Connect with us

Articles

ഇത് പക്ഷപാതിത്വമല്ല; വിധേയത്വപ്രകടനം

രാഷ്ട്രീയ സ്വയം സേവക് സംഘും പരിവാര്‍ സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നീണ്ട വിശദീകരണം തന്നെയുണ്ട് മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്. ഒടുവില്‍ അത്തരമൊരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി ലഭിക്കാതിരുന്നത് വലിയ അപരാധമായെന്നും അത് മനസ്സിലാക്കാന്‍ അഞ്ച് പതിറ്റാണ്ടെടുത്തെന്നുമൊക്കെ വിധിവാക്യമെഴുതുന്ന ന്യായാധിപര്‍ സംഘ്പരിവാറിന്റെ ചരിത്രവും വര്‍ത്തമാനവും അറിയാത്ത നിഷ്‌കളങ്കരാണെന്ന് കരുതാന്‍ വയ്യ.

Published

|

Last Updated

1997 മെയ് ഏഴിന് ചേര്‍ന്ന സുപ്രീം കോടതി ഫുള്‍ കോര്‍ട്ട് മീറ്റിംഗ് മുന്നോട്ടുവെച്ച ന്യായാധിപരുടെ, നീതിന്യായ ജീവിതത്തിലെ മൂല്യങ്ങളെക്കുറിച്ചുള്ള പ്രസ്താവനയിലെ 16ാം ഖണ്ഡിക ന്യായാധിപര്‍ ഒരു തരത്തിലുമുള്ള പക്ഷപാതിത്വത്തിന് വിധേയമാകരുതെന്ന് ഊന്നിപ്പറയുന്നുണ്ട്. പൊതുജന നിരീക്ഷണത്തിലാണുള്ളതെന്ന കാര്യത്തെക്കുറിച്ച് ന്യായാധിപര്‍ എപ്പോഴും ബോധവാന്‍മാരാകണമെന്നും ഇരിക്കുന്ന പദവി മറന്നും സാമാന്യ ജനങ്ങള്‍ക്ക് നീതിന്യായ സംവിധാനത്തോടുള്ള മതിപ്പ് നഷ്ടപ്പെടും വിധവും പ്രവര്‍ത്തിക്കരുതെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട് മേല്‍ചൊന്ന പ്രസ്താവന. വ്യക്തിപരമോ സാമ്പത്തികമോ ആയ ഒരു വിധത്തിലുമുള്ള പക്ഷപാതിത്വത്തിന് വിധേയമാകാതിരിക്കുക എന്നതാണ് ന്യായാധിപന് വേണ്ട മുന്തിയ ഗുണം. നീതി നടപ്പാക്കിയാല്‍ മാത്രം പോരെന്നും അത് പൂര്‍ണാര്‍ഥത്തില്‍ ലഭ്യമായെന്ന് സമൂഹത്തിന് ബോധ്യമാകണമെന്നതും സ്വന്തം വിഷയത്തില്‍ ന്യായാധിപനാകരുതെന്നതും നമ്മുടെ നീതിന്യായ സിദ്ധാന്തങ്ങളായി മാറുന്നത് ജഡ്ജിമാരുടെ നിഷ്പക്ഷത അത്രമേല്‍ പ്രധാനമായതുകൊണ്ടാണ്. അപ്പോഴും പക്ഷപാതിത്വം നിറഞ്ഞ ന്യായാസന വിധികളുടെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. എന്നാല്‍ പക്ഷപാതിത്വത്തിനുമപ്പുറം ഒരുതരം വിധേയത്വപ്രകടനത്തിന്റെ ഭാഷയില്‍ പോയ വാരം കളംനിറഞ്ഞത് മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ്. ജസ്റ്റിസുമാരായ സുശ്രാത് അരവിന്ദ്, ഗജേന്ദ്ര സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് നിലവിട്ട ആര്‍ എസ് എസ് സ്തുതിയുമായി രംഗത്തുവന്നത്.

ആര്‍ എസ് എസില്‍ ചേരാന്‍ അനുമതി തേടി വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നേരത്തേ സമര്‍പ്പിച്ച ഹരജിയിലാണ് ന്യായാധിപര്‍ സംഘ് വാഴ്ത്തുപാട്ട് പാടിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍ എസ് എസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് വിലക്കിക്കൊണ്ട് 1966, 1970, 1980 എന്നീ വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടങ്ങളെ നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ് മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ആര്‍ എസ് എസ് പോലെയുള്ള അന്താരാഷ്ട്ര പ്രശസ്ത സംഘടനയില്‍ രാഷ്ട്രീയേതര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമാകുന്നത് ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ തടയാനാകില്ലെന്നാണ് കോടതി നിരീക്ഷണം. രാഷ്ട്രീയ സ്വയംസേവക് സംഘിനെ ‘ചേരരുതാത്ത സംഘടനകളുടെ’ ലിസ്റ്റില്‍ പെടുത്തിയ മുന്‍ കേന്ദ്ര സര്‍ക്കാറുകളുടെ നടപടി എക്സിക്യൂട്ടീവ് ഉത്തരവുകളുടെ പുറത്താണെന്നും അത് മതിയാകില്ലെന്നും പറയുന്നത് കേസിന്റെ മെറിറ്റാണ്. അത് മനസ്സിലാക്കാം. അപ്പറഞ്ഞ നിരീക്ഷണം ഭരണഘടനാപരമായി ശരിയാണോ എന്ന് പരിശോധിക്കുകയുമാകാം. പക്ഷേ മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചെയ്തത് അതല്ല. ഹരജിയുടെ മെറിറ്റിനപ്പുറത്ത് രാഷ്ട്രപിതാവിന്റെ വധത്തിലടക്കം പ്രതിക്കൂട്ടിലായ ആര്‍ എസ് എസിനെ ഒരു മറയുമില്ലാതെ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അത് ഈ രാജ്യത്തിന്റെ ആത്മാവിനോട് കാണിച്ച വഞ്ചനയല്ലാതെ മറ്റെന്താണ്. ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തെ അംഗീകരിക്കാത്ത ഒരു സംഘടനക്ക് വേണ്ടി വക്കാലത്തേല്‍ക്കുന്നത് ഭരണഘടനാ പദവികളിലിരിക്കുന്ന ഹയര്‍ ജുഡീഷ്യറിയിലെ ന്യായാധിപരാണെന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ മുന്‍ കേന്ദ്ര സര്‍ക്കാറുകളുടെ ഓഫീസ് മെമ്മോറാണ്ടങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയവും സെക്യുലര്‍ വിരുദ്ധവുമായി ചിത്രീകരിക്കപ്പെടാന്‍ കാരണമായെന്ന് പരിതപിക്കുന്നു നീതിപീഠം. ആര്‍ എസ് എസ് മേധാവി എവ്വിധമാണ് സംഘ്പരിവാറിനെയും ഇന്ത്യയെയും നിര്‍വചിക്കാറുള്ളത് സമാന വിശദീകരണമാണ് ആര്‍ എസ് എസിനെപ്രതി ന്യായാധിപര്‍ക്ക് നല്‍കാനുള്ളത്. രാഷ്ട്രീയ സ്വയം സേവക് സംഘും പരിവാര്‍ സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നീണ്ട വിശദീകരണം തന്നെയുണ്ട് മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്. ഒടുവില്‍ അത്തരമൊരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി ലഭിക്കാതിരുന്നത് വലിയ അപരാധമായെന്നും അത് മനസ്സിലാക്കാന്‍ അഞ്ച് പതിറ്റാണ്ടെടുത്തെന്നുമൊക്കെ വിധിവാക്യമെഴുതുന്ന ന്യായാധിപര്‍ സംഘ്പരിവാറിന്റെ ചരിത്രവും വര്‍ത്തമാനവും അറിയാത്ത നിഷ്‌കളങ്കരാണെന്ന് കരുതാന്‍ വയ്യ. പ്രത്യുത മുന്നേ ഗമിച്ച ന്യായാധിപ പ്രമുഖരില്‍ ചിലരെപ്പോലെ ഭരണകൂടത്തിന്റെ ഇഷ്ടദാസന്‍മാരായി ചമയുകയാണെന്ന് വേണം മനസ്സിലാക്കാന്‍. അതുവഴി വിശ്രമജീവിതം രാജ്ഭവനിലോ രാജ്യസഭയിലോ ഒക്കെയായി ഉണ്ടുറങ്ങാനുള്ള നിയോഗമുണ്ടാകുമെന്ന് അവര്‍ കരുതിയിരിക്കില്ലെന്നാര് കണ്ടു. പ്രലോഭനങ്ങള്‍ക്ക് കീഴടക്കാന്‍ കഴിയാത്ത ഹന്‍സ് രാജ് ഖന്നമാര്‍ക്ക് മാത്രമേ ജുഡീഷ്യല്‍ കരിയറിലെയും വിരമിച്ച ശേഷവുമുള്ള ഉന്നത പദവികളോട് വിസമ്മതം പറയാനുള്ള ചങ്കൂറ്റമുണ്ടാകുകയുള്ളൂ എന്നതിന് തെളിവും ഇന്ത്യന്‍ ജുഡീഷ്യറിയില്‍ തന്നെയുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവര്‍ത്തന വിലക്കുള്ള സംഘടനകളുടെ പട്ടികയില്‍ നിന്ന് ആര്‍ എസ് എസിനെ ഒഴിവാക്കിയത് സംബന്ധിച്ച് വ്യാപക പ്രചാരണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കുന്നുണ്ട് മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. കഴിഞ്ഞ ജൂലൈ ഒമ്പതിനായിരുന്നല്ലോ സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. അതിനു വേണ്ടി പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ ഉള്ളടക്കം ഹൈക്കോടതി വിധിയുടെ ഒമ്പത് ദിവസത്തിനുള്ളില്‍ പൊതുജന സമക്ഷം പ്രസിദ്ധപ്പെടുത്തണമെന്ന നിര്‍ദേശം കേന്ദ്ര ആഭ്യന്തര, നൈപുണ്യ വികസന മന്ത്രാലയങ്ങള്‍ക്ക് നല്‍കുന്നുണ്ട് ഡിവിഷന്‍ ബഞ്ച്. കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ വഴി വിവിധ വകുപ്പുകളെയും വിലക്ക് നീക്കിയ കാര്യമറിയിക്കണമെന്നും കോടതി വിധിയില്‍ കാണാം.

മുന്‍ കേന്ദ്ര സര്‍ക്കാറുകള്‍ ഓഫീസ് മെമ്മോറാണ്ടങ്ങള്‍ വഴിയാണല്ലോ സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അത് നിലനില്‍ക്കില്ലെന്ന മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷണത്തിന്റെ പ്രമാണം, ഭരണഘടനയുടെ 13(3)(എ) പ്രകാരമുള്ള ലോ എന്ന സംജ്ഞയില്‍ ഓഫീസ് മെമ്മോറാണ്ടം ഉള്‍പ്പെടില്ലെന്നതാണ്. അത് ശരിയല്ല. 1963ലെ ബാലാജി കേസില്‍ ഓഫീസ് മെമ്മോറാണ്ടവും ലോയുടെ പരിധിയില്‍ വരുമെന്ന കാര്യം സുപ്രീം കോടതി സൂചിപ്പിക്കുന്നുണ്ട്. നിയമലോകത്ത് സ്വീകാര്യതയുള്ള പ്രവണതയും അതു തന്നെയാണ്. ആര്‍ എസ് എസിന് വിലക്കേര്‍പ്പെടുത്തിയതിന് ഓഫീസ് മെമ്മോറാണ്ടം മതിയാകില്ലെന്ന് കണ്ട മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മറ്റൊരു കാര്യം കാണാതെ പോയി. സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് നീക്കിയ പുതിയ ഉത്തരവും ഓഫീസ് മെമ്മോറാണ്ടം വഴിയാണെന്നതാണത്. അതാകാം എന്നാണെങ്കില്‍ ന്യായാധിപര്‍ ഒരു പക്ഷത്തേക്ക് ചാഞ്ഞുനിന്നു എന്ന് സാരം.

 

Latest