Connect with us

Articles

ഭാവിക്ക് വേണ്ടി ഉണർന്നിരിക്കുന്നവർ

അനീതിക്കെതിരെ പോരാടുകയും സത്യത്തിനു വേണ്ടി സംസാരിക്കുകയും സമൂഹത്തിനായി സംഘടിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ ഉത്പാദിപ്പിക്കാൻ കഴിയുമ്പോഴാണ് വിദ്യാഭ്യാസം യഥാർഥ ലക്ഷ്യം നേടുന്നത്. ഫാക്ടറികളിൽ നിന്ന് പുറത്തു വരുന്ന ഉത്പന്നമാകരുത് വിദ്യാർഥികൾ. മറിച്ച് സാമൂഹിക തിൻമകളോട് പൊരുതുന്ന സമകാലിക രാഷ്ട്രീയാർഥങ്ങൾ മനസ്സിലാക്കി പ്രതികരിക്കുന്നവരാകണം പുതു തലമുറ. അത് പഠിപ്പിക്കുന്നതാകണം വിദ്യാലയങ്ങൾ.

Published

|

Last Updated

ഒരു സംഘടനയുടെ അമ്പത് വർഷത്തെ വിലയിരുത്തുന്നവർക്ക് അവർ സാധിച്ച വിപ്ലവവും ഭാവിക്കു വേണ്ടി സമർപ്പിക്കുന്ന അജൻഡകളുമാണ് ഉത്തരമാകുക. വിദ്യാർഥി ശാക്തീകരണത്തിനും വിദ്യാഭ്യാസ നവോത്ഥാനത്തിനുമായി നിലയുറപ്പിച്ച അഞ്ച് പതിറ്റാണ്ടാണ് എസ് എസ് എഫിന്റെ മുഖമുദ്ര. വിദ്യാഭ്യാസം അറിവുത്പാദനവും വിതരണവും മാത്രമായി ചുരുങ്ങുന്നിടത്ത് അതിന്റെ സാമൂഹിക ധർമം കൂടി ബോധ്യപ്പെടുത്തുകയും അറിവിനെ ആയുധമാക്കാനുള്ള ആലോചന സമ്മാനിക്കുകയും ചെയ്ത് വിദ്യാഭ്യാസത്തിന് മാനവിക മുഖം നൽകുകയായിരുന്നു എസ് എസ് എഫ്.

‘ഭരണകൂടത്തെ പിടിച്ചെടുത്ത് കഴിഞ്ഞു. അവശേഷിക്കുന്നത് സർവകലാശാലകളാണ്’ നാസികളുടെ കുപ്രസിദ്ധമായൊരു പ്രഖ്യാപനമായിരുന്നു അത്. ഒരു ജനതയെ അടിമകളാക്കാൻ ആദ്യം വേണ്ടത് അധികാരമാണ്. അടുത്തതായി അറിവുള്ളവരെ നിശ്ശബ്ദമാക്കലാണ്. ഇത് രണ്ടും സാധിച്ചാൽ രാജ്യം സമ്പൂർണമായും ഫാസിസത്തിന് കീഴൊതുങ്ങും. ഫാസിസ്റ്റ് സർക്കാർ ഭരണം കൈയാളുമ്പോഴും രാജ്യം പൂർണമായി ഏകാധിപത്യത്തിന് കീഴൊതുങ്ങാത്തത് ചെറുത്തു നിൽക്കുന്ന വിദ്യാർഥികളും വിദ്യാസമ്പന്നരുമുണ്ടെന്നതിനാലാണ്. ഉന്നതമായ കലാശാലകളെ ലക്ഷ്യം വെച്ച് സർക്കാർ നടത്തുന്ന നീക്കങ്ങളുടെ താത്പര്യം വ്യക്തമാകാൻ മറ്റു കാരണങ്ങളൊന്നും ആവശ്യമില്ല. സർവകലാശാലകൾ കൂടി ഫാസിസ്റ്റുകളുടെ അധീനതയിലായാൽ, ബൗദ്ധിക സമൂഹം ഒപ്പം ചേർന്നാൽ എല്ലാ പ്രതിരോധങ്ങളും ദുർബലമാകും.

അനീതിക്കെതിരെ പോരാടുകയും സത്യത്തിനു വേണ്ടി സംസാരിക്കുകയും സമൂഹത്തിനായി സംഘടിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ ഉത്പാദിപ്പിക്കാൻ കഴിയുമ്പോഴാണ് വിദ്യാഭ്യാസം യഥാർഥ ലക്ഷ്യം നേടുന്നത്. ഫാക്ടറികളിൽ നിന്ന് പുറത്തു വരുന്ന ഉത്പന്നമാകരുത് വിദ്യാർഥികൾ. മറിച്ച് സാമൂഹിക തിൻമകളോട് പൊരുതുന്ന സമകാലിക രാഷ്ട്രീയാർഥങ്ങൾ മനസ്സിലാക്കി പ്രതികരിക്കുന്നവരാകണം പുതു തലമുറ. അത് പഠിപ്പിക്കുന്നതാകണം വിദ്യാലയങ്ങൾ. വിദ്യാഭ്യാസത്തിൽ അതിനുള്ള ചേരുവകൾ അടങ്ങിയിരിക്കണം. എസ് എസ് എഫിന്റെ വിദ്യാഭ്യാസ നവീകരണ ഇടപെടലുകളുടെ കാതൽ അതായിരുന്നു.
മനുഷ്യർ ആവിഷ്‌കരിച്ച സകല വിപ്ലവങ്ങൾക്കും വഴിമരുന്നിട്ടത് വിദ്യാർഥികളായിരുന്നു. കാലാന്തരത്തിൽ വിദ്യാർഥിത്വം ശുഷ്‌കമാകാൻ തുടങ്ങി. അധികാര രാഷ്ട്രീയത്തിന്റെ ദുർഭൂതം പിടികൂടിയ വിദ്യാർഥി സംഘങ്ങൾ കേവലം ദല്ലാളുകൾ മാത്രമായി ചുരുങ്ങി. സംവാദങ്ങൾ ആയുധങ്ങൾക്ക് വഴിമാറി. സർഗാത്മകത ക്യാമ്പസുകളിൽ നിന്ന് പടിയിറങ്ങി. രാഷ്ട്രീയ അപചയത്തിന്റെ മറുഭാഗത്ത് ധാർമിക ശോഷണവും വർധിച്ചു തുടങ്ങി. വിദ്യാർഥിത്വത്തിന് ബദൽ രാഷ്ട്രീയം സമർപ്പിക്കുക വഴി വിദ്യാർഥികളെ പുതുക്കിപ്പണിയാൻ എസ് എസ് എഫിന് സാധിച്ചു. ക്യാമ്പസുകളുടെ സമര സംസ്‌കാരത്തെ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മാർഗത്തിലേക്ക് തിരിച്ചു വിടുന്നതിൽ വിജയിക്കുകയും ചെയ്തു. വിദ്യാർഥിത്വത്തെ കൂടുതൽ സൃഷ്ടിപരമാക്കാൻ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ മുന്നേറ്റം

രാജ്യത്തെ വ്യവസ്ഥകൾ ജലരേഖകളാകുകയും പൗരനിൽ അരക്ഷിതാവസ്ഥ വേരൂന്നുകയും ചെയ്യുന്ന ഭൂമികയിൽ അരാഷ്ട്രീയതയും അരാജകത്വവും നിഷ്പ്രയാസം കാലുറപ്പിക്കുകയാണ് പതിവ്. അങ്ങനെയാണ് ഭീകരവാദവും വിഘടന വാദവും യുവത്വത്തിന്റെ അജൻഡയായി പരിണമിക്കുക. രാജ്യത്തിന്റെ മുല്യങ്ങളോട് ചേർന്ന് നിന്നുകൊണ്ട് സംഘടന നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളും നിലപാടുകളുമാണ് വിദ്യാർഥികളെ വഴി തെറ്റാതെ സംരക്ഷിച്ചു നിർത്തിയത്. നിരാശയിലേക്കും അനന്തരം അക്രമങ്ങളിലേക്കും വഴിമാറി സഞ്ചരിക്കേണ്ടിയിരുന്ന യുവത്വത്തിന് പ്രതീക്ഷയും സ്വപ്‌നവും സമരോർജവും പകർന്നുനൽകി സംഘടന മുന്നേ നടക്കുകയായിരുന്നു.

കർമ വീഥിയിലെ ഈ ഉത്സുകത രാജ്യമാകെ പടർന്നിരിക്കുന്നു. എസ് എസ് എഫിന് മേൽ വിലാസമില്ലാത്ത ഇടങ്ങൾ അപൂർവമാണിന്ന്. മുസ്‌ലിം ഇന്ത്യയുടെ മുന്നേറ്റത്തിനായുള്ള പദ്ധതികളും പരിപാടികളുമാണ് അമ്പതിലെത്തിയ എസ് എസ് എഫ് ഭാവിക്കായി കരുതിവെച്ചിരിക്കുന്നത്. അതിന്റെ വിളംബരമാണ് ഇന്ന് നടക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ‘എൻഹാൻസ് ഇന്ത്യ കോൺഫറൻസ്’ എന്ന പേരിലാണ് അത് നടക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം സമൂഹം പലവിധ പ്രതിസന്ധികൾക്ക് നടുവിലാണ്. അതിനുള്ള പരിഹാര ആലോചനകൾ എസ് എസ് എഫ് നടത്തിയിട്ടുണ്ട്. സാമൂഹിക പ്രസക്തവും സമുദായ സമുദ്ധാരണം ലക്ഷ്യം വെക്കുന്നതും ഇസ്‌ലാമിന്റെ സൗന്ദര്യത്തെ പ്രകാശിപ്പിക്കുന്നതുമായ അത്തരം അജൻഡകളാണ് പ്രവർത്തനങ്ങളായി വരാനിരിക്കുന്നത്.
കരുത്തുറ്റ നേതൃത്വത്തിന്റ അഭാവം ഉണ്ടാക്കിയ അനാഥത്വമാണ് ഇന്ത്യൻ മുസ്്ലിംകളെ അരക്ഷിതമാക്കിയത്. സാമൂഹിക സംഘാടനത്തിലൂടെ ആ പരിമിതി മറികടക്കണം. ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും അറിയാനും ആസ്വദിക്കാനും ആകും വിധം ആശയ സംവാദങ്ങൾ വികസിപ്പിക്കണം. അടഞ്ഞ സമുദായമാകുന്നതിന് പകരം തുറന്ന ജനതയാകാനുള്ള ആത്മവിശ്വാസം പകർന്നു നൽകണം. അവകാശ പോരാട്ടങ്ങൾ, നീതി നിഷേധത്തിനെതിരായ ഇടപെടലുകൾ, വിദ്യാഭ്യാസ മുന്നേറ്റങ്ങൾ, വിദ്യാർഥി ശാക്തീകരണം ലക്ഷ്യങ്ങൾ പലതാണ്. മുസ് ലിം സമൂഹത്തിന്റെ കരുത്തുറ്റ പങ്കാളിത്തത്തോടെ അതെല്ലാം സാധിച്ചെടുക്കണം.

ചുറ്റിലുമുയരുന്ന വിദ്വേഷ പ്രസരണവും വിനാശകരമായ നീക്കങ്ങളും പ്രകോപനത്തിനും ഭയപ്പെടുത്താനുമാണ്. ലക്ഷ്യം നിശ്ചയിച്ച് മുന്നേറുന്ന സക്രിയ സംഘത്തെ നിഷ്‌ക്രിയമാക്കാനും അജൻഡകളിൽ നിന്ന് വഴിമാറ്റി നടത്താനുമാണത്. പ്രതിയോഗികളുടെ തന്ത്രങ്ങളിൽ വീഴുകയല്ല വേണ്ടത്. കരഞ്ഞ് കാലം കഴിക്കുകയുമല്ല ചെയ്യേണ്ടത്. വിവേകത്തോടെയുള്ള പ്രതിരോധവും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളുമാണ് ആവശ്യം. ഉണർന്നിരിക്കുന്ന ധർമ വിപ്ലവ സംഘം നടത്തുന്ന സൂക്ഷ്മ പരാഗണങ്ങളാണ് ഇന്ത്യൻ മുസ്്ലിംകളുടെ ഭാവിയെ നിർമിക്കാനിരിക്കുന്നത്.

(ജന. സെക്രട്ടറി, എസ് എസ് എഫ് കേരള)

Latest