Kerala
56 വര്‍ഷത്തിന് ശേഷം തോമസ് ചെറിയാന് കാരൂര്‍ സെയ്ന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ അന്ത്യവിശ്രമം
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി മന്ത്രി വീണാ ജോര്‍ജ്, ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ എന്നിവരും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കുവേണ്ടി ആന്റോ ആന്റണി എം പിയും അന്തിമോപചാരം അര്‍പ്പിച്ചു
പത്തനംതിട്ട | ഹിമാചല്‍ പ്രദേശില്‍ രോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ മരിച്ച സൈനികന്‍ ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ പുത്തന്‍ വീട്ടില്‍ തോമസ് ചെറിയാന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
1968 ഫെബ്രുവരി ഏഴിനു നടന്ന വിമാനാപകടത്തില്‍ മരിച്ച തോമസ് ചെറിയാന്റേതടക്കം നാല് മൃതദേഹം ഈയാഴ്ചയാദ്യം നടന്ന തെരച്ചിലിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിച്ച മൃതദേഹം അവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം ഇന്ന് രാവിലെയാണ് ജന്മനാടായ ഇലന്തൂരിലേക്ക് എത്തിച്ചത്. ഇലന്തൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ പൗരാവലിയും ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹ പേടകം ഏറ്റുവാങ്ങി. കരസേനയുടെ പ്രത്യേക വാഹനത്തില്‍ സേനാംഗങ്ങളുടെ അകമ്പടിയിലാണ് മൃതദേഹം കൊണ്ടുവന്നത്. വിലാപയാത്രയായി തോമസ് ചെറിയാന്റെ സഹോദരന്‍ ഇലന്തൂര്‍ ഒടാലില്‍ പരേതനായ തോമസ് മാത്യുവിന്റെ മകന്‍ ഷൈജുവിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. ജീവിതത്തിന്റെ വിവിധതുറകളില്‍ പെട്ടവര്‍ ഭവനത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ഭവനത്തിലെ ശുശ്രൂഷയ്ക്കും തുടര്‍ന്ന് പോലീസ് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിനുംശേഷം വിലാപയാത്ര പള്ളിയിലേക്ക് നടന്നു.
ദേവാലയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി മന്ത്രി വീണാ ജോര്‍ജ്, ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ എന്നിവരും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കുവേണ്ടി ആന്റോ ആന്റണി എം പിയും അന്തിമോപചാരം അര്‍പ്പിച്ചു. ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, ജോസഫ് മാര്‍ ദിവന്നാസിയോസ്, ജോഷ്വാ മാര്‍ നിക്കോദിമോസ്, ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ ദേവാലയത്തിലും ഭവനത്തിലുമായി നടന്ന ശുശ്രൂഷകളില്‍ കാര്‍മികരായിരുന്നു. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം സൈന്യം സഹപ്രവര്‍ത്തകന് അന്തിമോപചാരം അര്‍പ്പിച്ചു. ദേവാലയത്തിനു പുറത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് മൃതദേഹ പേടകം വച്ചുകൊണ്ട് അന്തിമോപചാര ചടങ്ങുകള്‍ നടന്നത്. കരസേനയുടെ വിവിധ റെജിമെന്റുകളും എന്‍ സി സി അടക്കമുള്ള സേനവിഭാഗങ്ങളും ആദരാഞ്ജലി അര്‍പ്പിച്ചു. അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം ദേവാലയ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ കല്ലറയ്ക്കരികിലേക്ക് തോമസ് ചെറിയാന്റെ മൃതദേഹം നീക്കി. അവിടെ അവസാനഘട്ട ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ആകാശത്തേക്ക് വെടി ഉതിര്‍ത്തശേഷം ദേശീയ പതാക മൃതദേഹത്തില്‍ നിന്നു നീക്കി ബന്ധുക്കളെ ഏല്പിച്ചു. ജില്ലാ പോലിസ് മേധാവി വി ജി വിനോദ് കുമാര്‍, എ ഡി എം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു