Connect with us

cpm& ed fight

തോമസ് ഐസക് ഇന്ന് ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല

ഇ ഡിയുടെ സമന്‍സ് റദ്ദാക്കണമെന്ന ഐസകിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും; ശൈലജയടക്കം അഞ്ച് എം എല്‍ എമാര്‍ ഇ ഡിക്കെതിരെ സമര്‍പ്പിച്ച ഹരജിയും പരിഗണനയില്‍

Published

|

Last Updated

കൊച്ചി | കിഫ്ബിയുമായി ബന്ധപ്പെട്ട ഇടപാട് കേസില്‍ സി പി എമ്മും ഇ ഡിയും വീണ്ടും പോരിലേക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല. ഇത് സംബന്ധിച്ച് അദ്ദേഹം ഇ ഡിക്ക് രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. ഇ ഡിയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇ ഡി അന്വേഷണത്തിനെതിരെ കെ കെ ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം എല്‍ എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനക്ക് വരും.

കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇ ഡിയുടെ നിലപാട്. എന്നാല്‍ തനിക്ക് നല്‍കിയ സമന്‍സുകള്‍ റദ്ദാക്കണമെന്നാണ് ഐസക് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നത്. കിഫ് ബിയോ, താനോ ചെയ്ത നിയമലംഘനം എന്താണെന്ന് സമന്‍സില്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ചോദ്യംചെയ്യലിനായി ആദ്യം നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇ ഡി വീണ്ടും തോമസ് ഐസകിന് നോട്ടീസ് നല്‍കിയത്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് ഐസക് രേഖാമൂലം മറുപടി നല്‍കി. താന്‍ ചെയ്ത കുറ്റം എന്താണെന്നാണ് ഇ ഡിക്ക് ഇ മെയില്‍ മുഖേന നല്‍കിയ മറുപടിയിലെ പ്രധാന ചോദ്യം. ഇ ഡി ആവശ്യപ്പെടുന്ന കിഫ്ബി രേഖകളുടെ ഉടമസ്ഥന്‍ താനല്ല. തന്റെ സമ്പാദ്യം പൊതുസമൂഹത്തിന് മുന്നിലുള്ളതാണെന്നും ഇഡിക്കുള്ള മറുപടിയില്‍ ഐസക് വ്യക്തമാക്കിയിരുന്നു.