Kerala
'സഖാവ് കുഞ്ഞാലിയുടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഈ വായ്ത്താരി കൊണ്ടാവില്ല; അന്‍വര്‍ കേരള രാഷ്ട്രീയത്തില്‍ അലഞ്ഞ് തിരിയും'
ജീവന്‍ നല്‍കിയും രക്തം നല്‍കിയും ആയിരങ്ങള്‍ പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനത്തിനെ അന്‍വര്‍ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല
തിരുവനന്തപുരം | പി വി അന്‍വര്‍ എംഎല്‍എക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി മന്ത്രി വി ശിവന്‍കുട്ടി. ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അന്‍വറെന്നും ആ കളക്ക് സിപിഎമ്മിനെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അന്‍വര്‍ ചെയ്യുന്നതെന്നും കേരള രാഷ്ട്രീയത്തില്‍ അന്‍വര്‍ അലഞ്ഞു തിരിയുമെന്നും കുറിപ്പില്‍ തുടര്‍ന്ന് പറയുന്നു
വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അന്‍വര്‍.പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാല്‍ നിവൃത്തിയില്ല.ബാക്കി എല്ലാവര്‍ക്കും അതല്ല ശരി എന്നറിയാമെങ്കിലും പല്ലിയ്ക്ക് ആ ബോധ്യം ഉണ്ടാകില്ല.ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ ജയിച്ചത്. പി വി അന്‍വറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കെതിരാണ്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടര്‍മാരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണ് അന്‍വര്‍ ചെയ്തിരിക്കുന്നത്.കേരളത്തിലെ ഏറ്റവും കൂടുതല്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണ് സി പി ഐ (എം). ജീവന്‍ നല്‍കിയും രക്തം നല്‍കിയും ആയിരങ്ങള്‍ പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനത്തിനെ അന്‍വര്‍ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല. പാര്‍ട്ടി അണികള്‍ ഇതുവരെ ക്ഷമിച്ചു. എന്നാല്‍ പാര്‍ട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അന്‍വര്‍ ചെയ്യുന്നത്.നിലമ്പൂരില്‍ പാര്‍ട്ടിയ്ക്ക് വലിയ ചരിത്രമുണ്ട്. സഖാവ് കുഞ്ഞാലിയുടെ പാര്‍ട്ടി ആണിത്. ആ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ഈ വായ്ത്താരി കൊണ്ടൊന്നും നടക്കില്ല എന്ന് അന്‍വര്‍ താമസിയാതെ മനസിലാക്കും. കേരള രാഷ്ട്രീയത്തില്‍ അലഞ്ഞു തിരിയേണ്ട ഗതികേട് വരും പി വി അന്‍വറിന് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.കേരള മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് പതിറ്റാണ്ടുകളുടെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുണ്ട്. കേരളത്തില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ പി വി അന്‍വര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. ആരോപണങ്ങള്‍ ദിനവും ഉന്നയിക്കുക എന്നല്ലാതെ ഒരു തെളിവ് പോലും ഹാജരാക്കാന്‍ പി വി അന്‍വറിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ കരിവാരി തേക്കാനുള്ള ശ്രമം നടത്തുന്ന അന്‍വര്‍ ആരുടെ അച്ചാരമാണ് വാങ്ങിയത് എന്ന് താമസിയാതെ വ്യക്തമാകും.