Connect with us

Socialist

വാര്‍ത്തകള്‍ കണ്‍മുമ്പില്‍ വന്നുചാടുമ്പോള്‍ നികേഷ് ഇതാണ് ചെയ്യുക..

ഒരു വാര്‍ത്ത മുന്നില്‍ വന്നുപെട്ടാല്‍, അതുകൊടുക്കുന്നതിനെച്ചൊല്ലി ഒരു ധര്‍മ്മസങ്കടമുണ്ടായാല്‍ എം.വി നികേഷ് കുമാര്‍ എങ്ങനെ പെരുമാറും എന്നതിന് കൂടെ ജോലി ചെയ്ത ഞങ്ങളുടെ മുന്നില്‍ ഒട്ടേറെ അനുഭവങ്ങളുണ്ട്. മാധ്യമപ്രവർത്തകൻ എം പി ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published

|

Last Updated

ഒരു വാര്‍ത്ത മുന്നില്‍ വന്നുപെട്ടാല്‍, അതുകൊടുക്കുന്നതിനെച്ചൊല്ലി ഒരു ധര്‍മ്മസങ്കടമുണ്ടായാല്‍ എം.വി നികേഷ് കുമാര്‍ എങ്ങനെ പെരുമാറും എന്നതിന് കൂടെ ജോലി ചെയ്ത ഞങ്ങളുടെ മുന്നില്‍ ഒട്ടേറെ അനുഭവങ്ങളുണ്ട്. വ്യക്തിപരമായി നികേഷ് അത്ഭുതപ്പെടുത്തിയ രണ്ട് ഉദാഹരണങ്ങള്‍:

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നുഘട്ടമായിട്ടായിരുന്നു പോളിങ്. എസി നീല്‍സണ്‍ ആണ് ഇന്ത്യാവിഷനു വേണ്ടി എക്സിറ്റ് പോളും ഒപ്പീനിയന്‍ പോളും ചെയ്തത്. ആ തെരഞ്ഞെടുപ്പിലെ ഒരേയൊരു എക്സിറ്റ് പോള്‍. ഘട്ടം ഘട്ടമായുള്ള പോളുകള്‍ക്ക് അന്ന് വിലക്കുണ്ടായിരുന്നില്ല. ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം, ആ ഘട്ടത്തിലെ എക്സിറ്റ് പോളും അടുത്ത രണ്ട് ഘട്ടങ്ങളിലെ ഒപ്പീനിയന്‍ പോളും ചേര്‍ത്ത് ഫലം വന്നു- എല്‍ഡിഎഫിന് 98 സീറ്റ്. യുഡിഎഫ് കേന്ദ്രങ്ങള്‍ ഇളകി മറിഞ്ഞു. ഉമ്മന്‍ ചാണ്ടി പരസ്യമായി ഭീഷണിപ്പെടുത്തി. രണ്ടാംഘട്ടത്തിലെ എക്സിറ്റ് പോള്‍ തടയണം എന്നായിരുന്നു ആവശ്യം. രണ്ടാംഘട്ട പോളിങ് ദിവസമാകുമ്പോഴേക്കും സമ്മര്‍ദ്ദം മുറുകിവന്നു. ചാനലിന്റെ ചെയര്‍മാന്‍ മുനീര്‍ മങ്കടയില്‍ സ്ഥാനാര്‍ത്ഥിയാണ്. എം.വി.ആര്‍ മത്സരിച്ച പുനലൂരില്‍ മൂന്നാംഘട്ടത്തിലായിരുന്നു വോട്ടിങ്. പുനലൂര്‍ ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്നായിരുന്നു നീല്‍സന്റെ കണ്ടെത്തല്‍. ആ സമ്മര്‍ദ്ദത്തെ നികേഷ് എങ്ങനെ നേരിട്ടെന്ന് ഞങ്ങള്‍ക്കറിയില്ല. രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മണിക്കൂറിനകം നീല്‍സണിന്റെ കണക്കു കിട്ടി.

അരമണിക്കൂറിനകം വാര്‍ത്തയും വന്നു. ‘യുഡിഎഫിന്റെ വന്‍മരങ്ങള്‍ കടപുഴകും’ എന്നായിരുന്നു തലക്കെട്ട്. യഥാര്‍ത്ഥ കൗണ്ടിങ് നടന്നപ്പോള്‍ എല്‍ഡിഎഫിന് 98. എം.വി.ആറും മുനീറും കുഞ്ഞാലിക്കുട്ടിയും ആര്‍ ബാലകൃഷ്ണപിള്ളയും സ്വന്തം തട്ടകങ്ങളില്‍ തോറ്റമ്പി.
ഒരു വര്‍ഷം നീണ്ട ഒരു ബഹിഷ്‌കരണമായിരുന്നു യുഡിഎഫ് നല്‍കിയ ശിക്ഷ. നികേഷാണ് തോല്‍പിച്ചത് എന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു.

മറ്റൊന്ന്, ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായിരുന്നു. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നികേഷിന്റെ അമ്മ മരിച്ച വാര്‍ത്ത വന്നു. നികേഷ് ഫ്ളോറില്‍ ഇരിപ്പാണ്. കൂട്ടിക്കൊണ്ടു പോകാന്‍ വന്ന സഹോദരന്‍ രാജേഷ് എത്ര ശ്രമിച്ചിട്ടും നികേഷ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. റിപ്പോര്‍ട്ടര്‍ ഡെസ്‌കില്‍നിന്നും പല ഫോണ്‍കോളുകള്‍ വന്നതിനെ തുടര്‍ന്നാണ് തമ്മനത്തുനിന്നും ഞാന്‍ കളമശ്ശേരിയിലെ ഓഫീസിലേക്ക് ഓടിച്ചെന്നത്. പിസിആറില്‍നിന്നും ഒരു ബ്രേക്ക് പറയിച്ച് ഞാന്‍ നികേഷിനടുത്ത് ചെന്നു. ‘നിങ്ങള്‍ക്ക് വീട്ടില്‍ പോകണോ, ഞാന്‍ ഡെസ്‌കില്‍ ഇരിക്കാം, അപര്‍ണ വായിക്കട്ടെ’ എന്ന് പറഞ്ഞു. അയാളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. ‘എന്റെ ജോലി ഇതാണെന്ന് അമ്മയ്ക്കറിയാമല്ലോ’ എന്നായിരുന്നു നികേഷ് പറഞ്ഞത്. ഞാന്‍ കൂടുതല്‍ നിര്‍ബന്ധിക്കാതെ പിന്‍വാങ്ങി.
വാര്‍ത്തകള്‍ കണ്‍മുമ്പില്‍ വന്നുചാടുമ്പോള്‍ നികേഷ് അത് മാത്രമേ കാണാറുള്ളൂ. അയാളെ നിങ്ങള്‍ക്ക് എളുപ്പം പിന്തിരിപ്പിക്കാനാവില്ല.

നികേഷിന് പിന്തുണ. അഭിവാദ്യങ്ങള്‍.

 

മാധ്യമപ്രവർത്തകൻ