Connect with us

farmers' agitation

കാർഷിക നിയമങ്ങളിലൂടെ കൃഷിക്കാര്‍ ആഗ്രോ ബിസിനസ് കോര്‍പ്പറേറ്റുകള്‍ക്ക് അടിമകളാകുമെന്ന് തോമസ് ഐസക്

നിസ്സഹായതാ മുനമ്പില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നതിനു പകരം തെരുവിലിറങ്ങി സമരം ചെയ്യുന്നതിലേയ്ക്കു കര്‍ഷകരോഷം ഉയര്‍ന്നിരിക്കുകയാണ്.

Published

|

Last Updated

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലായാല്‍ തറവില സമ്പ്രദായം ഫലത്തില്‍ ഇല്ലാതാകുമെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. കൃഷിക്കാര്‍ ആഗ്രോ ബിസിനസ് കോര്‍പ്പറേറ്റുകള്‍ക്ക് അടിമകളാകും. അതുകൊണ്ടാണ് കാര്‍ഷിക മേഖല ഒത്തൊരുമിച്ചു പ്രതിഷേധിക്കുന്നത്. ഇന്നും 60 ശതമാനത്തോളം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. എന്നാല്‍ ദേശീയവരുമാനത്തില്‍ കൃഷിയുടെ വിഹിതം 20 ശതമാനത്തില്‍ താഴെ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണ രൂപത്തിൽ:

ഡല്‍ഹിയിലെ കര്‍ഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്നു ദേശവ്യാപകമായി സമരമാണ്. രാജ്യം ഒട്ടേറെ കര്‍ഷകസമരങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ പങ്കാളിത്തത്തില്‍ വിപുലവും നീണ്ടുനില്‍ക്കുന്നതുമായ മറ്റൊരു സമരം ഉണ്ടായിട്ടില്ല. 1991ല്‍ നിയോലിബറല്‍ യുഗം രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയുടെയും കര്‍ഷക ആത്മഹത്യകളുടെയും ഒരു കാലത്തിനുകൂടി തുടക്കംകുറിച്ചു.

1991- 95 കാലത്ത് പ്രതിവര്‍ഷം ഏതാണ്ട് 10,000 കര്‍ഷക ആത്മഹത്യകളാണുണ്ടായത്. 1996- 2001 കാലത്ത് ഇതു പ്രതിവര്‍ഷം 15,700 ആയി വര്‍ദ്ധിച്ചു. 2002- 2007 കാലത്ത് ഇത് 17,500 ആയി ഉയര്‍ന്നു. 2004ലായിരുന്നു കര്‍ഷക ആത്മഹത്യകള്‍ ഉച്ചസ്ഥായിയിലെത്തിയത് 18,241. ഓരോ അരമണിക്കൂറിലും ഒരു കര്‍ഷക ആത്മഹത്യ. 1991നു ശേഷം 3.5 ലക്ഷത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇതു മിതമായ കണക്കാണ്. കര്‍ഷക കുടുംബങ്ങളിലെ സ്ത്രീകളുടെ ആത്മഹത്യകളെ കര്‍ഷക ആത്മഹത്യകളായി പലപ്പോഴും പരിഗണിക്കാറില്ല. 2004നു ശേഷം കര്‍ഷക ആത്മഹത്യകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. അതിനര്‍ത്ഥം കാര്‍ഷികപ്രതിസന്ധി അയഞ്ഞുവെന്നല്ല. നിസ്സഹായതാ മുനമ്പില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നതിനു പകരം തെരുവിലിറങ്ങി സമരം ചെയ്യുന്നതിലേയ്ക്കു കര്‍ഷകരോഷം ഉയര്‍ന്നിരിക്കുകയാണ്.

കാര്‍ഷിക മേഖലയുടെ പ്രതിസന്ധി അടിവരയിടുന്ന ചില കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. 2012നും 2018നും ഇടയ്ക്ക് ഗ്രാമീണ മേഖലയിലെ ഉപഭോഗത്തില്‍ എട്ട് ശതമാനം കേവലമായി കുറവുവന്നിരിക്കുകയാണ്. ഉപഭോക്തൃ സര്‍വ്വേകള്‍ തുടങ്ങിയതിനു ശേഷം ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഉപഭോഗത്തില്‍ കേവലമായിട്ട് ഇടിവുണ്ടായിട്ടുള്ളത്. അതുകൊണ്ടാണ് 2018- 19ലെ ഉപഭോക്തൃ സര്‍വ്വേ ഫലങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാതിരിക്കുന്നത്. പക്ഷെ, അവര്‍ കണക്ക് പുറത്തുവിട്ടില്ലെങ്കിലും സര്‍വ്വേയുടെ ഉള്ളടക്കം ഇന്നു പരസ്യമായ രഹസ്യമാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഉപഭോഗ തകര്‍ച്ചയുണ്ടായിട്ടുള്ളതു ഗ്രാമീണ മേഖലയിലാണ്. നഗരമേഖലയില്‍ മൂന്ന് ശതമാനം ഉപഭോഗ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

രണ്ടാമത്തെ കണക്കുകള്‍ ഗ്രാമീണ കുടുംബങ്ങളുടെ ആസ്തിബാധ്യതകള്‍ സംബന്ധിച്ചുള്ളതാണ്. 2012ല്‍ ഒരു ഗ്രാമീണ കുടുംബത്തിന്റെ കടബാധ്യത 35,522 രൂപയായിരുന്നു. 2018ല്‍ ഇത് 59,758 രൂപയായി ഉയര്‍ന്നു. 84 ശതമാനം വര്‍ദ്ധന. നഗരമേഖലയില്‍ കടബാധ്യതയുടെ 42 ശതമാനമേ ഈ കാലയളവില്‍ ഉയര്‍ന്നുള്ളൂവെന്ന് ഓര്‍ക്കണം. കടബാധ്യത ഉയരുന്നതിനോടൊപ്പം ആസ്തികള്‍കൂടി വര്‍ദ്ധിക്കുകയാണെങ്കില്‍ ബാധ്യതകള്‍ ഏറ്റെടുത്തത് നിക്ഷേപത്തിനായിരുന്നുവെന്നു വാദിക്കാം. എന്നാല്‍, ഈ കാലയളവില്‍ ബാധ്യതകള്‍ 84 ശതമാനം ഉയര്‍ന്നപ്പോള്‍ ആസ്തികള്‍ 58 ശതമാനമേ ഉയര്‍ന്നുള്ളൂ. കടം വാങ്ങിയത് ഉപഭോഗത്തിനാണ്. എന്നിട്ടും ഉപഭോഗം ഇടിഞ്ഞു.

മൂന്നാമത്തേത്, തൊഴില്‍ സംബന്ധിച്ചുള്ള കണക്കാണ്. തൊഴിലവസര വര്‍ദ്ധന 1990നു ശേഷം കുറഞ്ഞുവരികയായിരുന്നു. 2009-10 മുതല്‍ 2017-18 വരെയുള്ള കാലമെടുത്താല്‍ ദേശീയ തൊഴിലവസര വര്‍ധനവ് നാമമാത്രമായിരുന്നു; പ്രതിവര്‍ഷം 0.03 ശതമാനം വീതം. അങ്ങനെ നിയോലിബറല്‍ നയങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതു തൊഴില്‍രഹിത വളര്‍ച്ചയുടെ ഘട്ടത്തിലാണ്. ഉള്ള തൊഴിലവസര വര്‍ദ്ധന കാര്‍ഷികേതര മേഖലയിലാണ്. 2009-10/ 2017- 18 കാലയളവില്‍ പ്രതിവര്‍ഷം രണ്ട് ശതമാനം വീതമേ കാര്‍ഷികേതര തൊഴിലവസരങ്ങള്‍ ഉയര്‍ന്നുള്ളൂ. 2004- 05നു ശേഷം കാര്‍ഷികമേഖലയിലെ തൊഴിലവസരങ്ങള്‍ കേവലമായി തന്നെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2011ലെ കാനേഷുമാരി കണക്കുപ്രകാരം 10 വര്‍ഷംകൊണ്ട് 1.5 കോടി കര്‍ഷകരാണു കാര്‍ഷികവൃത്തി അവസാനിപ്പിച്ചത്.

നാലാമതൊരു കണക്കുകൂടി പറയാം. കൃഷിയും അനുബന്ധ മേഖലകളിലെയും മൂലധന സ്വരൂപണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2011- 12ല്‍ കാര്‍ഷികമേഖലയിലെ മൂലധന സ്വരൂപണം 18.2 ശതമാനമായിരുന്നു. 2019- 20ല്‍ ഇത് 13.1 ശതമാനമായി താഴ്ന്നു. വിളകൃഷിമേഖല മാത്രം എടുത്താല്‍ മൂലധന സ്വരൂപണം 21.9 ശതമാനമായിരുന്നു. അത് 2019- 20ല്‍ 18.9 ശതമാനമായി താഴ്ന്നു (Gross Rate of Capital Formation in Current Prices). കാര്‍ഷികമേഖലയിലെ പൊതുനിക്ഷേപം അടക്കം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പിന്നെ എങ്ങനെ വളര്‍ച്ചയുണ്ടാകും?

ഇന്നും 60 ശതമാനത്തോളം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. എന്നാല്‍ ദേശീയവരുമാനത്തില്‍ കൃഷിയുടെ വിഹിതം 20 ശതമാനത്തില്‍ താഴെ എത്തിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലായാല്‍ തറവില സമ്പ്രദായം ഫലത്തില്‍ ഇല്ലാതാകും. കൃഷിക്കാര്‍ ആഗ്രോ ബിസിനസ് കോര്‍പ്പറേറ്റുകള്‍ക്ക് അടിമകളാകും. അതുകൊണ്ടാണ് കാര്‍ഷിക മേഖല ഒത്തൊരുമിച്ചു പ്രതിഷേധിക്കുന്നത്.

 

Latest