Connect with us

editorial

ഇതാണ് ക്യാന്പസുകളുടെ അവസ്ഥ!

റെയ്ഡ് നടത്തി മയക്കുമരുന്ന് പിടിച്ചെടുത്തത് കൊണ്ട് മാത്രം ക്യാമ്പസുകളിലെ വേണ്ടാതീനങ്ങള്‍ പരിഹൃതമാവുകയില്ല. വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് കലാലയാന്തരീക്ഷത്തെ മുക്തമാക്കുക കൂടി വേണം.

Published

|

Last Updated

ഞെട്ടലോടെയാണ് കളമശ്ശേരി ഗവ. പോളിടെക്‌നിക്് കോളജ് ഹോസ്റ്റലിൽ നടന്ന പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത വസ്്തുക്കളെക്കുറിച്ച് കേരളീയ സമൂഹം കേട്ടത്. രണ്ട് കിലോ കഞ്ചാവ്, മദ്യക്കുപ്പികള്‍ എന്നിവക്ക് പുറമെ ഗര്‍ഭനിരോധന ഉറകളും ഗുളികകളും ഉൾപ്പെടുന്നു പിടിച്ചെടുത്തവയുടെ ഗണത്തില്‍. ഹോളി ആഘോഷത്തിനായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോളജ് ഹോസ്റ്റലില്‍ ഇത്രയുമേറെ കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവിനൊപ്പം ഗര്‍ഭനിരോധ ഉറകള്‍ കണ്ടെത്തിയതും ആദ്യമായിരിക്കാം.

കളമശ്ശേരി കോളജിന്റെ മാത്രം കഥയല്ല ഇത്. വ്യത്യസ്്തമല്ല മറ്റ് കോളജ് ഹോസ്റ്റലുകളുടെ അവസ്ഥയും. പോലീസും ഈ നിഗമനത്തിലാണ്. റെയ്ഡ് ഇതര കോളജ് ഹോസ്റ്റലുകളിലേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തു. ഈയടുത്ത ദിവസമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് ക്യാന്പസുകളെ “ഡ്രഗ് ഫ്രീ സോണു’കളാക്കി മാറ്റണമെന്നും ക്യാമ്പസുകളില്‍ ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്നും നിര്‍ദേശം നല്‍കിയത്. ഹോസ്റ്റലുകളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും മാതാപിതാക്കള്‍ക്ക് തുടര്‍ച്ചയായി ഹോസ്റ്റലുകള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഇത് കഴിഞ്ഞ് മൂന്നാം നാളാണ് കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലിലെ റെയ്ഡ് വേട്ട.

നമ്മുടെ യുവതലമുറയുടെ വിശേഷിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളുടെ പോക്ക് എങ്ങോട്ടെന്ന വ്യക്തമായ സൂചനയാണ് ഈ സംഭവം. ലഹരി ഉപയോഗം മാത്രമല്ല, ലൈംഗിക അരാജകത്വവും കളിയാടുന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍. ലഹരിയുടെ ഉന്മാദ ലോകത്തേക്ക് വിദ്യാര്‍ഥിനികളെ കൂടി കൊണ്ടെത്തിച്ച് അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. ലിബറലിസവും സ്വതന്ത്ര ലൈംഗികതാ വാദവും ഇത്തരം പേക്കൂത്തുകള്‍ക്ക് പ്രചോദനമേകുകയും ചെയ്യുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയും സ്‌കൂള്‍ യൂനിഫോം ജെന്‍ഡര്‍ ന്യൂട്രല്‍ ആക്കിയും ലിബറല്‍ ആശയങ്ങളെ ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാടാണല്ലോ ഭരണകൂടം സ്വീകരിക്കുന്നത്.

മാത്രമല്ല, രാജ്യത്തെ ഉന്നത പഠന കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവിഹിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് അധികൃതര്‍. ഇതിനിടെ ഡല്‍ഹി സര്‍ക്കാറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് ഡല്‍ഹി സര്‍വകലാശാലയിലും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും കോണ്ടം വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുകയുണ്ടായി. വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് മെഷീനുകള്‍ സ്ഥാപിച്ചതെന്നും അവര്‍ക്ക് സുരക്ഷിതമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നുമാണ് ഡല്‍ഹി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ചെയര്‍പേഴ്‌സൻ ഭൂപീന്ദര്‍ സിംഗ് വിശദീകരിച്ചത്. വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ക്കിടിയില്‍ അവിഹിത ലൈംഗിക ബന്ധം വ്യാപകമാവുകയും അത് എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ക്കിടവരുത്തുകയും ചെയ്ത സാഹചര്യത്തിലാണ് അധികൃതര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. അവിഹിത ബന്ധങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് പകരം യഥേഷ്്ടം അത് തുടരാന്‍ അനുവദിക്കുകയാണ് ബന്ധപ്പെട്ടവര്‍. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ.

സംസ്‌കാര സമ്പന്നമായ തലമുറയെ വാര്‍ത്തെടുക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കുന്നത്. ലഹരിക്കെതിരായ പ്രതിരോധം മാത്രം പോരാ, ക്യാന്പസുകളിലെ എല്ലാ അധാര്‍മിക പ്രവണതകളെയും ചെറുത്തുതോല്‍പ്പിച്ചെങ്കില്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. കോളജ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ രാത്രി വൈകിയും പുറത്തിറങ്ങി വിലസാമെന്നതാണ് ഇന്നത്തെ അവസ്ഥ. ലൈംഗിക അരാജകത്വമാണ് ഇതിന്റെ പരിണിതി. കോഴിക്കോട് മെഡി. കോളജ് വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ രാത്രി പത്തിനകം ഹോസ്റ്റലില്‍ കയറണമെന്ന് അധികൃതര്‍ ഉത്തരവിട്ടപ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമെന്ന് ആരോപിച്ച് സമരത്തിനിറങ്ങുകയായിരുന്നല്ലോ വിദ്യാര്‍ഥിനികള്‍. വിദ്യാര്‍ഥി സംഘടനകളും ഉത്തരവാദപ്പെട്ട ചില കേന്ദ്രങ്ങളും അവര്‍ക്ക് പിന്തുണയുമായി രംഗത്തു വരികയും ചെയ്തു.

“ലിംഗനീതി’യെന്ന അവകാശവാദവുമായി ഫാറൂഖ്‌ കോളജ് ബിരുദതല മലയാളം ക്ലാസ്സില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിനോട് അധ്യാപകരും കോളജ് അധികൃതരും വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ നപടിയെ പിന്തുണക്കാനെത്തിയത് തോമസ് ഐസക്കിനെ പോലുള്ള സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായിരുന്നു. കാട്ടുനീതിയെന്നാണ് കോളജ് അധികൃതരുടെ നടപടിയെ ഐസക് വിശേഷിപ്പിച്ചത്. കളമശ്ശേരി ഗവ. പോളിടെക്‌നിക്് കോളജ് ഹോസ്റ്റലില്‍ നിന്ന് കോണ്ടം പിടിച്ചെടുത്തതില്‍ പിന്നെ എന്തത്ഭുതം.

സ്വതന്ത്ര ലൈംഗികതക്ക് വേണ്ടി വാദിക്കുകയും ലൈംഗികതയെ പൊതുവിടങ്ങളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും വൃത്തികെട്ട ലൈംഗിക ചിന്തകള്‍ക്ക് വിപ്ലവാദര്‍ശ പരിവേഷം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇത്തരം നേതൃത്വങ്ങളെയാണ് ക്യാമ്പസുകളിലെ അരാജകത്വങ്ങള്‍ക്ക് ആദ്യമായി പ്രതിക്കൂട്ടില്‍ കയറ്റേണ്ടത്. റെയ്ഡ് നടത്തി മയക്കുമരുന്ന് പിടിച്ചെടുത്തത് കൊണ്ട് മാത്രം ക്യാമ്പസുകളിലെ വേണ്ടാതീനങ്ങള്‍ പരിഹൃതമാവുകയില്ല. വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് കലാലയാന്തരീക്ഷത്തെ മുക്തമാക്കുക കൂടി വേണം. ബിരുദങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന വിദ്യാഭ്യാസ രീതിയല്ല, ധാര്‍മിക മൂല്യങ്ങള്‍ക്ക് കൂടി ഇടം നല്‍കുന്ന പാഠ്യപദ്ധതിയാണ് പരിഹാരം.