Connect with us

Articles

ട്രാക്കില്‍ മരിച്ചുവീഴുന്നവര്‍; ആരാണ് പ്രതികള്‍?

2012 മുതല്‍ 2016 വരെയുള്ള കാലത്തിനിടയില്‍ ഓരോ വര്‍ഷവും, ട്രാക്ക് മെയിന്റനന്‍സ് ജോലി ചെയ്യുന്ന ശരാശരി 600 തൊഴിലാളികള്‍ ജോലിക്കിടെ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2017-2019 കാലയളവില്‍ ഓരോ വര്‍ഷവും ശരാശരി 1,000 മരണമെന്ന നിലയില്‍ അതുയര്‍ന്നിരുന്നു. ട്രാക്കുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ റെയില്‍വേ തൊഴിലാളികളില്‍ പ്രതിദിനം മൂന്ന് പേരെങ്കിലും മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.

Published

|

Last Updated

തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യ കൂമ്പാരം നീക്കാന്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇറങ്ങിയ കരാര്‍ തൊഴിലാളിയായ ജോയ് അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ സംഭവം ഒരു സമൂഹത്തോടുള്ള ഭരണകൂട സംവിധാനങ്ങളുടെ അവഗണന പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഇതിന് സമാനമായ ഒരു ദുരന്തമാണ് ഈ കഴിഞ്ഞ ദിവസം ഭാരതപ്പുഴക്ക് കുറുകെയുള്ള റെയില്‍വേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം മൂന്ന് ശുചീകരണ കരാര്‍ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവവും. ഒറ്റപ്പാലത്ത് വാടകക്കു താമസിക്കുന്ന സേലം അയോധ്യാപട്ടണം അടിമലൈ പുത്തൂര്‍ സ്വദേശികളായ ലക്ഷ്മണന്‍ (60), പങ്കാളി വള്ളി (55), വള്ളിയുടെ ബന്ധു റാണി (45) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് 3.05ന് പാലക്കാട്-തൃശൂര്‍ ലൈനിലെ ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ്സ് തട്ടിയാണ് ദുരന്തം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് റെയില്‍വേയിലുള്ള മാലിന്യം നീക്കിയത്. റെയില്‍വേയിലെ ചുവന്ന സിഗ്‌നല്‍ പെട്ടെന്ന് പച്ചയായത് ഇവര്‍ ശ്രദ്ധിച്ചിരുന്നില്ല. അപകട സമയത്ത് ചെറിയ തോതില്‍ മഴയുമുണ്ടായിരുന്നു. അപകടത്തെ മുഖാമുഖം കണ്ടപ്പോഴും രക്ഷപ്പെടാന്‍ തൊഴിലാളികള്‍ക്ക് മുന്നില്‍ സാധ്യതകളൊന്നും തന്നെയുണ്ടായിരുന്നില്ല. പാലത്തില്‍ നിന്ന് ഓടി കരഭാഗത്തെ ട്രാക്കിലേക്കോ ക്യാബിനിലേക്കോ കയറാന്‍ സമയം ലഭിക്കാതിരുന്ന തൊഴിലാളികളാണ് മരണപ്പെട്ടത്. ട്രാക്കിന്റെയും തൊഴിലാളികളുടെയും സുരക്ഷക്കാണ് ഇന്ത്യന്‍ റെയില്‍വേ മുന്‍ഗണന നല്‍കുന്നതെന്നും ട്രാക്ക് മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഇവരുടെ സുരക്ഷക്കായി വിവിധ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വകുപ്പ് ചുമതലയുണ്ടായിരുന്ന മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പാര്‍ലിമെന്റില്‍ വ്യക്തമാക്കിയിരുന്നു. അതേ മന്ത്രിക്ക് വഴിയൊരുക്കുന്നതിനിടെയാണ് ട്രാക്കില്‍ തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെട്ടത്.

2019-2020, 2020-2021, 2021-2022 കാലയളവില്‍ മാത്രമായി 174 റെയില്‍വേ ട്രാക്ക് മെയിന്റനന്‍സ് ജീവനക്കാരാണ് ട്രെയിന്‍ അപകടങ്ങളില്‍ മരണപ്പെട്ടിട്ടുള്ളതെന്ന്, 2021 ഡിസംബറില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ പി വി അബ്ദുല്‍വഹാബ് എം പി ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 മുതല്‍ 2016 വരെയുള്ള കാലത്തിനിടയില്‍ ഓരോ വര്‍ഷവും, ട്രാക്ക് മെയിന്റനന്‍സ് ജോലി ചെയ്യുന്ന ശരാശരി 600 തൊഴിലാളികള്‍ ജോലിക്കിടെ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2017-2019 കാലയളവില്‍ ഓരോ വര്‍ഷവും ശരാശരി 1,000 മരണമെന്ന നിലയില്‍ അതുയര്‍ന്നിരുന്നു.

ട്രാക്കുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ റെയില്‍വേ തൊഴിലാളികളില്‍ പ്രതിദിനം മൂന്ന് പേരെങ്കിലും മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. നമുക്ക് സ്വാത്രന്ത്യം കിട്ടി ജനാധിപത്യ രാഷ്ട്രമായി 78 വര്‍ഷം പിന്നിട്ടുവെങ്കിലും, നമുക്ക് സ്വന്തമായി ഒരു ഭരണഘടനയുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ, അതില്‍ തന്നെ പ്രത്യേകിച്ചും തൊഴില്‍ മേഖലയെ, ഇപ്പോഴും നിയന്ത്രിക്കുന്നത് സവര്‍ണ ഹിന്ദുക്കളുടെ ഭരണഘടനയായ മനു സ്മൃതിയാണ് എന്നതാണ് വാസ്തവം. ഏതെല്ലാം തൊഴില്‍, ആരെല്ലാമാണ് (ജാതിക്കാര്‍) ചെയ്യേണ്ടതെന്ന് കൃത്യമായി ജാതി ശ്രേണിയില്‍ വിവരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മാലിന്യം നീക്കുന്ന തൊഴില്‍ ആരാണ് ചെയ്യേണ്ടതെന്ന് ജാതി ഘടനയുടെ സിദ്ധാന്തമായ മനു നീതിയുടെ അടിസ്ഥാനത്തില്‍ കൃത്യമായി നിര്‍ണയിക്കുകയും അത് ഇപ്പോഴും നമ്മുടെ രാജ്യത്ത് നടപ്പാക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ജാതിയുടെ അടിസ്ഥാനത്തില്‍ സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തയ്യാറായി തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് മരണപ്പെടുന്ന ഇക്കൂട്ടര്‍. രാജ്യത്ത് ഇന്നും നിലനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക അസമത്വങ്ങളുടെ ഫലമായിട്ടാണ് ഇത്തരം തൊഴില്‍ ചെയ്യാന്‍ ഒരു വിഭാഗം മനുഷ്യര്‍ ഇന്നും നിര്‍ബന്ധിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈയടുത്ത് ഐറിഷ് മനുഷ്യാവകാശ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും (Concern world wide) ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ഹില്‍ഫെയും (Welt hunger hilfe) സംയുക്തമായി പ്രസിദ്ധീകരിച്ച 2024ലെ ആഗോള പട്ടിണി സൂചിക (Global hunger index). 127 രാജ്യങ്ങളില്‍ അയല്‍ രാജ്യങ്ങളായ ശ്രീലങ്കക്കും (56) നേപ്പാളിനും (68) ബംഗ്ലാദേശിനും (84) പിന്നിലായി 105ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഏറ്റവും രൂക്ഷമായ പട്ടിണി അനുഭവിക്കുന്ന പാകിസ്താന്‍(109), അഫ്ഗാനിസ്താന്‍ (116) എന്നിവക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക്, ശരീര ശോഷണം, വളര്‍ച്ചാമുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്. 127 രാജ്യങ്ങളിലെ പട്ടിണിയുടെ തീവ്രത മനസ്സിലാക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര സംഘടനകള്‍ ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്.

രാജ്യത്തെ ജനസംഖ്യയില്‍ 13.7 ശതമാനം പേര്‍ക്ക് മതിയായ തോതില്‍ ആഹാരം ലഭിക്കുന്നില്ല. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ 35.5 ശതമാനം പേര്‍ വളര്‍ച്ച മുരടിച്ചവരാണ്. 2.9 ശതമാനം കുട്ടികള്‍ അഞ്ച് വയസ്സിനു മുമ്പേ മരിക്കുന്നു. ഈ സൂചകങ്ങള്‍ ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണെന്നും റിപോര്‍ട്ട് പറയുന്നു. 2016ല്‍ 104 രാജ്യങ്ങള്‍ ഉള്ള പട്ടികയില്‍ 80ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. 2024 ആകുമ്പോഴേക്കും ചില രാജ്യങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതൊഴിച്ചാല്‍ ഇന്ത്യയുടെ സ്ഥാനത്തിന് വലിയ മാറ്റം സംഭവിച്ചിട്ടില്ല.

മനുഷ്യ വിസര്‍ജ്യവും ചപ്പുചവറുകളും കോരി ജീവിക്കേണ്ട അപമാനകരമായ ഈ തൊഴിലില്‍ നിന്ന് ഒരുപറ്റം മനുഷ്യരെ സംരക്ഷിക്കാന്‍ സംവിധാനങ്ങളുണ്ടാകണം. സവര്‍ണ ഭരണഘടനയായ മനുസ്മൃതിയെ അഗ്‌നിയില്‍ ഹോമിച്ചു കളഞ്ഞ് രാജ്യത്തെ എല്ലാ വ്യക്തികളുടെയും ആദരവിനും മാന്യമായ ജീവിതത്തിനും സംരക്ഷണം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കണം. എല്ലാ മനുഷ്യര്‍ക്കും തുല്യനീതിയും നയവും ജീവിത സാഹചര്യവും നല്‍കാന്‍ ഭരണ സംവിധാനങ്ങള്‍ മുന്നോട്ടുവരണം. അത് പാലിക്കപ്പെടണം. വികസിത രാജ്യങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങളും വിസര്‍ജ്യങ്ങളും നീക്കാന്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ നമ്മുടെ രാജ്യത്ത് നടപ്പാക്കണം. ഇത്തരം മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ മറ്റു സുരക്ഷിതമായ തൊഴിലിടങ്ങളില്‍ പുനര്‍പാര്‍പ്പിക്കാന്‍ ഭരണകൂടങ്ങള്‍ മുന്‍കൈയെടുക്കണം.

 

 

 

Latest