Ongoing News
ചാറ്റൽമഴ നനഞ്ഞുകൊണ്ടവർ പുതുഭവനങ്ങളിലേക്ക്
2019 ആഗസ്റ്റ് എട്ടിന് കുത്തിയൊലിച്ചു പോയ സ്വപ്നങ്ങളോരോന്ന് വീണ്ടും നെയ്‌തെടുക്കാനുള്ള പെടാപാടിലാണ് പുത്തുമലക്കാർ.
കൽപ്പറ്റ | അന്നൊരു പേമാരിയിൽ എല്ലാം നഷ്ടമായ പുത്തുമല ഗ്രാമത്തിലെ 13 കുടുംബങ്ങൾ ഇന്നലത്തെ ചാറ്റൽമഴയിൽ സ്വന്തം വീടുകളുടെ താക്കോൽ സ്വീകരിച്ചു. പൂത്തക്കൊല്ലിയിലെ ഹർഷം പ്രൊജക്ടിൽ ആറ് വീടുകളും പുത്തൂർ വയൽ, കോട്ടനാട്, കോട്ടത്തറ വയൽ എന്നിവിടങ്ങളിലായി ഏഴെണ്ണവുമുൾപ്പെടെ 13 കുടുംബങ്ങളാണ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ തണലിൽ സ്വന്തം ഭവനങ്ങളിലേക്ക് മാറുന്നത്.
2019 ആഗസ്റ്റ് എട്ടിന് കുത്തിയൊലിച്ചു പോയ സ്വപ്നങ്ങളോരോന്ന് വീണ്ടും നെയ്‌തെടുക്കാനുള്ള പെടാപാടിലാണ് പുത്തുമലക്കാർ. തനിക്കോ കുടുംബത്തിനോ ആൾ നാശമൊന്നും ഉണ്ടായില്ലെങ്കിലും പെറുക്കിയെടുക്കാൻ പോലും ഒന്നുമുണ്ടായിരുന്നില്ലെന്നാണ് തന്റെ പുതിയ ഭവനത്തിന്റെ വാതിലുകൾ തുറന്നുകൊണ്ട് കൂലിപ്പണിക്കാരനായ ശാഹുൽ ഹമീദ് സിറാജിനോട് പറഞ്ഞത്.
കഴിഞ്ഞ രണ്ട് വർഷത്തിലധികം കാലം വാടക ക്വാട്ടേഴ്‌സിലാണ് ഇദ്ദേഹവും കുടുംബവും കഴിഞ്ഞത്. ഇതിനിടെ തന്റെ പ്രിയ പിതാവിന്റെ മരണമുൾപ്പെടെയുള്ള ഒരുപാട് നിമിഷങ്ങൾക്ക് വാടക വീട് വേദിയായി.
തുച്ഛമായ വരുമാനത്തിൽ നിന്ന് വീട് വാടക കൊടുക്കാനുൾപ്പെടെ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്കാണ് പുതിയ ഭവനം തണലാകുന്നത്. ഇതിനിടെ കൊവിഡ് മൂലമുള്ള തൊഴിലില്ലായ്മയും ഇവരെ ഉലച്ചിരുന്നു.
ആകെയുണ്ടായിരുന്ന അഞ്ച് സെന്റോളം വരുന്ന ഭൂമിയിൽ ലൈഫ് പദ്ധതിയിലൂടെ നിർമിച്ച വീട് ഉപയോഗ ശൂന്യമായി മാറിയ പുത്തുമല പച്ചക്കാട്ടെ ബിന്ദുവിന് പുതിയ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ട് പറയാൻ വാക്കുകളുണ്ടായിരുന്നില്ല. നേരത്തേ, വീട് നിർമാണത്തിനായി തന്റേയും മക്കളുടെയും ആഭരണങ്ങളെല്ലാം വിറ്റിരുന്നു.
ഇനിയൊരു വീട് നിർമിക്കൽ സ്വപ്‌നത്തിൽ പോലും അസാധ്യമായിരുന്നെന്നും അതാണ് കേരള മുസ്‌ലിം ജമാഅത്ത് സാധിച്ചു തന്നതെന്നും അതിൽ തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും ബിന്ദു സിറാജിനോട് പറഞ്ഞു. പ്രായമായ മാതാവും രണ്ട് പെൺകുട്ടികളും രോഗശയ്യയിൽ കിടക്കുന്ന പിതാവും ഉൾപ്പെടെയുള്ള കുടുംബത്തിന്റെ പശിയകറ്റാൻ വിവിധ തൊഴിലുകളെടുക്കുന്ന ബിന്ദുവും കുടുംബവും തങ്ങളുടെ വീട്ടിൽ താമസമാക്കിയിട്ട് ഏഴ് മാസം മാത്രമായപ്പോഴാണ് ദുരന്തമെത്തുന്നത്.
വീട് പൂർണമായി തകർന്നില്ലെങ്കിലും വാസയോഗ്യമല്ലെന്ന് വിദഗ്ധർ വിധിച്ചതോടെ വാടക വീടുകളിലേക്ക് എറിയപ്പെട്ട ഇവരുടെ രണ്ട് പെൺകുട്ടികളുടെയും പഠനം നേരത്തേ സാമ്പത്തിക പരാധീനത മൂലം നിർത്തേണ്ടി വന്നതാണ്. തങ്ങൾ നേരത്തേ താമസിച്ചിരുന്ന വീടിനേക്കാൾ വിശാലവും പണി പൂർണമായതുമായ ഭവനമാണ് സുന്നി പ്രസ്ഥാനം സമ്മാനിച്ചതെന്ന് പ്രാർഥനാ പൂർവം അവർ സിറാജിനോട് പറഞ്ഞു.
സ്വത്തും സമ്പാദ്യവുമൊന്നടങ്കം നാമാവശേഷമായതോടെ പെരുവഴിയിലായ കുടുംബങ്ങൾക്കായി കേരള സർക്കാറും വിവിധ ഏജൻസികളും പൂത്തക്കൊല്ലിയിൽ നിർമിച്ചു നൽകുന്ന 52 വീടുകളിൽ ആദ്യത്തെതാണ് കേരള മുസ്‌ലിം ജമാഅത്ത് ഇന്നലെ കൈമാറിയത്. മറ്റ് വീടുകളുടെ നിർമാണം പുരോഗമിച്ചു വരികയാണ്.
ഹർഷം പദ്ധതിയുടെ ഉപഭോക്താക്കളായ കുടുംബങ്ങൾക്കായി കാരന്തൂർ മർകസ് നേരത്തേ 10 ലക്ഷം രൂപ ചെലവിൽ കുടിവെള്ള പദ്ധതി സ്ഥാപിച്ചിരുന്നു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 17 പേരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരുടെ ഓർമകളുറങ്ങുന്ന പുത്തുമലയിൽ നിന്ന് പിരിയേണ്ടി വന്നെങ്കിലും അയൽവാസികളായ ഏഴ് പേർക്ക് അടുത്തടുത്തായുള്ള പ്ലോട്ടുകൾ തന്നെയാണ് അനുവദിക്കപ്പെട്ടത്. നേരത്തേയുണ്ടായിരുന്നതിനെക്കാൾ സ്‌നേഹത്തോടെയും ഒത്തുരമയോടെയും കഴിയാനാണ് ഇവർ ഇനിയും ആഗ്രഹിക്കുന്നത്.
സർക്കാർ വിഹിതമായ നാല് ലക്ഷം രൂപയോടൊപ്പം മൂന്നര ലക്ഷത്തോളം രൂപ വീതം മുടക്കിലാണ് ഓരോ വീടുകളും നിർമിച്ചത്.
ഇവയുടെ താക്കോൽ ദാനം കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ നിർവഹിച്ചു.
താക്കോൽദാന ചടങ്ങിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അഡ്വ. ടി സിദ്ദീഖ് എം എൽ എ, എൻ അലി അബ്ദുല്ല, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, കെ ഒ അഹമ്മദ് കുട്ടി ബാഖവി, ഐ സി എഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി ശരീഫ് കാരശേരി, എസ് ശറഫുദ്ദീൻ, എ എൻ പ്രഭാകരൻ, പി പി എ കരീം, കെ കെ സഹദ്, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി, മുഹമ്മദലി സഖാഫി പുറ്റാട്, എസ് അബ്ദുല്ല, മുഹമ്മദ് സഖാഫി ചെറുവേരി, സി എം നൗശാദ്, എൻ പി നൗഫൽ പങ്കെടുത്തു.