Connect with us

Kerala

സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം; മന്ത്രി വീണാ ജോര്‍ജ്

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നു വരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജിലേയും സംഘങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു. ജില്ലാ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. എല്ലാ ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി. കൂടുതല്‍ രോഗികളെത്തിയാല്‍ പരിചരണമൊരുക്കാനുള്ള സംവിധാനങ്ങളുമൊരുക്കി. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിച്ചു വരുന്നു. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ കുട്ടികളുടേയും ജീവനക്കാരുടേയും പട്ടിക തയ്യാറാക്കി നിരീക്ഷണം ശക്തമാക്കി.

സാധ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും ആരോഗ്യ വകുപ്പ് ചെയ്തിട്ടുണ്ട്. നെയ്യാറ്റിന്‍കര നഗരസഭയും നഗരസഭയുടെ ആരോഗ്യ വിഭാഗവും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. പ്രദേശത്ത് അവബോധം ശക്തിപ്പെടുത്തി. പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും നിരീക്ഷണം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Latest