Articles
ഈ നിയമവും കടന്നുപോകും
വഖ്ഫ് നിയമം കവര്‍ന്നെടുക്കുന്ന നിരവധി ന്യൂനപക്ഷ അവകാശങ്ങളുണ്ട്. അവ ഭരണഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നത് കൂടിയാണ്. നാളെകളില്‍ മുസ്‌ലിമേതര ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള കീഴ്വഴക്കമായി പുതിയ നിയമം മാറുമെന്നത് നഗ്‌ന സത്യമാണ്. ക്രിസ്ത്യാനികളും സിഖുകാരുമടക്കമുള്ളവരെ ഇത് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ മുസ്‌ലിം മതനേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്.

2014ന് ശേഷമുള്ള ഇന്ത്യന്‍ പാര്‍ലിമെന്റ് ഏറ്റവും പഴി കേട്ടിട്ടുള്ളത് ചര്‍ച്ചകള്‍ കൂടാതെ ബില്ലുകള്‍ പാസ്സാക്കുന്നു എന്നതായിരുന്നു. പൗരത്വ ഭേദഗതി നിയമം, കാര്‍ഷിക നിയമങ്ങള്‍, ജമ്മു കശ്മീരിന്റെ 370 വകുപ്പ് എടുത്തുമാറ്റല്‍, ലേബര്‍ നിയമ ഭേദഗതി, ഡല്‍ഹി സര്‍വീസ് ബില്ല്, മുത്വലാഖ്, ഇലക്ടറല്‍ ബോണ്ട് തുടങ്ങി നിരവധി നിര്‍ണായക ബില്ലുകള്‍ മതിയായ ചര്‍ച്ചകളില്ലാതെ ഇരുസഭകളും ചേര്‍ന്ന് പാസ്സാക്കിയെടുത്തു. എന്നാല്‍ രാവു പകലാക്കിയ 14 മണിക്കൂറുകളാണ് വഖ്ഫ് ചര്‍ച്ചക്കു വേണ്ടി ലോക്സഭ ചെലവഴിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടടുത്ത് 56 വോട്ടിന്റെ വ്യത്യാസത്തില്‍ ബില്ല് ലോക്സഭ കടക്കുമ്പോള്‍ 520 അംഗങ്ങള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. കെ സി വേണുഗോപാല്‍, അഖിലേഷ് യാദവ്, സിയാഉര്‍റഹ്മാന്‍, അസദുദ്ദീന്‍ ഉവൈസി, ഗൗരവ് ഗോഗോയ്, കനിമൊഴി തുടങ്ങിയ നേതാക്കള്‍ കേന്ദ്ര സര്‍ക്കാറിന്റെ ദുരുദ്ദേശ്യങ്ങള്‍ അനാവൃതമാക്കി. ഒരു ഇടവേളക്കു ശേഷം പ്രതിപക്ഷ ഐക്യവും ശക്തമായ സഭാ ഇടപെടലും ലോക്സഭ ദര്‍ശിച്ചു. മതേതരത്വത്തിനും ജനാധിപത്യത്തിനും നേരെയുള്ള കൈയേറ്റങ്ങള്‍ ഏകപക്ഷീയമായി അനുവദിക്കുകയില്ല എന്ന സന്ദേശം ഇത് നല്‍കുന്നു.
ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കളുടെ ചരിത്രം പതിമൂന്നാം നൂറ്റാണ്ട് മുതല്‍ തുടങ്ങുന്നുണ്ട്. 1206 മുതല്‍ 1857 വരെ നീണ്ട സുല്‍ത്താനേറ്റ് – മുഗള്‍കാലത്ത് ധാരാളം വഖ്ഫ് സംഭാവനകളുണ്ടായി. 1923ല്‍ ലോര്‍ഡ് റീഡിംഗ് അവതരിപ്പിച്ച മുസല്‍മാന്‍ വഖ്ഫ് ആക്ട് മുതലാണ് സ്വത്തുക്കള്‍ നിയമപരമായി ഏകീകരിക്കപ്പെട്ടത്. കാലപ്പഴക്കത്തെ കീഴ്്വഴക്കമായി സ്വീകരിക്കുന്ന വഖ്ഫ് ബൈ യൂസര്‍ എന്ന സംജ്ഞ അന്ന് മുതല്‍ നിലവിലുണ്ട്. എന്നാല്‍ പുതിയ ബില്ല് അതവസാനിപ്പിക്കുന്നു. നിലവില്‍ തര്‍ക്കമില്ലാത്തതും സര്‍ക്കാര്‍ കൈവശമില്ലാത്തതുമായ ഭൂമികള്‍ക്ക് തത്്സ്ഥിതി തുടരാമെന്ന നേരിയ പ്രത്യാശ പുതിയ നിയമം നല്‍കുന്നുണ്ട്. എന്നാല്‍ പരാതിക്കാരനും തീരുമാനം കൈക്കൊള്ളുന്ന അധികാരിയും വഖ്ഫ് ബോര്‍ഡ് നിയന്ത്രിക്കുന്നവരും ഒരേ താത്പര്യക്കാരാകുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്.
പുതിയ വഖ്ഫ് ബില്ലിനെ തമാശയാക്കുന്നത് അതിന്റെ മുസ്‌ലിം സ്വഭാവം മാറ്റാനുള്ള ശ്രമങ്ങളാണ്. കേന്ദ്ര-സംസ്ഥാന ബോര്‍ഡുകളില്‍ എക്സ് ഒഫീഷ്യോ അംഗങ്ങള്‍ മുസ്ലിമാകണമെന്നില്ല. എന്നിരുന്നാല്‍ പോലും ബോര്‍ഡില്‍ രണ്ട് മുസ്‌ലിമേതര അംഗങ്ങള്‍ വേണമെന്ന് നിര്‍ബന്ധമാണ്. ഇതോടെ വഖ്ഫ് ഭൂമി കൈയേറാന്‍ വരുന്നവര്‍ക്കെതിരെ വഖ്ഫിനു വേണ്ടി അപ്പീല്‍ പോകേണ്ട ബോര്‍ഡ് അതിന് പകരം കൈയേറ്റക്കാരന്റെ പാവയായി മാറുന്ന സ്ഥിതി വരികയാണ്. എല്ലാ കോടതി വിധികളും പാര്‍ലിമെന്റ്‌നിയമങ്ങളുമുണ്ടായിരിക്കെ, മസ്ജിദുകളുടെ അസ്ഥിവാരം പരിശോധിക്കാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് അത്തരം പ്രവൃത്തികള്‍ക്ക് നിയമപരമായ പരിരക്ഷ കൂടി നാളെകളില്‍ ലഭിക്കുമോ എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ബോര്‍ഡിലെ വനിതാ പങ്കാളിത്തം മുസ്‌ലിം അംഗങ്ങളില്‍ നിന്ന് നികത്തണം.
വഖ്ഫ് കൈയേറ്റങ്ങളെ കുറിച്ച് 2006ല്‍ സച്ചാര്‍ കമ്മിറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. കൈയേറ്റ മാഫിയകളുണ്ടെന്ന കടുത്ത വിമര്‍ശം റിപോര്‍ട്ടിലുണ്ട്. അതിനെ തുടര്‍ന്ന് കൈയേറ്റങ്ങള്‍ അവസാനിപ്പിക്കാനും തിരിച്ചു പിടിക്കാനുമായാണ് 2013ല്‍ വഖ്ഫ് നിയമ ഭേദഗതി കൊണ്ടുവന്നത്. വകുപ്പ് 40 അത് പ്രകാരമാണ്. നിശ്ചിത സ്വത്ത് വഖ്ഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബോര്‍ഡിന് അനുമതി നല്‍കുന്നതായിരുന്നു പ്രസ്തുത വകുപ്പ്. സദുദ്ദേശ്യപരമായി നിലവില്‍ വന്ന വകുപ്പ് പല വന്‍കിട കൈയേറ്റക്കാരുടെയും ഉറക്കം കെടുത്തി. അതോടെ വ്യാപകമായ അപവാദ പ്രചാരണങ്ങള്‍ ആരംഭിച്ചു. വകുപ്പ് 40 പ്രകാരം ഇന്ത്യയിലെ ഏത് ഭൂമിയും വഖ്ഫിന് അവകാശപ്പെടാം എന്ന മട്ടില്‍ ഗീബല്‍സിയന്‍ നുണകള്‍ നാടൊട്ടുക്ക് പ്രചരിപ്പിച്ചു. എന്നാല്‍ വഖ്ഫുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നതോ കിടന്നിരുന്നതോ ആയ വസ്തുക്കളിലൊഴികെ മറ്റൊന്നിലും വഖ്ഫിന് ഇന്ത്യയില്‍ സിവില്‍ വ്യവഹാരമില്ല എന്ന വസ്തുത ബോധപൂര്‍വം ഒളിച്ചുവെച്ചു. രാജ്യത്തെ പല കോടതികളിലും സര്‍ക്കാര്‍ വകുപ്പുകളും ബോര്‍ഡുകളുമായും ആയിരക്കണക്കിന് പൗരന്മാര്‍ക്ക് സ്വത്ത് തര്‍ക്ക വ്യവഹാരങ്ങളുണ്ട്. നിയമങ്ങള്‍ സര്‍ക്കാറിന് അനുകൂലമാണ് എന്ന പരാതി എല്ലാ കാലത്തും എതിര്‍ കക്ഷികള്‍ക്കുണ്ട്. എന്നാല്‍ വഖ്ഫ് ബോര്‍ഡിന്റെ കാര്യം വരുമ്പോള്‍ മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ള പരിരക്ഷ പാടില്ല എന്നാണ് ന്യായീകരണം. പുതിയ ബില്ലില്‍ വകുപ്പ് 40 റദ്ദ് ചെയ്യുകയും ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീല്‍ അധികാരം അനുവദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നിലവിലെ നിയമത്തില്‍ തന്നെ ഹൈക്കോടതി അടക്കം നിരവധി മേല്‍ക്കോടതികളില്‍ അപ്പീല്‍ വാദം നടക്കുന്നുണ്ട്.
അഞ്ച് വര്‍ഷത്തിലധികം മുസ്‌ലിമായി ജീവിക്കുന്നുവെന്ന് തെളിയിക്കുന്ന പക്ഷം മാത്രമാണ് ഒരാള്‍ക്ക് ഇനി മുതല്‍ വഖ്ഫ് ചെയ്യാനാകുക. വഖ്ഫ് ബോര്‍ഡ് സി ഇ ഒ മുസ്‌ലിമാകണമെന്ന് നിര്‍ബന്ധമില്ല. ബില്ലിലെ പല വ്യവസ്ഥകളെയും അനുകൂലിക്കുന്നവര്‍ പോലും വഖ്ഫ് ബോര്‍ഡിന്റെ ജനിതകം തിരുത്താനുള്ള ഇത്തരം നടപടികളെ എതിര്‍ക്കുന്നുണ്ട്. കാലികമായ മാറ്റമാണ് ഭേദഗതികള്‍ എന്ന ബി ജെ പിയുടെ വാദത്തെ ബില്ലിലെ ഇത്തരം വ്യവസ്ഥകള്‍ പരിഹാസ്യമാക്കുന്നുണ്ട്.
വഖ്ഫ് ബില്ല് ചര്‍ച്ചയില്‍ അപ്രതീക്ഷിത കോണുകളില്‍ നിന്ന് പോലും പ്രത്യാശയുടെ സൂചനകള്‍ ഉണ്ടായിട്ടുണ്ട്. 2014ന് ശേഷം പ്രതിപക്ഷത്തിന് ഇതുപോലെ സജീവ സാന്നിധ്യമാകാന്‍ കഴിഞ്ഞ അവസരം വേറെയില്ല. രാജ്യസഭയില്‍ ഏഴ് അംഗങ്ങളുള്ള ബിജു ജനതാദള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് അറിയിച്ചു കഴിഞ്ഞു. ഏഴ് അംഗങ്ങളുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് നിലപാട് വരാനിരിക്കുന്നു. 2024ല്‍ 36.5 ശതമാനം വോട്ട് മാത്രം നേടിയ ബി ജെ പിയുടെ വര്‍ഗീയ അജന്‍ഡക്കു മുന്നില്‍ ഹതാശരാകാതിരിക്കുക എന്നത് പ്രധാനമാണ്. ലോക്സഭയിലെ ജനാധിപത്യ ഉണര്‍വ് രാജ്യസഭയില്‍ കൂടുതല്‍ പ്രതിഫലിക്കാനാണ് സാധ്യത. വഖ്ഫ് ബില്ലിലെ അന്യായവും ഭരണഘടനാ വിരുദ്ധതയും കൂടുതല്‍ ചര്‍ച്ചക്കിടയാക്കുന്നത് അടിസ്ഥാന പൊതുബോധം മുതല്‍ ജുഡീഷ്യറിയില്‍ വരെ അനുരണനങ്ങള്‍ ഉണ്ടാക്കിയേക്കാവുന്നതാണ്.
രാഷ്ട്രപതി ഒപ്പിട്ട് നിയമമാകുന്നതോടെ കടുത്ത നിയമപോരാട്ടങ്ങള്‍ക്ക് കൂടി ആരംഭമാകും. ആര്‍ട്ടിക്കിള്‍ 14, 15, 24, 25, 26 തുടങ്ങി നിരവധി ഭരണഘടനാ ലംഘനങ്ങള്‍ ബില്ലിലുണ്ട്. പൊതുസമൂഹത്തിന്റെയും ജനാധിപത്യ മതേതരത്വ ബോധത്തിന്റെയും പിന്തുണ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്. ബുള്‍ഡോസര്‍ രാജിന് നിയമപരിരക്ഷ നല്‍കാന്‍ ഉന്മാദികളായ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുമെന്ന വലിയ ഭീഷണി ബില്ല് ഉയര്‍ത്തുന്നുണ്ട്. ബുള്‍ഡോസര്‍ തകര്‍ക്കലുകള്‍ക്കെതിരെ അര ഡസന്‍ തവണയെങ്കിലും ശക്തമായ പ്രതികരണങ്ങള്‍ സുപ്രീം കോടതി നടത്തിയത് നിയമ പോരാട്ടങ്ങള്‍ക്കിടയില്‍ കൂട്ടിവായിക്കേണ്ടതുണ്ട്. പൗരത്വ നിയമത്തിനെതിരായ സമരത്തെ രാജ്യദ്രോഹ കേസുകളായും വര്‍ഗീയ കലാപ ഹേതുവായും ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ്. ചിലരെങ്കിലും അത്തരം പ്രചാരവേലകളില്‍ വീണിട്ടുണ്ട്. തക്കം പാര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന് തെറ്റായ സമരരീതികള്‍ വഴി ആയുധം നല്‍കാന്‍ ഇടയുണ്ടാക്കരുത്.
വഖ്ഫ് നിയമം കവര്‍ന്നെടുക്കുന്ന നിരവധി ന്യൂനപക്ഷ അവകാശങ്ങളുണ്ട്. അവ ഭരണഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നത് കൂടിയാണ്. നാളെകളില്‍ മുസ്‌ലിമേതര ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള കീഴ്വഴക്കമായി പുതിയ നിയമം മാറുമെന്നത് നഗ്‌ന സത്യമാണ്. ക്രിസ്ത്യാനികളും സിഖുകാരുമടക്കമുള്ളവരെ ഇത് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ മുസ്‌ലിം മതനേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്. അധികാര സ്വാധീനവും പ്രഹരശേഷിയും നീതിപൂര്‍വകമായ നിലപാടിനെ ചിലപ്പോഴെങ്കിലും സ്വാധീനിച്ചേക്കാമെങ്കിലും സ്ഥായിയായി സാധ്യമല്ല. ന്യൂനപക്ഷ വിഷയങ്ങളില്‍ എല്ലാ കാലത്തും മുസല്‍മാന്‍-സിഖ്-ഈസായി ഇന്ത്യയില്‍ ഭായി ഭായിയായിരുന്നു. ഭിന്നിപ്പിക്കല്‍
ഔദ്യോഗിക ആയുധമായി മാറിയ പുതിയ കാലത്ത് അവ നിലനിര്‍ത്തുന്നത് ശ്രമകരമാണ്. എന്നാല്‍ വിവേകപൂര്‍ണമായ ഇടപെടലുകള്‍ ഗുണപരമായ ഫലങ്ങള്‍ സമ്മാനിക്കും എന്നത് തീര്‍ച്ചയാണ്. ജുഡീഷ്യറിയില്‍ നിന്ന് ഒരുപക്ഷേ നീതി വൈകിയേക്കാം, അതിനിടയില്‍ ജാഗ്രത്തായ സിവില്‍ സൊസൈറ്റിയുടെ സഹായത്തോടെ ഈ പ്രതിസന്ധി അതിജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കേണ്ടതുണ്ട്. അതുവഴി ജുഡീഷ്യറിക്ക് സഹായിക്കാന്‍ കഴിയുന്ന പ്രതലം കൂടി രൂപപ്പെടുമെന്ന് പ്രത്യാശിക്കാം.