Connect with us

Articles

ചരിത്രത്തോട് പകരം വീട്ടാന്‍ കുഴിമാടം തോണ്ടുന്നവര്‍

ഇതുവരെ വിവാദങ്ങളിലൊന്നും അകപ്പെടാത്ത സംഭല്‍ ജുമുഅ മസ്ജിദിനെ പെട്ടെന്ന് നാല് പേരുടെ ജീവനെടുത്ത പോലീസ് വെടിവെപ്പിലേക്കും വ്യാപകമായ കാലുഷ്യത്തിലേക്കും വലിച്ചിഴച്ചത് എങ്ങനെ എന്നറിയുമ്പോഴാണ് ഹിന്ദുത്വ ഭരണകൂടവും സംഘ്പരിവാര്‍ വര്‍ഗീയവാദികളും കോടതിയും ഏത് തരത്തിലാണ് രാജ്യത്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുന്നത് എന്ന് വ്യക്തമാകുന്നത്.

Published

|

Last Updated

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെയും മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദിന്റെയും മേല്‍ അവകാശവാദമുന്നയിച്ച് ഹിന്ദുത്വ ശക്തികള്‍ വിവാദം കൊഴുപ്പിച്ചപ്പോള്‍ ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് 2022 ജൂണില്‍ അനുയായികളോട് പറഞ്ഞു: ‘ചരിത്രത്തില്‍ മുസ്ലിം ഭരണാധികാരികള്‍ ചെയ്ത ക്രൂരതകള്‍ക്ക് നമ്മുടെ തലമുറയിലെ മുസ്ലിംകളെ ഉത്തരവാദികളാക്കേണ്ടതില്ല. എന്തിനാണ് എല്ലാ പള്ളികളിലും നിങ്ങള്‍ ശിവലിംഗം അന്വേഷിച്ചു നടക്കുന്നത്’. രാജ്യത്തെ ചരിത്രപ്രധാനമായ പള്ളികളിലെല്ലാം ഹൈന്ദവ ദേവന്മാരെ പരതി നടക്കണമെന്ന പരോക്ഷമായ ആഹ്വാനത്തിന്റെ കപട ഭാഷ്യമായിരുന്നു സര്‍ സംഘ് ചാലകിന്റേത്. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത് ഭരണകൂട ഒത്താശയോടെ രാമക്ഷേത്രം കെട്ടിപ്പൊക്കിയ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഇപ്പോഴത്തെ പ്രഥമ പരിഗണന പൗരാണികമായ മസ്ജിദുകള്‍ തകര്‍ത്ത് ആ സ്ഥാനത്ത് ക്ഷേത്രം പണിയുക എന്നതായി മാറിയിട്ടുണ്ട്. സരയൂ നദിക്കരയിലെ 465 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്ത് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും തന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവേശപൂര്‍വം അവതരിപ്പിക്കുന്നത് രാമക്ഷേത്രമാണ്.

രണ്ട് നാഗരികതകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീകസൂചകമെന്ന നിലയിലാണ് ഹിന്ദുത്വവാദികള്‍ ഇപ്പോഴും പള്ളികള്‍ക്കു മേലുള്ള അവകാശവാദത്തെ ആവര്‍ത്തിച്ചുന്നയിക്കുന്നത്. രാഷ്ട്രീയമായ മുതലെടുപ്പിന് ഏത് നേരവും രാജ്യത്തെ ഏത് പള്ളിക്കുമേലും അധിനിവേശം നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന്, അല്ലെങ്കില്‍ മുസ്ലിം ന്യൂനപക്ഷത്തെ ആക്രമിക്കാനും അവരുടെ മനോവീര്യം തകര്‍ക്കാനും സാമൂഹികമായി അപരവത്കരിക്കാനും എളുപ്പവഴി പള്ളികളുടെ മേലുള്ള കൈയേറ്റമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കയാണ് ആര്‍ എസ് എസ്. ബാബരിക്കും ഗ്യാന്‍വാപിക്കും ശാഹി ഈദ്ഗാഹിനും ശേഷം യു പിയിലെ സംഭല്‍ ശാഹി ജുമുഅ മസ്ജിന്റെ മേലുള്ള അവകാശവാദവും അതിക്രമങ്ങളും തെളിയിക്കുന്നത് ഈ സംഘടിത കൈയേറ്റത്തിന് പകലറുതി പ്രതീക്ഷിക്കേണ്ടതില്ല എന്ന് തന്നെയാണ്. ഭരണകൂടവും ജുഡീഷ്യറിയും മാധ്യമങ്ങളുമെല്ലാം 21ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലും ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നുവെന്ന് സമര്‍ഥിക്കുന്നതാണ് സംഭല്‍ മസ്ജിദ് വിവാദം.

വീണ്ടും ബാബറിന്റെ പിന്നാലെ
ദേശീയ പ്രാധാന്യമുള്ള ചരിത്ര നിര്‍മിതി എന്ന നിലയില്‍ 1904ലെ പുരാതന ചരിത്രസ്മാരക സംരക്ഷണ നിയമ പ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലുള്ള അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള, ശില്‍പ്പചാതുരിയോടെ യു പിയിലെ സംഭല്‍ ജില്ലയിലെ ചന്ദോസിയില്‍ സ്ഥിതി ചെയ്യുന്ന പള്ളിയാണിത്. ഇതുവരെ വിവാദങ്ങളിലൊന്നും അകപ്പെടാത്ത സംഭല്‍ ജുമുഅ മസ്ജിദിനെ പെട്ടെന്ന് നാല് പേരുടെ ജീവനെടുത്ത പോലീസ് വെടിവെപ്പിലേക്കും വ്യാപകമായ കാലുഷ്യത്തിലേക്കും വലിച്ചിഴച്ചത് എങ്ങനെ എന്നറിയുമ്പോഴാണ് ഹിന്ദുത്വ ഭരണകൂടവും സംഘ്പരിവാര്‍ വര്‍ഗീയവാദികളും കോടതിയും ഏത് തരത്തിലാണ് രാജ്യത്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുന്നത് എന്ന് വ്യക്തമാകുന്നത്.

1529ല്‍ ബാബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് സംഭലിന്റെ ഹൃദയഭാഗത്തുള്ള ഹരിഹര ക്ഷേത്രം തകര്‍ത്താണ് ശാഹി ജുമുഅ മസ്ജിദ് പണിതതെന്നും എ എസ് ഐയുടെ മേല്‍നോട്ടത്തിലുള്ള പള്ളി തങ്ങള്‍ക്ക് വിട്ടുതരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 17 പരാതികള്‍ ഒന്നിച്ച് സംഭല്‍ സിവില്‍ കോടതിയുടെ മുമ്പാകെ എത്തുന്നത് നവംബര്‍ 19നാണ്. ഈ പരാതിക്കാരിലെ പ്രമുഖന്‍ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ കേസ് കൊടുത്ത അഡ്വ. ഹരി ശങ്കര്‍ ജെയിനാണ്. ഹരജികള്‍ തന്റെ മുന്നിലെത്തേണ്ട താമസം പള്ളിക്കകത്ത് സര്‍വേ നടത്താന്‍ സിവില്‍ ജഡ്ജി ആദിത്യസിംഗ് ഉത്തരവിടുകയായിരുന്നു.

അപ്പോള്‍ തന്നെ സര്‍വേക്ക് മേല്‍നോട്ടം വഹിക്കാന്‍ അഡ്വക്കറ്റ് കമ്മീഷനെ നിയമിച്ചു. നോക്കണം, ഗൂഢാലോചനയുടെ പോക്ക്. അന്നുതന്നെ നടത്തിയ സര്‍വേയില്‍ ഹരജിക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പോരുന്ന ഒന്നും കണ്ടെത്താനായില്ലത്രെ. അങ്ങനെയാണ് നവംബര്‍ 24ന് ഞായറാഴ്ച വന്‍ പോലീസ് സന്നാഹത്തോട് കൂടി സര്‍വേക്ക് വേണ്ടി വീണ്ടും എത്തുന്നത്. നവംബര്‍ 29ന് മുമ്പ് സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഒമ്പതില്‍ ഏഴ് സീറ്റിലും വിജയിച്ച മദോന്മത്തതയില്‍ രണ്ടും കല്‍പ്പിച്ചാണത്രെ ഞായറാഴ്ചയിലെ സര്‍വേക്കാരുടെ വരവ്. കാര്യങ്ങളുടെ പോക്ക് ബാബരിയുടെ വഴിക്കാണെന്ന് മനസ്സിലാക്കിയ രണ്ടായിരത്തിലേറെ മുസ്ലിംകള്‍ സര്‍വേ തടയാന്‍ രംഗത്തുവന്നതോടെ കൃത്യം നിര്‍വഹിച്ചേ മടങ്ങൂവെന്ന വാശിയിലായിരുന്നു ഹിന്ദുത്വ പിണിയാളുകള്‍. സായുധ പോലീസിനെ കണ്ട് ജനം പ്രകോപിതരായി. കല്ലെറിഞ്ഞ് സര്‍വേ തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ജനത്തിനു നേരെ വെടിയുതിര്‍ത്തു. അങ്ങനെയാണ്, നഈം, നുഅ്മാന്‍, ബിലാല്‍ തുടങ്ങി നാല് ചെറുപ്പക്കാര്‍ വെടിയേറ്റുമരിക്കുന്നത്. യു പി പോലീസും ഭരണകൂടവും മാധ്യമങ്ങളും ഞായറാഴ്ച രാത്രി വൈകുന്നത് വരെ വെടിവെപ്പിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ തമസ്‌കരിക്കുകയായിരുന്നു. പോലീസ് ‘മൈല്‍ഡ് ഫോഴ്സ്’ ഉപയോഗിച്ചുവെന്നാണ് മാധ്യമ ഭാഷ്യം. എന്നാല്‍ പോലീസുകാര്‍ പിസ്റ്റളും റൈഫിളും മാറി മാറി ജനങ്ങളുടെ നേരെ പ്രയോഗിക്കുന്നതിന്റെ വീഡിയോ അപ്പോഴേക്കും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പ്രചരിച്ചുകഴിഞ്ഞിരുന്നു.

രാമനെ വിട്ട് കല്‍ക്കിയുടെ പിന്നാലെ
ഭരണനേട്ടമായി ഒന്നും എടുത്തുപറയാനില്ലാത്ത മോദിക്കും യോഗിക്കും എക്കാലവും ആശ്രയിക്കാനുള്ളത് ജനങ്ങളുടെ ദൈവ വിശ്വാസവും മതാന്ധതയുമാണെന്ന് സംഭല്‍ വിവാദം അടിവരയിടുന്നു. രാമരാജ്യമാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് പറഞ്ഞ് പള്ളി തകര്‍ത്ത് അമ്പലം പണിതതോടെ അയോധ്യ മാറിക്കഴിഞ്ഞ ചെക്കാണെന്ന് മനസ്സിലാക്കിയ സംഘ്പരിവാരം പുതിയ വിവാദങ്ങളെ രാഷ്ട്രീയ മാര്‍ക്കറ്റിലിറക്കി യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയും അരങ്ങേറിയിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്നപ്പോഴാണ് സംഭലില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ തീപ്പന്തം കൊണ്ടിട്ടത്. ഇതുവരെ ശാന്തമായി കഴിഞ്ഞ, സാമുദായിക മൈത്രി നിലനിന്ന ഒരു പ്രദേശമാകെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന കുപ്രചാരണങ്ങളും അന്ധവിശ്വാസങ്ങളുമാണ് ഹരജിക്കാര്‍ കോടതിക്കു മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. വിഷ്ണു ഭഗവാന്റെ പത്താമവതാരമായ കല്‍ക്കിയുടെ വരവോടെ കലിയുഗത്തിന് പരിസമാപ്തി വീഴുമെന്നും അതോടെ സത്യയുഗത്തിന്റെ പിറവിയിലേക്ക് മനുഷ്യര്‍ ആനയിക്കപ്പെടുമെന്നും കല്‍ക്കിയുടെ ആഗമത്തിന് പൗരാണികമായ ഹരിഹര ക്ഷേത്രം വിട്ടുകിട്ടണമെന്നുമാണ് ഹരജിയില്‍ വാദിക്കുന്നത്. പുരാണങ്ങളില്‍ ഈ ക്ഷേത്രത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടത്രെ. ബാബര്‍ ചക്രവര്‍ത്തി ഹരിഹര ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണത്രെ പള്ളി പണിതിരിക്കുന്നത്. പൗരാണിക കാലത്ത് വിഷ്ണുവിന്റെയും ശിവന്റെയും വിഗ്രഹം പ്രതിഷ്ഠിച്ചത് കൊണ്ടാണ് ഹരിഹര ക്ഷേത്രം എന്ന പേര് വീണതെന്നും ഹരജിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ 500 വര്‍ഷമായി മസ്ജിദായി തുടരുന്ന ആരാധനാലയത്തിന്മേല്‍ ഇമ്മട്ടില്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ അത്തരം ഹരജികള്‍ ചവറ്റുകൊട്ടയില്‍ വലിച്ചെറിയുന്നതിനു പകരം യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച മജിസ്ട്രേറ്റിനെയാണ് ഇനി ശ്രദ്ധിക്കേണ്ടത്. കോടതിയില്‍ നിന്ന് വിരമിക്കുന്നതോടെ ആര്‍ എസ് എസിന്റെ ഏതെങ്കിലും ശാഖയിലൂടെ സംഘ്പരിവാര്‍ സേവകനായോ ബി ജെ പി നേതാവായോ പുതിയ ഉത്തരീയത്തില്‍ കാണാനാണ് സാധ്യത. ദൈവത്തോട് പ്രാര്‍ഥിച്ചപ്പോഴാണ് അയോധ്യ കേസില്‍ വിധിന്യായം കുറിച്ചിടാന്‍ തനിക്ക് ശേഷി കൈവന്നതെന്ന് പരസ്യമായി പറയാന്‍ ധൈര്യം കാണിച്ച ഡി വൈ ചന്ദ്രചൂഡ് പരമോന്നത നീതിപീഠത്തിന്റെ അമരത്തിരുന്ന ഒരു കാലസന്ധിയിലാണ് ആദിത്യ സിംഗിനെ പോലുള്ളവര്‍ ഇത്തരത്തില്‍ ഹിന്ദുത്വസേവക്ക് ധൈര്യം കാണിക്കുന്നത്. ചരിത്രത്തിന്റെ കുഴിമാടങ്ങളിലാണ് ഇക്കൂട്ടര്‍ അഭയം തേടുന്നത്.

1947ല്‍ ആരാധനാലയങ്ങള്‍ ഏത് അവസ്ഥയിലാണോ ആ സ്റ്റാറ്റസ്‌കോ ബാബരി മസ്ജിദ് ഒഴികെയുള്ള ദേവാലയങ്ങളുടെ കാര്യത്തില്‍ നിലനിര്‍ത്തണമെന്ന് നിര്‍ദേശിക്കുന്ന 1991ലെ ആരാധനാലയ സംരക്ഷണ നിയമം പാസ്സാക്കിയ ഒരു രാജ്യത്താണ് ഇത്തരത്തിലുള്ള കോടതി ഇടപെടലുകള്‍ ഉണ്ടാകുന്നതെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടാന്‍ അന്നത്തെ നിയമ നിര്‍മാണത്തിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്സ് പോലും മുന്നോട്ടുവരുന്നില്ല എന്ന ദുരന്താവസ്ഥയാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. ആ നിയമത്തിന്റെ ഭരണഘടനാ സാധുത നിര്‍ണയിക്കാനുള്ള ബാധ്യതയില്‍ നിന്ന് സുപ്രീം കോടതി ഒഴിഞ്ഞുമാറുന്നതില്‍ ജുഡീഷ്യല്‍ ആക്ടിവിസത്തില്‍ ആവേശം കൊള്ളാറുള്ളവര്‍ പോലും ഇതുവരെ നിലപാട് വ്യക്തമാക്കിയില്ല എന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

മാറിയ രാഷ്ട്രീയാന്തരീക്ഷം
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേരിട്ട പ്രഹരങ്ങളുടെ ആഘാതം കുറക്കുന്ന പുതിയൊരു രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് രാജ്യം വഴിമാറിയതോടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുമ്പിട്ടറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഹരിയാനക്ക് പിറകെ മഹാരാഷ്ട്രയും കാവിയണിഞ്ഞത് ‘ഇന്ത്യ’ കൂട്ടായ്മയുടെ ആത്മബലം നഷ്ടപ്പെടുത്തി എന്നതിനപ്പുറം ആക്രമണോത്സുക അജന്‍ഡകളുമായി ഭൂരിപക്ഷ സമൂഹത്തിലേക്ക് പരന്നൊഴുകാന്‍ മോദി സര്‍ക്കാറിനും ആര്‍ എസ് എസിനും പ്രചോദനമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംഭല്‍ സംഭവ വികാസങ്ങള്‍ ഒരു കൊച്ചുപുലരിയില്‍ ഏതെങ്കിലും ഹിന്ദുത്വവാദിയുടെ മനസ്സില്‍ ഉദിച്ചുയരുന്ന ആശയമല്ല. നാഗ്പൂരിലെ ഹെഡ്ഗേഭവനില്‍ കാലങ്ങളായി നടത്തുന്ന ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലശ്രുതിയാകാമിത്. ഗുജറാത്താണ് ഹിന്ദുത്വയുടെ ഫാസിസ്റ്റ് ശൈലിയുടെ ആസ്ഥാനമെങ്കിലും മഹാരാഷ്ട്രയാണ് അതിന്റെ പ്രായോഗിക വേദി. ബി ജെ പിക്ക് ഒറ്റക്ക് ഭരണം കൈവരാതിരുന്നതും ശരദ് പവാറിനെ പോലുള്ള അതികായന്മാരുടെ സാന്നിധ്യമുണ്ടായതും കാവി രാഷ്ട്രീയത്തിന്റെ ഇരച്ചുകയറ്റത്തിന് തടയിട്ടിരുന്നു. ഇപ്പോള്‍ മുംബൈയില്‍ ചിത്രമാകെ മാറിയിരിക്കുന്നു. അതോടൊപ്പം കോണ്‍ഗ്രസ്സ് ഈ തിരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച പരിതാപകരമായ പ്രകടനം കാവി രാഷ്ട്രീയത്തിനു മുന്നില്‍ രാഹുലിന്റെ പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കുക ദുഷ്‌കരമാണെന്ന് സമര്‍ഥിക്കുന്നുണ്ട്. കൂടുതല്‍ സെക്യുലര്‍ ശക്തികളെ കൂട്ടുപിടിക്കാന്‍ ന്യൂനപക്ഷം പുതിയ തന്ത്രങ്ങള്‍ മെനയുന്നതാകും ബുദ്ധിയെന്ന് പുതിയ രാഷ്ട്രീയ സാഹചര്യം ഓര്‍മപ്പെടുത്തുന്നു.

 

Latest