Editorial
ഇത് സയണിസ്റ്റ് ഭീകരതയുടെ അഴിഞ്ഞാട്ടം
ഹമാസിന്റെ ചെറുത്തുനിൽപ്പിനെ ഭീകരതയായി കാണുന്നവർ നെതന്യാഹുവെന്ന ലോകം കണ്ട ഏറ്റവും വലിയ സയണിസ്റ്റ് ഭീകരന്റെ പൈശാചികതക്ക് സമ്പൂർണ പിന്തുണ നൽകുകയും അതു കണ്ട് സായൂജ്യമടയുകയുമാണ്. എന്തൊരു വിരോധാഭാസം.
യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകത്തിന്റെ നാനാഭാഗത്തു നിന്നും മുറവിളി ഉയർന്നു കൊണ്ടിരിക്കെ ആക്രമണം കൂടുതൽ ശക്തമാക്കിക്കൊണ്ടിരിക്കയാണ് ഇസ്‌റാഈൽ. യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും കൊടിയ ആക്രമണമാണ് വെള്ളിയാഴ്ച രാത്രി ഇസ്‌റാഈൽ സൈന്യം നടത്തിയത്. അർധരാത്രിയോടെ ഇരച്ചെത്തിയ ഇസ്‌റാഈൽ യുദ്ധവിമാനങ്ങൾ വർഷിച്ച ബോംബുകളിൽ ഗസ്സയിലെ നൂറുകണക്കിന് കെട്ടിടങ്ങളാണ് ഒറ്റയടിക്കു നിലം പൊത്തിയതും ചാമ്പലായതും. വാർത്താ വിനിമയ ബന്ധങ്ങളും വൈദ്യുതി സൗകര്യങ്ങളും വിഛേദിക്കുകയും തകർക്കുകയും ചെയ്ത ശേഷമായിരുന്നു സയണിസ്റ്റ് ഭീകരതയുടെ ഈ കാട്ടാളത്തമെന്നതിനാൽ ഇതിന്റെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള യഥാർഥ കണക്കുകൾ പുറത്തു വന്നിട്ടില്ല. വെള്ളിയാഴ്ച രാത്രിയിലെ ആക്രമണത്തിൽ മാത്രം ആയിരക്കണക്കിനാളുകൾ മരച്ചിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ വരെയുള്ള കണക്കനുസരിച്ചു ഗസ്സയിലെ മൊത്തം മരണസംഖ്യ ഏഴായിരത്തിലേറെ വരും. ഇതിൽ 3,000ത്തിലേറെ കുട്ടികളാണ്.
ഫലസ്തീനിൽ ടെലികോം സേവനം നൽകുന്ന പാൽകോം ഇന്റർനെറ്റ് ബന്ധമുൾപ്പെടെ വാർത്താവിനിമയ- ഇന്റർനെറ്റ് ബന്ധങ്ങൾ തകർത്തതിനാൽ പരുക്കേറ്റവരുടെ ലൊക്കേഷൻ സന്നദ്ധ പ്രവർത്തകർക്കും ആംബുലൻസുകൾക്കും ലഭിക്കാത്ത അവസ്ഥയാണ്. ഇത് മരണസംഖ്യ കുത്തനെ ഉയരാൻ ഇടയാക്കും. ഗസ്സയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് സന്നദ്ധസംഘടനകളും മാധ്യമപ്രവർത്തകരും പറയുന്നു. ഗസ്സയിലുള്ള തങ്ങളുടെ സ്റ്റാഫുകളുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്നും ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ ജീവനും പരുക്കേറ്റു അത്യാസന്ന നിലയിലായവരുടെ സ്ഥിയും ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽ നിന്ന് പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
അതിനിടെ ഇസ്‌റാഈൽ കരയുദ്ധവും ആരംഭിച്ചു. വടക്കൻ ഗസ്സയിലേക്ക് പ്രവേശിച്ച ടാങ്കുകൾ നിരവധി ഹമാസ് കേന്ദ്രങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും നശിപ്പിച്ചതായി ഇസ്‌റാഈൽ സൈനിക കേന്ദ്രങ്ങൾ അവകാശപ്പെട്ടു. കരയുദ്ധം ഉടൻ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഉടൻ തന്നെ കരസൈന്യം ഗസ്സയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇസ്‌റാഈൽ മന്ത്രിസഭയുടെയും സൈനിക നേതൃത്വത്തിന്റെയും അടിയന്തര സംയുക്ത യോഗമാണ് കരയുദ്ധത്തിനു പച്ചക്കൊടി കാട്ടിയതെന്നു വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്യുന്നു. ഹമാസിന്റെ സൈനിക ശക്തിയടക്കം തകർക്കുകയും ഗസ്സയിൽ ബന്ദികളാക്കിയവരെ തിരികെയെത്തിക്കുകയുമാണ് ലക്ഷ്യമെന്നും അതുവരെയും യുദ്ധം അവസാനിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും നെതന്യാഹു പറയുന്നു.
അതിനിടെ ഉടനടി മാനുഷിക വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലി ഇന്നലെ പ്രമേയം പാസ്സാക്കി. ഗസ്സയിലേക്ക് സഹായം എത്തിക്കാനുള്ള തടസ്സങ്ങൾ ഉടനടി നീക്കണമെന്നും പ്രമേയം നിർദേശിക്കുന്നു. ജോർദാന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച പ്രമേയത്തെ 120 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ 14 രാജ്യങ്ങൾ എതിർത്തു. 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. വിട്ടുനിന്നവരിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്നതാണ് ഖേദകരവും ലജ്ജാകരവും. രാജ്യം ഇന്നു വരെ അവലംബിച്ച നിലപാടുകൾക്കു വിരുദ്ധവും മാനുഷികമല്ലാത്തതുമായിപ്പോയി മോദി സർക്കാറിന്റെ നിലപാടെന്നും വിമർശം ഉയർന്നിട്ടുണ്ട്. പ്രമേയത്തിൽ ഹമാസിനെക്കുറിച്ചു പരാമർശിക്കാത്തതു കൊണ്ടാണ് വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നതെന്നാണ് ഇന്ത്യൻ നയതന്ത്ര വൃത്തങ്ങളുടെ വിശദീകരണം. ഒക്ടോബർ ഏഴിന് നടന്ന ഹമാസിന്റെ ആക്രമണം ഞെട്ടിപ്പിക്കുന്നതും അപലപിക്കേണ്ടതുമാണെന്നും ഇന്ത്യ ഭീകരതക്കെതിരാണെന്നുമാണ് യു എൻ ജനറൽ അസംബ്ലിയിലെ ഇന്ത്യൻ പ്രതിനിധി യോജ്‌ന പട്ടേലിന്റെ ഭാഷ്യം. ഹമാസിന്റെ ചെറുത്തുനിൽപ്പിനെ ഭീകരതയായി കാണുന്നവർ നെതന്യാഹുവെന്ന ലോകം കണ്ട ഏറ്റവും വലിയ സയണിസ്റ്റ് ഭീകരന്റെ പൈശാചികതക്ക് സമ്പൂർണ പിന്തുണ നൽകുകയും അതു കണ്ട് സായൂജ്യമടയുകയുമാണ്. എന്തൊരു വിരോധാഭാസം.
ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയുടെ വെടിനിർത്തൽ ആഹ്വാനം തങ്ങൾ അംഗീകരിക്കുന്നില്ലെന്നും അത് തള്ളിക്കളഞ്ഞുവെന്നുമാണ് ഇസ്‌റാഈൽ വിദേശകാര്യ മന്ത്രി എലി കോഹൻ അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ നിർലോഭ പിന്തുണയാണ് ഗസ്സയിൽ മനുഷ്യക്കുരുതിയുമായി മുന്നോട്ടു പോകാൻ നെതന്യാഹുവിനു പ്രചോദനം. ഗസ്സയിൽ വെടിനിർത്തൽ നടപ്പിൽ വരുത്താനുളള എല്ലാ ശ്രമങ്ങൾക്കും വിലങ്ങ് നിൽക്കുകയുമാണ് അദ്ദേഹം. ബൈഡന്റെ മാനുഷികപരമല്ലാത്ത നിലപാടിനെതിരെ യു എസ് പാർലിമെന്റിൽ ഭരണകക്ഷിയായ ഡെമോക്രാറ്റിക് അംഗങ്ങൾ തന്നെ രംഗത്തു വന്നിട്ടുണ്ട്. ഗസ്സയിൽ വെടിനിർത്താൻ നടപടി സ്വീകരിക്കണമെന്ന് 18 പാർലിമെന്റ് അംഗങ്ങൾ പ്രമേയത്തിലൂടെ ജോ ബൈഡനോട് ആവശ്യപ്പെടുകയുണ്ടായി. യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യു എസ് പാലിച്ചിരുന്ന ഉയർന്ന മൂല്യങ്ങൾ 2001 സെപ്തംബറിലെ ആക്രമണത്തിനു ശേഷം നഷ്ടപ്പെട്ടതായി ഫലസ്തീൻ പ്രശ്‌നത്തിലെ അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിനോട് പ്രതികരിക്കവെ മുൻ പ്രസിഡന്റ് ബരാക് ഒബാമയും കുറ്റപ്പെടുത്തി. ഇസ്‌റാഈലിന്റെ മാനുഷികമല്ലാത്ത ചെയ്തികൾ ഭാവിയിൽ അവർക്കു തന്നെ തിരിച്ചടിയാകുമെന്നും ഫലസ്തീനികൾക്കു വെള്ളവും വെളിച്ചവും വൈദ്യുതിയും നിഷേധിക്കുന്ന നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഒബാമ തുടർന്നു. അൽപ്പമെങ്കിലും മാനുഷികത അവശേഷിക്കുന്നവർ ഒരു ഭാഗത്തും മാനുഷികതക്ക് അശേഷം വില കൽപ്പിക്കാത്ത ഊഷര, പൈശാചിക മനസ്സുകളുടെ ഉടമകൾ മറുവശത്തുമെന്നതാണ് പശ്ചിമേഷ്യ പ്രശ്‌നത്തിലെ നിലവിലെ അവസ്ഥ.