International
ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്റുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഇനി മുതല്‍ പണം ലഭിക്കും
ഇന്‍സ്റ്റഗ്രാം ഇനിമുതല്‍ കേവലമൊരു ഫോട്ടോ പങ്കിടല്‍ ആപ്പ് മാത്രമായിരിക്കില്ല
ന്യൂഡല്‍ഹി| 2022ല്‍ ഇന്‍സ്റ്റഗ്രാം വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022ല്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്റുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് പണം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. വലിയ മാറ്റം കൊണ്ടുവരുമെന്ന സൂചന നല്‍കി ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മെസ്സേറിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഞങ്ങള്‍ ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമില്‍ വീഡിയോകള്‍ക്ക് കൊടുക്കുന്ന ശ്രദ്ധ ഇരട്ടിയാക്കുമെന്നും ഇന്‍സ്റ്റഗ്രാം ഇനിമുതല്‍ കേവലമൊരു ഫോട്ടോ പങ്കിടല്‍ ആപ്പ് മാത്രമായിരിക്കില്ലെന്നും മെസ്സേറി പറഞ്ഞു.
ടിക്‌ടോകിന് എതിരായി അവതരിപ്പിച്ച ഇന്‍സ്റ്റഗ്രാം റീല്‍സ് ഏറെ വിജയകരമാണ്. ഇതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്നും മെസ്സേറി വ്യക്തമാക്കി. ഇന്‍സ്റ്റയിലെ ക്രിയേറ്റര്‍മാര്‍ക്ക് പ്രോത്സാഹനവും സഹായവും എന്ന നിലക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന രീതിയിലേക്ക് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2022ല്‍ സന്ദേശമയക്കലിലും സുതാര്യതയിലും ഇന്‍സ്റ്റഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മെസ്സേറി കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ വീഡിയോ കൈകാര്യം ചെയ്യുന്ന വിധത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തോടെ ഇന്‍സ്റ്റ റീല്‍സ് അടക്കം ഉള്ളവയ്ക്ക് വരുമാനം ലഭിക്കുന്ന രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അത് വലിയ വിപ്ലവം തന്നെ ഷോര്‍ട്ട് വീഡിയോ ആപ്പ് രംഗത്ത് ഉണ്ടാക്കും. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പണം സമ്പാദിക്കുന്നവരുണ്ട്. എന്നാല്‍ വലിയ ഇന്‍ഫ്‌ളുവെന്‍സര്‍മാര്‍ക്ക് മാത്രമാണ് അത് സാധ്യമാകുന്നത്. എന്നാല്‍ പുതിയ ഫീച്ചറുകളിലൂടെ കൂടുതല്‍ ആളുകളെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാനാണ് മെറ്റയുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാം ആലോചിക്കുന്നത്.