Kerala
ഇത് റിയൽ കേരള സ്റ്റോറി, നന്മ മലയാളമേ നന്ദി!; അബ്ദുർറഹീമിന്റെ ദയാധന സമാഹരണം വിജയം; 34 കോടി രൂപയും ലഭിച്ചതായി സമിതി
34 കോടി കൊടുക്കാനുള്ള സമയം അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഫണ്ട് ശേഖരണം പൂർത്തിയായത്.
കോഴിക്കോട് | ഇത് റിയൽ കേരള സ്റ്റോറി. നന്മ മലയാളമേ നന്ദി… സഊദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുര്‍റഹീമിനെ രക്ഷപ്പെടുത്താനുള്ള മലയാളികളുടെ കൂട്ടായ ശ്രമം ഒടുവിൽ ലക്ഷ്യം നേടി. മോചനദ്രവ്യമായി നൽകേണ്ട 34 കോടി രൂപയും ലഭിച്ചതായി റഹീം നിയമ സഹായ സമിതി അറിയിച്ചു. മലയാളം കണ്ട ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗിനാണ് ഇതോടെ അവസാനമായത്. ഫണ്ട് ശേഖരണം നിർത്തിയെന്നും ഇനി ആരും തുക അയക്കേണ്ടതില്ലന്നും സമിതി നേതൃത്വം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
34 കോടി കൊടുക്കാനുള്ള സമയം അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഫണ്ട് ശേഖരണം പൂർത്തിയായത്. ഫണ്ട് സമാഹരണം സുതാര്യമാക്കാൻ തുടങ്ങിയ ആപ്പ് വഴി 30 കോടിയിലേറെ തുക പിരിച്ചു. ഓഫ് ലൈനായി ലഭിച്ച തുക കൂടി ചേർത്തതോടെയാണ് ഫണ്ട് സഹാഹരണം ലക്ഷ്യം നേടിയത്.
റഹീമിന്റെ മോചനത്തിന് 34 കോടി ദിയാ ധനമാണ് സഊദി കുടുംബം ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ രാത്രിയോടെ തന്നെ 22 കോടി രൂപക്കടുത്ത് ഫണ്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. ബാക്കി തുക ഇന്നും ശേഖരിക്കാനായി. ഈ മാസം 16നാണ് ദിയാ ധനം സഊദി കുടുംബത്തെ ഏല്‍പ്പിക്കേണ്ടത്. ഒന്നര മാസത്തിലധികമായി പണം സ്വരൂപിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു റഹീമിന്റെ മോചനത്തിന് വേണ്ടി നാട്ടിലും മറുനാട്ടിലും പ്രവര്‍ത്തിക്കുന്ന റഹീം നിയമ സഹായ സമിതിയുടെ പ്രവര്‍ത്തകര്‍.
റമസാന്‍ 27ന് വൈകുന്നേരം വരെ നാലര കോടിയായിരുന്നു ഒരു മാസം കൊണ്ട് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടില്‍ വന്നിരുന്നത്. എന്നാല്‍ റമസാന്‍ 28ന് വൈകിട്ടോടെ അക്കൗണ്ടിന്റെ ചിത്രം മാറിമറിഞ്ഞു. മിനുട്ടുകള്‍ കൊണ്ട് കോടികള്‍ ഒഴുകിയെത്തി. റമസാന്‍ 28ന് എട്ട് കോടിയും 29ന് 13 കോടിയും പെരുന്നാള്‍ ദിനത്തില്‍ രാത്രിയോടെ 17 കോടിയുമെത്തി.
കോഴിക്കോട് ജില്ലയില്‍ ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ മകന്‍ സീനത്ത് മന്‍സിലില്‍ അബ്ദുര്‍റഹീം 2006ലാണ് ജോലി ആവശ്യാര്‍ഥം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. ഡ്രൈവര്‍ ജോലിക്കൊപ്പം ഭിന്ന ശേഷിക്കാരനായ സഊദി ബാലനെ പരിചരിക്കലും ജോലിയായിരുന്നു. ഒരിക്കല്‍ ബാലനുമായി കാറില്‍ യാത്ര ചെയ്യുമ്പോഴുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തിലാണ് റഹീം ജയിലിലാകുന്നത്. യാത്രക്കിടെ സിഗ്‌നല്‍ റെഡ് ലൈറ്റ് കാണിച്ചപ്പോള്‍ റഹീം വാഹനം നിര്‍ത്തി. ഈ സമയം വാഹനം മുന്നോട്ടെടുക്കാന്‍ ബാലന്‍ ആവശ്യപ്പെട്ടു. ഈ തര്‍ക്കത്തിനിടയില്‍ ഭിന്നശേഷിക്കാരനായ കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഉപകരണത്തിലെ ട്യൂബ് അബദ്ധത്തില്‍ കൈയില്‍ തട്ടി വേര്‍പ്പെട്ടു. തത്ഫലമായി കുട്ടി മരണപ്പെട്ടു.
അവസാന നിമിഷം വരെ സഊദി കുടുംബം വധശിക്ഷ വേണമെന്നതില്‍ ഉറച്ച് നിന്നെങ്കിലും ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി ദിയാ ധനം നല്‍കിയാല്‍ മാപ്പ് കൊടുക്കാമെന്ന് എംബസിയെ അറിയിക്കുകയായിരുന്നു. ഇന്ത്യയില്‍ സമാഹരിക്കുന്ന ഫണ്ട് വിദേശകാര്യ മന്ത്രാലയം മുഖേന റിയാദിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറും.