Editors Pick
കണ്ണീർപ്പൂക്കളായി ആ ഒമാനി കുരുന്നുകൾ
ഒമാൻ സുൽത്താനേറ്റ് അനുഭവിച്ച ദുരന്തത്തിൻ്റെ ആഴം ലോകമെങ്ങുമുള്ള മനുഷ്യരുടെ കൂടി ദുഃഖമായി മാറുന്നു.ഈദ് അവധിക്ക് ശേഷം സ്‌കൂളിലേക്ക് എത്തിയ കുരുന്നുകൾ സഹപാഠികളെ കണ്ടതിൻ്റെ സന്തോഷത്തിനിടയിൽ ഇതൊരിക്കലും തങ്ങളുടെ ജീവിതത്തിൻ്റെ അവസാന ദിവസമാണെന്ന് ഓർത്തിരിക്കില്ല.
ഒമാൻ സുൽത്താനേറ്റ് അനുഭവിച്ച ദുരന്തത്തിൻ്റെ ആഴം ലോകമെങ്ങുമുള്ള മനുഷ്യരുടെ കൂടി ദുഃഖമായി മാറുന്നു. ബാഗുകൾ പായ്ക്ക് ചെയ്ത് സ്‌കൂളിൽ നിന്ന് മടങ്ങിയ അബ്ദാലി കുടുംബത്തിലെ 10 കുട്ടികളുടെ വിയോഗത്തിന്റെ വിവരമറിഞ്ഞ ലോകം കണ്ണീർ പൊഴിക്കുന്നു.
ഈദ് അവധിക്ക് ശേഷം സ്‌കൂളിലേക്ക് എത്തിയ കുരുന്നുകൾ സഹപാഠികളെ കണ്ടതിൻ്റെ സന്തോഷത്തിനിടയിൽ ഇതൊരിക്കലും തങ്ങളുടെ ജീവിതത്തിൻ്റെ അവസാന ദിവസമാണെന്ന് ഓർത്തിരിക്കില്ല.
വടക്കൻ അൽ-ഷർഖിയ ഗവർണറേറ്റിലെ സമദ് അൽ-ഷാൻ സംസ്ഥാനത്തെ താഴ്‌വരകൾ നിറഞ്ഞ പ്രദേശത്താണ് അൽ-ഹവാരി സ്‌കൂൾ ഫോർ ബേസിക് എജ്യുക്കേഷൻ സ്ഥിതി ചെയ്യുന്നത്. അസാധാരണ മഴയായിരുന്നു ഇവിടെ. അതിനാൽ തന്നെ സ്‌കൂൾ അധികൃതർ വിഷയം കൈകാര്യം ചെയ്യുകയും കാര്യങ്ങൾ സുസ്ഥിരമാകുന്നതുവരെ അവരുടെ വിദ്യാർത്ഥികളെ സ്‌കൂളിൽ തന്നെ നിർത്താൻ താൽപ്പര്യപ്പെടുകയും ചെയ്തു.
അതിനിടയിലാണ് ഒരു രക്ഷിതാവ് തൻ്റെ മകനെ പുറത്തേക്ക് കൊണ്ടുപോകാൻ അനുവാദം ചോദിക്കാൻ സ്‌കൂളിലെത്തിയത്. അവൻ്റെ വലിയ കുടുംബത്തിലെ ഒരു കൂട്ടം സമപ്രായക്കാരെയും കൂടെ കൂട്ടാൻ കൂടി അദ്ദേഹം താല്പര്യപ്പെട്ടു. വാഹനത്തിൻ്റെ ശേഷി അവർക്ക് അനുയോജ്യമല്ലെങ്കിലും അവരൊക്കെ വാഹനത്തിൽ കുത്തിത്തിരുകി ഇരുന്നു. ഡ്രൈവറെ കൂടാതെ 13 വിദ്യാർത്ഥികൾ കയറിയ വാഹനം അവരുടെ കൊച്ചുവാർത്തമാനങ്ങൾക്കിടയിൽ വെള്ളത്തിലൂടെ വീടിനെ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. പൊടുന്നനെയാണ് കുത്തിയൊലിക്കുന്ന വേദിയിലേക്ക് വാഹനം ചെന്നുപെടുന്നത്.
ഫോർ വീൽ കാറിന് അതിനെ മറികടക്കാൻ കഴിയുമെന്ന് തന്നെയാണ് ഡ്രൈവർ കരുതിയത്. പക്ഷേ വാഹനം റോഡിന് നടുവിൽ വെള്ളത്തിൽ കുടുങ്ങി. വലിയ പാറക്കല്ലുകളടക്കം ഒഴുകിവന്ന മലവെള്ളത്തിൽ കാർ താഴ്‌വരയിൽ നിന്ന് മരണത്തിന്റെ നീർക്കയത്തിലേക്ക് ഒഴുകിവീണു. കരയിൽ കണ്ടുനിന്ന ആളുകളുടെ നിലവിളികൾക്കിടയിൽ കാർ പലതവണ മറിഞ്ഞു. കുഞ്ഞുങ്ങൾ പലരും വെള്ളത്തിലേക്ക് തെറിച്ചുവീണു. മൂന്നു പേരെ ആളുകൾക്ക് രക്ഷപ്പെടുത്താനായി. മറ്റുള്ളവർ കുത്തിയൊഴുകിയ വെള്ളത്തിനൊപ്പം അല്ലാഹുവിന്റെ അലംഘനീയമായ വിധിയിലേക്ക് നീങ്ങി.
വൈകുന്നേരത്തോടെയാണ് 9 കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായ അവസാനത്തെ ആളെ കുട്ടിയ തേടി രാവിലെ തന്നെ തിരച്ചിൽ സംഘങ്ങൾ പുറപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം അവനെയും മരിച്ച നിലയിൽ കണ്ടെത്തി.
ഒമാനിൽ നാം കേൾക്കുക പോലും ചെയ്തിട്ടില്ലാത്ത അബ്ദാലി കുടുംബത്തിന്റെ ആ കുഞ്ഞുങ്ങളെ ചിത്രങ്ങളിലൂടെ കണ്ടിട്ടേ ഉള്ളൂ നമ്മളെല്ലാവരും. എങ്കിലും അവരുടെ വിയോഗം നമ്മുടെയൊക്കെ കണ്ണുകളെ നനക്കുന്നതായി മാറുന്നു. അതിന്റെ പേരാണല്ലോ മനുഷ്യത്വമെന്നത്.