Connect with us

articles

ആ ഉത്തരവുകള്‍ ഭരണഘടനാവിരുദ്ധം

ഭരണഘടനാപരമായി പല നിലയില്‍ പ്രശ്‌നവത്കരിക്കപ്പെടുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകളുടെ ഉത്തരവുകള്‍ നീതിപീഠം സ്റ്റേ ചെയ്തു എന്നത് ആശ്വാസകരമാണ്. അപ്പോഴും കോടതി വിധി പൂര്‍ണാര്‍ഥത്തില്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തില്‍ സന്ദേഹം ബാക്കിയാകുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് കാണാതിരിക്കാനാകില്ല.

Published

|

Last Updated

തീവ്രദേശീയത ഉണര്‍ത്തിയും അപരത്വം നിര്‍മിച്ചുമൊക്കെയാണ് വലതുപക്ഷ ഭരണകൂടങ്ങള്‍ വീഴ്ചകളും ജനരോഷവും മറികടക്കാന്‍ ശ്രമിക്കാറുള്ളത് എന്നകാര്യം ഒരു രഹസ്യമല്ല. അത്തരത്തിലൊരു അപരത്വ നിര്‍മിതിയുടെ സാഹചര്യം സൃഷ്ടിക്കല്‍ ഉത്തര്‍ പ്രദേശിലെ ഹിന്ദു ഹൃദയ സാമ്രാട്ടിന് മുമ്പില്‍ ഇപ്പോള്‍ ഒരനിവാര്യതയാണെന്ന് യു പിയിലെ മാറിയ രാഷ്ട്രീയ സാഹചര്യം പറഞ്ഞുതരും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ ബി സി വിഭാഗങ്ങള്‍ സംസ്ഥാനത്തെ വോട്ടിംഗ് പാറ്റേണില്‍ കറുത്ത കുതിരകളായി മാറിയതിന്റെ ഫലശ്രുതി കൂടിയായി വേണം യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിയില്‍ നിന്നുയരുന്ന എതിര്‍പ്പുകളെയും കാലുവാരല്‍ ശ്രമങ്ങളെയും മനസ്സിലാക്കാന്‍. കന്‍വാര്‍ യാത്ര ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. പതിറ്റാണ്ടുകളായി ശിവഭക്തര്‍ അത് നടത്തുന്നു. മുസ്‌ലിംകളും ബുദ്ധമതാനുയായികളും ക്രൈസ്തവരുമെല്ലാം പല നിലയില്‍ യാത്ര കടന്നു പോകുന്ന പാതയോരങ്ങളില്‍ അതിന്റെ ഭാഗമായി മാറുന്നുമുണ്ട്. അപ്പോള്‍ പിന്നെ കന്‍വാര്‍ തീര്‍ഥാടകര്‍ കടന്നു പോകുന്ന വഴികളിലെ ഭക്ഷണശാലകളുടെ ഉടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് പൊടുന്നനെ ഉത്തരവ് ഇറങ്ങിയതിന് പിന്നില്‍ ലക്ഷ്യങ്ങള്‍ പലതുണ്ട്.

സര്‍ക്കാറിലും ബി ജെ പിയിലും യോഗി ആദിത്യനാഥിന് അടിപതറുന്നുവെന്ന, യു പിയില്‍ നിന്ന് സമീപകാലത്ത് ഉണ്ടായിരിക്കുന്ന ഏറ്റവും മൂല്യമുള്ള വാര്‍ത്തയെ വഴിതിരിച്ചുവിടുകയെന്നത് പുതിയ വിവാദത്തിന് പിന്നിലെ പ്രധാന താത്പര്യമാണ്. ലക്ഷക്കണക്കിന് കന്‍വാര്‍ തീര്‍ഥാടകര്‍ അല്ലലും അലട്ടലുമില്ലാതെ, ചെറുകിട കച്ചവടക്കാരായ മുസ്‌ലിംകളുടെ അടുത്തു നിന്ന് ഭക്ഷണം കഴിച്ചും സാധനങ്ങള്‍ വാങ്ങിയുമൊക്കെ കടന്നുപോകുന്ന യാത്രയില്‍ വര്‍ഗീയ വിഭജനത്തിന്റെ വിഷം കലര്‍ത്തുക. അതില്‍ രാഷ്ട്രീയ ഇന്ധനം തേടുകയെന്നത് മറ്റൊരു ലക്ഷ്യവുമാണ്.

കൃത്യമായ മതവിവേചനമാണ് ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകള്‍ നടത്തുന്നതെന്നതിനാല്‍ സുപ്രീം കോടതി വിവാദ ഉത്തരവുകള്‍ സ്റ്റേ ചെയ്യുകയായിരുന്നു.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് പുറത്താണ് ഭക്ഷണശാലകള്‍ ഉടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവുകള്‍ ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകള്‍ പുറപ്പെടുവിച്ചത്. അവക്ക് ഭരണഘടനാപരമായ നിലനില്‍പ്പുണ്ടാകില്ലെന്ന് ഉത്തരവിട്ടവര്‍ക്ക് തന്നെ നല്ല ബോധ്യമുണ്ടായിരിക്കണം. അതുകൊണ്ടാണ് കടയുടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിച്ചാല്‍ കൊള്ളാമെന്ന തരത്തില്‍ നിര്‍ദേശ രൂപത്തിലുള്ള ഉത്തരവ് ഉത്തര്‍ പ്രദേശ് ഭരണകൂടം പുറപ്പെടുവിച്ചത്. പക്ഷേ അങ്ങാടിയില്‍ സംഭവിച്ചത് മറ്റൊന്നാണ്.

ഉത്തരവ് പാലിക്കാത്തവര്‍ക്ക് പിഴയിട്ടു. പാലിച്ചവരാണെങ്കില്‍ വര്‍ഗീയ പ്രചാരണങ്ങളുടെ ഊക്കില്‍ സാമ്പത്തിക ബഹിഷ്‌കരണത്തിന് വിധേയരാകുകയും ചെയ്തു. യോഗി ഭരണകൂടം ആഗ്രഹിച്ച കാര്യം നടക്കുമ്പോള്‍ തന്നെ പ്രശ്‌നം കോടതി കയറുന്ന പക്ഷം ഉത്തരവ് ഐച്ഛിക സ്വഭാവത്തിലുള്ളതാണെന്ന് പറയാനും കഴിയും. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതും അതു തന്നെ. പക്ഷേ ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എന്‍ ഭാട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് യോഗി ഭരണകൂടത്തിന്റെ കൗടില്യത്തെ പൊളിച്ചത് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞുകൊണ്ടായിരുന്നു. തങ്ങളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് കടയുടമകളെ നിര്‍ബന്ധിക്കാനാകില്ല. അതേസമയം ഏത് തരം ഭക്ഷണങ്ങളാണ് വില്‍ക്കുന്നതെന്ന് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പ്. ഭക്ഷ്യസുരക്ഷ, ഗുണനിലവാരം, മതനിരപേക്ഷത എന്നീ മൂന്ന് മാനദണ്ഡങ്ങളെ മുന്‍നിര്‍ത്തിയാണ് സുപ്രീം കോടതി വിവാദ ഉത്തരവുകളുടെ ഉള്ളടക്കങ്ങളെ പരിശോധിച്ചതെന്ന് കാണാം. തുടര്‍ന്ന് ഭക്ഷണത്തില്‍ മതം കലര്‍ത്തേണ്ടെന്ന തീര്‍പ്പിലേക്ക് നീതിപീഠമെത്തിയെങ്കില്‍ അത് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് നേര്‍ക്കുള്ള ഒരു കൊട്ടാണ്.

ഭക്ഷണശാലകള്‍ ഉടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിറക്കാന്‍ പോലീസ് കമ്മീഷണര്‍മാര്‍ക്ക് എന്തധികാരം എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. അതിനുള്ള അധികാരം ഒരു നിയമവും പോലീസ് കമ്മീഷണര്‍മാര്‍ക്ക് വകവെച്ചു നല്‍കുന്നില്ല എന്നതാണ് സത്യം. ഭക്ഷണശാലകളുടെ ഉടമസ്ഥരെ തിരിച്ചറിയുക വഴി അവര്‍ക്കെതിരെ സാമ്പത്തിക ബഹിഷ്‌കരണം സാധ്യമാക്കാന്‍ പോലീസിനെ ഉപയോഗപ്പെടുത്തുകയായിരുന്നു ഉത്തര്‍ പ്രദേശ് ഭരണകൂടം.
2006ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌ ആക്ടിന് കീഴില്‍ 2020ല്‍ കൊണ്ടുവന്ന ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌ (ലേബലിംഗ് ആന്‍ഡ് ഡിസ്‌പ്ലേ) റെഗുലേഷന്‍സ് പ്രകാരം ഭക്ഷണശാലകള്‍ വില്‍ക്കുന്നത് സസ്യാഹാരമാണോ അല്ലേ എന്നതും ഭക്ഷണത്തിലെ കലോറി സംബന്ധമായ വിവരങ്ങളുമാണ് പ്രദര്‍ശിപ്പിക്കേണ്ടത്. ഭക്ഷണശാലകളുടെ ഉടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല.

ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകളുടെ ഉത്തരവുകള്‍ പ്രഥമദൃഷ്ട്യാ ഭരണഘടനാവിരുദ്ധമാണെന്ന് ഗ്രഹിക്കാവുന്നതാണ്. വിവാദ ഉത്തരവുകള്‍ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടുകയും മതാടിസ്ഥാനത്തില്‍ വിവേചനം നടത്തുകയും ചെയ്യുന്നതിനാല്‍ ഭരണഘടനയുടെ 14, 15 അനുഛേദങ്ങള്‍ യഥാക്രമം വകവെച്ചു നല്‍കുന്ന തുല്യതക്കുള്ള അവകാശത്തെയും വിവേചനത്തിനെതിരെയുള്ള അവകാശത്തെയും ലംഘിക്കുന്നതാണത്.
ഏത് തരത്തിലുമുള്ള തൊട്ടുകൂടായ്മയെയും നിരോധിക്കുക മാത്രമല്ല അത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുക കൂടി ചെയ്യുന്നുണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ 17ാം അനുഛേദം. അതും മൗലികാവകാശം തന്നെ. കച്ചവട മേഖലയില്‍ നിന്ന് മുസ്‌ലിംകളെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തുമ്പോള്‍ ഭരണഘടന വിലക്കുകയും ക്രിമിനല്‍ കുറ്റമാണെന്ന് അസന്നിഗ്ധം പ്രഖ്യാപിക്കുകയും ചെയ്ത തൊട്ടുകൂടായ്മയുടെ അഴുക്കു ഭാണ്ഡമാണ് അവിടെ തുറക്കപ്പെടുന്നത്.

കടയുടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കേണ്ടി വരുമ്പോള്‍ അതവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവരെ അപകടപ്പെടുത്താനും ടാര്‍ഗറ്റ് ചെയ്യാനും ഇടയാക്കുന്ന നടപടിയുമാണത്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന പ്രധാന മൗലികാവകാശങ്ങളിലൊന്നാണ് 21ാം അനുഛേദത്തിലെ ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം. പ്രസ്തുത മൗലികാവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതക്കുള്ള അവകാശമെന്നതിനാല്‍ വിവാദ ഉത്തരവുകള്‍ ഭരണഘടനാപരമാകുന്നതെങ്ങനെയാണ്.

ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനുള്ള അവകാശവും മൗലികാവകാശം തന്നെ. നമ്മുടെ ഭരണഘടനയുടെ 19(1)(ജി) അനുഛേദം അതുറപ്പ് വരുത്തുമ്പോള്‍ ഒരു പ്രത്യേക വിഭാഗത്തിന് പ്രസ്തുത അവകാശം നിഷേധിക്കാനുള്ള ശ്രമം കൂടിയാണ് വിവാദ ഉത്തരവുകള്‍. മുസ്‌ലിംകളെ ജോലിക്ക് നിര്‍ത്തിയ കടയുടമകള്‍ അവരെ ഒഴിവാക്കുന്നതിന് നിര്‍ബന്ധിതരാകുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്നിരിക്കെ ഭരണഘടനാപരമായി പല നിലയില്‍ പ്രശ്‌നവത്കരിക്കപ്പെടുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകളുടെ ഉത്തരവുകള്‍ നീതിപീഠം സ്റ്റേ ചെയ്തു എന്നത് ആശ്വാസകരമാണ്. അപ്പോഴും കോടതി വിധി പൂര്‍ണാര്‍ഥത്തില്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തില്‍ സന്ദേഹം ബാക്കിയാകുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് കാണാതിരിക്കാനാകില്ല.

Latest