Connect with us

Kerala

തൊണ്ടിമുതൽ കേസ്: തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും- സുപ്രീംകോടതി

സത്യവാങ്മൂലത്തിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാൻ സർക്കാറിന് സാധിക്കില്ല

Published

|

Last Updated

ന്യൂഡൽഹി | തൊണ്ടിമുതൽ കേസിൽ സി ബി ഐ അന്വേഷണം നിർദേശിക്കാൻ അധികാരമുണ്ടെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. കേസിലെ പുനരന്വേഷണത്തിനെതിരെ മുൻമന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ്സ് നേതാവുമായ ആന്റണി രാജു നൽകിയ ഹരജി വിധി പറയാനായി മാറ്റി ക്കൊണ്ട് ജസ്റ്റിസുമാരായ സി ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. വ്യവസ്ഥിതിയിൽ പരിശുദ്ധി ഉറപ്പാക്കിയേ മതിയാകൂവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കോടതിയുടെ പരിഗണനയിൽ ഇരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നത് അതീവ ഗൗരവമേറിയ വിഷയമാണ്. ഇത്തരം സംഭവങ്ങളിൽ കോടതി ഇടപെട്ടില്ലെങ്കിൽ അത് പലർക്കും പ്രോത്സാഹനമാകുമെന്നും ബഞ്ച് അഭിപ്രായപ്പെട്ടു. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നും കേസ് ഗുരുതരമാണെന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നേരത്തേ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ ഇന്നലെ, ഈ വാദത്തിൽ നിലപാട് മയപ്പെടുത്തിയ സംസ്ഥാന സർക്കാറിനെ കോടതി തിരുത്തി. സത്യവാങ്മൂലത്തിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാൻ സർക്കാറിന് സാധിക്കുകയില്ലെന്ന് കോടതി പറഞ്ഞു.

കേസിന്റെ നിയമപരമായ വശങ്ങളിൽ ആന്റണി രാജുവിനൊപ്പമാണെന്നാണ് മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് ഇന്നലെ കോടതിയിൽ ഉന്നയിച്ചത്്. അതേസമയം കേസിലെ വസ്തുതാപരമായ കാര്യങ്ങളിൽ അദ്ദേഹത്തിന്റെ വാദത്തോട് യോജിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ആസ്ത്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയത് ആന്റണി രാജുവിന്റെ സീനിയർ ആയിരുന്ന അഭിഭാഷക ആയിരിക്കാമെന്നും സംസ്ഥാന സർക്കാർ വാദിച്ചു.

2012ലെ പോലീസ് റിപോർട്ടിനെ ഉദ്ധരിച്ചാണ് ഇക്കാര്യം പറയുന്നതെന്നും പി വി ദിനേശ് കോടതിയെ അറിയിച്ചു. സാധാരണ സീനിയർ അഭിഭാഷകർ നിർദേശിക്കുന്നത് ചെയ്യാൻ വിധിക്കപ്പെട്ടവരാണ് ജൂനിയർ അഭിഭാഷകർ. തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് ആന്റണി രാജു സ്വീകരിച്ചത് സീനിയർ അഭിഭാഷകൻ നിർദേശിച്ചതുകൊണ്ടാകാമെന്നും സർക്കാർ വാദിച്ചു. അതേസമയം തൊണ്ടിമുതലിൽ കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി പോലീസ് ഉദ്യോഗസ്ഥരായിരിക്കുമെന്ന് ആന്റണി രാജുവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് പറഞ്ഞു.

Latest