teesta setalvad
ഇത് കോടതി വിധിയുടെ അതിവായന
ഏത് വകുപ്പുണ്ടായിട്ടും നടക്കാതെ പോകുന്ന അറസ്റ്റുകള്‍ എമ്പാടുമുള്ള ഈ രാജ്യത്ത് ടീസ്റ്റയുടെയും ആര്‍ ബി ശ്രീകുമാറിന്റെയും കാര്യത്തില്‍ മാത്രം പോലീസ് സംവിധാനം അതിവേഗം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അതത്ര സ്വാഭാവികമാണെന്ന് കരുതാനാകില്ല.
സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും മലയാളിയായ മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെ “നിയമം നിയമത്തിന്റെ വഴിക്കു നീങ്ങുകയാ’ണെന്ന ലളിതയുക്തിയില്‍ കാണാനാകില്ല. ഭരണകൂടത്തിന്റെ തികച്ചും ആസൂത്രിതമായ നീക്കം തന്നെയാണത്. അറസ്റ്റിന് പോലീസ് ഉദ്യോഗസ്ഥരെ പ്രാപ്തമാക്കുന്ന കേസുകളും ചാര്‍ജുകളുമുണ്ടാകാം. അവ ഗുരുതരമായ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്നതുമാകാം. പക്ഷേ, ഏത് വകുപ്പുണ്ടായിട്ടും നടക്കാതെ പോകുന്ന അറസ്റ്റുകള്‍ എമ്പാടുമുള്ള ഈ രാജ്യത്ത് ഇവരുടെ കാര്യത്തില്‍ മാത്രം പോലീസ് സംവിധാനം അതിവേഗം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അതത്ര സ്വാഭാവികമാണെന്ന് കരുതാനാകില്ല.
ഈ അറസ്റ്റുകളുടെ സന്ദര്‍ഭം വളരെ പ്രധാനമാണ്. 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) നല്‍കിയ ക്ലീന്‍ചിറ്റ് സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെയാണ് അറസ്റ്റ്. വ്യാജരേഖ ചമച്ചുവെന്നും വിവിധയിടങ്ങളില്‍ വ്യാജരേഖ സമര്‍പ്പിച്ചുവെന്നും ആരോപിച്ച് ടീസ്റ്റ സെതല്‍വാദ്, മുന്‍ പോലീസ് ഉദ്യോഗസ്ഥരായ ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വംശഹത്യക്കിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് മുന്‍ എം പി ഇഹ്‌സാന്‍ ജാഫ്‌രിയുടെ ഭാര്യ സാകിയ ജാഫ്‌രി വഴി ടീസ്റ്റ വ്യാജരേഖകള്‍ എസ് ഐ ടിക്കും മറ്റ് കമ്മീഷനുകള്‍ക്കും മുമ്പാകെ ഹാജരാക്കിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വഞ്ചിക്കുന്നതിനായി വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട 468, 471 വകുപ്പുകളും വ്യാജ തെളിവുകള്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളുമാണ് ചുമത്തിയത്.
മറ്റൊരു പശ്ചാത്തലം കൂടി ഈ അറസ്റ്റുകള്‍ക്കുണ്ട്. ടീസ്റ്റ സെതല്‍വാദ് അടക്കമുള്ളവരെ പേരെടുത്ത് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമര്‍ശിച്ചതിന് പിറകേയാണ് നടപടി. എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ ഊന്നിപ്പറയുന്നത് രണ്ട് കാര്യങ്ങളാണ്, ഒന്ന് വൈകാരിക പ്രതികരണവും മറ്റേത് ഭീഷണിയുമാണ്. ഗുജറാത്ത് വംശഹത്യാ കേസിലെ നിയമനടപടി മൂലം കഴിഞ്ഞ 19 വര്‍ഷമായി പ്രധാനമന്ത്രി അനുഭവിക്കുന്ന വേദന നേരിട്ടു കണ്ടയാളാണ് താനെന്ന് അമിത് ഷാ വൈകാരികമായി പറയുന്നു. ടീസ്റ്റയുടെ എന്‍ ജി ഒ തയ്യാറാക്കിക്കൊടുത്ത സത്യവാങ്മൂലങ്ങളില്‍ അവ എന്തെന്നുപോലും അറിയാതെ ഇരകള്‍ ഒപ്പുവെക്കുകയായിരുന്നെന്ന് അഭിമുഖത്തില്‍ ഷാ കുറ്റപ്പെടുത്തുന്നുണ്ട്. ബി ജെ പി പ്രവര്‍ത്തകരെ പ്രതികളാക്കി അനേകം വ്യാജ പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ കൊടുപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. അത്തരമൊരാള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കണമെന്ന കൃത്യമായ സന്ദേശം നല്‍കുകയാണ് അമിത് ഷാ ചെയ്തത്.
അഭിമുഖം വന്നതിന് പിറകേ ഗുജറാത്ത് പോലീസ് സംഘം മുംബൈയിലെ ടീസ്റ്റയുടെ വീട്ടിലെത്തിയിരുന്നു. മറ്റൊരു സംഘം ഗാന്ധിനഗറിലെ ശ്രീകുമാറിന്റെ വസതിയിലുമെത്തി. വിശദമായ എഫ് ഐ ആറും ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ തയ്യാറാക്കിയിരുന്നു. വെള്ളിയാഴ്ച കോടതി വിധി വന്നപ്പോള്‍ തന്നെ നീക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് വ്യക്തം. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നീങ്ങുന്നത് തടയുകയായിരുന്നു ഉദ്ദേശ്യം. ഭരണകൂടത്തിന് നിരന്തരം തലവേദനയുണ്ടാക്കിയ രണ്ട് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥരാണ് സഞ്ജീവ് ഭട്ടും ആര്‍ ബി ശ്രീകുമാറും. വംശഹത്യക്ക് പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഇരുവരും ഇപ്പോള്‍ ഗൂഢാലോചനയില്‍ കൂട്ടുപ്രതികളായിരിക്കുന്നു. ജാംനഗറിലെ ജംജോധ്പുരില്‍ 1992ലെ ഒരു കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് സഞ്ജീവ് ഭട്ട് ഇപ്പോള്‍ ജയിലിലാണ്. മോദിക്കെതിരായ വെളിപ്പെടുത്തലുകള്‍ക്കു ശേഷമാണ് ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഒരു അഭിഭാഷകനെ വ്യാജക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ വിചാരണ നടക്കുന്നുമുണ്ട്. കലാപത്തോട് മൃദുസമീപനം പുലര്‍ത്താന്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത നേതൃത്വം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചെന്ന ഭട്ടിന്റെ വെളിപ്പെടുത്തലാണ് അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കിയത്. കലാപ കാലത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ തടസ്സപ്പെടുത്തിയെന്നാണ് കമ്മീഷനുകളിലും കോടതികളിലും ശ്രീകുമാര്‍ വാദിച്ചത്.
ചിത്രം വ്യക്തമാണ്. ഈ മൂന്ന് പേരും അവര്‍ക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളാണ് കോടതിക്കും നിയമ സംവിധാനങ്ങള്‍ക്കും മുന്നില്‍ അവതരിപ്പിച്ചത്. ഭരണകൂടത്തിന്റെ തലപ്പത്ത് നില്‍ക്കുന്നവരെക്കുറിച്ചുള്ള വിമര്‍ശങ്ങള്‍ വ്യവസ്ഥാപിതമായി തന്നെയാണ് അവര്‍ അവതരിപ്പിച്ചത്. നിയമപരമായ പരിഹാരം തേടാനുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കുമുണ്ട്. ഇവിടെ അതാണ് സംഭവിച്ചത്. ആ നിഗമനങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ലഭ്യമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കോടതികള്‍ വിധിക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെയൊരു വിധി വരുമ്പോഴേക്കും അത് മറയാക്കി അപകടകരമായ സന്ദേശം നല്‍കുന്ന നടപടിയിലേക്ക് ഭരണനിര്‍വഹണ വിഭാഗം നീങ്ങുന്നത് കോടതി വിധിയുടെ അതിവായനയാണ്. ഇക്കാര്യത്തില്‍ യു എന്‍ മനുഷ്യാവകാശ വിഭാഗം പ്രതിനിധി നടത്തിയ ട്വീറ്റിലെ വാക്കുകള്‍ ഏറെ പ്രസക്തമാണ്. വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ശബ്ദമുയര്‍ത്തുന്നയാളെന്നാണ് ടീസ്റ്റയെ യു എന്‍ പ്രതിനിധി മേരി ലോലര്‍ വിശേഷിപ്പിക്കുന്നത്. “ഗുജറാത്ത് ഭീകരവിരുദ്ധ സേന ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്തതില്‍ കടുത്ത ആശങ്കയുണ്ട്. വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയാണ് ടീസ്റ്റ. മനുഷ്യാവകാശ ധ്വംസനങ്ങളെ എതിര്‍ക്കുക എന്നത് കുറ്റകൃത്യമല്ല. അവരെ വിട്ടയക്കണം. ഇന്ത്യന്‍ ഭരണാധികാരികള്‍ അവരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണ’മെന്നും ട്വീറ്റില്‍ ആവശ്യപ്പെടുന്നു. സമാനമായ പ്രതികരണമാണ് ആംനസ്റ്റി ഇന്ത്യയും നടത്തിയിരിക്കുന്നത്. “മനുഷ്യാവകാശ ധ്വംസനങ്ങളെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നവര്‍ക്കെതിരെ അധികാരികള്‍ നടത്തുന്ന നേരിട്ടുള്ള പ്രതികാരമാണ് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ തടങ്കല്‍. ഇത് മാനവ സമൂഹത്തിന് നല്‍കുന്ന സന്ദേശം ഭയത്തിന്റേതാണ്. അതുവഴി രാജ്യത്ത് വിയോജിപ്പിനുള്ള ഇടം ചുരുക്കുകയും ചെയ്യുന്നു’- ആംനെസ്റ്റി ട്വീറ്റ് ചെയ്തു.
രാജ്യത്തെ പ്രമുഖ അഭിഭാഷകരും രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം ഇതേ വികാരം പങ്കുവെച്ചിട്ടുണ്ട്. തനിക്ക് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന ടീസ്റ്റയുടെ വെളിപ്പെടുത്തല്‍ കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. ടീസ്റ്റക്കെതിരായ കുറ്റാരോപണത്തിന്റെ മെറിറ്റ് എന്തെന്ന് ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്. നീതിക്കായുള്ള പോരാട്ടം കോടതി മുറിയില്‍ അംഗീകരിക്കപ്പെട്ടില്ല എന്നത് കൊണ്ട് മാത്രം ആ പോരാട്ടത്തെ തള്ളിപ്പറയാനാകില്ല.