Kerala
വിശ്വസിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു; എഡിജിപിക്കും പി ശശിക്കുമെതിരെ കൂടുതല്‍ ആരോപണവുമായി പി വി അന്‍വര്‍
കാര്യങ്ങള്‍ ബോധ്യപ്പെടുന്നത് വരെ എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി നിലപാട് മാറ്റില്ല.
മലപ്പുറം | എഡിജിപി അജിത്ത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ കൂടുതല്‍ ആരോപണവുമായി പിവി അന്‍വര്‍. വിശ്വസിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു. വിശ്വസിച്ചവര്‍ ചതിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ്.അദ്ദേഹത്തിന്റെ ബോധ്യപ്പെടലിലേക്ക് കാര്യം എത്തണം. വിശ്വസിച്ചവര്‍ ചതിച്ചെന്ന് പരിപൂര്‍ണബോധ്യം വരുന്നതോടെ ഒരു തീരുമാനത്തില്‍ മുഖ്യമന്ത്രി എത്തും.
ആര്‍ എസ് എസ് നേതാവിനെ എഡിജിപി കണ്ടതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപോര്‍ട്ട് കൃത്യസമയത്ത് നല്‍കിയിട്ടും മുഖ്യമന്ത്രി അതില്‍ നടപടി എടുക്കാത്തത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.ആ റിപോര്‍ട്ട് മുഖ്യമന്ത്രിയുടെ അടുത്ത് എത്താതെ പൂഴ്ത്തിവെച്ചെന്നാണ് എന്റെ അന്വേഷണത്തില്‍ ചില ഉദ്യോഗസ്ഥരില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്.
മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ല. പി ശശിയെന്ന ബാരിക്കേഡില്‍ തട്ടി ഇത് നില്‍ക്കുകയാണ്. കാര്യങ്ങള്‍ ബോധ്യപ്പെടുന്നത് വരെ എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി നിലപാട് മാറ്റില്ല.മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും. ലോകമൊന്നാകെ കുലുങ്ങിയാലും അദ്ദേഹം കുലുങ്ങാതെ അവരെ വിശ്വസിക്കും. അദ്ദേഹത്തിന്റെ പ്രകൃതമാണത്. പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
ആര്‍എസ്എസ് എഡിജിപി ചര്‍ച്ചയുടെ ഇന്റലിജന്‍സ് റിപോര്‍ട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ചേര്‍ന്നാണ് പൂഴ്ത്തിയത്.ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആദ്യം കണ്ടിരുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ല. സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസില്‍ പോലീസ് പ്രതികളെ രക്ഷിക്കാന്‍ ഒരുപാട് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. ആര്‍എസ്എസ് സ്വഭാവമുള്ള പോലീസുകാര്‍ സര്‍ക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നു എന്നതിന്റെ തെളിവാണിതെന്നും പിവി അന്‍വര്‍ പറഞ്ഞു.