എസ് എസ് സന്തതികള്‍ കുലുങ്ങിയില്ല എന്നതിന്റെ തെളിവല്ലേ രാജ്ഘട്ടില്‍ പ്രതിഷേധത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇനി സൂറത്ത് കോടതിയുടെ വിധിക്കെതിരായ അപ്പീലും നിയമ പോരാട്ടവുമാണ്. രാഹുല്‍ ക്ലീനായി തിരിച്ചുവരുമെന്നും പാര്‍ലിമെന്റില്‍ അദ്ദേഹത്തിന്റെ ശബ്ദം ഇനിയും കേള്‍ക്കാനാകുമെന്നും ആരും ഉറപ്പിച്ചുപറയേണ്ട. ഇത് മോദിയുടെ ‘പുതിയ’ ഇന്ത്യയാണ്. മോഡിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ജുഡീഷ്യറിയില്‍ നിന്ന് എന്ത് വിധിയും പ്രതീക്ഷിക്കാം. പരമോന്നത നീതിപീഠമുണ്ടല്ലോ എന്നാശ്വസിച്ച് പ്രതീക്ഷയുടെ പൂമരങ്ങള്‍ സ്വപ്നം കാണേണ്ട. ഫാസിസം ഒരു മഹാവ്യാധിയാണ്. കാലഘട്ടത്തിന്റെ സകല നന്മകളും ധര്‍മവിചാരങ്ങളും ചോര്‍ത്തിക്കളയുന്ന ഭീമാകാരനാണതെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.

ഇരുട്ടില്‍ നിന്ന് കൂരിരുട്ടിലേക്കാണ് രാജ്യത്തിന്റെ പോക്ക്. ഇത് മനസ്സിലാക്കിയാണ് പ്രതിപക്ഷം ഏക സ്വരത്തില്‍ ഹിന്ദുത്വ കാപാലികതക്കെതിരെ രംഗത്തുവരാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. പാര്‍ട്ടി ശിഥിലീഭവിച്ചിട്ടും പഴയ തമ്പുരാക്കന്മാരുടെ മനോനിലയാണ്. തങ്ങള്‍ വീട്ടില്‍ സ്വസ്ഥമായി ഇരുന്നാല്‍ മറ്റുള്ളവര്‍ പ്രക്ഷോഭം നടത്തി തങ്ങളുടെ കൈകളിലേക്ക് അധികാരം വെച്ചുതരുമെന്നാണ് കോണ്‍ഗ്രസ്സുകാരുടെ വിചാരം. ഒന്നേ ഓര്‍മിപ്പിക്കാനുള്ളൂ; ഇത് അവസാനത്തെ ബസാണ്. ഈ അവസരവും കൂടി നഷ്ടപ്പെടുത്തിയാല്‍ ‘അയോഗ്യനാക്കപ്പെട്ട എം പി’ എന്ന സ്റ്റാറ്റസുമായി രാഹുലിന് തേരാപാരാ നടക്കേണ്ടിവരും. മിക്കവാറും രണ്ട് വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും. തിരിച്ചുവരുമ്പോഴേക്കും പാര്‍ട്ടിയില്‍ ആരും ബാക്കിയുണ്ടാകില്ല. 138ാം വയസ്സില്‍ അല്‍ഷിമേഴ്സ് ബാധിച്ച കോണ്‍ഗ്രസ്സ് അന്തസ്സുറ്റ രാഷ്ട്രീയം മറന്നുകഴിഞ്ഞുവെന്നാണ് തോന്നുന്നത്. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഹിന്ദുത്വ വര്‍ഗീയ ഫാസിസത്തിനെതിരെ വലുതും ചെറുതുമായ കക്ഷികളും ഗ്രൂപ്പുകളും വ്യക്തികളും കൈകോര്‍ത്തു മുന്നോട്ടുപോകാന്‍ ശ്രമിച്ചാല്‍ സംഘ്പരിവാറിന്റെ തേരോട്ടത്തിന് കടിഞ്ഞാണിടാനാകുമെന്ന കാര്യം ഉറപ്പ്.

 

Latest