Cover Story
അർഥപൂർണം ഈ പടിയിറക്കം
രാഷ്ട്രീയവും മനുഷ്യത്വവും ഒരേ നൂലിൽ കോർത്ത കരുത്തുറ്റ നേതൃത്വമായിരുന്നു ജസീന്ത ആർഡേൺ. ന്യൂസിലൻഡ് എന്ന കൊച്ചു രാഷ്ട്രത്തിൻ്റെ അതിർത്തികൾക്കപ്പുറത്തേക്ക് വളർന്നു പന്തലിച്ചു അവരുടെ വ്യക്തിപ്രഭാവം. അതിനായി അവർ മുന്നോട്ട് വെച്ചത് മനുഷ്യത്വത്തിൻ്റെ രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയ ശത്രുവിനെയും സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പങ്കുവെക്കലിൻ്റെയും പാഠം പകർന്ന് എല്ലാ വിഭാഗം മനുഷ്യരെയും ചേർത്തുപിടിച്ച ഒരു ചരിത്രം കൂടിയാണ് ഇപ്പോൾ പടിയിറങ്ങിയത്.
‘ഞാൻ സ്ഥാനമൊഴിയുന്നു, കാരണം ഇത്തരമൊരു ചുമതല നിർവഹിക്കുക എന്നത് ഉത്തരവാദിത്വമുള്ള കാര്യമാണ്. എപ്പോഴാണ് നിങ്ങൾ ഈ ചുമതല നിർവഹിക്കാൻ അനുയോജ്യയായ ആളെന്നും അല്ലെന്നും തിരിച്ചറിനായുള്ള വിവേകമുണ്ടാവുക എന്നതിലാണ് കാര്യം. ഈ ചുമതല എന്നിൽ നിന്ന് എന്താണ് ആവശ്യപ്പടുന്നത് എന്ന് എനിക്കറിയാം. ആ ആവശ്യത്തിനോട് നീതി പുലർത്താനാവശ്യമായ ഊർജം എന്നിൽ ഇപ്പോൾ പര്യാപ്തമായ അളവിൽ ഇല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു’
കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ് പടിയിറങ്ങുമ്പോൾ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ ലോകത്തോട് പറഞ്ഞ വാക്കുകളാണിത്. സ്വന്തം വ്യക്തിത്വത്തിലൂടെ ലോക സമാധാനം, മനുഷ്യത്വം, മാനവികത തുടങ്ങിയ മൂല്യങ്ങളെ അന്തർദേശീയ തലത്തിൽ അടയാളപ്പെടുത്തിയ ഒരു രാഷ്ട്രീയ നേതാവ് എന്ന അർഥത്തിൽ ജസീന്ത ആർഡേൺ പറഞ്ഞ ഈ വാക്കുകൾക്ക് വലിയ മാനമുണ്ട്.
രാഷ്ട്രീയവും മനുഷ്യത്വവും ഒരേ നൂലിൽ കോർത്ത കരുത്തുറ്റ നേതൃത്വമായിരുന്നു ജസീന്ത ആർഡേൺ. ന്യൂസിലാൻഡ് എന്ന കൊച്ചു രാഷ്ട്രത്തിൻ്റെ അതിർത്തികൾക്കപ്പുറത്തേക്ക് വളർന്നു പന്തലിച്ചു അവരുടെ വ്യക്തിപ്രഭാവം. അതിനായി അവർ മുന്നോട്ട് വെച്ചത് മനുഷ്യത്വത്തിൻ്റെ രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയ ശത്രുവിനെയും സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പങ്കുവെക്കലിൻ്റെയും പാഠം പകർന്ന് എല്ലാ വിഭാഗം മനുഷ്യരെയും ചേർത്തുപിടിച്ച ഒരു ചരിത്രം കൂടിയാണ് ഇപ്പോൾ പടിയിറങ്ങിയത്.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് പോലും കാത്തുനിൽക്കാതെയാണ് ജസീന്ത ആർഡേൺ രാജി വെച്ചത്. കുതിച്ചുയരുന്ന പണപ്പെരുപ്പം, ഉയർന്നുവരുന്ന മാന്ദ്യം, സ്ഥിരമായി വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷം എന്നിങ്ങനെ നിരവധി കാരണങ്ങൾ രാഷ്ട്രീയ ചിന്തകർ നിരീക്ഷിക്കുന്നുണ്ടെങ്കിലും ജസീന്ത ആർഡേൺ പടിയിറങ്ങിയത് ന്യൂസിലാൻഡ് ജനതയെ പോലെ തന്നെ ലോക ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ജനപ്രീതി എന്ന പൈങ്കിളി അംഗീകാരത്തിൽ ഒരിക്കൽ പോലും ജസീന്ത താത്പര്യം കാണിച്ചില്ല. പുരോഗമന രാഷ്ട്രീയ പ്രതിച്ഛായ കൊണ്ടും, അധികാരത്തിലെത്തുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയിലുമെല്ലാം ജസീന്ത അന്തർദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടത് വളരെ വേഗത്തിലായിരുന്നു. 2019ലെ ക്രൈസ്റ്റ് ചർച്ച് മസ്ജിദ് കൂട്ടക്കൊല സംയമനത്തോടെ കൈകാര്യം ചെയ്തതിന് ജസീന്തക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നു. ഒപ്പം, വൈറ്റ് ഐലൻഡ് അഗ്നിപർവത സ്ഫോടനം കൈകാര്യം ചെയ്യാൻ അവർ നൽകിയ നിർണായക നേതൃത്വത്തിനും പരക്കെ പ്രശംസിക്കപ്പെട്ടു. ബ്രിട്ടീഷ് വോഗിൻ്റെയും ടൈം മാഗസിൻ്റെയും കവറുകളിൽ ജസീന്ത ഇടംപിടിച്ചത് അവർ അന്താരാഷ്ട്ര തലത്തിൽ ജനപ്രീതിയുള്ള വ്യക്തിയാണെന്ന ധാരണ പടർത്തി.
ജസീന്ത പ്രധാനമന്ത്രി എന്ന നിലയിൽ ക്രൈസ്റ്റ് ചർച്ച് മസ്ജിദ് കൂട്ടക്കൊല കൈകാര്യം ചെയ്ത രീതി ശ്രദ്ധേയമായിരുന്നു. 2019 മാര്‍ച്ച് പതിനഞ്ച് വെള്ളിയാഴ്ചയായിരുന്നു പ്രസ്തുത ആക്രമണം നടന്നത്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള മസ്ജിദുകളില്‍ ഭീകരാക്രമണം നടന്നുകൊണ്ടിരിക്കുന്ന അതേസമയത്ത് ആക്രമണത്തിൻ്റെ തത്സമയ ദൃശ്യങ്ങള്‍ ലോകം കണ്ടു. അക്രമി സ്വന്തം ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ തൻ്റെ ഫേസ്ബുക്ക് ലൈവ് വഴി പതിനേഴ് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിടുകയായിരുന്നു. ഫേസ്ബുക്കിൻ്റെ ഔദ്യോഗിക വിശദീകരണപ്രകാരം, കൊലയാളി ലൈവ് സ്ട്രീമിംഗ് ചെയ്യുന്ന സമയത്ത് അത് കണ്ടത് 200 പേരാണെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ഇൻ്റര്‍നെറ്റ് ഉപഭോക്താക്കള്‍ അതിക്രൂരമായ ആക്രമണം കണ്ടുനടുങ്ങി. പലരും അത് റീപോസ്റ്റ് ചെയ്തു. ന്യൂസിലാന്‍ഡ് പോലീസിൻ്റെ നിര്‍ദേശ പ്രകാരം ഫേസ്ബുക്ക് ഉള്‍പ്പെടെ മുഴുവന്‍ സോഷ്യല്‍ മീഡിയ കമ്പനികളും ദൃശ്യങ്ങള്‍ നീക്കം ചെയ്തു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഫേസ്ബുക്ക് മാത്രം നീക്കം ചെയ്തത് 1.2 മില്യന്‍ (പതിനഞ്ച് ലക്ഷം) വീഡിയോകളാണ്. ആക്രമണ ദൃശ്യങ്ങള്‍ അടിയന്തരമായി സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ജസീന്ത ആര്‍ഡൻ്റെ ശക്തമായ നിർദേശം വന്നു. ഇതുവഴി ലൈവ് സ്ട്രീമിംഗിലൂടെ അക്രമി മനസ്സില്‍ കണ്ട ലക്ഷ്യങ്ങള്‍ ഇല്ലാതാക്കാനും പരിഭ്രാന്തി കുറക്കാനും സാധിച്ചുവെന്നത് ആ സമയത്ത് ശ്രദ്ധേയമായ ഒരു നീക്കമായിരുന്നു.
ഭീകരാക്രമണത്തിന് ഒമ്പത് മിനുട്ട് മുമ്പ് അക്രമി നേരത്തേ തയ്യാറാക്കി, പ്രധാനമന്ത്രി ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് ഇ മെയില്‍ വഴി അയച്ചുകൊടുത്ത മാനിഫെസ്റ്റോ അതിപ്രാധാന്യത്തോടെ പുറത്തുവിടുകയും ചെയ്തു. “മഹത്തായ പുനഃസ്ഥാപനം’ എന്ന തലക്കെട്ടിലുള്ള മാനിഫെസ്റ്റോ ഭീകരവാദിയില്‍ നിന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 74 പേജുകളുള്ള മാനിഫെസ്റ്റോയില്‍ യൂറോപ്പിലെ കുടിയേറ്റക്കാരെ മുഴുവന്‍ നീക്കം ചെയ്യണമെന്നും ആഫ്രിക്ക, ഇന്ത്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയെല്ലാം തുരത്തുമെന്നും ഇയാള്‍ പറയുന്നുണ്ട്. തീവ്ര വലതുപക്ഷ വംശീയത നിറഞ്ഞ ഒരു മാനിഫെസ്റ്റോ ആയിരുന്നു അത്. ആക്രമണ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ കാണിച്ച അതേ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന അക്രമിയുടെ മാനിഫെസ്റ്റോ എത്ര വിദഗ്ധമായാണ് ഈ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. തീവ്ര വലതുപക്ഷ വംശീയതയെ പിന്തുണക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഇത്തരം വാര്‍ത്താ കവറേജുകള്‍ പുറമേ നിരുപദ്രവകാരികളാണെന്ന് തോന്നുമെങ്കിലും വലിയ രാഷ്ട്രീയ അജൻഡകള്‍ ഉള്‍വഹിക്കുന്നവയായിരുന്നു. അക്രമിയുടെ രാഷ്ട്രീയത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളൊന്നും കാര്യമായി ചര്‍ച്ച ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളില്‍ വന്ന അവലോകനങ്ങളില്‍ യൂറോപ്പിലുടനീളം വേരോട്ടമുള്ള തീവ്രവംശീയതയും മുസ്്ലിംവിരുദ്ധതയും ഗൗരവത്തില്‍ കടന്നുവന്നതേയില്ല. ഒരുപക്ഷേ, ഇതേ മാധ്യമങ്ങള്‍, പ്രത്യേകിച്ച് അമേരിക്കയിലെയും ബ്രിട്ടനിലെയും ജനകീയ വാര്‍ത്താ ചാനലുകളും പത്രങ്ങളും, വര്‍ഷങ്ങളായി പ്രമോട്ട് ചെയ്യുകയും പിന്തുണക്കുകയും ചെയ്ത അതേ ആശയമാണ് ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണം നടത്തിയ ആളുടേതും.
വെറുപ്പിൻ്റെ ഈ പ്രത്യയശാസ്ത്രത്തെ അൽപ്പമെങ്കിലും പ്രതിരോധിച്ചത് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡൻ്റെ നിലപാടുകളും അത് പ്രചരിപ്പിച്ച സമൂഹ മാധ്യമങ്ങളുമാണ്. വംശീയവെറിക്കെതിരെ അവര്‍ നടത്തിയ പ്രസ്താവനകള്‍ കേവലം ഉദ്ധരിക്കുക എന്നതിലപ്പുറത്തേക്ക് വിശകലനം ചെയ്യാനോ ചര്‍ച്ച സംഘടിപ്പിക്കാനോ ഈ ആഗോള ദൃശ്യമാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് ഒരു വസ്തുതയാണ്. ഇത്രമേൽ സങ്കീർണമായ ഒരു പ്രതിസന്ധി ജസീന്ത കൈകാര്യം ചെയ്തത് ലോകം കണ്ടു. തുടക്കം മുതൽ ഇരകൾക്കൊപ്പം നിന്നു അവർ. ഒപ്പം, വംശീയതയും മുസ്്ലിം വിരുദ്ധതയും ലോകത്തിന് തന്നെ ഭീഷണിയാണെന്ന് അവർ പ്രഖ്യാപിച്ചു. ചടുലമായ രാഷ്ട്രീയ നീക്കത്തിലൂടെ തൻ്റെ നേതൃത്വം എങ്ങനെയാണ് ലോക സമാധാനത്തിന് വഴി കാട്ടുന്നത് എന്ന് തെളിയിക്കുകയും ചെയ്തു. തുടർന്ന് ന്യൂസിലൻഡ് നേരിട്ട നിരവധി പ്രതിസന്ധികൾ പ്രധാനമന്ത്രി ഭംഗിയായി കൈകാര്യം ചെയ്തു. സ്വാഭാവികമായും രാഷ്ട്രീയ ശത്രുക്കൾ രാജ്യത്തിനകത്ത് വർധിച്ചുവന്നു. പ്രതിപക്ഷം നിരന്തരം വിമർശനവുമായി വന്നു. ഒപ്പം, മഹാമാരി മൂലമുണ്ടായ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളും. നേതൃസ്ഥാനത്ത് ഒരു പുതിയ മുഖം ഉണ്ടാകുന്നത് ലേബർ പാർട്ടിയുടെ സാധ്യതകളെ സഹായിക്കുമെന്ന് കരുതിയ പാർട്ടിയിലെ തന്നെ ചില നേതാക്കൾ ജസീന്ത പടിയിറങ്ങണം എന്ന് വാശിപിടിക്കുകയും ചെയ്തു.
പ്രബുദ്ധതയുടെ രാഷ്ട്രീയവും മാനവികതയുടെ മുഖവുമാണ് ജസീന്ത എന്ന മനുഷ്യസ്നേഹിയെ എന്നും വ്യത്യസ്തയാക്കുന്നത്. തൻ്റെ രാജിയിൽ പോലും അവർ ഈ മനുഷ്യത്വം കൃത്യമായി അടയാളപ്പെടുത്തി. ഒരുപക്ഷേ, നമ്മുടെ ജീവിത കാലത്ത് മനുഷ്യത്വത്തിൻ്റെ രാഷ്ട്രീയം സംസാരിച്ച ചുരുക്കം ചില നേതാക്കളിൽ മുമ്പന്തിയിലാണ് ജസീന്ത ആർഡേൺ.