Connect with us

ലോകം

ആ വെളിപ്പെടുത്തലുകൾ

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച് ജയിൽ മോചിതനായിട്ട് രണ്ടാഴ്ച പിന്നിട്ടു. അമേരിക്ക ഉൾപ്പെടെ ലോകത്തെ പ്രധാനപ്പെട്ട ഭരണകൂടങ്ങളെയും രാഷ്ട്രീയ നേതാക്കളെയും മുൾമുനയിൽ നിർത്തിയ ആയിരക്കണക്കിന് റിപ്പോർട്ടുകളാണ് വിക്കിലീക്സ് പുറത്തുവിട്ടത്. ഭരണകൂടങ്ങൾ നടത്തി വരുന്ന അഴിമതികളും രാഷ്ട്രീയ നേതാക്കളുടെ വഴിവിട്ട ജീവിതങ്ങളും വ്യക്തി ജീവിതത്തിലെ വീഴ്ചകളും തുടങ്ങി മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിച്ചു നിന്ന പലതും ജൂലിയൻ അസാഞ്ച് സധീരം പുറത്തു കൊണ്ടുവന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരക്കണക്കിന് ഫയലുകൾ, റിപ്പോർട്ടുകൾ, ഡോക്യുമെൻ്റുകൾ, ചിത്രങ്ങൾ, ദൃശ്യങ്ങൾ തുടങ്ങി ലോകം സാകൂതം ശ്രദ്ധിച്ച ശ്രദ്ധേയമായ ഇടപെടലുകളാണ് വിക്കിലീക്സിലൂടെ ജൂലിയൻ അസാഞ്ച് എന്ന മീഡിയ ആക്ടിവിസ്റ്റ് നടത്തിയത്.

Published

|

Last Updated

2006 ലാണ് ജൂലിയൻ അസാഞ്ച് വിക്കിലീക്സ് സ്ഥാപിക്കുന്നത്. ഒരു ലാഭേച്ഛയുമില്ലാതെ പ്രവർത്തിക്കുന്ന ഈ മാധ്യമസ്ഥാപനം ലോകത്തെ ഞെട്ടിച്ച നിരവധി രഹസ്യ രേഖകളാണ് പുറത്തുവിട്ടത്. പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളിലൂടെയും മാധ്യമ പങ്കാളിത്തത്തിലൂടെയുമാണ് വിക്കിലീക്സ് പ്രവർത്തിച്ചത്.

അജ്ഞാത ഉറവിടങ്ങൾ നൽകിയ രഹസ്യ രേഖകളും വിശദാംശങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും വിവിധ സർക്കാറുകൾക്ക് വെല്ലുവിളിയായി. പ്രത്യേകിച്ച്, അമേരിക്കക്ക്. പടിഞ്ഞാറൻ മാധ്യമങ്ങൾ മൂടിവെച്ച പലതും വിക്കിലീക്സ് സധീരം പ്രസിദ്ധീകരിച്ചു. പടിഞ്ഞാറൻ മാധ്യമ ലോകത്ത് സ്വതന്ത്ര സ്വഭാവത്തോടെ പ്രവർത്തിക്കാൻ ശേഷിയുള്ള ഒരു പുതിയ ലോകക്രമത്തെക്കുറിച്ചായിരുന്നു ജൂലിയൻ അസാഞ്ച് ആലോചിച്ചത്. അതിന് സാമാന്യം നല്ല ധൈര്യം ആവശ്യമായിരുന്നു.
വിക്കിലീക്സ് വെളിപ്പെടുത്തലുകൾ ലോകത്തുടനീളമുള്ള മാധ്യമങ്ങൾ ഏറ്റെടുത്തു.

വിവിധ സർക്കാറുകളെ താങ്ങിനിന്നിരുന്ന മുഖ്യധാരാ മാധ്യമങ്ങൾക്ക് പോലും ഇതിൽ നിന്ന് മാറിനിൽക്കാൻ സാധിച്ചില്ല. അത്രമേൽ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് തെളിവുകളുടെ പിൻബലത്തിൽ ജൂലിയൻ അസാഞ്ച് പുറത്തുവിട്ടത്. ഈ വെളിപ്പെടുത്തലുകളിൽ ഏറ്റവും പ്രമാദമായ പത്തെണ്ണം താഴെ വായിക്കാം.

ഐവറി കോസ്റ്റിലെ വിഷ മാലിന്യം

2009ൽ, സിംഗപ്പൂർ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ ട്രാഫിഗുര കമ്മീഷൻ ചെയ്ത ഒരു ആഭ്യന്തര റിപ്പോർട്ട് പ്രകാരം ഐവറി കോസ്റ്റിൽ ഹാനികരമായ രാസവസ്തുക്കൾ ഉൾപ്പെടെ 5,40,000 ലിറ്റർ വിഷ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പൊതുജനങ്ങളുടെ ചർമത്തിൽ മാരകമായ പൊള്ളലുണ്ടാക്കുന്നു എന്ന വെളിപ്പെടുത്തൽ വിക്കിലീക്സ് പ്രസിദ്ധീകരിച്ചപ്പോൾ ലോകം അതെറ്റെടുത്തു. കണ്ണ്, ശ്വാസകോശം എന്നിവയെ ബാധിക്കുകയും ഛർദി വയറിളക്കം ബോധക്ഷയം, മരണം തുടങ്ങിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ഈ മാലിന്യ പ്രശ്നം 1,08,000 പേരെ ബാധിച്ചിരുന്നതായി ഐക്യരാഷ്ട്രസഭ പിന്നീട് റിപ്പോർട്ട് ചെയ്തു.

കേബിൾഗേറ്റ് ഫയലുകൾ

2010ൽ, വിക്കിലീക്സ് അതിന്റെ പബ്ലിക് ലൈബ്രറി ഓഫ് യു എസ് ഡിപ്ലോമസി നിർമിക്കാൻ തുടങ്ങി. 1966 മുതൽ 2010 വരെ 274 കോൺസുലേറ്റുകളിലേക്കും എംബസികളിലേക്കും അമേരിക്ക നടത്തിയ രഹസ്യ ആശയ വിനിമയ രേഖയായിരുന്നു ഇത്. കോൺസുലേറ്റുകളിലെയും എംബസികളിലെയും സഹപ്രവർത്തകർ, ഉദ്യോഗസ്ഥർ, ബന്ധുക്കൾ തമ്മിലുള്ള 3,326,538 യുഎസ് ഡിപ്ലോമാറ്റിക് കേബിളുകളാണ് പൊതുജനങ്ങൾക്ക് ലഭ്യമാകുംവിധം വിക്കിലീക്സ് പുറത്തുവിട്ടത്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെ ഏറെ കുഴക്കിയ ഈ വെളിപ്പെടുത്തലുകൾ അമേരിക്കൻ ഭരണ സംവിധാനത്തിന്റെ വീഴ്ചകൾ പുറം ലോകത്തെത്തിച്ചു.

അഫ്ഗാനിസ്ഥാൻ യുദ്ധ ഫയലുകൾ

2010 ഒക്ടോബറിൽ, അഫ്ഗാനിസ്ഥാനിലെ യു എസ് ആക്രമണത്തെക്കുറിച്ചുള്ള 90,000 രഹസ്യരേഖകൾ വിക്കിലീക്സ് പുറത്തുവിട്ടു. സെപ്തംബർ 11 ആക്രമണത്തെത്തുടർന്ന് 2001ൽ അമേരിക്ക അഫ്ഗാനിസ്ഥാൻ യുദ്ധം ആരംഭിച്ചു, ഒടുവിൽ 2021ൽ അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു. വാഷിംഗ്ടൺ സ്വീകരിച്ച വിശ്വാസത്തിന്റെ പൊതു നിലപാടിൽ നിന്ന് വളരെ വ്യത്യസ്തമായ യുദ്ധത്തിന്റെയും താലിബാനെതിരെയുള്ള യു എസ് പോരാട്ടത്തിന്റെയും വിശദ വിവരങ്ങളാണ് പുറത്തുവിട്ട രേഖകൾ. ഇതിൽ യു എസ് സൈന്യം നടത്തിയ യഥാർഥ ക്രൂരതകളും വീഴ്ചകളും വിശദമായി പറയുന്നുണ്ട്.

ഇറാഖ് യുദ്ധ ഫയലുകൾ

ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ഏകദേശം 400,000 രഹസ്യ യു എസ് ഫയലുകൾ 2010 ഒക്ടോബറിൽ വിക്കിലീക്സ് പരസ്യമാക്കി. 2003-ൽ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ കീഴിലുള്ള യു എസ് സർക്കാർ ഇറാഖ് ആക്രമിച്ചു. 2004 മുതൽ 2009 വരെയുള്ള രേഖകൾ, അഫ്ഗാനിസ്ഥാൻ, ഇറാഖ് യുദ്ധങ്ങളിലെ സിവിലിയൻ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട എണ്ണത്തേക്കാൾ വളരെ കൂടുതലായിരുന്നു. യഥാർഥത്തിൽ മരണപ്പെട്ട സാധാരണക്കാരുടെ എണ്ണം അമേരിക്ക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നില്ല. യു എസ് സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ ലംഘനങ്ങളെയാണ് ഈ ഫയലുകൾ തുറന്നുകാട്ടുന്നത്.

കൊലാറ്ററൽ കൊലപാതകം

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ അമേരിക്ക നടത്തിയ ഹെലികോപ്ടർ ബോംബാക്രമണം തീർത്തും ക്രൂരമായിരുന്നു എന്ന വിക്കിലീക്സ് വെളിപ്പെടുത്തൽ ശ്രദ്ധേയമായിരുന്നു. റോയിട്ടേഴ്‌സ് പത്രപ്രവർത്തകരായ നമീർ നൂർ എൽദീൻ, സയീദ് ചമാഗ് എന്നിവരുൾപ്പെടെ പന്ത്രണ്ട് നിരായുധരായ ആളുകൾ കൊല്ലപ്പെട്ട യു എസ് ഹെലികോപ്ടർ ആക്രമണം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അമേരിക്കയിൽ തന്നെ ജനങ്ങൾ സർക്കാറിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. വിക്കിലീക്‌സ് വെളിപ്പെടുത്തലുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്.
ഹെലികോപ്ടറിന്റെ കോക്ക്പിറ്റിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിൽ, വിക്കിലീക്‌സ് പറയുന്നതനുസരിച്ച്, 2007 ജൂലൈയിൽ ബാഗ്ദാദിലെ ഒരു ചത്വരത്തിൽ ഒരാവശ്യവുമില്ലാതെ ബോംബിടുന്ന ദൃശ്യങ്ങളാണ് കാണിക്കുന്നത്.

ഗ്വാണ്ടനാമോ ഫയലുകൾ

2011 ഏപ്രിലിൽ യുഎസ്, യൂറോപ്യൻ മീഡിയ ഔട്ട്‌ലെറ്റുകളെ സാരമായി ബാധിക്കുന്ന ആയിരക്കണക്കിന് പേജുകളുള്ള രഹസ്യ രേഖകൾ പുറത്തിറക്കി. ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിൽ ജനീവ കൺവെൻഷനിലെ തീരുമാനങ്ങൾ എങ്ങനെയാണ് പതിവായി ലംഘിക്കപ്പെടുന്നുവെന്ന് ഈ രേഖകൾ കണ്ടെത്തി. അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ ആണ് ഗ്വാണ്ടനാമോ തടവറയിൽ നടന്നത്. 2002 മുതൽ 2008 വരെയുള്ള രേഖകൾ 800 തടവുകാരെ ലൈംഗിക ദുരുപയോഗം ചെയ്തതായി കാണിക്കുന്നു. അവരിൽ ചിലർ 14 വയസ്സ് മാത്രം പ്രായമുള്ളവരാണ്. ഈ തടവുകാരിൽ 150 പേരെങ്കിലും നിരപരാധികളായ അഫ്ഗാനികളോ പാക്കിസ്ഥാനികളോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സെപ്തംബർ 11 ആക്രമണത്തെ തുടർന്ന് “ഭീകരതക്കെതിരായ യുദ്ധം’ എന്ന പേരിൽ അമേരിക്ക നടത്തിയ നരനായാട്ടിൽ ഭ്രാന്തമായ രഹസ്യാന്വേഷണ ശേഖരണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് വർഷങ്ങളോളം തടവിലാക്കപ്പെടുകയും ചെയ്ത നിരപരാധികളായിരുന്നു ഇവർ.

സിറിയ ഫയലുകൾ

2006 ആഗസ്റ്റ് മുതൽ 2012 മാർച്ച് വരെ ബഷർ അൽ-അസാദ് ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്ന 680 സിറിയൻ രാഷ്ട്രീയ വ്യക്തികളിൽ നിന്നും മന്ത്രാലയങ്ങളിൽ നിന്നുമുള്ള രണ്ട് ദശലക്ഷം ഇമെയിലുകൾ വിക്കിലീക്സ് പരസ്യമാക്കാൻ തുടങ്ങിയത് 2012 ജൂലൈയിലായിരുന്നു. സിറിയൻ പൗരന്മാർക്കെതിരായ നിരീക്ഷണത്തിലും അടിച്ചമർത്തലിലും യൂറോപ്യൻ കമ്പനികളുടെ വ്യക്തമായ പങ്കാളിത്തം ഇമെയിലുകളിൽ കണ്ടെത്തി.

എൻ എസ് എ ചാരവൃത്തി

2015ൽ വിക്കിലീക്സ് പുറത്തുവിട്ടത് ലോകത്തെ ഏറ്റവും സുരക്ഷിതം എന്ന് അമേരിക്ക പറയുന്ന തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സുരക്ഷാ വീഴ്ചയായിരുന്നു. യു എസ് ഇലക്‌ട്രോണിക് ചാര സംഘടനയായ നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻ എസ് എ)ക്കുള്ളിൽ സംഭവിച്ച അനധികൃത തടസ്സങ്ങളുടെ വിശദാംശങ്ങളാണ് വിക്കിലീക്സ് പുറത്തുവിട്ടത്. 2015 മുതൽ 2017 വരെ പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളുടെ ഒരു പരമ്പരയിൽ, ജപ്പാൻ, യൂറോപ്യൻ യൂനിയൻ, ഇസ്്റാഈൽ, ജർമനി, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് യു എസ് എ ചാരപ്പണി ചെയ്യുന്നത് പതിവാണെന്നും വിക്കിലീക്സ് വെളിപ്പെടുത്തി. കൂടാതെ, മുൻ യു എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും ജർമൻ ചാൻസലർ ആംഗല മെർക്കലും തമ്മിലുള്ള ആശയവിനിമയം എൻ എസ് എ തടഞ്ഞുവെന്നും വിക്കിലീക്സ് ഈ ഫയലിൽ വെളിപ്പെടുത്തി.

സോണി പിക്ചേഴ്സ് ഹാക്കിംഗ്

സോണി പിക്‌ചേഴ്‌സ് എന്റർടൈൻമെന്റിൽ നടന്ന സൈബർ ആക്രമണത്തിന്റെ വിശദാംശങ്ങൾ 2015ൽ വിക്കിലീക്‌സ് പുറത്തുവിട്ടു. കുറഞ്ഞത് 1,70,000 ഇമെയിലുകളും 20,000 ലധികം രേഖകളും അടങ്ങിയതാണ് ഹാക്കിംഗ് രേഖകൾ. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനെ കൊല്ലാനുള്ള അമേരിക്കൻ സാങ്കൽപ്പിക ഗൂഢാലോചനയെക്കുറിച്ചുള്ള ചിത്രം സോണി റിലീസ് ചെയ്യാൻ തീരുമാനിച്ച അതേ സമയത്താണ് ചോർച്ച നടന്നത്. ആമി ആഡംസ്, ജെന്നിഫർ ലോറൻസ് തുടങ്ങിയ വനിതാ താരങ്ങൾക്ക് 2013ലെ ക്രൈം കോമഡി ചിത്രമായ അമേരിക്കൻ ഹസിൽ തങ്ങളുടെ പുരുഷ എതിരാളികളേക്കാൾ കുറഞ്ഞ പ്രതിഫലമാണ് ലഭിച്ചതെന്നും ഇമെയിലുകൾ വെളിപ്പെടുത്തി.

യു എസ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഇമെയിലുകൾ

2016ൽ യു എസ് ഡെമോക്രാറ്റിക് പാർട്ടി ദേശീയ നേതൃത്വത്തിന്റെ 19,252 ഇമെയിലുകളും 8,034 അറ്റാച്ച്‌മെന്റുകളും വിക്കിലീക്‌സ് പുറത്തുവിട്ടു. പാർട്ടിയുടെ പ്രിൻസിപ്പൽ കമ്മിറ്റിയായ ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റി (ഡി എൻ സി) 2016ലെ പ്രസിഡന്റ്തിരഞ്ഞെടുപ്പിൽ നിഷ്പക്ഷത പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തുവെങ്കിലും ഹിലരി ക്ലിന്റന് അനുകൂലമായി ബെർണി സാൻഡേഴ്സ് പ്രവർത്തിച്ചതായി ഇമെയിലുകൾ തുറന്നുകാട്ടി. ചെയർ, സി എഫ് ഒ, സി ഇ ഒ, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ, ഫിനാൻസ് ഡയറക്ടർ എന്നിവരുൾപ്പെടെ അഞ്ച് ഉന്നത ഡി എൻ സി ഉദ്യോഗസ്ഥരുടെ രാജിക്ക് കാരണമായി ഈ വെളിപ്പെടുത്തൽ.

Chief Creative Director at Epistemic Breaks