Connect with us

National

ഇതിനൊരു അവസാനം വേണം; ആരാധനാലയങ്ങള്‍ തിരിച്ചുപിടിക്കല്‍ ഹരജിക്കെതിരെ സുപ്രീം കോടതി

ഈ വിഷയത്തില്‍ ഇനി വാദം കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

Published

|

Last Updated

ന്യൂഡല്‍ഹി | ആരാധനാലയങ്ങള്‍ തിരിച്ചുപിടിക്കുന്നതും സ്വഭാവം മാറ്റുന്നതും തടയുന്ന 1991ലെ ആരാധനാലയ നിയമത്തിനെതിരെ പുതിയ ഹരജികള്‍ കൂടുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. ഇതിനൊരു അവസാനം വേണമെന്നും ആളുകള്‍ ഇതിനുപിറകെ പോകുന്നത് അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

തകര്‍ത്ത ഹിന്ദു ക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നിയമപരമായ ശ്രമങ്ങള്‍ കണക്കിലെടുത്ത് ആരാധനാലയ നിയമത്തിന്റെ സാധുതകളെ ചോദ്യം ചെയ്തുള്ള ഹരജി കേള്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ കടുത്ത പരാമര്‍ശം. ഈ വിഷയത്തില്‍ ഇനി വാദം കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പിച്ചുപറഞ്ഞു.

ഇതുവരെ സമര്‍പ്പിച്ച ഹരജികള്‍ക്ക് നോട്ടീസ് നല്‍കാന്‍ കോടതി വിസമ്മതിച്ചിരുന്നെങ്കിലും അധിക കാരണങ്ങളോടെ ഇടപെടല്‍ ഹരജി ഫയല്‍ ചെയ്യാന്‍ അനുവദിച്ചു. ആരാധനാലയ നിയത്തിന്റെ യഥാര്‍ഥ സാധുതയെ കുറിച്ച് പരിശോധിക്കുന്നതിന് അശ്വിനി കുമാര്‍ ഉപാധ്യയാണ് ഹരജി സമര്‍പ്പത്. 10 പള്ളികള്‍ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു കക്ഷികള്‍ നല്‍കിയ 18 കേസുകളില്‍ നടപടിയെടുക്കുന്നത് കഴിഞ്ഞ വര്‍ഷം കോടതി നിര്‍ത്തിവെച്ചിരുന്നു. ഇതില്‍ ശാഹി ഈദ്ഗാഹ്, ഗ്യാന്‍വാപി മസ്ജിദ്, സംഭാല്‍ മസ്ജിദ് എന്നിവ ഉള്‍പ്പെടുന്നു.

കഴിഞ്ഞ തവണ പുതിയ ഹരജികള്‍ ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും അത്തരം ഇടപെടലുകള്‍ക്ക് പരിധിയുണ്ടാകുമെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. ഇതുവരെ ഉന്നയിക്കാത്ത ചില അടിസ്ഥാനങ്ങള്‍ ഉയര്‍ത്തിയതിനാല്‍ പുതിയ ഇടപെടലുകള്‍ക്കുള്ള അപേക്ഷ അനുവദിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാദം.

1947 ആഗസ്റ്റ് 15ന് ഉണ്ടായിരുന്ന ആരാധനാലയത്തിന്റ സ്വഭാവം മാറ്റുന്നതിനെ തടയുന്നതിന് 1991ലാണ് നിയമം പാസ്സാക്കിയത്. ബാബരി മസ്ജിദ് തര്‍ക്കം ഈ നിയമത്തിന്റെ പരിധിക്ക് പുറത്തായിരുന്നു.

നിയമം പാസ്സാക്കുമ്പോള്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സും അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മുമാണ് കര്‍ശനമായി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ഏറ്റവും പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ അര്‍ഹതയുള്ളതിനാല്‍ നിയമം പാലിക്കണമെന്ന് ഇന്നലെ മറ്റൊരു ഹരജിക്കാരന്‍ പറഞ്ഞു. തുടര്‍വാദം കേള്‍ക്കുന്നത് ഏപ്രില്‍ ആദ്യവാരത്തിലേക്ക് മാറ്റി.

 

Latest