Connect with us

gst hike

ഗ്രാമീണ ഇന്ത്യക്കിത് മുഖമടച്ച പ്രഹരം

ആധുനിക കാലത്ത് രാഷ്ട്ര പുരോഗതിയുടെ അളവുകോല്‍ നികുതി ബന്ധനമില്ലാത്ത അവശ്യ വസ്തുക്കളും ആരോഗ്യ, വിദ്യാഭ്യാസ പരിരക്ഷകളുമാണ്. ദൈനം ദിന ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി ചുമത്താനുള്ള ജി എസ് ടി കൗണ്‍സിലിന്റെ നീക്കം അതുകൊണ്ടു തന്നെ നിരാശാജനകവും പ്രതിലോമകരവുമാണ്.

Published

|

Last Updated

യാസരഹിതമായ നികുതി ഘടന എല്ലാ കാലഘട്ടങ്ങളിലെയും ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു. മൗര്യ തൊട്ട് ചോള വരെയുള്ള ആദ്യ സാമ്രാജ്യങ്ങളും, മുഗളരും, ടിപ്പു, രജപുത്ര, നൈസാമുൾപ്പെടെയുള്ളവര്‍ വരെയും അതില്‍ അനുകരണീയമായ മാതൃകകള്‍ അവശേഷിപ്പിച്ചിട്ടുണ്ട്. ജാതീയ, സാമൂഹിക വ്യവസ്ഥിതികളെ പ്രബലമാക്കാന്‍ കരങ്ങള്‍ ദുരുപയോഗം ചെയ്ത അനുഭവങ്ങളും ചരിത്രത്തില്‍ ധാരാളമുണ്ട്. മുലക്കരവും തലക്കരവും മീശക്കരവുമടക്കം നൂറോളം അനുബന്ധ നികുതികളുടെ കെടുതികള്‍ തിരുവിതാംകൂറിലെ പിന്നാക്ക ജനവിഭാഗങ്ങള്‍ നൂറ്റാണ്ടുകള്‍ സഹിച്ചുപോന്നു. നിയമം മൂലം മുലക്കരം നിര്‍ത്തലാക്കുന്നത് 1924ലായിരുന്നു. എന്നാല്‍ ആധുനിക കാലത്ത് രാഷ്ട്ര പുരോഗതിയുടെ അളവുകോല്‍ നികുതി ബന്ധനമില്ലാത്ത അവശ്യ വസ്തുക്കളും ആരോഗ്യ, വിദ്യാഭ്യാസ പരിരക്ഷകളുമാണ്. ദൈനം ദിന ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി ചുമത്താനുള്ള ജി എസ് ടി കൗണ്‍സിലിന്റെ നീക്കം അതുകൊണ്ടു തന്നെ നിരാശാജനകവും പ്രതിലോമകരവുമാണ്.
ജൂണ്‍ 28, 29 തീയതികളില്‍ ഛണ്ഡീഗഢില്‍ ചേര്‍ന്ന നാല്‍പത്തിയേഴാമത് ജി എസ് ടി കൗണ്‍സില്‍ യോഗമാണ് അവശ്യ വസ്തുക്കള്‍ക്കുള്ള നികുതി പരിരക്ഷ ഒഴിവാക്കി അഞ്ച് ശതമാനം നികുതി ചുമത്താന്‍ തീരുമാനിച്ചത്. അരിയും ഗോതമ്പും ആട്ടയും പയര്‍ -ധാന്യ വര്‍ഗങ്ങളും പാലും തൈരും പപ്പടവും ശര്‍ക്കരയും തേനും പനീറും ഇറച്ചിയും മീനുമെല്ലാം ഇതിലുള്‍പ്പെടുന്നുണ്ട്. ജൈവ വളവും കമ്പോസ്റ്റും ബ്രാന്‍ഡേതര ഉത്പന്നങ്ങളും ഇനി ഈ പട്ടികയില്‍ വരും. ആയിരം രൂപ വാടക വരെയുള്ള ഹോട്ടല്‍ റൂമുകള്‍ക്കും 5000ത്തിന് മുകളിലുള്ള ആശുപത്രി മുറികള്‍ക്കും ബേങ്ക് ചെക്കിനും ഒറ്റയടിക്ക് 18 ശതമാനം വരെ നികുതിയേറ്റിയിട്ടുണ്ട്. വീടുകള്‍ കച്ചവട ആവശ്യത്തിനു വാടകക്ക് നല്‍കുമ്പോഴും, സ്ഥാപനങ്ങള്‍ നടത്തുന്ന കലാ – സാംസ്‌കാരിക പരിശീലനങ്ങള്‍ക്കും, സ്പീഡ് പോസ്റ്റ്, എക്‌സ്പ്രസ്സ് പാര്‍സല്‍ സര്‍വീസ്, ലൈഫ് ഇന്‍ഷ്വറന്‍സ് എന്നിവയും അഞ്ച് ശതമാനം നികുതി പരിധിയില്‍ കൊണ്ടുവരാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.

ഏഴ് സംസ്ഥാനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ അംഗങ്ങളുടെയും മൗനാനുവാദത്തോടെയാണ് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ജി എസ് ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ അന്തിമമാക്കിയത്. കനത്ത മണ്‍സൂണും വെള്ളപ്പൊക്ക കെടുതികളും കൊണ്ട് വലയുന്ന ഗ്രാമീണ ഇന്ത്യക്ക് സമാശ്വാസത്തിനു പകരം മുഖമടച്ചുള്ള പ്രഹരമാണ് സര്‍ക്കാര്‍ നല്‍കിയത്. കൊവിഡിനു ശേഷം 30 കോടിയിലധികം തൊഴിലുകള്‍ ഇന്ത്യയില്‍ നഷ്ടപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രമുഖ എന്‍ ജി ഒ ആയ ഓക്‌സ്പാമിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് നഗരങ്ങളില്‍ 7.8 ശതമാനവും ഗ്രാമങ്ങളില്‍ 8.03 ശതമാനവുമാണ്. ലോകത്ത് തൊഴില്‍ ലഭ്യത കുറഞ്ഞ ആദ്യ ഇരുപത് രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. അഞ്ച് ശതമാനം തൊഴിലില്ലായ്മാ നിരക്കോടെ പാക്കിസ്ഥാന്‍ പോലും ഇന്ത്യയേക്കാള്‍ ഭേദപ്പെട്ട നിലയിലാണ്. താങ്ങാന്‍ കഴിയാത്ത വിലകള്‍ അടിച്ചേല്‍പ്പിച്ചതു വഴി പെട്രോളും ഡീസലും ഗ്യാസും വൈദ്യുതിയും ഗതാഗതവും ഭാരതീയനെ പൊറുതി മുട്ടിക്കുമ്പോള്‍ ലാഘവ ബുദ്ധിയോടെ ജനവിരുദ്ധ നികുതി പരിഷ്‌കരണങ്ങള്‍ക്ക് മുതിരുന്ന സര്‍ക്കാര്‍ മുജ്ജന്മ ശത്രുവിനെപ്പോലെയാണ് പെരുമാറുന്നത്.

സത്്ഭരണങ്ങള്‍ക്കും ജനക്ഷേമ നയങ്ങള്‍ക്കും ആനുപാതികമായല്ല ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സഞ്ചരിക്കുന്നത്. ജനാധിപത്യത്തിന്റെ ഈ വിചിത്ര വഴികള്‍ ഭരണകൂടത്തിന് എന്തും ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, ഹിമാചല്‍ തുടങ്ങി ബി ജെ പിയും കോണ്‍ഗ്രസ്സും നേരിട്ട് ഏറ്റുമുട്ടുന്ന ഒരുപിടി തിരഞ്ഞെടുപ്പുകള്‍ വിളിപ്പാടകലെ എത്തി നില്‍ക്കുന്നുണ്ട്. അവിടങ്ങളില്‍ ജയിക്കാന്‍ മതവും ജാതിയും വര്‍ഗീയ ധ്രുവീകരണങ്ങളും ധാരാളമാണെന്ന ബി ജെ പിയുടെ ആത്മവിശ്വാസമാണ് അസമയത്ത് പോലും വിലക്കയറ്റം അടിച്ചേല്‍പ്പിക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്. ഹിജാബും ഹലാലും പ്രവാചക വിരുദ്ധ പരാമര്‍ശവും ബുള്‍ഡോസറും പുതിയ കുപ്പിയില്‍ നിറക്കുന്ന പഴയ വംശീയഹത്യാ വിവാദവും തിരഞ്ഞെടുപ്പിനുള്ള ആയുധങ്ങളായി മാറിക്കഴിഞ്ഞു. ജീവല്‍ പ്രശ്‌നങ്ങളെ മായ്ച്ച് കളഞ്ഞ് വെറുപ്പിന്റെ ഹിസ്റ്റീരിയയെ പുണരുന്ന ഇന്ത്യന്‍ വോട്ടറുടെ രീതികള്‍ക്ക് മാറ്റം വരാത്തിടത്തോളം ഇത്തരം തീരുമാനങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഇന്ത്യയില്‍ പട്ടിണി വര്‍ധനക്കിടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അയര്‍ലന്‍ഡ് ആസ്ഥാനമായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ കേന്ദ്രമായുള്ള വെല്‍റ്റ് ഹംഗര്‍ ലൈഫും ചേര്‍ന്നു തയ്യാറാക്കിയ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 116ല്‍ നൂറ്റിയൊന്നാണ്. മാനവ വിഭവ വികസന സൂചികയില്‍ 189ല്‍ ഇന്ത്യ നൂറ്റിമുപ്പത്തി ഒന്നാണ്. സാമൂഹിക പുരോഗതി സൂചികയില്‍ 128ല്‍ നൂറ്റിപ്പതിനേഴാണ് ഇന്ത്യയുടെ സ്ഥാനം. പട്ടിണി സൂചികയില്‍ കോംഗോ, നൈജീരിയ, സൊമാലിയ, ചാഡ് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പിറകിലുള്ളത്. തൊട്ടടുത്ത് കിടക്കുന്ന മുഴുവന്‍ അയല്‍ രാഷ്ട്രങ്ങളും ഇന്ത്യയേക്കാള്‍ വളരെ ഭേദപ്പെട്ട നിലയിലാണ്. ഇന്ത്യയിലെ മൂന്നര ശതമാനത്തോളം കുട്ടികള്‍ അഞ്ച് വയസ്സിനു മുമ്പ് ചികിത്സ കിട്ടാതെ മരിക്കുന്നു. 35 ശതമാനം കുട്ടികള്‍ ഭക്ഷണ ദൗര്‍ബല്യം മൂലം വളര്‍ച്ച മുരടിച്ചവരാണ്. ജനസംഖ്യയുടെ ആറിലൊന്ന് പൗരന്‍മാര്‍ പോഷകാഹാരക്കുറവ് നേരിടുന്നു. ഇങ്ങനെ നിരവധി കണ്ടെത്തലുകള്‍ റിപോര്‍ട്ടുകളിലുണ്ട്. കയ്‌പേറിയ യാഥാര്‍ഥ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം വഴി മാറി നടക്കുന്ന ഭരണകൂടങ്ങള്‍ രാജ്യത്തിന്റെ ഭാവി ഇരുട്ടിലാക്കുകയാണ്.

ജി എസ് ടി കൗണ്‍സില്‍ യോഗങ്ങള്‍ അധിക പക്ഷവും വലിയ രാഷ്ട്രീയ വടംവലിക്കും ഫെഡറല്‍ മര്യാദകളെ സംബന്ധിച്ചും ഭരണഘടനാ നിയമങ്ങളെ അധികരിച്ചുമുള്ള വലിയ വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും വഴി വെക്കുന്ന പതിവാണ് കണ്ടുവരുന്നത്. 2017 ജൂലൈ ഒന്നിന് നടപ്പില്‍ വന്ന നിയമത്തിന്റെ റവന്യൂ പങ്കിടലിനെക്കുറിച്ചുള്ള കേന്ദ്ര – സംസ്ഥാന തര്‍ക്കങ്ങള്‍ പലപ്പോഴും ഇന്ത്യയുടെ യൂനിയന്‍ – ഫെഡറല്‍ സങ്കല്‍പ്പങ്ങളെ പോറലേല്‍പ്പിക്കാന്‍ പോന്നതാണ്. പദ്ധതി വിഹിതങ്ങളിലെ നിരന്തര അവഗണന പല സംസ്ഥാനങ്ങളില്‍ നിന്നും പതിവില്ലാത്ത പ്രതിഷേധ ശബ്ദങ്ങള്‍ക്കും വിഘടന സ്വരങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കൊവിഡ് വാക്‌സീനും അനുബന്ധ സാമഗ്രികള്‍ക്കും നികുതി ചുമത്തുന്ന കേന്ദ്ര സര്‍ക്കാര്‍ രീതികള്‍ക്കെതിരെ ബംഗാള്‍ ധനമന്ത്രിയുടെ നേതൃത്വത്തില്‍ വലിയ വൈകാരിക പ്രകടനങ്ങള്‍ ചണ്ഡീഗഢ് യോഗത്തിലുണ്ടായി. ജി എസ് ടി നിയമങ്ങളും പരിഷ്‌കരണങ്ങളും സംസ്ഥാനങ്ങളെ ചേര്‍ത്തു പിടിക്കേണ്ട ആവശ്യകത വിളിച്ചോതിയ സുപ്രീം കോടതി വിധി കേന്ദ്രം കാറ്റില്‍ പറത്തുന്നുവെന്ന ഛത്തീസ്ഗഢിന്റെ പരാതിയും യോഗം അവഗണിച്ചു. ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ മാത്രം പരിഗണിക്കപ്പെടുന്ന പുതിയ രീതികള്‍ ഇന്ത്യ മുന്നോട്ടു വെച്ചിരുന്ന മുഴുവന്‍ ജനാധിപത്യ സങ്കല്‍പ്പങ്ങളെയും റദ്ദ് ചെയ്യുകയാണ്. പഴയ കാലങ്ങളില്‍ കേന്ദ്രം വിളിച്ചു ചേര്‍ക്കുന്ന അന്തര്‍ സംസ്ഥാന യോഗങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടി സര്‍ക്കാറുകള്‍ക്ക് ബോധപൂര്‍വം മുന്‍ഗണന നല്‍കിയിരുന്ന ഒരു കാലം സ്മരിക്കുന്നത് പോലും ഇന്ന് കുറ്റകരമായിരിക്കുന്നു.

കേന്ദ്ര ഭരണ രീതികളും നയങ്ങളും മാതൃകയാക്കി ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും പുതിയ നിയമ മാതൃകകളും പോലീസിംഗും അനുവര്‍ത്തിക്കുന്നുണ്ട്. പാരസ്പര്യത്തിന്റെ ഉറച്ച സന്ദേശങ്ങളും നീതിപൂര്‍വകമായ സാമ്പത്തിക വിതരണങ്ങളും പ്രതീക്ഷിക്കപ്പെടുന്ന ജി എസ് ടി ഇന്ന് താന്‍പോരിമയുടെയും ജന വിരുദ്ധതയുടെയും ശബ്ദമാണ് പുറത്തു വിടുന്നത്. ഫെഡറല്‍ താത്പര്യങ്ങള്‍ക്കായി ഒരുമിച്ച് ശബ്ദം മുഴക്കിയിരുന്ന സംസ്ഥാനങ്ങള്‍ ഇന്ന് പഴങ്കഥയായിരിക്കുന്നു. വര്‍ഗീയതയല്ല ജീവിതമെന്ന രാഷ്ട്രീയ സന്ദേശം ഇന്ത്യയിലെ ദരിദ്ര ജനകോടികളിലെത്തിക്കാനുള്ള രാഷ്ട്രീയ മുന്നേറ്റം രാജ്യത്ത് സാധ്യമാകേണ്ടതുണ്ട്. ജനാധിപത്യപരമായ ഉറച്ച പ്രതിഷേധങ്ങള്‍ കര്‍ഷകസമര മാതൃകയില്‍ വരും ദിനങ്ങളില്‍ ഉണ്ടാകുന്ന പക്ഷം മധുരയില്‍ നടക്കുന്ന നാല്‍പത്തിയെട്ടാമത് ജി എസ് ടി കൗണ്‍സില്‍ ജനദ്രോഹ പരിഷ്‌കരണം പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാവുന്നതാണ്.

---- facebook comment plugin here -----

Latest