elamaram bridge
ഇതൊരു പുതിയ യാത്രയുടെ ആരംഭം
പുതിയ പ്രതീക്ഷകൾ, പുതിയ വികസന സാധ്യതകൾ, പുതിയ മനുഷ്യബന്ധങ്ങൾ, പുതിയ സാംസ്കാരിക സവിശേഷതകൾ എല്ലാമെല്ലാം ഇനി ജന്മമെടുക്കുമായിരിക്കും.

കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴക്ക് കുറുകെ എളമരം കടവിൽ നിർമിച്ച പാലം ഇന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നത് പുതിയ യാത്രയുടെ ആരംഭമാണെന്ന് മുസ്ലിം ലീഗ് എം പി. ഇ ടി മുഹമ്മദ് ബഷീർ. പാലം വരുന്നതോടെ ഇക്കരെയുള്ള മലപ്പുറം ജില്ലയിലെ എളമരം പ്രദേശത്തുകാർക്ക് അര മണിക്കൂർ കൊണ്ട് കോഴിക്കോട്ട് എത്താം. മെഡിക്കൽ കോളജ് നമ്മുടെ അടുത്തേക്കാവുന്നു. ചാലിയാറിന് ഇക്കരെയുള്ള ഗ്രാമീണ ജനങ്ങൾ കോഴിക്കോട് നഗരത്തിൻ്റെ തന്നെ ഭാഗമായി വന്നേക്കും. പുതിയ പ്രതീക്ഷകൾ, പുതിയ വികസന സാധ്യതകൾ, പുതിയ മനുഷ്യബന്ധങ്ങൾ, പുതിയ സാംസ്കാരിക സവിശേഷതകൾ എല്ലാമെല്ലാം ഇനി ജന്മമെടുക്കുമായിരിക്കും. ഈ പാലം തുറക്കപ്പെടുമ്പോൾ അത് എൻ്റെ ജീവിതത്തിൻ്റെ ഭൂതകാല ചിന്തകളുടേയും വർത്തമാനകാല സങ്കൽപ്പങ്ങളുടെയും ഇടയിലുള്ള മറ്റൊരു പാലമായാണ് എനിക്ക് അനുഭവപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
എളമരം കടവ് പാലം യാഥാർത്ഥ്യമാവുകയാണ്. എളമരം കടവും ചാലിയാർ പുഴയും ഒരു കാലത്ത് എൻ്റെ ജീവിതത്തിൻ്റെ തന്നെ ഭാഗമായിരുന്നു. കുട്ടിക്കാലത്ത് കുടിവെള്ളവും കളിയും കുളിയുമെല്ലാം പുഴയിലായിരുന്നു. പഴയ തലമുറയിൽ ചാലിയാർ കൊണ്ടു മാത്രം ജീവിച്ചു പോന്ന അനേകമാളുകളുണ്ടായിരുന്നു. മീൻ പിടിച്ചും കക്ക വാരിയും ചരക്കുകൾ കൊണ്ടുപോയും ചാലിയാറിനെ അവർ ഉപജീവനത്തിന് ഉപയോഗപ്പെടുത്തി.
എൻ്റെ ഓർമകളിൽ മുമ്പ് ചാലിയാറിൽ ഒരൊറ്റ പാലമാണ് ഉണ്ടായിരുന്നത്. അത് ഫറോഖിലെ പാലമായിരുന്നു. കാലം മാറിയപ്പോൾ ഒട്ടനവധി പാലങ്ങളുണ്ടായി. ചാലിയാറിലെ മറുകരയിൽ മാവൂരിൽ ഫാക്ടറി വന്ന കാലം. അതിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ കണ്ട തലമുറയിൽപ്പെട്ട ഒരാളാണ് ഞാൻ. കമ്പനി വരുന്നതിന് മുമ്പ് മണ്ണ് പരിശോധിക്കാൻ വന്ന സായിപ്പിനെ കാണാൻ പോയ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.
രാത്രി 11 മണിക്ക് ശേഷം തോണി സമയം കഴിഞ്ഞാൽ മാവൂരിലേക്ക് തന്നെ തിരിച്ചുപോയി എസ്.ടി.യു ഓഫീസിലോ മറ്റോ കിടന്നുറങ്ങും. വേനൽ ക്കാലത്ത് പുഴയിൽ ഇറങ്ങി നടക്കുന്ന കാലം. രാത്രിയിൽ വസ്ത്രം മാറി തോർത്ത് മുണ്ടുടുത്ത് ഷർട്ടും തുണിയുമൊക്കെ കെട്ടാക്കി തലയിൽ വെച്ച് നീന്തിക്കടന്ന് അക്കരെ പറ്റിയ ആ കാലം ഓർക്കുമ്പോൾ ഇപ്പോൾ തമാശയായി തോന്നും. ആ മുണ്ടുടുത്ത് തന്നെയാണ് രാത്രി വീട്ടിലേക്ക് നടന്നു പോയിരുന്നത്.
ചാലിയാറിൽ പുഴമാടുകളുണ്ടായിരുന്നു. അതിൻ്റെ തീരത്ത് പലരും പച്ചക്കറി കൃഷി നടത്തി. അവിടെ വിശാലമായ മണൽപ്പുറത്ത് ഇരുന്ന് കാറ്റ് കൊണ്ട് സായാഹ്നങ്ങൾ ചെലവഴിക്കുന്നത് ഞങ്ങളുടെ തലമുറയിൽപ്പെട്ടവർക്ക് ഇഷ്ടപ്പെട്ട ഒന്നായിരുന്നു.
പാലം ഉദ്ഘാടനം ചെയ്യുന്നതോടെ എളമരം കടവിലെ അവസാന കടത്തു തോണിയും ബോട്ടുമെല്ലാം ഓർമയാവും. കാലം മാറി, ഇനി ഞങ്ങൾക്കെന്തു കാര്യമെന്നു പറഞ്ഞ് അവർ യാത്ര ചോദിക്കുകയാണ്. ഇതൊരു പുതിയ യാത്രയുടെ ആരംഭമാണ്. അര മണിക്കൂർ കൊണ്ട് കോഴിക്കോട്ട് എത്താം. മെഡിക്കൽ കോളജ് നമ്മുടെ അടുത്തേക്കാവുന്നു. ചാലിയാറിന് ഇക്കരെയുള്ള ഗ്രാമീണ ജനങ്ങൾ കോഴിക്കോട് നഗരത്തിൻ്റെ തന്നെ ഭാഗമായി വന്നേക്കും. പുതിയ പ്രതീക്ഷകൾ, പുതിയ വികസന സാധ്യതകൾ, പുതിയ മനുഷ്യബന്ധങ്ങൾ, പുതിയ സാംസ്കാരിക സവിശേഷതകൾ എല്ലാമെല്ലാം ഇനി ജന്മമെടുക്കുമായിരിക്കും. ഈ പാലം തുറക്കപ്പെടുമ്പോൾ അത് എൻ്റെ ജീവിതത്തിൻ്റെ ഭൂതകാല ചിന്തകളുടേയും വർത്തമാനകാല സങ്കൽപ്പങ്ങളുടെയും ഇടയിലുള്ള മറ്റൊരു പാലമായാണ് എനിക്ക് അനുഭവപ്പെടുന്നത്.
പാലവുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ഏറെ സന്തോഷകരമായ അനുഭവം കേന്ദ്ര ഗതാഗത മന്ത്രിയായിരുന്ന നിധിൻ ഗഡ്കരിയെ ഇതിനായി കണ്ടപ്പോഴായിരുന്നു. എൻ്റെ നാട്ടിൽ എൻ്റെ വീടിനു മുന്നിൽ ഞങ്ങൾ കളിച്ചു വളർന്നു വലുതായ കടവിൽ ഒരു പാലം നേരിൽ കണ്ട് ആവശ്യപ്പെട്ടു. ഈ കാര്യങ്ങൾ വെച്ചു കൊണ്ടുള്ള കത്ത് കൊടുത്തപ്പോൾ അദ്ദേഹം ശ്രദ്ധാപൂർവ്വം വായിക്കുകയും ആ കത്തിൽ തന്നെ അത് തത്വത്തിൽ അംഗീകരിച്ചതായും ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവരോട് ഉത്തരവ് ഇടുകയും ചെയ്തു. പിന്നീട് അതിൻ്റെ തുടർ നടപടികളെല്ലാം എഴുതി ചേർത്തത് എൻ്റെ പേരിലായിരുന്നു. അതിൽ ഒരു പാട് ആളുകളുടെ പ്രേരണയും പ്രവർത്തനവും ഉണ്ടായിരുന്നു. ഒരാൾക്ക് മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. അതിൽ എടുത്തു പറയേണ്ടത് എൻ്റെ നാട്ടുകാരുടെ പിന്തുണയാണ്.
പാലം പൂർത്തീകരിക്കുന്ന സമയത്ത് മറ്റാരു കാര്യം കൂടി ഓർക്കുകയാണ്. പാലം അക്കരെ മുട്ടേണ്ടത് ഗ്വാളിയോർ റയോൺസിൻ്റെ സ്ഥലത്താണ്. അവിടുത്തെ ട്രേഡ് യൂനിയൻ നേതാവായിരുന്ന കാലത്തുള്ള ബന്ധത്തെ ഉപയോഗപ്പെടുത്തി ഇവിടെയുള്ള ഗ്രാസിമിലെ ഉദ്യോഗസ്ഥരെ നേരിട്ടു കണ്ട് സ്ഥലം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവർ ഒരു മടിയും കൂടാതെ സമ്മതിക്കുകയും അവർ മുംബെെയിലെ ഉദ്യോഗസ്ഥരോട് ശിപാർശ ചെയ്ത് അവരുടെ അനുമതി നേടിയെടുക്കുകയും ചെയ്തതു കൊണ്ടാണ് ഈ പാലം യാഥാർത്ഥ്യമാക്കാൻ നമുക്ക് സാധിച്ചത്. അതു കൊണ്ട് ഈ പാലത്തെ ഞാൻ ജന്മസാഫല്യവും ദൈവാനുഗ്രഹവുമായി കാണുന്നു. ഒരു നാടിൻ്റെ കൂട്ടായ്മയിൽ രൂപപ്പെട്ട സന്തോഷത്തിൻ്റെ ശുഭമുഹൂർത്തത്തിൽ എന്റെ പ്രിയപ്പെട്ട നാട്ടുകാരോടൊപ്പം ഞാനും പങ്കു ചേരുന്നു.