International
അക്രമസംഭവങ്ങളിൽ ഉത്തരവാദികളായവർക്ക് തക്ക ശിക്ഷ നൽകണം: ഷെയ്ഖ് ഹസീന
വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിൽ താത്കാലിക് അഭയം തേടിയ ശേഷം ആദ്യമായാണ് ഹസീനയുടെ പ്രതികരണം പുറത്തുവരുന്നത്.
ന്യൂഡൽഹി | ബംഗ്ലാദേശിൽ കഴിഞ്ഞ മാസം നടന്ന അക്രമസംഭവങ്ങളിൽ ഉത്തരവാദികളൊയവർക്ക് തക്ക ശിക്ഷ നൽകണമെന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. ജൂലൈയിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധീ പേർ ആക്രമണങ്ങൾക്കിരയായി. ഭീകരാക്രമണത്തിന്റെ ഇരകളായി ജീവൻ നഷ്ടപ്പെട്ടുവരുടെ ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നുവെന്നും ഹസീന വ്യക്തമാക്കി. ആഗസ്റ്റ് 15ന് പിതാവ് ശൈഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതിന്റെ വാർഷികാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ശൈഖ് ഹസീന നിലപാട് വ്യക്തമാക്കിയത്. ഹസീനയുടെ പ്രസ്താവന മകൻ സജീബ് വസീദ് ജോയ് ആണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിൽ താത്കാലിക് അഭയം തേടിയ ശേഷം ആദ്യമായാണ് ഹസീനയുടെ പ്രതികരണം പുറത്തുവരുന്നത്.
‘1975 ആഗസ്റ്റ് 15നാണ് ബംഗ്ലദേശ് പ്രസിഡന്റ് ബംഗബന്ധു ശൈഖ് മുജീബുർ റഹ്മാൻ ക്രൂരമായി കൊല്ലപ്പെട്ടത്. അതോടൊപ്പം തന്റെ മാതാവ് ബീഗം ഫാസിലാത്തുന്നിസ, എന്റെ സഹോദരങ്ങളും സ്വാതന്ത്രസമര സേനാനികളുമായ ശൈഖ് കമൽ, ശൈഖ് ജമാൽ, കമാലിന്റെ ഭാര്യ സുൽത്താന കമൽ, ജമാലിന്റെ ഭാര്യ റോസി ജമാൽ, വെറും 10 വയസ് മാത്രമുണ്ടായിരുന്ന എന്റെ ഇളയ സഹോദരൻ ശൈഖ് റസൽ, എന്റെ ഏക അമ്മാവൻ ശൈഖ് നാസർ തുടങ്ങിയവർ ക്രൂരമായി കൊല്ലപ്പെട്ടു. അന്ന് നടന്ന ക്രൂരമായ കൊലപാതകങ്ങളുടെ ഓർമകൾ പേറുന്ന ബംഗബന്ധു ഭവൻ ഞങ്ങൾ രണ്ട് സഹോദരിമാർ ബംഗാളിലെ ജനങ്ങൾക്കായി സമർപ്പിച്ചു. ഓർമകൾക്കായി ഒരു മ്യൂസിയം പണി കഴിപ്പിച്ചു. രാജ്യത്തെ സാധാരണക്കാർ മുതൽ വിവിധ ദേശങ്ങളിൽ നിന്നുള്ള ഉന്നതർ വരെ ആ വീട്ടിലെത്തി. സ്വാതന്ത്ര്യത്തിന്റെ സ്മാരകമായിരുന്നു ആ മ്യൂസിയം. നമ്മുടെ അതിജീവനത്തിന്റെ അടിസ്ഥാനമായിരുന്ന ആ സ്മാരകം ഇന്ന് ചാരമായി മാറിയിരിക്കുന്നു. വികസ്വര രാജ്യം എന്ന പേര് ലോകത്ത് ബംഗ്ലാദേശ് നേടിയിരുന്നു. ഇന്നത് മങ്ങുകയാണ്. ആരുടെ നേതൃത്വത്തിലാണോ നാം സ്വതന്ത്രരാഷ്ട്രമെന്ന ആത്മാഭിമാനം നേടുകയും സ്വയം തിരിച്ചറിയുകയും സ്വതന്ത്രരാജ്യം നേടുകയും ചെയ്തത് ആ രാഷ്ട്രപിതാവ് ഇന്ന് അങ്ങേയറ്റം അപമാനിക്കപ്പെട്ടു. അവർ അപമാനിച്ചത് ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെ കൂടിയാണ്. ബംഗ്ലദേശ് ജനതയോട് താൻ നീതി ആവശ്യപ്പെടുന്നു. ആഗസ്റ്റ് 15ന് നിങ്ങൾ ദേശീയ വിലാപദിനം ആചരിക്കണം’ – ശൈഖ് ഹസീന ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും ആറ് പ്രമുഖർക്കുമെതിരെ കഴിഞ്ഞ ദിവസം കൊലക്കുറ്റത്തിന് കോടതി കേസെടുത്തിരുന്നു.