Connect with us

International

ഈ വർഷത്തെ ഹജ്ജിന് പരിസമാപ്തി; പുണ്യഭൂമിയോട് വിടചൊല്ലാനൊരുങ്ങി ഹാജിമാർ

ജംറകളിൽ കല്ലേറ് കർമം പൂർത്തിയായി

Published

|

Last Updated

മക്ക | മിനായിലെ ജംറകളിലെ  അവസാന കല്ലേറ് കർമം ചൊവ്വാഴ്ച്ച പൂർത്തിയായതോടെ മടക്കയാത്രക്കായി ഹാജിമാർ മക്കയിലെത്തി. ആഭ്യന്തര തീർഥാടകർ കല്ലേറ് കർമം പൂർത്തിയാക്കി വിദാഇന്റെ ത്വവാഫ് കർമവും നിർവഹിച്ച് തിങ്കളാഴ്ച മുതൽ സ്വദേശങ്ങളിലേക്ക് മടങ്ങിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ഹാജിമാരാണ് ചൊവ്വാഴ്ച ജംറകളിൽ കല്ലേറ് കർമം പൂർത്തിയാക്കി മിനായിൽ നിന്നും മക്കയിലെത്തിച്ചേർന്നത്.

വിദേശ രാജ്യങ്ങളിൽ നിന്ന്  7,79,919 പേരും സഊദിയിൽ നിന്ന്  1,19,434  ആഭ്യന്തര തീർഥാടകരുമടക്കം ഈ വർഷം  8,99,353 തീർഥാടകരാണ് ഹജ്ജ് കർമം നിർവഹിച്ചത്. ഹജ്ജ് നിർവഹിച്ചവരിൽ 4,86,458 പേർ പുരുഷന്മാരും 4,12,895  സ്ത്രീകളുമാണ്. കനത്ത സുരക്ഷയിലായിരുന്നു ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ. ഒന്നര ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരും 25,000 ആരോഗ്യ പ്രവർത്തകരും വിവിധ മന്ത്രാലയ ജീവനക്കാരും വളണ്ടിയർമാരും സേവനരംഗത്തുണ്ടായിരുന്നു,

അനിഷ്‌ട സംഭവങ്ങളില്ലാതെ അല്ലാഹുവിന്റെ അതിഥികൾക്ക് വളരെ സന്തോഷപൂർവം ഹജ്ജ് നിർവഹിക്കാൻ സൗകര്യമൊരുക്കി പൂർണ വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് സഊദി അറേബ്യ. ഇന്ത്യൻ തീർഥാടകരിൽ നേരത്തേ പ്രവാചക നഗരിയായ മദീന സന്ദർശനം പൂർത്തിയാക്കിയവർ കഅബാലയത്തിലെത്തി വിദാഇന്റെ ത്വവാഫ് കർമം പൂർത്തിയാക്കി ജിദ്ദ വിമാനത്താവളം വഴി സ്വദേശങ്ങളിലേക്ക് മടങ്ങും. മറ്റുള്ളവർ മദീന സന്ദർശിച്ച് അവിടെ നിന്ന് യാത്ര തിരിക്കും.
---- facebook comment plugin here -----

Latest