Saudi Arabia
ഈ വർഷത്തെ ഹജ്ജ് തീർഥാടനം വൻ വിജയം: മക്ക ഗവർണർ
ഈ മഹത്തായ ഇസ്‌ലാമിക സംഗമം വിജയത്തിലേക്ക് നയിച്ച ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഗവർണർ പ്രത്യേകം നന്ദി അറിയിച്ചു.
മക്ക | സുരക്ഷ, സേവനം, ആരോഗ്യം തുടങ്ങിയ എല്ലാ തലങ്ങളിലും ഹാജിമാർക്ക് മികച്ച പരിചരണം നൽകുക വഴി ഈ വർഷത്തെ ഹജ്ജ് തീർഥാടനം വൻ വിജയകരമായിരുന്നുവെന്ന് മക്ക ഗവർണറും സൽമാൻ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു. തീർഥാടകരെ സേവിക്കുന്നതിലും സുരക്ഷിതമാക്കുന്നതിനും ആവശ്യമായ സുരക്ഷാ -മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനും പ്രധാന പങ്ക് വഹിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, വളണ്ടിയർമാർ, വിവിധ സർക്കാർ, സ്വകാര്യ ഏജൻസികൾ അടക്കമുള്ളവരാണ്. ഇവർ നടത്തിയ പരിശ്രമമാണ് ഹജ്ജിന്റെ വിജയത്തിന് കാരണമെന്ന് ഖാലിദ് അൽ ഫൈസൽ രാജകുമാരൻ മക്കയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും സേവനം ചെയ്യാനുള്ള കരുത്തും ശേഷിയും അല്ലാഹു സഊദികൾക്ക് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശിഷ്ട മാതൃകയാകാൻ അശ്രാന്ത പരിശ്രമം തുടരുമെന്നും ഗവർണർ പറഞ്ഞു. ഈ മഹത്തായ ഇസ്‌ലാമിക സംഗമം വിജയത്തിലേക്ക് നയിച്ച ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഗവർണർ പ്രത്യേകം നന്ദി അറിയിച്ചു.