Connect with us

udaipur murder

ഇത് നബിസ്‌നേഹമല്ല, മൂല്യങ്ങളുടെ ശിരച്ഛേദമാണ്

മുഹമ്മദ് നബി(സ)യെ ആക്ഷേപിച്ച് ലോകത്തിന്റെ വിമര്‍ശം ഏറ്റുവാങ്ങിയ നൂപുര്‍ ശര്‍മയെ പിന്തുണച്ചു എന്ന കുറ്റത്തിനാണ് രണ്ട് പേര്‍ കനയ്യലാലിനെ കഴുത്തറുത്തു കൊന്നത്. സംഭവം വീഡിയോ ചിത്രീകരിച്ച് പുറംലോകത്തെ കാണിക്കാനും അക്രമികള്‍ ധൃഷ്ടരായി. പ്രതികള്‍ ഒട്ടും വൈകാതെ അറസ്റ്റിലായി. ഇത്രയുമാണ് മാധ്യമങ്ങള്‍ നമ്മോട് പറഞ്ഞത്. പക്ഷേ, ഒരു ബഹുസ്വര രാജ്യത്ത് ഇങ്ങനെയൊരു കൊലപാതകം അരങ്ങേറുമ്പോള്‍ വാര്‍ത്തകള്‍ക്കപ്പുറം ചില വിശകലനങ്ങള്‍ ഒഴിവാക്കാനാകില്ല.

Published

|

Last Updated

ദയ്പൂരില്‍ നിന്ന് വാര്‍ത്തയുണ്ട്. കനയ്യലാല്‍ എന്ന തയ്യല്‍ക്കാരന്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ്. നമ്മില്‍ നടുക്കമുണ്ടാക്കിയ വാര്‍ത്ത. കൊലപാതകങ്ങള്‍ നാട്ടുനടപ്പായ കാലത്ത് ഈ വാര്‍ത്തയില്‍ മാത്രം നടുങ്ങാനെന്തുണ്ട് എന്നാണോ? ഈ കിരാതം നടത്തിയതിനു കൊലയാളികള്‍ നബിസ്‌നേഹത്തെ മറയാക്കുന്നു എന്നതു തന്നെയാണ് വാര്‍ത്തയിലെ വിശേഷം. നടുങ്ങാതെന്തുചെയ്യും? മുഹമ്മദ് നബി(സ)യെ ആക്ഷേപിച്ച് ലോകത്തിന്റെ വിമര്‍ശം ഏറ്റുവാങ്ങിയ നൂപുര്‍ ശര്‍മയെ പിന്തുണച്ചു എന്ന കുറ്റത്തിനാണ് രണ്ട് പേര്‍ – റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ്- കനയ്യലാലിനെ കഴുത്തറുത്തു കൊന്നത്. സംഭവം വീഡിയോ ചിത്രീകരിച്ച് പുറംലോകത്തെ കാണിക്കാനും അക്രമികള്‍ ധൃഷ്ടരായി. പ്രധാനമന്ത്രി മോദിക്കെതിരെ ഇവര്‍ ഭീഷണി മുഴക്കുകയും ചെയ്തു. പ്രതികള്‍ ഒട്ടും വൈകാതെ അറസ്റ്റിലായി. ഇത്രയുമാണ് മാധ്യമങ്ങള്‍ നമ്മോട് പറഞ്ഞത്. അല്ലെങ്കില്‍ ഒരു നിയമവ്യവസ്ഥയില്‍ അത്രയുമേ നമുക്ക് അറിയേണ്ടതായുള്ളൂ. പക്ഷേ, ഒരു ബഹുസ്വര രാജ്യത്ത് ഇങ്ങനെയൊരു കൊലപാതകം അരങ്ങേറുമ്പോള്‍ വാര്‍ത്തകള്‍ക്കപ്പുറം ചില വിശകലനങ്ങള്‍ ഒഴിവാക്കാനാകില്ല.

ഈ കൊലപാതകം ആര്‍ക്കുവേണ്ടി എന്നതാണ് പരിശോധനയര്‍ഹിക്കുന്ന പ്രധാന കാര്യം. നൂപുര്‍ ശര്‍മയുടെ പ്രവാചകവിരുദ്ധ പരാമര്‍ശത്തോട് അവധാനതയോടെയാണ് മുസ്‌ലിം നേതൃത്വം പ്രതികരിച്ചത്. വിവേകത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ദീര്‍ഘ കാലത്തേക്ക് രാജ്യം കലുഷമാകാന്‍ ഇതുമാത്രം മതിയാകുമെന്ന ബോധ്യം പങ്കിട്ടു പൊതുവില്‍ മുസ്‌ലിം സമുദായം. “മതസമൂഹങ്ങള്‍ തമ്മിലുള്ള ഭിന്നതയിലേക്ക് കാര്യങ്ങള്‍ പോയാല്‍ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധത്തിലേക്ക് രാജ്യം പോകുമെന്ന്’ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുന്നറിയിപ്പ് നല്‍കി. അതിവൈകാരികതയുടെ നെരിപ്പോടിനരികില്‍ സമുദായത്തെ വട്ടമിട്ടിരുത്താമെന്ന ചെറുസൂക്ഷ്മ ന്യൂനപക്ഷത്തിന്റെ ആഗ്രഹത്തെ മുളയിലേ നുള്ളിക്കളഞ്ഞു പണ്ഡിതന്മാരുടെ ഇത്തരം ഇടപെടലുകള്‍. ബി ജെ പി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തിന് നമ്മുടെ ശിക്ഷാനിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യമുയര്‍ത്തിക്കൊണ്ടുതന്നെ ഉന്നതമായ രാജ്യതാത്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചു മതനേതൃത്വം. ലോകത്തുള്ള സകല മനുഷ്യരെക്കാളും പ്രിയംവെക്കപ്പെടേണ്ടവര്‍ മുഹമ്മദ് നബിയാണ്. അതാണ് ഇസ്‌ലാമിക വിശ്വാസം. അങ്ങനെയായിരിക്കുമ്പോഴും വിശ്വാസികളുടെ മനസ്സിനെ പിടിച്ചുലക്കുന്ന സന്ദര്‍ഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യതയോടെയും ആധികാരികമായും സംസാരിക്കാന്‍ അറിവും പ്രാപ്തിയുമുള്ള നേതൃത്വം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുണ്ട്. കനയ്യലാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏറ്റവും ശക്തമായ പ്രതികരണം മുസ്‌ലിം നേതാക്കളുടേതായതും വെറുതെയല്ല.

നബിസ്‌നേഹത്തിന്റെ ഒരു മറയും സാധ്യമല്ലാത്ത ഹീനമായ കൊലയാണ് ഉദയ്പൂരില്‍ നടന്നത്. മുഹമ്മദ് നബി (സ) ലോകത്തിനു പകര്‍ന്നുനല്‍കിയ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങളെയാണ് ആ രണ്ട്‌ പേര്‍ ഉദയ്പൂരിലെ തയ്യല്‍ക്കടയില്‍ കഴുത്തറുത്തിട്ടത്. മുസ്‌ലിംകളോട് അത്രമേല്‍ ദ്രോഹമനസ്സ് സൂക്ഷിക്കുന്നവര്‍ക്ക് മാത്രം സാധിക്കുന്ന കൊടിയ അപരാധം. ഒരു വിശ്വാസി മുസ്‌ലിമിന്റെയും പിന്തുണയില്ലാത്ത ക്രൂരത. കൊലയാളികളെ മതാന്ധര്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട് ചില മാധ്യമങ്ങള്‍. ഏത് മതത്തിലാണ് അവര്‍ക്ക് അന്ധത ബാധിച്ചത്? ഏതായാലും ഇസ്‌ലാമില്‍ അല്ല. അന്ധമായോ സാമാന്യമായോ ഇസ്‌ലാമിക മൂല്യങ്ങളോട് അവര്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ല എന്നുറപ്പാണ്. ഏത് ഇസ്‌ലാമിക പ്രമാണം വെച്ചാണ് ആ കൊലപാതകത്തെ അക്രമികള്‍ ന്യായീകരിക്കുക?

നബി ചരിത്രത്തില്‍ മക്കാവിജയം എന്നൊരധ്യായമുണ്ട്. തിരുനബിയുടെ ജന്മദേശമാണ് മക്ക. അവിടെയാണ് പ്രവാചകര്‍ ഇസ്‌ലാമിക പ്രബോധനം ആരംഭിക്കുന്നത്. ആശാവഹമായിരുന്നില്ല പ്രതികരണം. സത്യസന്ധത കൊണ്ട് മക്കാദേശത്തെ വിസ്മയിപ്പിച്ച ശ്രേഷ്ഠ വ്യക്തിത്വമായിരുന്നിട്ടുകൂടി പ്രവാചകത്വത്താല്‍ അഭിഷിക്തനായ മുഹമ്മദ് (സ)യെ അംഗീകരിക്കാന്‍ അന്നാട്ടുകാരില്‍ പലരും മടിച്ചുനിന്നു. അതുമാത്രമോ, നബിയെയും അനുചരരെയും കഠിനമായി ദ്രോഹിച്ചു. സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടു. നബിയെ വധിക്കാന്‍ ഗൂഢാലോചന നടന്നു. എല്ലാമറിഞ്ഞിരുന്നു റസൂല്‍. ഉള്ള ആള്‍ബലം കൊണ്ട് തിരിച്ചടിക്കാമായിരുന്നു. അതിനു മിനക്കെട്ടില്ല. പകരം അടുത്ത ദേശത്തേക്ക് പലായനം ചെയ്തു. എന്നിട്ടും മക്കയില്‍ നിന്നുള്ളവര്‍ ദ്രോഹവും മര്‍ദനവും തുടര്‍ന്നു. അനുയായികള്‍ക്കൊപ്പം ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിച്ചെത്തിയിട്ട്, അതനുവദിക്കാന്‍ പോലും മനസ്സുണ്ടായില്ല ഇസ്‌ലാമിന്റെ വിരോധികള്‍ക്ക്. അപ്പോഴും നബി ക്ഷമ കൈക്കൊണ്ടു. അവരുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. കലഹ പ്രിയനായിരുന്നില്ല റസൂല്‍. സമാധാനവാദിയായിരുന്നു. ചോരയില്‍ പടുക്കുന്ന സാമ്രാജ്യങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ലെന്ന് അവിടത്തേക്ക് അറിയാമായിരുന്നു. ഇസ്‌ലാം ചോരയാല്‍ ചരിത്രത്തില്‍ മുദ്രണം ചെയ്യപ്പെടരുത് എന്ന് നിഷ്‌കര്‍ഷ ഉണ്ടായിരുന്നു. അതുകൊണ്ട് ക്ഷമിച്ചു, പൊറുത്തു. അതിനു ഫലവുമുണ്ടായി. അന്തിമ വിജയം റസൂലിനും അനുചരര്‍ക്കും തന്നെയായിരുന്നു. അവര്‍ മക്കയിലേക്ക് തിരിച്ചെത്തി, ഹിജ്റ എട്ടാം വര്‍ഷത്തില്‍, റമസാന്‍ 20ന്. തിരുനബി ഒറ്റക്കായിരുന്നില്ല ആ തിരിച്ചുവരവ്. എന്തിനും സന്നദ്ധരായ പതിനായിരം അനുചരര്‍ കൂടെയുണ്ട്. ഏത് വന്‍ശക്തിയെയും നേരിടാനുള്ള ചങ്കുറപ്പും വിശ്വാസ ബലവുമുണ്ട്. റസൂലിനെ ദ്രോഹിച്ച മണ്ണാണ്. ആഗ്രഹിച്ചുവെങ്കില്‍ പ്രതികാരം നടപ്പാക്കാവുന്ന സന്ദര്‍ഭമാണ്. ആ ശിക്ഷ തങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് മക്കയിലെ ഇസ്‌ലാം വിരുദ്ധര്‍ക്ക് തന്നെ അറിയാം. പക്ഷേ, റസൂല്‍ അതിനു തുനിഞ്ഞില്ല. അവരോട് പറഞ്ഞത് ഇത്രമാത്രം: “നിങ്ങളുടെ മേല്‍ പ്രതികാരമില്ല, നിങ്ങള്‍ സ്വതന്ത്രരാണ്’. അതാണ് മുത്തുനബിയുടെ പാത. അത് പിന്‍പറ്റുന്നവരാണ്/പിന്‍പറ്റേണ്ടവരാണ് മുസ്‌ലിംകള്‍. ആ പാഠങ്ങള്‍ മറന്ന് ഏതെങ്കിലും മുസ്‌ലിം നാമധാരി വാളും വാക്കത്തിയുമായി ആരുടെയെങ്കിലും കഴുത്തറുക്കാന്‍ ഇറങ്ങിത്തിരിക്കുന്നുവെങ്കില്‍ അതിനൊന്നും ഉത്തരവാദിത്വമേല്‍ക്കാന്‍ ഇസ്‌ലാമിന് ബാധ്യതയില്ല! അത്തരക്കാര്‍ക്ക് വക്കാലത്തെടുക്കാന്‍ മുസ്‌ലിം സംഘടനകളെയോ നേതാക്കളെയോ പ്രതീക്ഷിക്കുകയും വേണ്ട.

പക്വമായ ഈ നിലപാട് കൈക്കൊള്ളുമ്പോഴും കിട്ടിയ അവസരം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും എന്തിന് പ്രവാചകരെത്തന്നെയും അവമതിക്കാനുള്ള നീക്കങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ ബി ജെ പിയുടെ പത്രമായ ജന്മഭൂമിയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ: “പ്രവാചകന്റെ ജീവിതം തുറന്നുകാട്ടിയ നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളുടെ തലയറുത്തു; ഇനി മോദി; താലിബാന്‍ മോഡല്‍ ആക്രമണം രാജസ്ഥാനില്‍; ഞെട്ടി രാജ്യം’. നോക്കൂ, നബിവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബി ജെ പി പുറത്താക്കിയ നേതാവിനെ അതേ പാര്‍ട്ടിയുടെ മലയാളപത്രം വെളുപ്പിച്ചെടുക്കുകയാണ്. നൂപുര്‍ ശര്‍മ പ്രവാചകന്റെ ജീവിതം തുറന്നുകാട്ടുകയായിരുന്നുപോല്‍. ഉദയ്പൂരിലെ കൊലയാളിയെ തള്ളിപ്പറയാന്‍ മുസ്‌ലിം സമൂഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പക്ഷേ, പ്രവാചകരെ നിന്ദിച്ച വ്യക്തിയെ ഇപ്പോഴും തോളിലേറ്റി നടക്കുകയാണ് സംഘ്പരിവാര്‍. പിന്നെന്തിന് ബി ജെ പി അവരെ പുറത്താക്കിയെന്നാണോ? അത് മുതലാളിത്തത്തിന് പരുക്കേല്‍പ്പിച്ച ‘കുറ്റ’ത്തിന് നല്‍കിയ ശിക്ഷയായി കണ്ടാല്‍ മതി.

ഇതിനിടെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഉദയ്പൂര്‍ സംഭവത്തെ മറയാക്കി മദ്‌റസകള്‍ക്കെതിരെ രംഗത്തുവന്നു. മദ്‌റസകള്‍ കഴുത്തറുക്കാന്‍ പഠിപ്പിക്കുന്നു എന്നാണ് ഗവര്‍ണര്‍ ഉന്നയിച്ച ആരോപണത്തിന്റെ കാതല്‍. ആരിഫ് ഖാന്‍ മദ്‌റസയില്‍ പഠിക്കാത്തതിന്റെ കുഴപ്പമാണ്. ഇനിയും പഠിക്കാവുന്നതേയുള്ളൂ. മനുഷ്യരെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന മതപാഠശാലകളെ കുറിച്ച് ഇമ്മട്ടില്‍ ഒരാള്‍ അപരാധം പറയണമെങ്കില്‍ മഴയുള്ള നേരത്ത് മദ്‌റസയുടെ വരാന്തയിലെങ്കിലും കയറിനില്‍ക്കാത്തതിന്റെ കുഴപ്പമാണതെന്ന് ആര്‍ക്കും മനസ്സിലാകുന്നതേയുള്ളൂ. അതല്ലെങ്കില്‍ തീവ്ര ഹിന്ദുത്വത്തെ അമ്മട്ടില്‍ സന്തോഷിപ്പിക്കേണ്ട സന്ദര്‍ഭത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്ന് അനുമാനിക്കേണ്ടിവരും. കാരണം എന്തായിരുന്നാലും ആ പ്രസ്താവന അങ്ങേയറ്റം അബദ്ധമാണ്. രാജ്ഭവനില്‍ ഉണ്ടുറങ്ങിക്കഴിയുന്നതിന്റെ ഇടനേരത്തെപ്പോഴെങ്കിലും തിരുവനന്തപുരത്തെ മദ്‌റസകള്‍ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ സമയം കണ്ടെത്തണമെന്ന് അപേക്ഷയുണ്ട്. അതുവഴി അദ്ദേഹത്തിന്റെ തെറ്റിദ്ധാരണകള്‍ നീങ്ങട്ടെ.