Connect with us

Kerala

ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേര്‍സാക്ഷ്യം; മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഈ വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കുകയാണ്. ആ നിലയ്ക്ക് കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഈ കലോത്സവ വേദി.

Published

|

Last Updated

തിരുവനന്തപുരം| കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്ത് രൂപങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തെ സംബന്ധിച്ച് വലിയ നഷ്ടം സംഭവിച്ച വര്‍ഷമാണ് കടന്നുപോയത്. എംടി വാസുദേവന്‍ നായര്‍ വിടവാങ്ങിയ വര്‍ഷമാണ് കടന്നുപോയത്. കേരളത്തെ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. അവിടുത്തെ കുട്ടികള്‍ക്ക് പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അതിനെ മറികടക്കാനുള്ള സത്വര നടപടികളിലൂടെ അവരെ നമുക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഈ വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കുകയാണ് ആ നിലയ്ക്ക് കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഈ കലോത്സവ വേദി.

തളരാതെ അതീജിവിക്കാന്‍ വേണ്ട മനോബലം കൂടി കലാരംഗത്തേക്ക് കടക്കുന്നവര്‍ ആര്‍ജിക്കേണ്ടതുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന് തന്നെയും സര്‍വതലസ്പര്‍ശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.