Connect with us

Cover Story

ആ അപൂർവ കത്തുകൾ

ജസീന്ത ആർഡന് ആഇശാ ശമീർ എന്ന വീട്ടമ്മ ആദ്യം എഴുതി അയച്ചത് ഒരു കവിതയായിരുന്നു. അതിന് 'നിന്റെ വാക്കുകൾ ഇഷ്ടപ്പെടുന്നു' എന്ന് മറുപടി വന്നു. ബറാക് ഒബാമക്ക് അദ്ദേഹത്തിന്റെ ലീഡർഷിപ്പ് ക്വാളിറ്റിയെ അനുമോദിച്ചു കൊണ്ട് കത്തെഴുതിയപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി കൊടുത്തു. 'അടുത്ത തലമുറകൾക്ക് വെളിച്ചം വീശാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നമ്മുടെ ചരിത്രത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ചെറുപ്പക്കാരാണ് ആ മാറ്റം കൊണ്ടുവന്നത്. ഡോ. കിംഗ് ആൻഡ് മാൽക്കം എക്സ്, ഡൊളോറസ് ഹെർട്ടാ, സീസർ സെവക്സ്‌ എന്നിവർ യുവത്വമാണ്. ഇവർക്ക് ഒരുപാട് മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്'.

Published

|

Last Updated

കത്തുകൾ പല സന്ദേശങ്ങളും നമുക്ക് നൽകുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി തന്റെ മകളും പിന്നീട് പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിക്ക് എഴുതിയ “ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയതാണ്. 1928ൽ ഇന്ദിരയെന്ന പത്ത് വയസ്സുകാരിക്കാണ് അന്ന് ജവഹർലാൽ നെഹ്റു കത്തെഴുതിയത്.
മലയാളത്തിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1864 – 1913) തന്റെ ചങ്ങാതിമാർക്ക് പദ്യരൂപത്തിൽ എഴുതിയ കത്തുകൾ സമാഹരിച്ചതോടെയാണ് കത്ത് സാഹിത്യ രംഗത്ത് നൂതന അധ്യായത്തിന് മലയാളത്തിൽ തുടക്കമായത്.

വയലാർ രാമവർമ ലളിതാംബിക അന്തർജനത്തിനയച്ച കത്തുകൾ, കുട്ടികൃഷ്ണ മാരാർ പലർക്കെഴുതിയവ, കുമാരനാശാന്റെ പദ്യ – ഗദ്യ ഇംഗ്ലീഷ് സന്ദേശങ്ങൾ, ആനന്ദി രാമചന്ദ്രന് ഒ വി വിജയൻ എഴുതിയ കത്തുകൾ, വൈക്കം മുഹമ്മദ് ബഷീർ സുഹൃത്തുക്കൾക്കെഴുതിയ കത്തുകൾ, എസ് കെ പൊെറ്റക്കാട്ട്, എൻ മോഹനൻ എന്നിവർ എഴുതിയ കത്തുകൾ എന്നിവ മലയാളത്തിൽ പുസ്തകരൂപത്തിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്.കത്തുകൾ കാലഘട്ടം, സംഭവങ്ങൾ, എഴുത്തുകാരുടെ ചിന്തകൾ, വീക്ഷണങ്ങൾ, ശൈലികൾ, ഭാഷാ സവിശേഷതകൾ, ബന്ധങ്ങളിലെ പ്രത്യേകതകൾ ഇവയെല്ലാം മനസ്സിലാക്കിത്തരുന്നു.

ഇവിടെയാണ് മലയാളിയായ ഒരു വീട്ടമ്മ ന്യൂസിലാൻഡ് പ്രധാനമന്ത്രിക്കയച്ച കത്തും അവരുടെ സൗഹൃദവും ശ്രദ്ധ നേടുന്നത്. ജസീന്ത ആർഡൻ, ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രി. പൂർണമായ പേര് ജസിന്ത കേറ്റ് ലോറൽ ആർഡൻ. 1980 ജൂലൈ 26 ന് ജനിച്ചു. 40 വയസ്സിനുള്ളിൽ ന്യൂസിലാൻഡിൽ രണ്ടാമതും പ്രധാനമന്ത്രിയായി. പേഴ്സെടുക്കാൻ മറന്ന വീട്ടമ്മയുടെ വീട്ടുസാധനങ്ങളുടെ ബില്ലടച്ച പ്രധാനമന്ത്രിയാണ് ജസിന്ത ആർഡൻ. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന ചോദ്യത്തിന് അവർ പറഞ്ഞ ഉത്തരം “ഒരമ്മയായത് കൊണ്ട്’ എന്നാണ്. സ്വന്തം ജനതയെ ഹൃദയം കൊണ്ടും പ്രവൃത്തികൊണ്ടും ചേർത്തുനിർത്തുന്നതാണ് അവരുടെ ഒരോ പെരുമാറ്റവും. കൂടാതെ ന്യൂസിലൻഡിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ ഇരയായവരെ ചേർത്തുനിർത്തി , ഹൃദയം കൊണ്ട് വിങ്ങിപ്പൊട്ടി ആ ജനതക്ക് ആശ്വാസം പകർന്ന പ്രധാനമന്ത്രികൂടിയാണ് ജസീന്ത ആർഡൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശൈലജ ടീച്ചറും അവരെ അഭിനന്ദിച്ചിട്ടുണ്ട്. അഭിനന്ദനമറിയിച്ച് ശൈലജ ടീച്ചർ ഇങ്ങനെ കുറിച്ചു: “നിങ്ങൾ തകർപ്പൻ വിജയം ആഘോഷിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുകയും, പുതിയ തുടക്കത്തിന് ആശംസ നേരുകയും ചെയ്യുന്നു. കൊവിഡ് മഹാമാരിയെ നിങ്ങൾക്ക് ഫലപ്രദമായി എങ്ങനെ നേരിടാൻ കഴിഞ്ഞുവെന്നത് കാണാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. വെല്ലുവിളികളെ വനിതാ നേതാക്കൾ എങ്ങനെയാണ് മറികടക്കുന്നതെന്ന് ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്തതിന് നിങ്ങൾക്ക് നന്ദി’.
പട്ടാമ്പിക്കാരിയായ ആഇശാ ശമീർ എന്ന വീട്ടമ്മയാണ് ഇങ്ങേ തലക്കലെ ആ സൗഹൃദത്തിലെ കണ്ണി. മൂന്ന് മക്കളുടെ മാതാവ്. ഒപ്പം ഭാരതിയാർ സർവകലാശാലക്കു കീഴിൽ എം എ ഇംഗ്ലീഷ് വിദ്യാർഥിനി കൂടിയാണ്. ഇവർ തമ്മിൽ കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കത്തുകളിലൂടെ ബന്ധം തുടരുന്നു. ഏറ്റവും ഒടുവിൽ ആഇശാ ശമീറിന് വന്ന കത്താണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്.
ഒറ്റപ്പാലം പഴയ ലക്കിടി പടിഞ്ഞാറേക്കര പരേതനായ റഫീഖിന്റെയും റുഖിയയുടെയും മകളാണ് ആഇശാ ശമീർ. ചെറുപ്പത്തിൽ പത്രം വായിച്ച് നൽകിയിരുന്ന ആഇശയെ അന്താരാഷ്ട്ര വാർത്തകളിലേക്ക് കൂട്ടിക്കൊണ്ടുപോയത് വല്യുപ്പയാണ്. അക്കാലത്താണ് വൈക്കം മുഹമ്മദ് ബഷീറിനെയും കുഞ്ചൻ നമ്പ്യാരെയും കമല സുരയ്യയേയുമൊക്കെ വായിക്കാൻ തുടങ്ങിയതും.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആഇശാ ശമീറിന് തന്റെ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് മാതാവ് റുഖിയയാണ് എല്ലാത്തിനുമുണ്ടായിരുന്നത്. പഠിക്കുന്ന കാലത്ത് എഴുത്ത്, ചിത്രം വര എന്നിവയിൽ താത്പര്യമുണ്ടായിരുന്നു. അന്ന് കഥാപുസ്തകങ്ങളിലൊക്കെ തന്നെ വന്നിരുന്ന ചിത്രകഥകളെ പിൻപറ്റി സ്വന്തമായി ചിത്രങ്ങളും കഥകളുമൊക്കെ എഴുതി പുസ്തകങ്ങൾക്ക് രൂപം നൽകിയിരുന്നു. പ്രസംഗ മത്സരങ്ങളിലും പങ്കെടുത്തിരുന്നു. സമ്മാനങ്ങളും ലഭിച്ചിരുന്നു. വിവാഹിതയായതിന് ശേഷം കുറച്ച് കാലം ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനായില്ല. അന്ന് അവ പലപ്പോഴും സ്വയം കുറിച്ചുവെക്കുകയാണ് ചെയ്തത്.

ആഇശാ ശമീറിന് പല പ്രമുഖരിൽ നിന്നും ലഭിച്ച മറുപടി കത്തുകൾ

എന്നാൽ, വീണ്ടും പഠനം തുടങ്ങിയതോടെ എഴുത്തിന് വഴിതുറന്നു. ഇതിനിടെയാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്തയുടെ ഒരു പ്രസംഗം വാർത്തയിൽ കണ്ടത്. ഇതേ തുടർന്നാണ് അവരുമായി ഇ മെയിലിലൂടെ കത്തെഴുതി തുടങ്ങിയത്. ജസീന്ത ആർഡന് ആഇശാ ശമീർ ആദ്യം എഴുതി അയച്ചത് ഒരു കവിതയായിരുന്നു. അതിന് “നിന്റെ വാക്കുകൾ ഇഷ്ടപ്പെടുന്നു’ എന്ന് മറുപടി വന്നു. ബറാക് ഒബാമക്ക് അദ്ദേഹത്തിന്റെ ലീഡർഷിപ്പ് ക്വാളിറ്റിയെ അനുമോദിച്ചു കൊണ്ട് കത്തെഴുതിയപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി കൊടുത്തു. ” അടുത്ത തലമുറകൾക്ക് വെളിച്ചം വീശാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നമ്മുടെ ചരിത്രത്തിൽ നിരവധി മാറ്റം വന്നിട്ടുണ്ട്. ചെറുപ്പക്കാരാണ് ആ മാറ്റം കൊണ്ടുവന്നത്. ഡോ. കിംഗ് ആൻഡ് മാൽക്കം എക്സ്, ഡൊളോറസ് ഹെർട്ടാ, സീസർ സെവക്സ്‌ എന്നിവർ യുവത്വമാണ്. ഇവർക്ക് ഒരുപാട് മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്’. ബറാക് ഒബാമ – മിഷേൽ ഒബാമ ദന്പതികളുടെ മകളായ സാക്ഷയുടെ പിറന്നാളിന് അയച്ചിരുന്ന കവിതക്കും ആഇശക്ക് മറുപടി കിട്ടി. ഇന്ത്യയുടെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ ഭാഷയെ കുറിച്ചുള്ള പ്രസംഗം കേട്ട് അദ്ദേഹത്തിനും കത്തെഴുതിയിരുന്നു. ന്യൂസിലാൻഡ് പ്രധാനമന്ത്രിയായ ജസിന്ത ആർഡൻ അപ്പപ്പോൾ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾ മനസ്സിലാക്കി അതിനെ പ്രശംസിച്ചു കൊണ്ടും മറ്റുമാണ് കത്തെഴുതാറുള്ളത്.

ന്യൂസിലൻഡിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് പ്രധാനമന്ത്രി ജസീന്ത ആർഡനിന് ഇ മെയിൽ അയച്ചത്. ദിവസങ്ങൾക്കുള്ളിൽ jar dem@ ministers. govt.nz എന്ന വിലാസത്തിൽ നിന്നുള്ള ഇ മെയിൽ കിട്ടുകയും ചെയ്തു. അതൊരു നീണ്ട കുറിപ്പായിരുന്നു. അതാണ് ആഇശക്ക് ഏറെ ആഹ്ലാദം നൽകിയത്. യൂട്യൂബിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയുമാണ് പ്രമുഖരുടെ പ്രസംഗങ്ങൾ കേൾക്കാറുള്ളത്.

ഇന്റർനാഷനൽ മോഡൽ യുണൈറ്റഡ് നേഷൻ (I M U N ) ഓൺലൈൻ കോൺഫറൻസിൽ ആഇശാ ശമീർ പങ്കെടുക്കാറുണ്ട്. വിവിധ രാജ്യങ്ങളിലെ വിവിധ വിഷയങ്ങളാണ് ഇതിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇതിൽ, കുട്ടികളും സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങൾ, സ്ഥലത്ത് ജോലിക്കാർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു. രണ്ട് ദിവസത്തെ കോൺഫറൻസ് ഉച്ചക്ക് 12 മുതൽ ഏഴ് വരെയാണ് നടക്കുക. പരിമിതികൾക്കുള്ളിൽ തന്റെ ആശയം പ്രചരിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കാറുണ്ടെന്നും അവർ പറയുന്നു.

ഹോം ലൈബ്രറിയുടെ ഉദ്ഘാടനം പട്ടാമ്പി നഗരസഭാ വൈസ് പ്രസിഡന്റ് ടി പി ഷാജി നിർവഹിക്കുന്നു.

വീട്ടിലിരുന്ന് കൊണ്ടും പരിമിത സാഹചര്യത്തിൽ നിന്നുകൊണ്ടും സമൂഹത്തിൽ ചിലതൊക്കെ ചെയ്യാൻ സ്ത്രീകൾക്ക് കഴിയും എന്ന് കാണിക്കുക കൂടിയാണ് ആഇശ ശമീർ എന്ന ഈ വീട്ടമ്മ ചെയ്യുന്നത്. എല്ലാ പിന്തുണയുമായി ഭർത്താവും കുടുംബാംഗങ്ങളും ഒപ്പമുണ്ട്. പരസ്പരം നേരിൽ കാണാത്തവരും രണ്ട് രാജ്യക്കാരും തമ്മിലുള്ള ആശയവിനിമയം അതാണ് ജസീന്ത ആർഡൻ എന്ന പ്രധാനമന്ത്രിയും ആഇശാ ശമീറും തമ്മിൽ നടന്നത്. മാസങ്ങൾക്കു മുമ്പ് ജസീന്ത ആർഡണിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആഇശാ ശമീർ സ്വന്തം വീട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഒരു ലൈബ്രറി തുറന്നു. ഇതിനായി പല നല്ല സൗഹൃദങ്ങളും അവരോടൊപ്പം നിന്നു. 1500 ലേറെ പുസ്തകങ്ങൾ ഇപ്പോൾ ലൈബ്രറിയിലുണ്ട്. ഇത് അയ്യായിരമാക്കി ഉയർത്താനും അതുവഴി അക്ഷരവെളിച്ചം വിപുലപ്പെടുത്താനുമാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
.