Uae
ഗസ്സയില്‍ പരുക്കേറ്റവര്‍ക്ക് അബൂദബിയില്‍ ചികിത്സ; യുഎഇ ദൗത്യത്തിന്റെ മുന്നണിയില്‍ മലയാളി സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും
ഡോ. ഷംഷീര്‍ വയലിലിന്റെ ബുര്‍ജീല്‍ ഹോള്‍ഡിങ്സും, റെസ്‌പോണ്‍സ് പ്ലസ് മെഡിക്കലുമാണ് സുപ്രധാന ദൗത്യത്തിന്റെ ഭാഗമായത്
അബൂദബി | ഗസ്സയില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനുള്ള യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇടപെടല്‍ അന്താരാഷ്ട്ര ശ്രദ്ധനേടുമ്പോള്‍ പ്രവാസികള്‍ക്ക് അഭിമാനമായി മലയാളി ആരോഗ്യസ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മുന്‍ നിര പങ്കാളിത്തം. പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ ബുര്‍ജീല്‍ ഹോള്‍ഡിങ്സും റെസ്‌പോണ്‍സ് പ്ലസ് ഹോള്‍ഡിങ്ങുമാണ് (ആര്‍പിഎം) ഇന്നലെ തുടക്കമായ ദൗത്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കൊപ്പം സുപ്രധാന പങ്കുവഹിക്കുന്നത്. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ നിന്നും ആര്‍പിഎമ്മില്‍ നിന്നുമുള്ള ഇരുപതോളം ആരോഗ്യ പ്രവര്‍ത്തകരാണ് വെള്ളിയാഴ്ച വൈകീട്ട് ഗസ്സ അതിര്‍ത്തിയിലെ അല്‍ അരിഷിലേക്ക് പുറപ്പെട്ടത്. ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി, എന്‍എംസി റോയല്‍ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും സംഘത്തിലുണ്ടായിരുന്നു. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റായ മലയാളി ഡോക്ടര്‍ സൈനുല്‍ ആബിദിന്‍ സംഘത്തില്‍ സുപ്രധാന പങ്കുവഹിച്ചു.
പരുക്കേറ്റ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യ നില പരിശോധിച്ച് പ്രാഥമിക പരിചരണം ഉറപ്പാക്കാനായിരുന്നു ഗസ്സ- ഈജിപ്ത് അതിര്‍ത്തിയിലെ അല്‍ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ ശ്രമം. ഇത് പൂര്‍ത്തിയാക്കിയ ശേഷം പരിക്കേറ്റവരെ പ്രത്യേക വിമാനത്തില്‍ കയറ്റി. രാവിലെ ഏഴേ മുക്കാലോടെയാണ് ഒന്‍പത് രോഗികളുമായി വിമാനം അബുദാബി വിമാനത്താവളത്തില്‍ എത്തിയത്. ഇവരെ സുരക്ഷിതരായി ആശുപത്രികളിലേക്ക് മാറ്റാന്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരും പാരാമെഡിക്കുകളും സന്നിഹിതരായിരുന്നു. ഒപ്പം സര്‍ക്കാര്‍, എമിറേറ്റ്‌സ് റെഡ്ക്രസന്റ് പ്രതിനിധികളും. ആര്‍പിഎമ്മിന്റെ ആംബുലന്‍സുകള്‍ പുലര്‍ച്ചെ തന്നെ റണ്‍വേയ്ക്ക് സമീപം നിലയുറപ്പിച്ചു. പ്രത്യേക വിമാനം ലാന്‍ഡ് ചെയ്തതോടെ കുട്ടികളെയും സ്ത്രീകളെയും ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി അടക്കമുള്ള ആശുപത്രികളില്‍ എത്തിച്ച ഇവര്‍ക്ക് അടിയന്തര പരിചരണവും തുടര്‍ ചികിത്സയും ആരംഭിച്ചു.
നിര്‍ണ്ണായക മാനുഷിക ദൗത്യത്തിലൂടെ ചികിത്സയും പിന്തുണയും നല്‍കിയ യുഎഇ നേതൃത്വത്തിന് ഗാസയില്‍ നിന്നെത്തിയവര്‍ നന്ദി പറഞ്ഞു. ചികിത്സയ്ക്കായി കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ അബുദാബിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.