Connect with us

Prathivaram

പൊലിപ്പില്ലാത്ത ആ പെരുന്നാൾ രാവുകൾ

പെരുന്നാൾ രാവ് ജെസ്സി ഭാഗ്വാലിയിലായിരുന്നു. അസാധാരണമായ പൊലിവുകളൊന്നുമില്ല. പ്രായമുള്ള നാലഞ്ചാളുകൾ പള്ളിയിലിരുന്ന് തക്ബീർ ചൊല്ലുന്നു. കുട്ടികളും യുവാക്കളും പുറത്തു നിന്നും ആശ്ചര്യത്തോടെ നോക്കി നിൽക്കുന്നു. ആ തക്ബീർ സദസ്സിൽ ഞങ്ങളും ചേർന്നു. ഞങ്ങളുടെ പ്രത്യേക ഈണത്തിലുള്ള തക്ബീർ ധ്വനികൾ അവരുടെ ആവേശം വർധിപ്പിച്ചു. പിറ്റേ ദിവസം പെരുന്നാൾ അവരോടൊപ്പം ആഘോഷിച്ചു.

Published

|

Last Updated

പ്രഭാത നിസ്‌കാരം കഴിഞ്ഞ് ബട്ടിണ്ടയിലേക്ക് യാത്ര തിരിക്കാനായി ഭാണ്ഡക്കെട്ടുകളുമെടുത്ത് വൈക്കോൽ മേഞ്ഞ ആ ചെറ്റക്കുടിലിൽ നിന്നും പുറത്തിറങ്ങി. പുലർച്ചെ അഞ്ചു മണി ആയതേയുള്ളൂ. പുറത്ത് നന്നായി വെളിച്ചം വെച്ചിട്ടുണ്ട്. കോക്രാ ഗ്രാമീണവാസികളെല്ലാം നേരം പുലരുന്നതിന് മുമ്പ് തന്നെ അവരുടെ ജോലികളിൽ വ്യാപൃതരാണ്.

എരുമയുടെ പാൽ കറക്കുന്നവർ, അരിവാളും ചാക്കുമെടുത്ത് പുല്ലരിയാൻ പോകുന്നവർ, പുലരും മുമ്പേ ജോലിക്കിറങ്ങിയവർക്ക് ചായയുമായി പോകുന്ന കുട്ടികൾ, ഭക്ഷണം പാകം ചെയ്യുന്ന വയോധികർ. പ്രഭാതത്തിന് തന്നെയൊരു ബഹളമയമാണ്.

പഞ്ചാബിലെ ലുധിയാനയിൽ നിന്നും അൻപത് മൈലകലെയുള്ള കോക്രാ വില്ലേജിലായിരുന്നു തലേന്നത്തെ രാത്രിയിലെ നിദ്ര. വൈക്കോലിന്റെ മേൽക്കൂരക്ക് താഴെ ചാണകം തേച്ച ഭിത്തികളോട് ചേർത്തിട്ട മുളക്കട്ടിലിൽ കിടന്നതേ ഓർമയുള്ളൂ. ദിവസങ്ങൾ നീണ്ട യാത്ര നൽകിയ സുഖസുഷുപ്തി നന്നായി ആസ്വദിച്ചു. കോക്രയിൽ നിന്നും ഇരുട്ടാവുന്നതിനു മുന്നേ ബട്ടിണ്ടയിലെത്തണം. നാളെ ബലിപെരുന്നാൾ ആഘോഷിക്കേണ്ടത് ബട്ടിണ്ട ജില്ലയിലെ ജെസ്സി ഭാഗ്വാലി എന്ന വില്ലേജിലെ ഗ്രാമീണർക്കൊപ്പമാണ്. ഇരുട്ട് കനക്കുന്നതിനനുസരിച്ച് യാത്രയും ദുസ്സഹമാകും. കോക്രാക്കാർ തന്ന സ്‌നേഹത്തിന് നന്ദിപറഞ്ഞ് യാത്ര തുടർന്നു.

പുലർക്കാറ്റിനുപോലും തീക്ഷ്ണമായ ചൂടിന്റെ അകമ്പടിയുണ്ട്. വരണ്ടുണങ്ങിയ വിജനമായ വയലേലകളാണ് പിന്നിട്ട വഴികളിൽ സിംഹഭാഗവും. ഒരു ഗ്രാമം കഴിഞ്ഞാൽ പിന്നെ കാതങ്ങൾ സഞ്ചരിക്കണം അടുത്തൊരു ഗ്രാമത്തിലെത്താൻ. ഒട്ടുമിക്ക വില്ലേജുകളിലും പത്തിൽ താഴെ മാത്രമേ വീടുകൾ കാണൂ. അതും പഞ്ചാബിലെ പ്രബല പിന്നാക്ക വിഭാഗക്കാരായ ഗുജ്ജാറുകളായിരിക്കും. എരുമകളുടെ ലോകത്തിനപ്പുറം സങ്കൽപ്പങ്ങൾ വികസിക്കാത്തവരാണ് ഗുജ്ജാറുകളിലധികവും. പഠാൻകോട്ടിലെ ഫിറോസ്പൂർ എന്ന ഗുജ്ജർ ഗ്രാമത്തിലെ വിദ്യാർഥികളോട് സംവദിച്ചു കൊണ്ടിരിക്കെയാണ് മിടുക്കനായ അഅസം ഖാനെന്ന പതിമൂന്നുകാരനെ പരിചയപ്പെടുന്നത്. അവന്റെ വൈജ്ഞാനിക ഭാവിയെക്കുറിച്ച് ദീർഘനേരം സംസാരിച്ച് ദിശാബോധം നൽകിയ ശേഷം നിനക്ക് ഭാവിയിൽ ആരാകണമെന്ന് ചോദിച്ചപ്പോൾ ധാരാളം എരുമകളും ട്രാക്ടറുകളുമുള്ള മുതലാളിയാകണം എന്നായിരുന്നു അവന്റെ മറുപടി. എരുമകളുടെ മുശടുവാടയും ചാണകത്തിന്റെ ചൂരുമില്ലാത്ത ജീവിതം അവർക്ക് അചിന്ത്യമാണെന്ന് പറയുന്നതിൽ തെറ്റില്ല. തീതുപ്പുന്ന വെയിലത്തും പച്ചയണിഞ്ഞു നിൽക്കുന്ന വയലുകളുടെ സൗന്ദര്യമാസ്വദിച്ച് യാത്ര തുടർന്നു.

യാത്രാ മധ്യേ ലുധിയാനയിലെ ആസിഫ് അലിയുടെ വീട്ടിലേക്ക് ക്ഷണമുണ്ടായിരുന്നു. സമയ പരിമിതി പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചെങ്കിലും അവൻ അനുവദിച്ചില്ല. ഒടുവിൽ കുറഞ്ഞ മിനുട്ടുകൾ വീട്ടിൽ ചെലവഴിക്കാമെന്നേറ്റു. പിന്നീട് അങ്ങെത്തുന്നത് വരെ മൊബൈൽ ഫോണിന് വിശ്രമമില്ലായിരുന്നു. അഞ്ച് മിനുട്ടിനകം പത്ത് തവണയെങ്കിലും “കിദർ പഹുഞ്ച ഗയ ഹസ്‌റത് ?’ എന്ന ചോദ്യത്തിന് ഞാൻ ഉത്തരം നൽകേണ്ടി വന്നു. എന്തൊരു പ്രഹസനമാണിതെന്ന് മനസ്സിൽ തോന്നി.

ലുധിയാന നഗരത്തിലെത്തിയപ്പോൾ ഒരു പാലത്തിന് ചുവട്ടിൽ ആസിഫലിഭായിയും ഏതാനുമാളുകളും ബൊക്കയും പൂമാലയും പിടിച്ച് കാത്തിരിക്കുകയാണ്. ചെന്നിറങ്ങിയ പാടെ തക്ബീറിന്റെയും പ്രവാചക കീർത്തനങ്ങളുടെയും അകമ്പടിയോടെ പനിനീർ പൂവിതളുകൾ ഞങ്ങളുടെ നേരേയവർ വിതറാൻ തുടങ്ങി. ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുയുടെയും ദൈന്യത പല മുഖങ്ങളിലും വരച്ചിട്ടിട്ടുണ്ട്. ഒപ്പം മുഷിഞ്ഞ വേഷത്തിലുള്ള കുട്ടികളും ഞങ്ങളെ അനുഗമിക്കുന്നുണ്ട്. നഗരത്തിനുള്ളിലുള്ള അവരുടെ വീടുകളിലേക്കാണ് ആനയിക്കുന്നതെന്ന് കരുതി ഞങ്ങളും നടന്നു. അധികം വൈകാതെ ആ യാഥാർഥ്യം ഞങ്ങളറിഞ്ഞു. ദേശീയ ഹൈവേയുടെ ചാരത്ത്, ഓവർബ്രിഡ്ജിനോട് ചേർന്ന് മറച്ചുകെട്ടിയ കുറ്റിപ്പുരയിലേക്കാണ് അവർ ഞങ്ങളെ ആനയിക്കുന്നതെന്ന്. ഒരു നിമിഷം സ്തബ്ധനായി. അവിടെ ആ കൂരക്ക് പുറത്ത് സ്ത്രീകൾ ചപ്പാത്തി പരത്തുന്നുണ്ട്. ചീറിപ്പായുന്ന വാഹനങ്ങളുടെ പുകയും പൊടിപടലങ്ങളും ചപ്പാത്തിയിലും പുരളുന്നത് ഞങ്ങൾക്ക് കാണാനാകുന്നുണ്ട്. ഞങ്ങളെ വരവേൽക്കാൻ വേണ്ടി ബലൂണും തോരണവും കെട്ടി അലങ്കരിച്ച കൂരയിലേക്ക് ഞാനും അൻസാർ റബ്ബാനിയും പ്രവേശിച്ചു. അവരുടെ ക്ഷണത്തെ തിരസ്‌കരിച്ച കുറ്റബോധം എന്നെ അലട്ടിക്കൊണ്ടിരുന്നു. അവർ തന്ന ഭക്ഷണം അവരെ സന്തോഷിപ്പിക്കാനായി നന്നായിക്കഴിച്ചു. തെരുവിൽ അഭയാർഥികളായി കഴിയുമ്പോഴും ഉള്ളിലവർ സൂക്ഷിക്കുന്ന സ്‌നേഹത്തെക്കുറിച്ച് അടക്കം പറഞ്ഞ് ഞങ്ങളിറങ്ങി.

പെരുന്നാൾ രാവ് ജെസ്സി ഭാഗ്വാലിയിലായിരുന്നു. അസാധാരണമായ പൊലിവുകളൊന്നുമില്ല. പ്രായമുള്ള നാലഞ്ചാളുകൾ പള്ളിയിലിരുന്ന് തക്ബീർ ചൊല്ലുന്നു. കുട്ടികളും യുവാക്കളും പുറത്തു നിന്നും ആശ്ചര്യത്തോടെ നോക്കി നിൽക്കുന്നു. ആ തക്ബീർ സദസ്സിൽ ഞങ്ങളും ചേർന്നു. ഞങ്ങളുടെ പ്രത്യേക ഈണത്തിലുള്ള തക്ബീർ ധ്വനികൾ അവരുടെ ആവേശം വർധിപ്പിച്ചു. പിറ്റേ ദിവസം പെരുന്നാൾ അവരോടൊപ്പം ആഘോഷിച്ചു. സുഭിക്ഷമായി അവർ ബിരിയാണിയും മധുരവും കഴിച്ചു.

എല്ലാ വീട്ടുകാർക്കും ഞങ്ങളന്ന് പ്രിയപ്പെട്ട അതിഥികളായി. പന്ത്രണ്ട് മുസ്‌ലിം വീടുകളാണ് ആ ഗ്രാമത്തിലുള്ളത്. ഇന്ത്യാ വിഭജനത്തിന് മുമ്പ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. അന്ന് പലായനം ചെയ്യാതെ അവശേഷിച്ച രണ്ട് കുടുംബത്തിന്റെ പിന്മുറക്കാരാണ് ഇന്നവിടെയുള്ള മുസ്്ലിംകൾ.

വ്യത്യസ്ത മതവിഭാഗങ്ങൾ ഐക്യത്തോടെയാണ് എല്ലാ ഗ്രാമങ്ങളിലും കഴിഞ്ഞുകൂടുന്നത്. പഞ്ചാബിലെ മോഗ പ്രദേശത്തെ സിഖ് ഭൂരിപക്ഷ ഗ്രാമമാണ് ഭലൂർ. നാല് മുസ്‌ലിം കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. ഏഴ് ഗുരുദ്വാരകളും രണ്ട് ക്ഷേത്രങ്ങളുമുണ്ടവിടെ. മുസ്‌ലിംകൾക്ക് പ്രാർഥനക്കായി ഒരു പള്ളി പോലും ആ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ചകളിലും പെരുന്നാളിനും അയൽഗ്രാമങ്ങളിൽ പോയാണ് അവർ പ്രാർഥനകൾ നിർവഹിച്ചിരുന്നത്.

ഈ സാഹചര്യത്തിൽ, മുസ്‌ലിം സഹോദരങ്ങൾക്കായി ഒരു പള്ളി പണിയണമെന്ന് അവിടെയുള്ള സിഖ്, ഹിന്ദു സമുദായാംഗങ്ങൾ തീരുമാനിച്ചു. പള്ളി നിർമാണം മുസ്‌ലികൾക്ക് തനിച്ച് സാധിക്കുന്നതല്ല എന്ന് അവർക്കറിയാമായിരുന്നു. പഞ്ചാബിലെ മലേർകോട്ടയിലെ സിഖ് മത സഹോദരനായ ജഗ്മൽ സിംഗ് തനിക്ക് അനന്തരമായി കിട്ടിയ ഒന്നരയേക്കർ ഭൂമി മുസ്‌ലിംകൾക്ക് ആരാധനാലയം പണിയാൻ സൗജന്യമായി നൽകി.
ഇന്ത്യാ വിഭജനത്തിനു മുമ്പ് അവിടെ ധാരാളം മുസ്‌ലിംകളും പള്ളികളും ഉണ്ടായിരുന്നു. എന്നാൽ, വിഭജനസമയത്ത് വലിയതോതിൽ പലായനം നടക്കുകയും വളരെ കുറച്ചുപേർ മാത്രം അവിടെ അവശേഷിക്കുകയും ചെയ്തു. അന്ന് ഇവിടെത്തന്നെ നിലയുറപ്പിച്ച കുടുംബങ്ങളുടെ അടുത്ത തലമുറയാണ് ഇപ്പോൾ ഈ പ്രദേശത്തുള്ളത്.
ഹിന്ദു, മുസ്‌ലിം, സിഖ് കുടുംബങ്ങൾ വളരെ ഐക്യത്തോടെയാണ് ഇവിടെ കഴിയുന്നതെന്ന് ഗ്രാമീണർ പറയുന്നു. വളരെ ചരിത്ര പ്രാധാന്യമുള്ള പട്ടണങ്ങളിലൊന്നായ മലേർകോട്‌ലയിൽ നൂറോളം വർഷം പഴക്കമുള്ള ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ പള്ളിയാണ് ഉണ്ടായിരുന്നത്. അത് പുനർനിർമിക്കണമെന്ന് അവിടുത്തെ മുസ്‌ലിംകൾ ഏറെ നാളായി ആഗ്രഹിക്കുന്ന കാര്യമായിരുന്നെങ്കിലും അവർക്ക് അതിന് സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് സിഖുകാർ ആ ദൗത്യം ഏറ്റെടുത്ത് മുന്നോട്ടുവന്നത്.

2021 ജൂൺ 6 ഞായറാഴ്ച ദിവസം പള്ളിക്ക് തറക്കല്ലിടാനായി ഒരുക്കങ്ങൾ നടത്തി. എന്നാൽ അപ്രതീക്ഷിതമായി പെയ്ത വലിയ മഴയിൽ പരിപാടി തടസ്സപ്പെട്ടു. മറ്റൊരു ദിവസത്തേക്ക് ചടങ്ങ് മാറ്റിയാലോ എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ അടുത്തുള്ള ശ്രീ സാത്ത്‌സാങ് സാഹിബ് ഗുരുദ്വാരയിലേക്ക് പരിപാടി മാറ്റാൻ ഗ്രാമീണർ തീരുമാനിച്ചു. എല്ലാവരും ചേർന്ന് മണിക്കൂറുകൾ കൊണ്ട് എല്ലാ ക്രമീകരണങ്ങളും അവിടെ നടത്തി. എല്ലാ മതത്തിൽപ്പെട്ടവരും ഒരു സദസ്സിൽ ഒരുമിച്ചിരുന്ന് മധുരം പങ്കുവെക്കുകയും പ്രാർഥിക്കുകയും ചെയ്തു. പള്ളി നിർമാണത്തിനായി ഗ്രാമീണർ തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകി. പള്ളി നിർമാണത്തിന് വഖ്ഫ് ബോർഡും സംഭാവന നൽകും.
സമകാലിക ഇന്ത്യയിലെ സാമൂഹിക അന്തരീക്ഷത്തിൽ ഏറെ പ്രാധാന്യമുള്ളതും സൗഹാർദത്തിന്റെ സന്ദേശം നൽകുന്നതുമാണ് ഈ സംഭവം. മറ്റുള്ളവരുടെ ആരാധനാലയങ്ങൾ കൈയേറുകയോ, തകർക്കുകയോ ചെയ്യുകയല്ല, അവ സംരക്ഷിക്കുകയാണ് മതനിരപേക്ഷതയുടെ പാരമ്പര്യം. 2020 നംവബർ 26 ന് ആരംഭിച്ച കർഷക സമരത്തിൽ സിംഗു അതിർത്തിയിൽ സിഖുകാർ സൗജന്യ ഭക്ഷണ ശാലകൾ തുറന്നപ്പോൾ മലേർകോട്ടയിലെ മുസ്‌ലിംകൾ അവർക്കൊപ്പം സംഘാടകരായി ഉണ്ടായിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്ടർ പരേഡിൽ ഡൽഹി, ഹരിയാന പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിംകളും കർഷകരുടെ കൂടെ അണിനിരന്നിരുന്നു. പൗരത്വ സമരത്തിന്റെ ദിനരാത്രങ്ങളിൽ സമരക്കാർക്ക് വെള്ളവും ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചു നൽകാൻ സിഖുകാർ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.

വെറുപ്പിന്റെയും അപര വിദ്വേഷത്തിന്റെയും നാളുകളിൽ, വിശിഷ്യാ പലവിധത്തിലുള്ള വംശഹത്യകൾ അരങ്ങേറുമ്പോൾ ഇത്തരത്തിലുള്ള സൗഹാർദങ്ങൾ നീതിയുടെയും സാഹോദര്യത്തിന്റെയും പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ്.

പഞ്ചാബിൽ നിന്നും ഹനുമാൻഗഡ് വഴി രാജസ്ഥാനിലേക്കായിരുന്നു യാത്രതിരിച്ചത്. രാജസ്ഥാനിലെ മേവാത്ത് പ്രവിശ്യയിലൂടെയുള്ള യാത്രകളെല്ലാം അനുഭവസമ്പന്നമായിരുന്നു. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചരിത്ര പ്രസിദ്ധമായ പ്രദേശമാണ് മെവാത്. ഹരിയാനയിലെ നൂഹ്, പുനഹാന, ഫിറോസ്പൂർ, ചിർക്ക തുടങ്ങിയ മണ്ഡലങ്ങളും രാജസ്ഥാനിലെ അൽവാർ, ഭരത്പൂർ ജില്ലകളും ഉത്തർപ്രദേശിലെ ചാത്ത, മതുര തുടങ്ങിയ പ്രദേശങ്ങളുമാണ് മെവാത് പ്രവിശ്യ ഉൾക്കൊള്ളിക്കുന്നത്. 1372 മുതൽ 1527 വരെ മെവാത് സ്വതന്ത്ര രാജ്യമായി ഭരിച്ചിരുന്ന ഖാൻസാദാ രജ്പുത് എന്ന മുസ്‌ലിം വംശജരാണ് ഈ പ്രദേശത്തിന് പ്രസ്തുത നാമം നൽകിയത്. 1372ൽ സുൽത്താൻ ഫൈറൂസ് ശാഹ് തുഗ്ലക്ക് മെവത്തിന്റെ അധികാരം രാജ നഹർഖാനെ ഏൽപ്പിച്ചു. 1527 വരെ അദ്ദേഹത്തിന്റെ തലമുറകൾ മേവാത്തിന്റെ പരമാധികാരം കൈമാറി വന്നു. ഖാൻസാദ രജ്പുത് വംശത്തിൽ നിന്നുള്ള മേവാത് ഭരിച്ച അവസാന ഭരണാധികാരി ഖാൻവാ യുദ്ധത്തിൽ കൊല്ലപ്പെട്ട ഹസൻ ഖാൻ മേവാത്തി ആയിരുന്നു. പിന്നീട് ബ്രിട്ടീഷ് ഇന്ത്യ ഭരിക്കുന്ന കാലത്ത് മേവാതികൾ അൽവാർ ഭരത്പൂർ സ്‌റ്റേറ്റിന് കീഴിലായി. 1857 ലെ ബ്രിട്ടീഷ് കലാപത്തിന് ശേഷം അവ ബ്രിട്ടീഷ് അധീനതയിലായി. 1947 ലെ സ്വാതന്ത്ര്യ സമരത്തോടെ നിരവധി മേവാത്തികൾ കൊല്ലപ്പെടുകയും അതിലേറെ പാക്കിസ്ഥാനിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. ബാച്ചു സിംഗ് എന്ന ഭാരത്പുരിലെ രാജാവാണ് ഈ അതിക്രമങ്ങൾക്ക് മുൻകൈയെടുത്തത്.

മേവാത്തിലെ നിരവധി മുസ്്ലിംകൾ പാക്കിസ്ഥാനിലേക്ക് പോയെങ്കിലും ചെറുതല്ലാത്ത സംഘം ഇവിടെ തന്നെ അവശേഷിച്ചു. അവശേഷിച്ചവരാകട്ടെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പാർശ്വവത്കരിക്കപ്പെട്ടു. ഡൽഹി തൈബ ഹെറിറ്റേജിന് കീഴിൽ മേവാത് പ്രവിശ്യയിൽ നിരവധി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
മേവാത്തിലെ അൽവാറിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങുമ്പോഴാണ് തിജാറ എന്ന സ്ഥലത്തെ ഒരു അനാഥ വീട്ടിലേക്ക് ശാഫിനൂറാനിയോടൊപ്പം കയറിച്ചെന്നത്. അനാഥ മക്കൾക്കുള്ള മാസാന്ത സഹായം നൽകലായിരുന്നു ഉദ്ദേശ്യം. തിജാറയിലെ ഒരു ഗല്ലിയിലാണ് ആ കുടുംബം താമസിക്കുന്നത്. കുടുംബ നാഥന്റെ അകാല മരണം അഞ്ച് പിഞ്ചു മക്കളെയാണ് അനാഥരാക്കിയത്. അവിടെ ചെന്നപ്പോഴുള്ള കാഴ്ച ഹൃദയ ഭേദകമായിരുന്നു. ദാരിദ്ര്യത്തിന്റെ വറചട്ടിയിൽ എരിഞ്ഞൊടുങ്ങുന്ന ഒരു കുടുംബം. വയോധികരായ മാതാപിതാക്കൾ. വിധവയായ ഉമ്മ. രണ്ടു പെൺമക്കളും മൂന്ന് ആണ്മക്കളും. കണ്ണിലറിയാതെ നനവുപടർന്നു.

അനാഥത്വം അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന ബാല്യങ്ങൾ ഉത്തരേന്ത്യയിലെ പലയിടത്തും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അലക്ഷ്യമായ ജീവിതരീതിയിലൂടെയോ മറ്റു അത്യാഹിതങ്ങളിലൂടെയോ രക്ഷിതാക്കൾ വിധിക്ക് കീഴടങ്ങുമ്പോൾ അന്യാധീനപ്പെടുന്നത് പറക്കമുറ്റാത്ത പിഞ്ചുമക്കളായിരിക്കും. അന്നവും പാർപ്പിടവുമില്ലാതെ തെരുവിൽ അലഞ്ഞ് അവർ ദിനരാത്രങ്ങൾ തള്ളിനീക്കും. പലരും ക്രിമിനലുകളോ മാഫിയകളോ ആയിത്തീരും. ചിലരങ്ങനെ അലക്ഷ്യമായി ജീവിച്ചുകൊണ്ടിരിക്കും.

കേരളത്തിൽ അനാഥ സംരക്ഷണത്തിനും പരിചരണത്തിനും സംവിധാനങ്ങൾ നിരവധിയുണ്ട്. അനാഥരാവുക ഒരു അപരാധമല്ല. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് അനാഥ സംരക്ഷണം.
ഉത്തരേന്ത്യയിൽ സാമൂഹികമായും വിദ്യാഭാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാൻ മർകസിന്റെ കീഴിൽ പ്രിസം ഫൌണ്ടേഷൻ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്.

(കേരളേതര സംസ്ഥാനങ്ങളിൽ സേവനപ്രവർത്തനങ്ങൾക്ക് സന്നദ്ധരായ യുവാക്കൾക്കു വേണ്ടി പ്രിസം ഫൗണ്ടേഷനു കീഴിൽ സംവിധാനിച്ച ഏകവത്സര ഫെല്ലോഷിപ്പ് പ്രോഗ്രാമായ “ഐറിസ് വേൾഡിന്റെ’ ഡയറക്ടറും ഡൽഹി തൈബ ഹെറിറ്റേജിന്റെ പ്രസിഡന്റുമാണ് ലേഖകൻ)

Latest