Connect with us

Kerala

രാജ്യത്ത് ഇതാദ്യം; അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിച്ച 14കാരന്‍ ആശുപത്രി വിട്ടു

രണ്ടു മാസത്തിനിടെ മൂന്ന് കുട്ടികളാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളില്‍ ഈ അസുഖം ബാധിച്ച് മരിച്ചത്.

Published

|

Last Updated

കോഴിക്കോട് | അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിച്ച തിക്കോടി സ്വദേശിയായ 14കാരന്‍ ആശുപത്രി വിട്ടു. സംസ്ഥാനത്ത് എന്നല്ല, ഇന്ത്യയില്‍ ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ശേഷം ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. രോഗം നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞതിനാലാണ് രോഗമുക്തി സാധ്യമായത്. രോഗലക്ഷണം കണ്ടു തുടങ്ങിയാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുക എന്നതാണ് പ്രധാനമെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ അബ്ദുല്‍ റഊഫ് വ്യക്തമാക്കി.

ഒമ്പത് ദിവസം ഐ സി യുവില്‍ കിടന്ന ശേഷമാണ് കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. രക്ഷിതാക്കളുടെയും ആശുപത്രി ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് ഇതിന് സഹായിച്ചത്.

ജൂണ്‍ 30ന് വൈകിട്ടാണ് കുട്ടിക്ക് അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായത്. പയ്യോളിയിലെ ഒരു ക്ലിനിക്കിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കുട്ടി കുളത്തില്‍ കുളിച്ച കാര്യം ഡോക്ടറോട് പറഞ്ഞതോടെയാണ് അമീബിക് മസ്തിഷ്‌ക ജ്വരമാകാം ബാധിച്ചതെന്ന സംശയം ശക്തമായത്. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു കുട്ടികള്‍ ഇതേ ആശുപത്രിയില്‍ നേരത്തെ ചികിത്സയില്‍ ഉണ്ടായിരുന്നതിനാല്‍ ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി. ജര്‍മനിയില്‍ നിന്നുമെത്തിച്ച മരുന്നും കുട്ടിക്ക് നല്‍കിയിരുന്നു.

കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുള്ള കാര്യങ്ങളാകാം അമീബിക് മസ്തിഷ്‌ക ജ്വരബാധയുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രണ്ടു മാസത്തിനിടെ മൂന്ന് കുട്ടികളാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളില്‍ ഈ അസുഖം ബാധിച്ച് മരിച്ചത്.