Connect with us

Kerala

ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവര്‍ മറ്റ് സാങ്കേതിക ക്ലാസ്സുകളില്‍ പങ്കെടുക്കേണ്ടതില്ല

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ഇത്തരം ഹജ്ജ് സാങ്കേതിക ക്ലാസ്സുകള്‍ കേരളത്തില്‍ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട് | ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് കമ്മിറ്റിയുടേതല്ലാത്ത മറ്റ് സാങ്കേതിക ക്ലാസ്സുകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഹജ്ജ് കമ്മിറ്റി.

ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്ക് അതിന്റെ നടപടിക്രമം വിശദീകരിക്കുന്ന ക്ലാസ്സ് ആണ് സാങ്കേതിക പഠന ക്ലാസ്സുകള്‍. ഇത്തരം സാങ്കേതിക പരിശീലന ക്ലാസ്സുകള്‍ ഏകദേശം 300 മുതല്‍ 500 പേര്‍ വരെ എന്ന രീതിയില്‍ നിയോജക മണ്ഡലം-ജില്ലാ തലങ്ങളിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ട്രെയിനര്‍മാര്‍ വഴി നടത്തിവരുന്നുണ്ട്.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ഇത്തരം ഹജ്ജ് സാങ്കേതിക ക്ലാസ്സുകള്‍ കേരളത്തില്‍ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ ചുമതലയും നടത്തിപ്പും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കാണ്. എന്നാല്‍, ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സുകള്‍ എന്ന രീതിയില്‍ പല സംഘടനകളും ക്ലാസ്സുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയേഴ്സും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും നല്‍കുന്ന പല ആധികാരിക വിവരങ്ങളും ഇത്തരം സംഘടനകള്‍ നടത്തുന്ന സാങ്കേതിക ക്ലാസ്സുകളില്‍ കൃത്യമോ വസ്തുതപ്രകാരമോ ആയിരിക്കണമെന്നില്ല. ഇത്തരം ക്ലാസ്സുകളില്‍ പോയി എന്തെങ്കിലും തെറ്റായ വിവരങ്ങള്‍ ലഭിക്കുന്നുവെങ്കില്‍ ഇത് സംബന്ധിച്ച് ഹജ്ജ് കമ്മിറ്റിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ലെന്ന് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.

ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവര്‍ക്ക് ഹജ്ജ് സംബന്ധിച്ച സാങ്കേതിക അറിവുകള്‍ എല്ലാ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കുന്നുണ്ട്. ഇവര്‍ മറ്റു സാങ്കേതിക ക്ലാസ്സുകളില്‍ പങ്കെടുക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ട്രെയിനര്‍മാരുമായോ ഓഫീസുമായോ ബന്ധപ്പെടണമെന്നും ഹജ്ജ് കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.