Prathivaram
ആ മുളക് കടിയും കണ്ണീരും
ആഷറിനെ അറിയണമെങ്കിൽ തീർച്ചയായും "My granddad had an elephant' വായിക്കണം. ഭാഷയേയും സാഹിത്യത്തേയും കുറിച്ച് ആഴമാർന്ന വ്യുൽപ്പത്തിയുള്ള ഒരാൾക്കേ ഇങ്ങനെ മൊഴിമാറ്റം നടത്താൻ കഴിയൂ.
2007 ലാണെന്നാണ് ഓർമ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്ററായി ജോലി ചെയ്യുന്ന കാലം. കോഴിക്കോട് ചെറൂട്ടി റോഡിലുള്ള പ്രാദേശിക കേന്ദ്രത്തിലായിരുന്നു എനിക്ക് ചാർജ്. ഒരു ദിവസം എഴുത്തുകാരനും വിവർത്തകനുമായ എൻ ഗോപാലകൃഷ്ണൻ എന്ന ഗോപിയേട്ടൻ്റെ ഫോൺ: “ഒന്ന് ഫ്ലാറ്റിലേക്ക് വരണം..’ എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ അത് സർപ്രൈസ് ആണ്. വന്നിട്ട് പറയാമെന്നായി ഗോപിയേട്ടൻ. (സിവിൽ സർവീസ് പാസായ ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു ഗോപിയേട്ടൻ (മരണം: 2014). നർമോക്തി കലർത്തി അദ്ദേഹമെഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ “വാഴ്‌വ് എന്ന പെരുവഴി’ ആസ്വാദകരെ ഏറെ ആകർഷിച്ച കൃതിയാണ്. പെരുവഴിയിലെ നാടകങ്ങൾ, നമ്മൾ വാഴും കാലം, ദ ഇൻസൈഡർ (പി വി നരസിംഹറാവുവിൻ്റെ ഗ്രന്ഥത്തിൻ്റെ വിവർത്തനം), ഡി സി എന്ന ഡൊമനിക് ചാക്കോ, “സൂഫി പറഞ്ഞ കഥ’ (ഇംഗ്ലീഷ് പരിഭാഷ) എന്നിങ്ങനെ നിരവധി കൃതികൾ അദ്ദേഹത്തിൻ്റെതായിട്ടുണ്ട്.)
ഗോപിയേട്ടൻ താമസിക്കുന്ന കോഴിക്കോട്ട് കടപ്പുറത്തിനടുത്തുള്ള ഫ്ലാറ്റിൽ ഞാൻ മുമ്പ് ഒന്നിലേറെ തവണ പോയിരുന്നതിനാൽ പെട്ടെന്നു തന്നെ ഫ്ലാറ്റിലെത്തി. ഗോപിയേട്ടൻ ഒരു സായ്പ്പുമായി സംസാരിച്ചിരിക്കുകയാണ്. ആളെ പെട്ടെന്നു പിടികിട്ടി. മുമ്പൊരിക്കൽ ആഷർ നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നേരിട്ടു കേട്ടിരുന്നു. ഗോപിയേട്ടൻ ആളെ പരിചയപ്പെടുത്തി തുടങ്ങിയപ്പൊഴേ, എനിക്ക് ആളെ അറിയാമെന്ന് പറഞ്ഞു.
പ്രശസ്ത ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനും ബഷീർ കൃതികളുടെ വിവർത്തകനുമായ ആഷറെ അറിയാത്തവർ ആരുണ്ട്? ബോംബെയിലെ വികാസ് അധ്യായൻ കേന്ദ്ര പ്രസിദ്ധീകരിച്ച “The Ramayanas of Wayanad’ എന്ന എൻ്റെ പുസ്തകം ആഷർ വായിച്ചെന്നും അതേറെ ഇഷ്ടപ്പെട്ടെന്നും എഴുതിയ ആളെ ഒന്ന് നേരിട്ടു കാണാനാണ് വിളിപ്പിച്ചതെന്നും ഗോപിയേട്ടൻ പറഞ്ഞു. കുശലാന്വേഷണത്തിനിടയിൽ ഒലീവ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച എൻ്റെ ബഷീർ ഫലിതങ്ങൾ, ബഷീർ സംഭാഷണങ്ങൾ എന്നീ പുസ്തകങ്ങളെപ്പറ്റി സൂചിപ്പിച്ചതോടെ സംസാരം ബഷീറിൻ്റെ രചനാ സവിശേഷതകളെക്കുറിച്ചും വിവർത്തനത്തിൽ നേരിട്ട വെല്ലുവിളികളെപ്പറ്റിയുമായി.
വിവർത്തനത്തിന് ഒട്ടും വഴങ്ങാത്ത ബഷീർ പ്രയോഗങ്ങളെപ്പറ്റി ആഷർ പറഞ്ഞു. വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ (2006) ഗോപിയേട്ടൻ്റെ ചോദ്യങ്ങളും സംശയങ്ങളുമായതോടെ സംഭാഷണം ഗൗരവതരമായി. “ൻ്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു!’ എന്നത് എങ്ങനെ ആശയം ചോരാതെ വിവർത്തനം ചെയ്യുമെന്ന് ഞാൻ കൗതുകപൂർവം ചോദിച്ചപ്പോൾ ആഷർ പറഞ്ഞു: ഒരു കൃതിയും നമുക്ക് അർഥം ചോരാതെ പൂർണമായി വിവർത്തനം ചെയ്യാനാകില്ല. “My granddad had an elephant’ എന്നാണ് ഞാനത് പരിഭാഷപ്പെടുത്തിയത്.
ആഷറിനെ അറിയണമെങ്കിൽ തീർച്ചയായും “My granddad had an elephant’ വായിക്കണം.
അതിലെ ഒരു ഭാഗമിങ്ങനെ:
ആയിഷ പറഞ്ഞു. “പിന്നെ…….. ലാത്തിരി എന്ന് പറയരുത്. രാത്രി എന്ന് പറയൂ.’
കുഞ്ഞുപാത്തുമ്മ പറഞ്ഞു, “രാത്തിരി ‘
ഹോ അങ്ങനെയല്ല.. തിട്ടോഷ് എന്ന വാക്കില്ലേ. അതിലേ ത്രി പറയൂ…”രാത്രി’.
ആഷർ അതിങ്ങനെ പരിഭാഷപ്പെടുത്തുന്നു. “You mustn’t say noight, say ‘ night’
“Neight’ said kunjupattumma. “No.Like that.”I’ as in White “say Night. ‘
ഭാഷയേയും സാഹിത്യത്തേയും കുറിച്ച് ആഴമാർന്ന വ്യുൽപ്പത്തിയുള്ള ഒരാൾക്കേ ഇങ്ങനെ മൊഴിമാറ്റം നടത്താൻ സാധിക്കുകയുള്ളൂ.
അന്ന് സംസാരം കഴിഞ്ഞ് ഇറങ്ങുമ്പോൾ “ബഷീർ ഫലിത’ങ്ങളും “ബഷീർ സംഭാഷണങ്ങളും ‘എത്തിച്ചു കൊടുക്കാമോ എന്നദ്ദേഹം ചോദിച്ചു. പിറ്റേന്ന് തന്നെ പുസ്തകങ്ങൾ എത്തിച്ചുകൊടുത്തപ്പോൾ അദ്ദേഹം ഏറെ സന്തോഷം പ്രകടിപ്പിച്ചു.
ആഷർ ബഷീറിനെ കാണാൻ വൈലാലിലെത്തിയതിനെപ്പറ്റി ദീർഘമായ ഒരനുഭവക്കുറിപ്പുതന്നെ ബഷീർ എഴുതിയിട്ടുണ്ട്. നർമത്തിൽ ചാലിച്ച ആ കുറിപ്പിൽ ആഷറിനോടുള്ള ബഷീറിൻ്റെ ആദരവും ബഹുമാനവും പ്രകടമാണ്.
ആഷറിനെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ബഷീർ. വൈലാലിലെത്തിയ ആഷറിന് പ്രാതലിനു പുട്ടും കടലയും നൽകിയപ്പോൾ കടലക്കറിയിലെ ചുവന്ന മുളക് കഷ്ണം കടിച്ച ആഷറിൻ്റെ കണ്ണിൽ നിന്ന് വന്ന കണ്ണീരിനെപ്പറ്റി ബഷീർ നർമോക്തി കലർത്തി പറയുന്നുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ‘ബാല്യകാലസഖി’, ‘ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’, ‘പാത്തുമ്മയുടെ ആട്’ എന്നീ നോവലുകളും തകഴിയുടെ “തോട്ടിയുടെ മകൻ’, മുട്ടത്തുവർക്കിയുടെ ‘ഇവിൾ സ്പിരിറ്റ്’, കെ പി രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’ തുടങ്ങിയ കൃതികളും അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. വിവർത്തനങ്ങളിലൂടെ മലയാള സാഹിത്യത്തെ ലോകത്തിനു പരിചയപ്പെടുത്തിയ മികച്ച പരിഭാഷകനായ ഭാഷാ പണ്ഡിതനെയാണ് ആഷറിൻ്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്.