cover story
അതിജയിച്ച ആ ദിനങ്ങൾ
അന്ന് കോഴിക്കോട്ടുകാര്‍ക്കൊപ്പം കേരളം കൂടെനിന്നപ്പോള്‍ ആ ജനതയുടെ മനോവീര്യം തകര്‍ക്കാന്‍ തക്കവണ്ണം കെല്‍പ്പില്ലാതെ പോയി വൈറസുകള്‍ക്കും കുപ്രചാരങ്ങള്‍ക്കുമൊക്കെ. നിപ്പയില്‍ കോഴിക്കോട് കാണിച്ച മാതൃക പിന്നെ കൊവിഡില്‍ കേരളം മുഴുവന്‍ കൂട്ടുപിടിച്ചു. ഭരണകൂടങ്ങള്‍ക്കൊപ്പം ജനങ്ങളും ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരും ഒരുമിച്ചു നിന്നതോടെ അകലങ്ങള്‍ക്കിടയിലെ മനസ്സടുപ്പത്തിനിടയില്‍ അധികകാലം പിടിച്ചുനില്‍ക്കാന്‍ ഒരു കീടാണുവിനും സാധിക്കുകയില്ല.
അഞ്ച് വര്‍ഷം, തുടര്‍ച്ചയെന്നോണം കൃത്യമായ ഇടവേളകളില്‍ കടന്നാക്രമിക്കുന്ന നിപ്പ വൈറസുകള്‍. അതിനിടയില്‍ കൊറോണ വൈറസ് വ്യാപനവും. പേരും മരുന്നുമില്ലാത്ത രോഗാവസ്ഥ. രോഗികളും മരണപ്പെട്ടവരും ദിനംപ്രതി എണ്ണം കൂടുന്നു. വഴികള്‍ വിജനമാകുന്നു. പുറത്തിറങ്ങാന്‍ ഗതിയില്ലാതെ വീടുകള്‍ക്കുള്ളില്‍ ഭയം കൂട്ടുപിടിച്ച ദിനരാത്രങ്ങള്‍. മുഖം മറയ്ക്കപ്പെട്ട, തമ്മില്‍ അകലം കൂടപ്പെട്ട ഉള്‍ക്കൊള്ളാനാകാത്തക്ക പുതിയ രീതികള്‍. ഒരു ജനതയുടെ മനോനില തകര്‍ക്കാന്‍ ഇതിനപ്പുറം എന്തുവേണം. അന്ന് കോഴിക്കോട്ടുകാര്‍ക്കൊപ്പം കേരളം കൂടെനിന്നപ്പോള്‍ ആ ജനതയുടെ മനോവീര്യം തകര്‍ക്കാന്‍ തക്കവണ്ണം കെല്‍പ്പില്ലാതെ പോയി വൈറസുകള്‍ക്കും കുപ്രചാരങ്ങള്‍ക്കുമൊക്കെ. നിപ്പയില്‍ കോഴിക്കോട് കാണിച്ച മാതൃക പിന്നെ കൊവിഡില്‍ കേരളം മുഴുവന്‍ കൂട്ടുപിടിച്ചു. ഭരണകൂടങ്ങള്‍ക്കൊപ്പം ജനങ്ങളും ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരും ഒരുമിച്ചു നിന്നതോടെ അകലങ്ങള്‍ക്കിടയിലെ മനസ്സടുപ്പത്തിനിടയില്‍ അധികകാലം പിടിച്ചുനില്‍ക്കാന്‍ ഒരു കീടാണുവിനും സാധിച്ചുമില്ല, അതൊട്ടു സാധിക്കുകയുമില്ല.
സംസ്ഥാനത്ത് നാലാമതും നിപ്പ സ്ഥിരീകരിച്ചിരിക്കെ മുന്‍കരുതലുമായി ഒട്ടേറെ മുന്നില്‍ തന്നെയാണ് കോഴിക്കോട് ജില്ല. 2018 ല്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വൈറസിനെ പിടിച്ചു കെട്ടിയെങ്കില്‍ നിപ്പ ഭീതിയെ ഇത്തവണയും തുരത്താം എന്ന ശുഭാപ്തി വിശ്വാസത്തിലാണ് നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും. അധിക വ്യാപനശേഷിയുള്ള വൈറസ് അല്ലാത്തതിനാല്‍ തന്നെ ക്രിയാത്മകമായ ഇടപെടലിലൂടെ അന്ന് നിപ്പയെ സര്‍ക്കാര്‍ ആരോഗ്യവിഭാഗം നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മരണപ്പെട്ടവരില്‍ നിപ്പ സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ വീണ്ടും ആശങ്കയുടെ ഇടനാഴിയില്‍ അകപ്പെട്ടിരിക്കുകയാണ്. ജില്ലയില്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം കുറവാണെങ്കിലും എത്ര പേരിലേക്ക് രോഗം വ്യാപിച്ചു എന്നറിയാന്‍ ഇനിയും സമയമെടുക്കും. അതിനാല്‍ തന്നെ നമ്മള്‍ അത്രയും ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. കോഴിക്കോട് ജില്ലക്കകത്താണ് രോഗത്തിന്റെ പ്രഭവകേന്ദ്രമെങ്കിലും കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളും രോഗവ്യാപനത്തിന്റെ ഭീതിയുടെ പരിധിയില്‍ തന്നെയാണ്.
തുടരുന്ന ജാഗ്രത
നിപ്പ വീണ്ടും ഭീഷണിയുയര്‍ത്തുമ്പോള്‍ സംസ്ഥാന ആരോഗ്യവകുപ്പ് ജാഗ്രതയിലാണ്. എന്നാല്‍, ഈ പകര്‍ച്ചവ്യാധി ഇടവേളകളില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ശാസ്ത്രീയ സാഹചര്യം എന്ത് എന്നത് സംബന്ധിച്ച് ആരോഗ്യവിഭാഗത്തിന് ഇപ്പോഴും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. വവ്വാലുകള്‍ വഴിയാണ് വൈറസ് വ്യാപിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമാകുന്നുണ്ടെങ്കിലും ഉറവിടം സംബന്ധിച്ച് വ്യക്തവും കൃത്യവുമായ ഉത്തരം കിട്ടുന്നില്ല. 2018ല്‍ 17 പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് വ്യാപനം ഉണ്ടായപ്പോഴും കൃത്യമായ ഉറവിടം കണ്ടെത്തുന്നതില്‍ വിജയിച്ചിരുന്നില്ല. ചങ്ങരോത്ത് സൂപ്പിക്കടയില്‍ സാബിത്ത് വവ്വാലുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്ന കാര്യം മാത്രമെ വ്യക്തമായിരുന്നുള്ളു. സാബിത്തിന്റെ സഹോദരന്‍ സ്വാലിഹും പിതാവും ബന്ധുവായ സ്ത്രീയും അന്ന് മരണമടഞ്ഞു.
എന്നാല്‍ ഇത്തവണ തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം സാധ്യമായി. എന്നിട്ടും രോഗികളുടെ സമ്പര്‍ക്കത്തില്‍ പെട്ടവരെ കണ്ടെത്തുക എന്നത് ദുഷ്കരമായി തീര്‍ന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ച ആക്ടീവ് കേസുകളുടെ എണ്ണം നാലായി മാറിയിട്ടുണ്ട്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ചെറുവണ്ണൂര്‍ സ്വദേശിയും ഉള്‍പ്പെടും. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ വരുമോയെന്നാണ് അറിയാനുള്ളത്. മരുതോങ്കര, ആയഞ്ചേരി എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ ചങ്ങരോത്തിന് ഏറെക്കുറെ സമീപമുള്ള പ്രദേശങ്ങളാണിത്. മരുതോങ്കര കള്ളാട് ഇടവലത്ത് മുഹമ്മദാലി(49), ആയഞ്ചേരി മംഗലാട് മമ്പിളിക്കുനി ഹാരിസ്(40) എന്നിവരുമാണ് മരിച്ചത്. മുഹമ്മദാലി ആഗസ്റ്റ് 30നാണ് മരിച്ചത്. പനി ബാധിച്ച് ചികിത്സ തേടിയതായിരുന്നു. കരള്‍രോഗം കൂടിയുള്ളതിനാല്‍ മരണത്തില്‍ അസ്വാഭാവികത തോന്നിയില്ല. ഹാരിസിന്റെ മരണശേഷം സ്രവം പൂനൈയിലെ വൈറോളജി ഇൻസ്റ്റിട്യൂട്ടില്‍ പരിശോധിച്ചിരുന്നു. ഇതോടെയാണ് നിപ്പ സ്ഥിരീകരിച്ചത്. മുഹമ്മദാലിയുടെ ഒമ്പത് വയസ്സുള്ള മകന്‍ ചികിത്സയിലാണ്. രോഗത്തെ പിടിച്ചുനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഹാരിസിന്റെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ തേടുകയുണ്ടായി. മരിച്ച രണ്ടുപേരും എവിടെയെല്ലാം സഞ്ചരിച്ചു എന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയുണ്ടായി. ആയഞ്ചേരി, മരുതോങ്കര പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ജില്ലയില്‍ പൊതുപരിപാടികള്‍ പത്ത് ദിവസത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. നിപ്പയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി മരുതോങ്കരയിലും ആയഞ്ചേരിയിലും ആരോഗ്യവിഭാഗം പരിശോധന നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
എന്തുകൊണ്ട് നിപ്പ: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
നിപ്പ എന്ന പകര്‍ച്ചവ്യാധി മൂന്നാംവട്ടവും കോഴിക്കോട്ട് തന്നെ സ്ഥിരീകരിച്ചതിനാല്‍ ജന്തുജന്യരോഗം എന്ന നിലയില്‍ ഒരേ പ്രദേശത്ത് നിപ്പ പടര്‍ന്നുപിടിക്കുന്നത് ആരോഗ്യവകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. 2018ല്‍ 17 പേരാണ് നിപ്പ ബാധിച്ച് മരിച്ചത്. 2021ല്‍ നിപ്പയുടെ സാന്നിധ്യം ഉണ്ടായെങ്കിലും ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗിയുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക കുറവായതാണ് അന്ന് രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കിയത്. ഇത്തവണയും രോഗം കൂടുതല്‍ പേരിലേക്ക് എത്താതിരിക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങിയത് ആശ്വാസമാവുകയാണ്. നിപ്പ വീണ്ടും എത്തിയ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. രോഗാണുക്കള്‍ ഒരു പ്രത്യേക സ്ഥലത്ത് തമ്പടിക്കുന്നു എന്ന് കാണുമ്പോള്‍ അവിടെയുള്ള ജനങ്ങളുടെ പ്രതിരോധശേഷി കുറയുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. നിപ്പയുടെ കാര്യത്തില്‍ അതാണ് സംഭവിക്കുന്നത്. രോഗം പടര്‍ന്നുപിടിക്കാന്‍ അനുയോജ്യമായ സാഹചര്യവും ഉണ്ടാവുന്നു എന്നതാണ് പ്രധാനം. വൈറസിന്റെ ഘടനയില്‍ ഉണ്ടാവുന്ന മാറ്റവും മനസ്സിലാക്കേണ്ടതാണ്. വൈറസ് ചിലപ്പോള്‍ മാരകമായ ജനിതക മാറ്റത്തിന് വിധേയമാവുന്നുണ്ട്. നിപ്പ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് മാത്രമേ പകരുകയുള്ളു. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടാവുന്നവര്‍ക്കാണ് രോഗബാധയുണ്ടാവുന്നത്. കൊവിഡ് പോലെ വായുവിലൂടെ പകരില്ല. അതുകൊണ്ടുതന്നെ വ്യാപനം വേഗത്തിലാവില്ല. എന്നാല്‍ രോഗത്തിന്റെ പ്രഹരം ശക്തമായതിനാല്‍ മരണനിരക്ക് കൂടുന്നു. ജന്തുക്കള്‍ വഴിയും പക്ഷികള്‍ വഴിയും രോഗങ്ങള്‍ പടരുന്നതിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കാലാവസ്ഥാവ്യതിയാനം, വനനശീകരണം, നഗരവത്കരണം എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്. ആവാസ വ്യവസ്ഥകള്‍ നഷ്ടമാവുന്നതാണ് വവ്വാല്‍ ഉള്‍പ്പെടെയുള്ളവയെ രോഗവാഹകരാക്കുന്ന സാഹചര്യം ഉണ്ടാക്കുന്നത്.
ബംഗ്ലാദേശിലും മലേഷ്യയിലും നിപ്പ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ 2001ലാണ് നിപ്പയുടെ സാന്നിധ്യം ആദ്യം കണ്ടത്. പിന്നീട് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ 2013വരെ തുടര്‍ന്നു. ബംഗ്ലാദേശില്‍ തലച്ചോറിനെയാണ് നിപ്പ ബാധിച്ചിരുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018ല്‍ കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ചപ്പോഴും രോഗികളുടെ മസ്തിഷ്കത്തെയാണ് ബാധിച്ചതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. വനനശീകരണത്തിന്റെ ഫലമായി നാട്ടില്‍ ഇറങ്ങുന്ന വവ്വാലുകള്‍ കടിച്ചുപേക്ഷിക്കുന്ന പഴങ്ങള്‍ മനുഷ്യര്‍ ഭക്ഷിക്കാന്‍ ഇടയാകുന്നത് വൈറസ് വ്യാപനത്തിന് സഹായിക്കുന്നു എന്നാണ് കണ്ടെത്തല്‍. വവ്വാല്‍ ഉള്‍പ്പെടെയുള്ള ജീവികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുകയാണ് ഇത്തരം രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ചെയ്യേണ്ടത്. ഏതായാലും നിപ്പയുടെ ഉത്ഭവം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം ഇനിയും നടക്കേണ്ടതുണ്ട്.
2018 ലെ നിപ്പ…
നിപ്പയെന്ന് കേള്‍ക്കുമ്പോള്‍ ചങ്ങരോത്ത്കാര്‍ ഇന്നും ഞെട്ടലോടെയാണ് ആ ദിനം ഓര്‍ക്കുന്നത്. കേട്ട് കേള്‍വിപോലുമില്ലാത്ത ഒരു രോഗത്തിന് മുന്നില്‍ ആ ഗ്രാമം പകച്ച് നിന്ന നാളുകള്‍. ഉറ്റവര്‍ക്ക് ഒരു നോക്ക് പോലും കാണാന്‍ കഴിയാതെയുള്ള അവസാന യാത്ര. 2018 ല്‍ പതിനേഴ് പേരാണ് മരണത്തിന് കീഴടങ്ങിയത്. സൂപ്പിക്കടയില്‍ മൂസയുടെ മകന്‍ മുഹമ്മദ് സാബിത്തിന്റെതായിരുന്നു ആദ്യമരണം. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സ്വാലിഹും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. ഒരു കുടുംബത്തിലെ നാല് പേരെ നിപ്പ തട്ടിയെടുത്തു. വളച്ചുകെട്ടിയ വീട്ടില്‍ ഉമ്മ മറിയവും ഇടയമകന്‍ മുത്തലിബും മാത്രം ബാക്കിയായി. സ്വാലിഹിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മസ്തിഷ്‌ക ജ്വരമാണെന്ന ആശങ്കയില്‍ അടിയന്തര ശുശ്രൂഷക്കായി പ്രവേശിച്ചപ്പോഴാണ് നിപ്പാ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംശയം ഉണ്ടാകാന്‍ ഇടയായത്. തുടര്‍ന്ന് പനിയുമായി വീട്ടില്‍ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകള്‍ ശേഖരിച്ച് മണിപ്പാല്‍ ഇന്‍സ്റ്റിട്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചതിലൂടെ രോഗം സ്ഥിരീകരിച്ചു. മെയ് 20നാണ് ഇവരില്‍ നിന്നുള്ള സാമ്പിളുകള്‍ മണിപ്പാലിലെ വൈറസ് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പരിശോധനക്കുശേഷം ലഭിച്ചത്. മെയ് 20ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് പേരാമ്പ്രയില്‍ നഴ്‌സിംഗ് സഹായി ആയിരുന്ന ലിനി പുതുശ്ശേരി വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചു. പിന്നീട് 17 പേര്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചു. രോഗം തിരിച്ചറിഞ്ഞയുടന്‍ മണിപ്പാലിലെ വൈറോളജി ലാബിലെ ഡോ.അരുണ്‍കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. രോഗ പകര്‍ച്ചയുടെ സ്വഭാവമറിയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയിലാക്കാനും ഇതിന് കഴിഞ്ഞു. നിപ്പ പിടിപെട്ട രണ്ട് പേര്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നതും പഴുതടച്ച മുന്‍കരുതല്‍ നടപടികളിലൂടെയും രണ്ട് മാസം കൊണ്ട് പുതിയ രോഗികളും ഇല്ലാതായതും ആശ്വാസമായി. അതിനുശേഷം 2019 ലാണ് കേരളത്തില്‍ വീണ്ടും നിപ്പ സ്ഥിരീകരിക്കുന്നത്. എറണാകുളം ജില്ലയിലായിരുന്നു അന്ന് രോഗം കണ്ടെത്തിയത്. 54 ദിവസത്തെ ആശുപത്രി വാസത്തിനിടെ രോഗി ആശുപത്രി വിട്ടിരുന്നു. ഇതുകഴിഞ്ഞതിനു ശേഷം 2021 ലാണ് വീണ്ടും കോഴിക്കോട് നിപ്പ മരണം സംഭവിച്ചത്.
നിപ്പക്കെതിരായ പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഊർജമാണ് സിസ്റ്റര്‍ ലിനിയെ കുറിച്ചുള്ള ഓർമകള്‍. നിപ്പ കേരളത്തെ ഭീതി മുനയില്‍ നിര്‍ത്തിയപ്പോള്‍ സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തില്‍ മുഴുകിയ ലിനിയെ നമുക്ക് മറക്കാന്‍ കഴിയില്ല. നിപ്പ ബാധിച്ചെന്ന് സംശയം ഉണ്ടായപ്പോള്‍ സഹപ്രവര്‍ത്തകരോടും വീട്ടുകാരോടുമെല്ലാം ലിനി കാണിച്ച മുന്‍ കരുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാണ്. ഇളയമകന്‍ സിദ്ധാർഥിന് പാല് കൊടുത്ത് ആശുപത്രിയിലേക്ക് മടങ്ങിയ ലിനി മക്കള്‍ക്ക് പൊന്നുമ്മ നല്‍കാന്‍ പിന്നീട് മടങ്ങിയില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപ്പ ബാധിതനായ സാബിത്തിനെ പരിചരിച്ചതായിരുന്നു ലിനി. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴേക്കും പനിബാധിതയായി. വിദേശത്തുള്ള ഭര്‍ത്താവിന് ആശുപത്രിയില്‍ െവച്ച് അവസാന കുറിപ്പും എഴുതി െവച്ചാണ് ലിനി യാത്രയായത്. കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പാ രഹിത ജില്ലകളായി അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചത് 2018 ജൂലൈ ഒന്നിനാണ്. ജൂണ്‍ 30 വരെയാണ് ആരോഗ്യ വിദഗ്ധര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മേയ് 31ന് ശേഷം ഈ ജില്ലകളില്‍ നിപ്പാ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. തുടര്‍ന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട്ട് വീണ്ടും നിപ്പാ മരണമുണ്ടായത്.
പഴുതടച്ച പ്രതിരോധവുമായി മന്ത്രിമാര്‍
സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയുമെല്ലാം കരുത്തില്‍ ഇത്തവണയും നിപ്പാ ഉയര്‍ത്തുന്ന പ്രതിസന്ധിയെ കേരളം മറികടക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 2021ന് സ്വീകരിച്ച പ്രതിരോധ മാതൃകയിലാണ് ഇത്തവണയും പ്രവര്‍ത്തനം പുരോഗമിക്കുന്നത്. രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരുണ്ടായിരുന്നെങ്കിലും ആരിലേക്കും രോഗം പകരാതിരുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമായാണ് കണക്കാക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടും വൈറസ് പ്രതിരോധ പ്രോട്ടോകോളിനോടുമുള്ള ജനങ്ങളുടെ സമീപനത്തില്‍ ഗുണകരമായ മാറ്റമാണുണ്ടായത്. രോഗം പടരാതിരിക്കാനും ആരോഗ്യ പ്രതിരോധത്തിനും സര്‍ക്കാര്‍ സ്വീകരിച്ചത് അതിവേഗ നടപടികളാണ്. പഴുതടച്ച പ്രതിരോധം തീര്‍ക്കാന്‍ മന്ത്രിമാര്‍ നേരിട്ടെത്തി. ആരോഗ്യമന്ത്രി വീണാജോര്‍ജും കോഴിക്കോട്ടുകാരനായ മന്ത്രി മുഹമ്മദ് റിയാസും മുന്നില്‍നിന്ന് പ്രിതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ആദ്യ മണിക്കൂറുകളില്‍ തന്നെ ആരോഗ്യ വകുപ്പ് നടത്തിയ നീക്കങ്ങള്‍ ഫലം കാണുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ആരോഗ്യമന്ത്രി കോഴിക്കോടേക്ക് എത്തുകയും മെഡിക്കല്‍ കോളജിലും കലക്ടറേറ്റിലും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു.
മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസിയുവും ഐസ്വലേഷന്‍ വാര്‍ഡുകളും ഒരുക്കി. കലക്ടറേറ്റില്‍ യോഗം വിളിച്ച് 2021ല്‍ അരോഗ്യ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി. 16 അംഗങ്ങള്‍ അടങ്ങുന്ന കോര്‍ കമ്മിറ്റിയുണ്ടാക്കി ജാഗ്രതയോടെ മുന്നോട്ട് നീങ്ങി. രോഗ ബാധിതരുടെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. അതിവേഗ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. ആയഞ്ചേരിയിലും മരുതോങ്കരയിലും നിപ്പാ ഭീതി പരക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വാര്‍ഡ് തലംവരെ ജനകീയ പങ്കാളിത്തത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു. സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തി. അയല്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി. ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ ദൗത്യം ലക്ഷ്യം കാണുകയാണെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്.
.