തെളിയോളം
ഇതാണ് പരിവർത്തനത്തിനുള്ള പ്രവൃത്തി
ആത്യന്തികമായി പോസിറ്റീവായ പ്രവൃത്തികൾ നിങ്ങളിൽ പോസിറ്റീവ് വികാരം അലയടിപ്പിക്കും എന്ന് മാത്രമല്ല ആ അല ചുറ്റുമുള്ളവരിലേക്ക് പടരുകയും ചെയ്യുമെന്നർഥം.

നിങ്ങളെ കണ്ടതിൽ സന്തോഷം എന്ന് ഒരാളോട് പല തവണ പറഞ്ഞതു കൊണ്ട് നിങ്ങൾക്ക് സന്തോഷം ഉണ്ടാകണമെന്നില്ല. എന്നാൽ അയാളുടെ കൈകൾ ചേർത്തു പിടിച്ച് അൽപ്പ നേരം നിന്നു നോക്കൂ, നിങ്ങളിൽ അയാളെ കണ്ടതിന്റെ സന്തോഷം നിറഞ്ഞു കവിയും. കെട്ടിപ്പിടിക്കുക എന്ന പ്രവൃത്തി പല തവണ ആവർത്തിക്കുമ്പോൾ ആ വ്യക്തിയോടുള്ള നിങ്ങളുടെ അടുപ്പവും സ്നേഹവും അത്രയും മടങ്ങ് വർധിക്കുന്നതായി നിങ്ങൾക്ക് അനുഭവിക്കാനാകും.
ഏത് പ്രവൃത്തിയും ഇതുപോലെയാണ്, അത് ചെയ്യുമ്പോൾ നിങ്ങളിൽ അതിശക്തമായ വൈകാരിക പരിവർത്തനം സംഭവിച്ചിരിക്കും. ഒരു മത്സര വേദിയിൽ അല്ലെങ്കിൽ കളി മൈതാനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭകളെ അതിശക്തമായി പോരാടാൻ ഉത്തേജിപ്പിക്കുന്നത് കാണികൾ പലവിധ ശരീരഭാഷകളാൽ അവർക്ക് നൽകുന്ന പിന്തുണയല്ലാതെ മറ്റെന്താണ്? വിശ്വാസപരമായി ആലോചിച്ചാൽ നാം പിന്തുടരുന്ന ഓരോ ആചാരങ്ങളും തീർത്തും നമ്മുടെ വികാരങ്ങളെ പരിവർത്തിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്ന് കണ്ടെത്താനാകും.
പ്രവൃത്തികളാൽ സമ്പന്നമായ ആചാര അനുഷ്ഠാനങ്ങൾ ഉള്ളതുകൊണ്ടാണ് ഭക്തി എന്ന വികാരം നമ്മിൽ ശക്തി പകരുന്നത്.ഏതൊരാളിലും നിങ്ങൾ ആഗ്രഹിക്കുന്ന വൈകാരിക പരിവർത്തനം ഉണ്ടാക്കാൻ പ്രവൃത്തികൾ കൊണ്ട് കഴിയും.നല്ല രക്ഷിതാവ് ഒരു കുട്ടിയിൽ ഉണ്ടാകേണ്ട മാറ്റം സ്വന്തം പ്രവൃത്തിയിൽ പ്രകടിപ്പിക്കുക എന്ന വഴിയാണ് സ്വീകരിക്കുക. ഒരു നല്ല ബിസിനസ് ലീഡർ സ്വന്തം ശാരീരിക ചേഷ്ടകളിൽ പ്രകടമാക്കുന്ന ആത്മവിശ്വാസവും അനുയായികളോട് പുലർത്തുന്ന മര്യാദകളുടെ ഉന്നതമായ ശൈലികളും തികച്ചും സർഗാത്മകമായ പ്രവർത്തന രീതികളും മൂലം അതിശക്തമായ വൈകാരിക ബന്ധങ്ങൾ സാധിച്ചെടുക്കും.
ആത്യന്തികമായി പോസിറ്റീവായ പ്രവൃത്തികൾ നിങ്ങളിൽ പോസിറ്റീവ് വികാരം അലയടിപ്പിക്കും എന്ന് മാത്രമല്ല ആ അല ചുറ്റുമുള്ളവരിലേക്ക് പടരുകയും ചെയ്യുമെന്നർഥം.പ്രവൃത്തിയും വികാരങ്ങളും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധത്തെ അതി തീവ്രമായി ഉപയോഗപ്പെടുത്തുന്നതിലാണ് ഏത് രംഗങ്ങളിലുമുള്ള നേതൃത്വങ്ങൾ വിജയിക്കുന്നത്.
ഭയമോ പരിഭ്രാന്തിയോ ഉത്കണ്ഠയോ പോലുള്ള നെഗറ്റീവ് വികാരങ്ങൾ പ്രകടമാകുന്നതിലും പ്രവൃത്തി മുഖ്യ പങ്കു വഹിക്കുന്നുണ്ട്.
സ്റ്റേജിൽ നിൽക്കുന്ന ഒരാൾ തന്റെ പരിഭ്രാന്തിയെ നോർമലൈസ് ചെയ്യാൻ മൈക്കിൽ കയറിപ്പിടിക്കുന്നത് നോക്കൂ. ആ പ്രവൃത്തി പലപ്പോഴും പരിഭ്രാന്തി എന്ന വികാരത്തെ ഇല്ലാതാക്കുകയല്ല യഥാർഥത്തിൽ ചെയ്യുന്നത്, മൈക്ക് കാണുമ്പോഴെല്ലാം പരിഭ്രാന്തരാകാൻ പരിശീലിപ്പിക്കുകയാണ്.
ഒരു നെഗറ്റീവ് വികാരം പ്രകടമാകുന്ന സമയത്ത് നാം ചെയ്യുന്ന പ്രവൃത്തി നിരീക്ഷിക്കുകയും അതിന് വ്യത്യസ്തമായ ഒരു പ്രവൃത്തിയിലേക്ക് ബോധപൂർവം മനസ്സിനെ ഡൈവേർട്ട് ചെയ്ത് പോസിറ്റീവ് വികാരം കൈവരുന്ന മറ്റൊരു പ്രവൃത്തി പുനഃസ്ഥാപിക്കുക എന്ന രീതി പരീക്ഷിച്ചു നോക്കു. സ്റ്റേജ് ഫിയർ വരുന്ന സമയത്ത് “കൈകൾ സ്വതന്ത്രമാക്കുക’ എന്ന പ്രവൃത്തിയിലൂടെ ആത്മവിശ്വാസം എന്ന പോസിറ്റീവ് വികാരത്തിലേക്ക് നിങ്ങളെ സ്വയം നയിക്കാൻ നിങ്ങൾക്കാകും.
മാനസിക പിരിമുറുക്കം വരുമ്പോൾ നഖം കടിക്കുന്ന ഒരാൾക്ക് നഖം കടിക്കുമ്പോഴെല്ലാം മാനസിക പിരിമുറുക്കം അനുഭവപ്പെടാം എന്ന് പഠനങ്ങൾ പറയുന്നു. പ്രവൃത്തിയും വികാരവും തമ്മിലുള്ള ഈ ബന്ധം തിരിച്ചറിയുന്നത് മനസ്സിനെ മെരുക്കാനുള്ള ഏറ്റവും നല്ല വഴിയാണ്. സംഘർഷഭരിതമായ മാനസികാവസ്ഥകളിലേക്ക് നയിക്കുന്ന പലതരം വൈകാരിക സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ പ്രചോദനാത്മകമായ പ്രവൃത്തികളിലൂടെ അവയിൽ നിന്ന് തീർച്ചയായും വിമോചനം നേടാനാകും. ആത്മീയ ദർശനങ്ങളിൽ നിർദേശിക്കപ്പെടുന്ന ചില സവിശേഷ കർമപദ്ധതികളുടെ ആകെത്തുകയും ഇതുതന്നെയാണ്.