Connect with us

Cover Story

ആ കാൽപ്പാടുകൾ

അനന്യസാധാരണമായ വ്യക്തിത്വംകൊണ്ട് മഹത്്പദവിയിലേക്കുയർന്ന മഹാന്മാരെ അനുസ്മരിക്കൽ പുണ്യമാണ്. ആ മഹത്തുക്കളെ ഓർത്തെടുക്കുന്പോൾ നിരവധി കാര്യങ്ങൾ ആ ജീവിതത്തിലുടനീളം മാനവകുലത്തിന് നന്മയേകാൻ കാത്തുസൂക്ഷിച്ചതായി അറിയാനാകും.

Published

|

Last Updated

ജ്ഞാന ധീരതയുടെ കിരീടമണിഞ്ഞ മഹാത്മാവിന്റെ ജീവിതം വരച്ചിടുന്നിടത്ത് പരിമിതികളേറെയുണ്ട്. വിശേഷിപ്പിക്കാൻ ധാരാളം ഉണ്ടാകുമ്പോൾ പ്രത്യേകിച്ചും. സയ്യിദ്, പണ്ഡിതൻ, നേതാവ്… ഒരാൾ മറ്റൊരാളുടെ ആശ്രയമായി ഏതെല്ലാം നിലയിൽ നിലകൊള്ളുമോ അതിലെല്ല്ലാം പ്രശോഭിച്ച് ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമായി മാറിയ മഹാമനീഷിയാണ് താജുൽ ഉലമ സയ്യിദ് അബ്ദുർറഹ്മാൻ അൽബുഖാരി ഉള്ളാൾ. അഗാധ പാണ്ഡിത്യത്തോടൊപ്പം വിനയവും നേതൃപാടവവും ആജ്ഞാശേഷിയും ഒത്തിണങ്ങിയ താജുൽ ഉലമയുടെ ഇഷ്ട മേഖല ഇൽമും ദർസീ ജീവിതവുമായിരുന്നു. വൈജ്ഞാനിക മേഖലയിൽ ഇത്രത്തോളം വിരാജിച്ച സയ്യിദുമാർ വിരളമായിരിക്കും. അതു തന്നെയാണ് തങ്ങളെ വ്യതിരിക്തനാക്കിയതും. ഒരു വിജ്ഞാന ദാഹിയുടെ സാഹസികത നിറഞ്ഞ യാത്രയാണ് ഉള്ളാൾ തങ്ങളുടെ ജീവിതത്തിൽ വായിക്കാനാവുക. കണ്ണിയത്ത് ഉസ്താദിന്റെ അടുക്കൽ ദർസ് പഠിക്കുന്ന കാലത്ത് ഉപരിപഠനത്തിന് പറവണ്ണ മൊയ്തീൻ കുട്ടി ഉസ്താദിന്റെ ദർസിലേക്ക് പറഞ്ഞയച്ചു. പറവണ്ണ ഉസ്താദ് തങ്ങളോട് ചോദിച്ചു. മോല്യാരുടെ ഓത്താണോ വേണ്ടത് തങ്ങളുടെ ഓത്താണോ വേണ്ടത്. മോല്യാരുടെ ഓത്തെന്നു പറഞ്ഞാൽ അത് നല്ല രൂപത്തിലുള്ള പഠിപ്പിക്കലായിരിക്കും. തങ്ങളുടെ ഓത്തെന്നു പറഞ്ഞാൽ തങ്ങൾ എന്ന് ബഹുമാനം പരിഗണിച്ചുള്ള പഠിപ്പിക്കലായിരിക്കും. ഇതിൽ ഏതാണ് വേണ്ടതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. തങ്ങൾ പറഞ്ഞു മോല്യാരുടെ ഒത്താണ് വേണ്ടതെന്ന്. തങ്ങളുടെ ഇൽമിനോടുള്ള മഹബ്ബത്ത് ഇതിൽ നിന്നും വ്യക്തമാകുന്നതാണ്. എത്ര പ്രയാസം സഹിച്ചിട്ടായാലും ഇൽമ് കിട്ടുന്നിടത്ത് നിന്ന് നേടിയെടുക്കണമെന്ന അടങ്ങാത്ത ത്വരയുടെ ഭാഗമായിരുന്നു ആ തീരുമാനം.

ജീവിതം മുഴുവൻ ഇൽമിന് വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു. രാത്രി വൈകിയും കിതാബ് മുതാലഅ ചെയ്യും. പലപ്പോഴും അത് രാത്രി രണ്ട് രണ്ടര വരെ തുടരും. പക്ഷേ അതുകൊണ്ട് പകലിൽ ക്ഷീണമോ ആലസ്യമോ തങ്ങൾക്കില്ലായിരുന്നു. പരിപൂർണ തൃപ്തിയോടെയും സന്തോഷത്തോടെയും ചെയ്യുന്ന പ്രവർത്തനങ്ങൾ മനുഷ്യനെ ക്ഷീണിപ്പിക്കുകയില്ല, ഊർജസ്വലമാക്കുകയേയുള്ളൂ. ഇൽമ് നേടിയെടുക്കുന്നതിനുള്ള ഈ അക്ഷീണ ത്യാഗത്തിന്റെ ഫലമായിരുന്നു കിതാബുകളോടുള്ള അഭേദ്യ ബന്ധം. ആ ബന്ധമാണ് കിതാബുകൾ കാണാതെ ദർസ് നടത്തുകയെന്ന മഹാ സിദ്ധിയിലേക്ക് തങ്ങളെയെത്തിക്കുന്നത്. ക്ലാസ്സിലൂടെയങ്ങനെ നടന്ന് എല്ലാവരെയും ശ്രദ്ധിച്ചു കൊണ്ടായിരുന്നു തങ്ങൾ ക്ലാസ്സെടുക്കാറുണ്ടായിരുന്നത്. കിതാബിലെ ഇബാറത്തുകൾ മുമ്പിലിരിക്കുന്ന വിദ്യാർഥികൾ വായിച്ചു കൊടുക്കും. വായിക്കുന്നതിൽ തെറ്റുവന്നാൽ അല്ലെങ്കിൽ വരി മാറിപ്പോയാൽ തങ്ങൾ തിരുത്തും. അതിന് കിതാബ് നോക്കേണ്ട കാര്യമില്ലായിരുന്നു. എല്ലാ കിതാബുകളോടും അത്രയും ബന്ധമായിരുന്നു അവിടുന്ന്.

വിവിധ വിഷയങ്ങളിലുള്ള ഗഹനമേറിയ അറിവായിരുന്നു ശിഷ്യന്മാരെ അത്ഭുതപ്പെടുത്തിയ മറ്റൊരു ഘടകം. കേവലം കിതാബുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അവിടുത്തെ ക്ലാസ്സുകൾ. എടുക്കുന്ന ഓരോ വിഷയവും വിശദീകരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പറയുകയും പുതിയ കാലത്ത് അതെങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ അനുഭവവേദ്യമാകുന്നതെന്നു കൂടി വിശദീകരിക്കും. തഫ്‌സീർ, ഹദീസ്, തസവ്വുഫ്, കർമ ശാസ്ത്രം, ഗോള ശാസ്ത്രം, തർക്ക ശാസ്ത്രം, എൻജിനീയറിംഗ് തുടങ്ങി എല്ലാ വിഷയങ്ങളിലും അഗാധ ജ്ഞാനമായിരുന്നു. അശ്വതി, ഭരണി, കാർത്തിക തുടങ്ങിയ നക്ഷത്ര ലോകം, 27 ഞാറ്റുവേലകൾ, ലംബവും കർണവും സൈനും കോസും ടാനും കോസ് തീറ്റയും ലോഗരിതവും എല്ലാം വളരെ അവഗാഹത്തോടെ തന്നെ വിശദീകരിക്കും. ക്ലാസ്സിൽ ലോഗരിതം കൊണ്ടുവരാൻ നിർദേശിക്കുകയും കിതാബിൽ പറയുന്ന വിഷയങ്ങളുമായി അത് ബന്ധപ്പെടുത്തി വ്യക്തമാക്കുകയും ചെയ്യും. 1969ൽ നീൽ ആംസ്‌ട്രോംഗ് ചന്ദ്രനിൽ ഇറങ്ങി എന്ന വാർത്ത വന്നപ്പോൾ ചിലർ പറഞ്ഞു അത് അസാധ്യമാണെന്ന്. എന്നാൽ അങ്ങനെ പറയാൻ പാടില്ല. അത് സാധ്യമാണ്. വേണമെങ്കിൽ പ്ലൂട്ടോയിലേക്കും വരെ മനുഷ്യന് കടന്നുചെല്ലാം എന്ന് ഉള്ളാൾ തങ്ങൾ പറഞ്ഞതായി അക്കാലത്ത് തങ്ങളുടെ ശിഷ്യനായിരുന്ന ബേക്കൽ ഉസ്താദ് പറഞ്ഞിരുന്നു. ഇൽമും തഖ്‌വയും ഒരുപോലെ സമ്മേളിച്ച വ്യക്തിപ്രഭാവം. അഹ്്ലുസ്സുന്നയുടെ പ്രവർത്തകർക്ക് വലിയ തണലായിരുന്നു മഹാൻ.

ദീർഘവീക്ഷണത്തോടെ കാര്യങ്ങളെ മനസ്സിലാക്കി ഒരു നാടിന്റെ സമുദ്ധാരണത്തിന് വേണ്ടി അവിശ്രമം പ്രവർത്തിച്ചവരായിരുന്നു സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ എന്ന അവേലത്ത് തങ്ങൾ. അതോടൊപ്പം കാന്തപുരം ഉസ്താദിനെ വാർത്തെടുക്കുന്നതിലും സുന്നീ പ്രസ്ഥാനത്തിന്റെ വളർച്ചയിലും തങ്ങളുടെ പങ്കും സ്വാധീനവും അവിസ്മരണീയമാണ്. 25ാം വയസ്സിൽ കാന്തപുരം മഹല്ലിന്റെ പ്രസിഡന്റായി വന്ന തങ്ങളിൽ പിന്നീട് കാണുന്നത് അക്ഷീണമുള്ള പ്രവർത്തനങ്ങളാണ്. തങ്ങളുടെ പ്രവർത്തന നേട്ടം അനുഭവിക്കാത്ത വീടുകൾ കാന്തപുരം മഹല്ലിൽ വിരളമായിരിക്കും. അധികം വികസനവും പുരോഗതിയും പ്രാപിച്ചിട്ടില്ലാത്ത അന്നാട്ടുകാർക്ക് ആവശ്യമായ ദിശാബോധം നൽകി വഴിനടത്തുകയായിരുന്നു അവർ. ഓരോ ഘട്ടങ്ങളിലും നാടിന്റെ അനിവാര്യമായ ആവശ്യങ്ങൾ സാധാരണക്കാരെയും പ്രമാണിമാരെയും ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. മൗലിദ് സദസ്സുകൾ, വഅ്ള് മജ്്ലിസുകൾ, വെള്ളിയാഴ്ചയിലെ പ്രഭാഷണങ്ങൾ തുടങ്ങിയവ യഥോചിതം ഉപയോഗപ്പെടുത്തി. അത് നാട്ടിൽ വലിയ ഫലമുണ്ടാക്കി. മഹല്ല് പ്രസിഡന്റെന്ന് പറഞ്ഞ് പള്ളിയുടെ കാര്യം മാത്രം നോക്കി നിൽക്കാതെ നാടിന്റെ വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ തങ്ങളുടെ ഇടപെടലുകളുണ്ടായി. മദ്റസയും ദർസും സ്ഥാപിച്ചു. നാട്ടുകാരുടെ സാന്പത്തിക അഭിവൃദ്ധി നാടിന്റെ ഉന്നമനത്തിന്റെ പ്രധാന ഘടകമാണെന്ന് മനസ്സിലാക്കി ഒരു വീട്ടിൽ നിന്ന് ഒരാൾ വിദേശത്തേക്ക് പോകുക എന്ന നിലയിൽ മഹല്ലിനെ സജ്ജമാക്കി.
1928 സെപ്തംബര്‍ 22 (1347 റബീഉല്‍ ആഖിര്‍ 7) നാണ് അവേലത്ത് തങ്ങളുടെ ജനനം. ആറ് വയസ്സ് പ്രായമായപ്പോള്‍ നാട്ടില്‍ പടർന്ന വസൂരി പിടിപെട്ട് പിതാവും അഞ്ച് കൂടപ്പിറപ്പുകളും വേര്‍പിരിഞ്ഞു. തങ്ങളുടെ ജീവിതത്തിലെ വലിയ വേദനയായിരുന്നു ഇത്. ഒരുപാട് കഷ്ടതകള്‍ അനുഭവിച്ച് വളര്‍ന്ന തങ്ങള്‍ അനാഥര്‍ക്കും അശരണര്‍ക്കും എന്നും ഒരു കൈത്താങ്ങാകാന്‍ ശ്രദ്ധിച്ചിരുന്നു. നാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടാണ് തങ്ങളുടെ കാർമികത്വത്തിലായി മുള്ഹിറുല്‍ ഇസ്‌ലാം സംഘം രൂപവത്കരിക്കുന്നത്. പാവങ്ങളുടെ ക്ഷേമത്തിനായി മസ്വാലിഹുല്‍ മുസ്‌ലിമീന്‍ എന്ന സംഘത്തിനും രൂപം നൽകി. ഈ രണ്ട് കൂട്ടായ്മകളും നാടിന്റെ മതപരവും സാമൂഹികവുമായ വളര്‍ച്ചയില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല.

പ്രാസ്ഥാനിക രംഗത്ത്, 1977ല്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗമായും 1989 മുതല്‍ ഉപാധ്യക്ഷനായും തങ്ങൾ സജീവമായിരുന്നു. സുന്നി മദ്‌റസാ പ്രസ്ഥാനത്തിന്റെ ക്രിയാത്മകത ലക്ഷ്യമാക്കി സ്ഥാപിച്ച വിദ്യാഭ്യാസ ബോര്‍ഡിന്റെ തുടക്കം മുതല്‍ക്കുള്ള അധ്യക്ഷന്‍ കൂടിയായിരുന്നു തങ്ങള്‍. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ സ്ഥലമെടുക്കൽ മുതൽ അത് പടുത്തുയർത്തുന്നതിലും എ പി ഉസ്്താദിന് താങ്ങും തണലുമായി കൂടെ നിന്നു. മർകസിന്റെ തുടക്കം തൊട്ട് വൈസ് പ്രസിഡന്റും 1987 മുതല്‍ പ്രസിഡന്റായും നടത്തിയ സേവനം അനിഷേധ്യമാണ്. കൊട്ടപ്പുറം സംവാദമുൾപ്പെടെ മറ്റനേകം ഖണ്ഡന വേദികളിൽ പണ്ഡിതർക്ക് പിന്തുണയേകി ധീരമായി നിലകൊണ്ടു. പ്രതിസന്ധി ഘട്ടങ്ങളില്‍ കാന്തപുരം ഉസ്താദിനും പ്രസ്ഥാനത്തിനും തങ്ങള്‍ നല്‍കിയ ഊര്‍ജം ചെറുതായിരുന്നില്ല.

വൈലത്തൂർ തങ്ങൾ പ്രവർത്തകർക്കും നേതാക്കൾക്കും ഒരാവേശമായിരുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും ധൈര്യം പകരുന്ന വ്യക്തിത്വം. സംഘടനയെയും പ്രവർത്തകരെയും അതിരറ്റു സനേഹിച്ച മഹാമനീഷി. സംഘടയുടെ പ്രധാന പരിപാടികളിലെല്ലാം നേരത്തേയെത്തി നേതൃപരമായ പങ്കുവഹിക്കും. പഠിച്ചെടുത്ത വിജ്ഞാനത്തോടൊപ്പം അനുഭവജ്ഞാനങ്ങളും കൂടി ചേർന്നപ്പോൾ ദീനിന്റെ കര്‍മമണ്ഡലങ്ങളില്‍ തങ്ങൾ സജീവ സാന്നിധ്യമാവുകയും അനുയായികള്‍ക്കും നേതാക്കൾക്കും ആവേശവും ആശ്വാസവുമായി. സയ്യിദാണ്, നേതാവാണ് എന്ന് കരുതി മാറി നിന്ന് വീക്ഷിക്കുകയല്ല. മറിച്ച് പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കൂടെച്ചേർന്ന് കൂടെ നിർത്തി സംഘടനക്ക് വേണ്ടി പ്രവർത്തിച്ചു.

കാന്തപുരം ഉസ്താദിന്റെ രണ്ടാം കേരള യാത്രയിൽ സജീവ സാന്നിധ്യമായിരുന്നു തങ്ങൾ. മിക്ക വേദികളിലും തങ്ങളുടെ പ്രസംഗമുണ്ടാകും. തങ്ങളുടെ തനതായ ശൈലിയിൽ ഇടക്ക് ഇംഗ്ലീഷും ഇതര ഭാഷകളും കലർത്തിയുള്ള പ്രസംഗം കേൾക്കാൻ സദസ്സ്യർക്കും ഉത്സാഹമായിരുന്നു. കാരന്തൂര്‍ മര്‍കസ് വൈസ് പ്രസിഡന്റ്, കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ്, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സുപ്രീം കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്നു.

സയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളുടെ പരമ്പരയിലാണ് തങ്ങളുടെ ജനനം. ചെറുപ്പം മുതലേ ആത്മ സംസ്‌കരണത്തിന്റെ സ്വഭാവ ശീലങ്ങള്‍ പ്രകടിപ്പിച്ച തങ്ങള്‍ ഇലാഹി മാര്‍ഗത്തിലായി ജീവിതം ചിട്ടപ്പെടുത്തി. തവനൂര്‍ മമ്മാലിക്കുട്ടി മുസ്‌ലിയാര്‍, പൂക്കയില്‍ കുഞ്ഞയമു മുസ്‌ലിയാര്‍, പട്ടര്‍കുളം കുഞ്ഞാലി മുസ്‌ലിയാര്‍, അയനിക്കര ഹാജി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരാണ് തങ്ങളുടെ പ്രധാന ഉസ്താദുമാർ.

സി എം വലിയുല്ലാഹി മടവൂര്‍, വേങ്ങര കോയപ്പാപ്പ, വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാര്‍, ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍, തണ്ണീര്‍ക്കോട് ചീയാമു മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് വൈലത്തൂർ തങ്ങളെ ആധ്യാത്മിക ലോകത്തേക്ക് കൈപ്പിടിച്ചുയർത്തിയ മഹാരഥൻമാർ. ഇവരിൽ സി എം വലിയുല്ലാഹിയുമായുള്ള സഹവാസമാണ് വലിയ രീതിയിൽ സ്വാധീനിച്ചത്. 18 വർഷത്തോളം തങ്ങൾ ഖാദിമായി അവരുടെ കൂടെ നടന്നു. ഖമറുൽ ഉലമാ കാന്തപുരം ഉസ്താദിനോടും പ്രസ്ഥാനത്തോടും അഭേദ്യമായ ബന്ധം വരുന്നത് ഈ സഹവാസത്തിലൂടെയാണ്. ആത്മീയ ചികിത്സാ രീതികളിലൊക്കെ തങ്ങള്‍ അവലംബമാക്കിയിരുന്നത് സി എം വലിയുല്ലാഹിയുെട വഴിയായിരുന്നു. അവരുടെ നിർദേശപ്രകാരമാണ് തങ്ങൾ കൊടുവള്ളിയിൽ ചികിത്സ തുടങ്ങുന്നതും. ലാളിത്യം, വിനയം, ആധ്യാത്മികമായ സ്വഭാവം തുടങ്ങിയ വിശേഷണങ്ങള്‍ സമ്മേളിച്ച പെരുമാറ്റമായിരുന്നു തങ്ങളുടേത്. പിതാവായും രോഗികൾക്ക് ആശ്രയമായും സുഹൃത്തായും അനേകം അശരണരുടെ ശരണകേന്ദ്രമായിരുന്നു മഹാൻ. ഇങ്ങനെയുള്ള മഹാന്മാരുടെ വിയോഗം ധാരാളം പേരെ നിരാലംബരാക്കുന്നുവെന്നതൊരു യാഥാർഥ്യമാണ്. അല്ലാഹു ഈ മഹാൻമാരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ.
.

സബ് എഡിറ്റർ, സിറാജ്

Latest