Kerala
എന്‍ സി പി പ്രസിഡന്റ് പദവിയില്‍ കണ്ണുംനട്ട് തോമസ് കെ തോമസ്
പി സി ചാക്കോയുടെ രാജി വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് എ കെ ശശീന്ദ്രന്‍ ശരത് പവാറിന് ഇമെയില്‍ സന്ദേശം അയച്ചിരുന്നു.
![](https://assets.sirajlive.com/2025/02/th-897x538.jpg)
തിരുവനന്തപുരം | എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പദവിയില്‍ കണ്ണുംനട്ട് തോമസ് കെ തോമസ്. പി സി ചാക്കോയുടെ രാജി വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് എ കെ ശശീന്ദ്രന്‍ ശരത് പവാറിന് ഇമെയില്‍ സന്ദേശം അയച്ചിരുന്നു. പി സി ചാക്കോ താത്പര്യമുളള പേരുകള്‍ നിര്‍ദേശിക്കാനുളള സാധ്യത മുന്നില്‍ കണ്ടാണ് തോമസ് കെ തോമസിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് ശശീന്ദ്രന്‍ മെയില്‍ അയച്ചത്.
മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എ കെ ശശീന്ദ്രനും തോമസ് കെ തോമസും കൈകോര്‍ത്തതോടെ പുറത്തായ ചാക്കോയുടെ പകരക്കാരനെ ഒട്ടും വൈകാതെ ചുമതലയേല്‍പ്പിക്കണമെന്നാണ് ശശീന്ദ്രന്‍, തോമസ് കെ തോമസ് പക്ഷത്തിന്റെ ആവശ്യം. അതേസമയം, എന്‍ സി പിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് എം എല്‍ എ പ്രതികരിച്ചു. പാര്‍ട്ടിയില്‍ താന്‍ സംസ്ഥാന പ്രസിഡന്റാകണമെന്ന ആവശ്യം ഉയരുന്നുണ്ട്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനം. പി സി ചാക്കോയുടെ രാജിയുടെ കാരണം അറിയില്ല. ചാക്കോ പലപ്പോഴും തീരുമാനങ്ങള്‍ എടുത്തത് ഒറ്റയ്ക്കായിരുന്നു. കൂടെ നിന്നവര്‍ പറയുന്നത് അതേപടി വിശ്വസിക്കുന്ന സ്വാഭാവമാണ് ചാക്കോയ്ക്ക്.
പാര്‍ട്ടി യോഗങ്ങളില്‍ ഒഴിവാക്കേണ്ട പല പരാമര്‍ശങ്ങളും ചാക്കോ നടത്തി. പി സി ചാക്കോ പാര്‍ട്ടി വിടില്ലെന്നും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ലെന്നും എല്‍ ഡി എഫില്‍ ഉറച്ചുനില്‍ക്കുമെന്നും തോമസ് പറഞ്ഞു. എന്നാല്‍, സ്ഥാനം രാജിവെക്കേണ്ടി വന്ന ചാക്കോ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിക്കാനോ മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാനോ തയ്യാറായിട്ടില്ല.