Connect with us

taxi

അബുദബിയിൽ അനധികൃത ടാക്സി വാഹനത്തിൽ കയറുന്നവരും പിഴ ഒടുക്കണം

അനധികൃത ടാക്സികൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്.

Published

|

Last Updated

അബുദബി | നഗരത്തിൽ നിന്നും പ്രാന്ത പ്രദേശങ്ങളിലേക്കും ചുറ്റുവട്ടങ്ങളിലും സർവീസ് നടത്തുന്ന അനധികൃത സ്വകാര്യ കാറുകൾ ഉപയോഗിക്കുന്നവർക്ക് അബുദബി പോലീസിന്റെ മുന്നറിയിപ്പ്. അവ യാത്രക്കാരുടെ  സുരക്ഷക്ക് ഭീഷണിയാണെന്ന് പോലീസ് വ്യക്തമാക്കി. സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ അനധികൃതമായി യാത്രക്കരെ കൊണ്ടുപോകുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പുറമെ വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും പിഴ ചുമത്തും.

സ്വകാര്യ വാഹനങ്ങളിൽ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്നത് സാമൂഹികവും സാമ്പത്തികവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. സ്വകാര്യ കാറുകൾ ഉപയോഗിച്ച് ടാക്‌സി സർവീസ് നടത്തുന്ന ചില ഡ്രൈവർമാർക്ക് യു എ ഇ ലൈസൻസ് ഇല്ലെന്നും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാകാമെന്നും പോലീസ് പറഞ്ഞു. അനധികൃത ടാക്സികളായി പ്രവർത്തിക്കുന്ന സ്വകാര്യ വാഹനങ്ങളിൽ കയറരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയാണ്. അന്താരാഷ്‌ട്ര സുരക്ഷാ ആവശ്യകതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി അംഗീകൃതവും ലൈസൻസുള്ളതുമായ ടാക്സികൾ മാത്രമേ താമസക്കാർ ഉപയോഗിക്കാവൂവെന്നും അബുദബി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ മേജർ താലിബ് സലേം അൽ കൽബാനി പറഞ്ഞു.

അനധികൃത ടാക്സികൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. എല്ലാവരുടെയും സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനായി, നിയമവിരുദ്ധമായ ഗതാഗതത്തെ ചെറുക്കുന്നതിൽ അധികാരികളുമായി സഹകരിക്കാനും ജാഗ്രത പാലിക്കാനും ഞങ്ങൾ ജനങ്ങളോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംയോജിത ഗതാഗത വകുപ്പുമായി സഹകരിച്ച് അനധികൃത ടാക്സികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും
നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന കാമ്പയിനുകൾ  ശക്തമാക്കിയതായും അബുദബി പോലീസ് പറഞ്ഞു.

നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോകുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിനും സുരക്ഷക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അനധികൃതമായി യാത്രക്കാരെ കയറ്റിയാൽ 3,000 ദിർഹം പിഴയും 24 ട്രാഫിക് പോയിന്റുകളും കാർ 30 ദിവസത്തേക്ക് പിടിച്ചെടുക്കലുമാണ് ശിക്ഷ. അനധികൃത വാഹനങ്ങളിൽ കയറി യാത്രക്കാർ അപകടത്തിൽപ്പെടുകയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അപകടം നടന്നാൽ ഡ്രൈവർ അജ്ഞാതനോ ലൈസൻസില്ലാത്തവരോ ആയിരിക്കുമ്പോൾ നിയമപരമായ നടപടിക്രമങ്ങൾ ബുദ്ധിമുട്ടാണ്. അനധികൃതമായി യാത്രക്കാരെ കടത്തിക്കൊണ്ടു പോകുന്ന ആയിരക്കണക്കിന് സ്വകാര്യ കാറുകൾ പോലീസ് പിടിച്ചെടുത്തു.