കൊലപാതക രാഷ്ട്രീയത്തിനെതിരെ സർക്കാർ ഉറച്ച നിലപാടെടുക്കണമെന്നും ജനങ്ങൾ സർക്കാറിന് പിന്തുണ നൽകണമെന്നും മുസ്ലിം ലീഗ് നേതാവ് സയ്യിദ് സ്വാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. അക്രമ രാഷ്ട്രീയം അവസാനിക്കേണ്ടത് ഏതെങ്കിലും സംഘടനകളുടെ പ്രതികാരത്തിലോ ഔദാര്യത്തിലോ ആകരുത്. അത് സർക്കാറിന്റെ ഉറച്ചതും നിഷ്പക്ഷവുമായ നിലപാടിലൂടെ ആവണം. ദൈവം പോലും ആദരിച്ച ഒരു ജീവനെ അപഹരിക്കുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്. ഇത്തരം കൊലപാതകങ്ങളെ പിന്തുണക്കാൻ ഒരു മതവും പറയുന്നില്ല. അതുകൊണ്ടാണ് കേരളത്തിലെ മത വിശ്വാസികൾക്കിടയിൽ നിന്നും മുഖ്യധാരാ സംഘടനകളും പണ്ഡിതൻമാരും ഈ അപരിഷ്കൃത പ്രവർത്തനം ചെയ്തവർക്ക് കൂട്ടുനിൽക്കുന്ന ഒരു വാക്കു പോലും പറയാത്തത്. അക്രമ രാഷ്ട്രീയം അവസാനിക്കേണ്ടത് ഏതെങ്കിലും സംഘടനകളുടെ പ്രതികാരത്തിലോ ഔദാര്യത്തിലോ ആകരുത്. അത് സർക്കാറിന്റെ ഉറച്ചതും നിഷ്പക്ഷവുമായ നിലപാടിലൂടെ ആവണം. പുതിയ കാലത്ത് പ്രകോപനങ്ങൾ വിളിച്ചു പറയാൻ വരുന്നവർക്ക് മീഡിയകൾ അവസരം സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് നീതി. അതാണ് മാധ്യമ ധർമവുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ
കൊലപാതക രാഷ്ട്രീയത്തിനെതിരെ സർക്കാർ ഉറച്ച നിലപാടെടുക്കണം. ജനങ്ങൾ സർക്കാറിന് പിന്തുണയും നൽകണം.
രാഷ്ട്രീയം ഹിംസാത്മകമാകുന്നത് ഭീതിജനകവും വേദനാജനകവുമാണ്. കൊലപാതക വാർത്തകൾ കേൾക്കുമ്പോൾ അതിന്റെ രണ്ടു വശങ്ങളെ കുറിച്ചുള്ള ആലോചനകളാണുണ്ടാവുന്നത്.
ഒന്നാമത്തെ കാര്യം ഒരാൾ മരിക്കുന്നു എന്നതു തന്നെയാണ്. ദൈവം പോലും ആദരിച്ച ഒരു ജീവനെ അപഹരിക്കുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്. ഒരാളുടെ ജീവൻ നഷ്ടമാകുന്നതോടെ
അവന്റെ ഉറ്റവരായവർക്ക് അത്താണി നഷ്ടപ്പെടുന്നു.
മരണപ്പെടുന്നവൻ മകനും, പിതാവും, ഭർത്താവും, സഹോദരനും, സുഹൃത്തുമാണ്. ഒരു കുടുംബത്തിന്റെ ജീവിത ചിലവ് കണ്ടെത്തുന്നവൻ എന്ന് മാത്രമായി പലരും ചുരുക്കി പറയുന്നത് കേൾക്കാറുണ്ട്.
അതു മാത്രമായിരുന്നെങ്കിൽ അതിന് പകരം മാർഗങ്ങൾ കണ്ടെത്താൻ പ്രയാസമില്ല. യഥാർത്ഥത്തിൽ അതല്ല ഒരു ജീവൻ. സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞൊരു ആത്മാവാണത്. അവൻ കുടുംബത്തിന്റെ സ്നേഹമാണ്,
കരുതലാണ്, അഭിപ്രായം തേടേണ്ടവനും,
ഉപദേശം നൽകേണ്ടവനുമാണ്. അവന്റെ ഭാര്യയും മക്കളും ജീവിതകാലം മുഴുവൻ കാത്തിരിക്കാനാളില്ലാതെ കണ്ണീർ വാർക്കേണ്ടി വരുന്ന ദയനീയതക്ക് ഒരിക്കൽ മാത്രം കിട്ടുന്ന ഈ ജീവിതത്തിൽ പകരമാകാൻ മറ്റൊന്നിനും കഴിയില്ല.
രണ്ടാമത്തെ കാര്യം കൊലപാതകിയുടേതാണ്.
നീതിപീഠം വിധിക്കുന്ന ശിക്ഷയേക്കാൾ വലിയ ചിലത് അവനെ കാത്തിരിക്കുന്നുണ്ട്. ” ഒരു മനുഷ്യനെ കൊന്നവൻ ” എന്ന പേരാണത്.
സമൂഹത്തിൽ അതിനേക്കാൾ വലിയ ശിക്ഷ വേറെ എന്തുണ്ട്. കൊലയാളിയുടെ മക്കൾ, കൊലയാളിയുടെ
ഭാര്യ, കൊലയാളിയുടെ മാതാപിതാക്കൾ കൊലയാളിയുടെ കുടുംബങ്ങൾ എന്നൊക്കെ സമൂഹം കുടുംബത്തെ വിശേഷിപ്പിക്കേണ്ടി വരുമ്പോൾ
അവർ സഹിക്കുന്ന അപമാന ഭാരം എത്ര വലുതായിരിക്കും. ജീവിത കാലം മുഴുവൻ ബന്ധങ്ങളിൽ
സൗഹൃദങ്ങളിൽ അവർക്കുണ്ടാകുന്ന അസ്പൃശ്യത എത്രമാത്രം ഇരുട്ട് നിറഞ്ഞതാവും.
നമുക്ക് ദൈവം കനിഞ്ഞരുളിയ ഒരു ജീവിതമല്ലെയുള്ളൂ..
ആകെയുള്ള ആ ഒറ്റ ജീവിതം കൊണ്ടാണ്
വിവേക ശൂന്യവും തിരുത്താനാവാത്തതുമായ ഈ തിൻമ പ്രവർത്തിക്കുന്നത് എന്ന ബോധ്യം ഇത്തരം വഴികളിൽ ഇനിയും പതുങ്ങി നിൽക്കുന്നവരുണ്ടെങ്കിൽ ഓർക്കട്ടെ..
കാലം ഏറെ മാറിയില്ലേ, നമ്മുടെ ലോകവും ഏറെ മാറി..
വിവരവും വിദ്യാഭ്യാസവും വർദ്ധിച്ചില്ലേ..
മതങ്ങളുടെ മാനവിക മൂല്യങ്ങൾക്ക് ഇത്ര മാത്രം പ്രചുര പ്രചാരമുണ്ടായ കാലമുണ്ടായിട്ടുണ്ടോ?
അറിവാണെങ്കിൽ വിരൽ തുമ്പിലുണ്ട്.. അറിവിന്റെ കുറവമല്ല, സംസ്കരണത്തിന്റെ അഭാവമാണ്.
ആ സംസ്കരണമാണ് സംസ്ക്കാരം..
മതം മാനവിക മൂല്യങ്ങളുടെ സാകല്യമാണ്..
രാഷ്ട്രീയം മാന്യൻമാരുടെ കളിക്കളവുമാണ്.
അനീതിയും അന്യായങ്ങളും ഏൽക്കേണ്ടിവന്നാൽ പരിഹാരം കാണാൻ നീതി പീഠങ്ങളുണ്ടല്ലോ..
നിയമപാലകരുടെ ശ്രദ്ധ ക്ഷണിക്കാൻ ജനാധിപത്യത്തിൽ മാർഗങ്ങളുമുണ്ട്..
ഈ അക്രമങ്ങളെയൊന്നും മതത്തിന്റെ മേലങ്കി അണിയിച്ച് പ്രചാരം നൽകരുത്. ആശയ സംവാദങ്ങളെ
ഭയക്കുന്നവരാണ് ആയുധ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.
ഇത്തരം കൊലപാതകങ്ങളെ പിന്തുണക്കാൻ ഒരു മതവും പറയുന്നില്ല. അതുകൊണ്ടാണ് കേരളത്തിലെ മത വിശ്വാസികൾക്കിടയിൽ നിന്നും മുഖ്യധാരാ സംഘടനകളും പണ്ഡിതൻമാരും ഈ അപരിഷ്കൃത പ്രവർത്തനം ചെയ്തവർക്ക് കൂട്ടുനിൽക്കുന്ന ഒരു വാക്കു പോലും പറയാത്തത്. മാത്രമല്ല, അവർ അപലപിക്കുകയും എതിർക്കുകയും ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞ ദിസം ആലപ്പുഴ ജില്ലയിൽ നടന്ന രണ്ട് കൊലപാതകവും ആസൂത്രിതവും അതി നിഷ്ടൂരവുമായിട്ടാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്.
കൊലപാതക രാഷ്ട്രീയത്തിനെതിരെ സർക്കാർ ഉറച്ച നിലപാടെടുക്കണം. ജനങ്ങൾ സർക്കാറിന് പിന്തുണയും നൽകണം.
അക്രമ രാഷ്ട്രീയം അവസാനിക്കേണ്ടത് ഏതെങ്കിലും സംഘടനകളുടെ പ്രതികാരത്തിലോ ഔദാര്യത്തിലോ ആകരുത്. അത് സർക്കാറിന്റെ ഉറച്ചതും നിഷ്പക്ഷവുമായ നിലപാടിലൂടെ ആവണം.
നിയമപാലകരുടെ ജാഗ്രത കുറവുണ്ടാകരുത്.
ഇത്തരം ഘട്ടങ്ങളിൽ വാർത്താ മാധ്യമങ്ങൾക്ക് നിർവ്വഹിക്കാനുള്ള ഉത്തരവാദിത്വവും വലിയതാണ്.
അത് നിർവ്വഹിച്ച പാരമ്പര്യം തന്നെയാണ് മലയാള മാധ്യമങ്ങൾക്കുള്ളതും. എങ്കിലും പുതിയ കാലത്ത് പ്രകോപനങ്ങൾ വിളിച്ചു പറയാൻ വരുന്നവർക്ക് മീഡിയകൾ അവസരം സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് നീതി. അതാണ് മാധ്യമ ധർമ്മവും.
പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരമാണ് അടിയന്തരമായി വേണ്ടത്. അക്രമ രാഷ്ട്രീയത്തിന്നെതിരെ ശക്തമായ നിലപാടെടുക്കാൻ സർക്കാറിന് കഴിയണം. അതിന് പിന്തുണ നൽകുന്നു.