Connect with us

Kerala

തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് രാജിവച്ചു

10 മണിയോടെ മുനിസിപ്പല്‍ സെക്രട്ടറിക്കു മുന്നിലാണ് രാജി സമര്‍പ്പിച്ചത്.

Published

|

Last Updated

തൊടുപുഴ| തൊടുപുഴ മുന്‍സിപ്പല്‍ എഞ്ചിനീയര്‍ കൈക്കൂലിക്ക് പിടിയിലായ കേസില്‍ രണ്ടാം പ്രതിയായതിനെ തുടര്‍ന്നുളള അവിശ്വാസചര്‍ച്ചക്ക് തൊട്ടുമുമ്പ് തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് രാജിവച്ചു. 10 മണിയോടെ മുനിസിപ്പല്‍ സെക്രട്ടറിക്കു മുന്നിലാണ് രാജി സമര്‍പ്പിച്ചത്. ശനിയാഴ്ച ഇടുക്കി പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ രാജി പ്രഖ്യാപിച്ചിരുന്നു.
കാരൂപ്പാറ വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായ സനീഷിനെ എല്‍ ഡി എഫ് പിന്തുണച്ചു ചെയര്‍മാന്‍ ആക്കുകയായിരുന്നു. എല്‍ ഡി എഫ് തന്നെയാണ് അവിശ്വാസം കൊണ്ടുവന്നതും.

35ല്‍ നിലവിലുളള 33 അംഗങ്ങളുടെയും എതിര്‍പ്പുളളതിനാല്‍ സ്ഥാനനഷ്ടം ഉറപ്പായ സാഹചര്യത്തിലാണ് രാജി. തുടര്‍ന്ന് സ്വതന്ത്ര നിലപാടാണ് സനീഷ് പ്രഖ്യാപിച്ചതെങ്കിലും, സ്വതന്ത്രനായി മത്സരിപ്പിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ അനുയായികളായ കുന്നം മേഖലയിലെ കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കൊപ്പമാണ് രാജി നല്‍കാനെത്തിയത്.

ഇതിനിടെ എല്‍ ഡി എഫിന് മറ്റൊരു തിരിച്ചടി കൂടി ഉണ്ടായി. 11ാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫ് ഇന്ന് രാവിലെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനായി. മാത്യു ജോസഫ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായാണ് വിജയിച്ചത്. പിന്നീട് എല്‍ഡിഎഫിലേക്ക് മാറുകയായിരുന്നു. ഇതോടെ 35 അംഗ കൗണ്‍സിലില്‍ എല്‍ ഡി എഫ് അംഗബലം സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ സനീഷിനെ കൂടാതെ 13 ആയിരുന്നത് 12 ആകും.

നാളെ ഒന്‍പതാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പാണ്. ഇവിടെ യുഡിഫ് ജയിച്ചാല്‍ അവരുടെ അംഗബലം 13 ആയി സനീഷിന്റെ പിന്തുണ ഇല്ലാതെ തന്നെ ഭരണം തിരികെ പിടിക്കാം. സനീഷ് എല്‍ ഡി എഫിനെ തുണച്ചാല്‍ ഇരുപക്ഷത്തിനും 13 വീതമായി ചെയര്‍മാനെ നറുക്കിട്ട് തിരഞ്ഞെടുക്കേണ്ടി വരും. സനീഷ് യു ഡി എഫിനൊപ്പം നിന്നാല്‍ 14 വോട്ടുമായി അവര്‍ക്കു ഭരണം ഉറപ്പിക്കാം. വരും നാളുകളില്‍ തൊടുപുഴ നഗരസഭ പല രാഷ്ട്രീയ കളികള്‍ക്കും വേദിയാകും.