Connect with us

Kerala

സുന്നി ആശയം പറയുന്നവരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കരുത്: കാന്തപുരം

സുന്നി ആശയങ്ങള്‍ സംരക്ഷിക്കുന്നതിന് സമസ്തയുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനം തുടരുമെന്നും കാന്തപുരം

Published

|

Last Updated

തൃശൂര്‍ | സുന്നി ആശയം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ പേരില്‍ ആരെയും ഒറ്റപ്പെടുത്താനോ അപകീര്‍ത്തിപ്പെടുത്താനോ അനുവദിക്കരുതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. എസ് വൈ എസ് കേരള യുവജന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സുന്നി ആശയങ്ങള്‍ സംരക്ഷിക്കുന്നതിന് സമസ്തയുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനം തുടരും. ബഹുസ്വര പാരമ്പര്യം അംഗീകരിക്കുന്ന രാഷ്ട്രീയ, സാംസ്‌കാരിക സമൂഹവും അതിനെ പിന്തുണക്കണം. ഈ ആശയത്തില്‍ സുന്നി സംഘടനകള്‍ ഒരുമിച്ചു നില്‍ക്കും. വിവിധ സംഘടനകളായി പ്രവര്‍ത്തിക്കുന്നു എങ്കിലും സുന്നികള്‍ക്കിടയില്‍ ഇപ്പോള്‍ ഭിന്നതകളില്ല. സുന്നി ആശയം ദുര്‍ബലപ്പെടുത്താന്‍ ആരും കൂട്ടു നില്‍ക്കരുത്. വിഭാഗീയതകള്‍ ആര്‍ക്കും ഗുണകരമാകില്ല. സംഘടനകളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാനില്ല. എന്നാല്‍ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കും. ആശയം പറയുന്നതിന്റെ പേരില്‍ സുന്നി പണ്ഡിതന്‍മാരെയും സയ്യിദന്‍മാരെയും പൊതു മധ്യത്തില്‍ അവമതിക്കരുത്.

കേരളത്തിലെ മുസ്ലിം പാരമ്പര്യം സുന്നികളുടേതാണ്. അതില്‍ ഭിന്നതയും ഛിദ്രതയും ഉണ്ടാക്കാന്‍ ശ്രമിച്ചവരാണ് മുജാഹിദുകളും മൗദൂദികളും. നാടിന്റെ സംസ്‌കാരിക സൗഹൃദങ്ങളോട് ചേര്‍ന്ന് നിന്നുമുള്ള സമാധാനപരമായ പ്രവര്‍ത്തന രീതികളാണ് സുന്നികള്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥകളും നാം അംഗീകരിച്ചു പോന്നു. മതരാഷ്ട്രം സ്ഥാപിക്കുക, രാജ്യ ഭരണം നേടിയെടുക്കുക, ഭരണാധികാരികളെ അട്ടിമറിക്കുക തുടങ്ങിയ പ്രതിലോമ ആശയങ്ങളൊന്നും നമ്മുടെ ലക്ഷ്യമോ വിശ്വാസമോ അല്ല. എന്നാല്‍ മതമൂല്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് മൗദൂദികള്‍. ഭിന്നതയുടെ ആശയങ്ങള്‍ മുജാഹിദ് സംഘടനകളും പുലര്‍ത്തുന്നു.

പൊതു സമൂഹത്തില്‍ സമുദായികവാദം മുന്നോട്ടു വെച്ചും രാഷ്ട്രീയ പാര്‍ട്ടികളെ സ്വാധീനിച്ചും സുന്നി സാംസ്‌കാരിക പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്നത് നേരിടാനാണ് സമസ്ത രൂപീകരിച്ചത്. സുന്നികളുടെ വഖഫ് ഭൂമികള്‍ കൈക്കലാക്കിയ പാരമ്പര്യം പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കുണ്ട്. അതിന്റെ തുടര്‍ച്ചയാണോ വിവാദത്തിലിരിക്കുന്ന ചില ഭൂമികള്‍ വഖഫല്ല എന്ന ചില കേന്ദ്രങ്ങളുടെ പ്രഖ്യാപനങ്ങള്‍ എന്നു സംശയിക്കണം.

കേരളത്തിന്റെ സാമൂഹിക സഹോദര്യവും പുരോഗതിയും ഒരുപോലെ പ്രധാനമായി കണ്ട് സമസ്തയും സംഘടനകളും പ്രവര്‍ത്തിക്കും. നവകേരള നിര്‍മാണത്തില്‍ പങ്കു ചേരും. പുത്തുമല ഉള്‍പെടെയുള്ള ദുരിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തില്‍ മുസ്ലിം ജമാഅത്തും എസൈ്വഎസും കൂടെയുണ്ടാകും. ഫലപ്രദമായ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കണം. സമൂഹിക സൗഹാര്‍ദം സര്‍ക്കാരിന്റെ നയപരിപാടിയായി ഉള്‍പെടുത്തുകയും പ്രത്യേക മന്ത്രാലയം രൂപീകരിച്ചു പ്രവര്‍ത്തിക്കുകയും വേണമെന്നും കാന്തപുരം പറഞ്ഞു.

Latest