Connect with us

cm$niyamasabha

സ്ഥിരം ലഹരിക്കേസില്‍പ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം കരുതല്‍ തടങ്കല്‍ ഉറപ്പാക്കും: മുഖ്യമന്ത്രി

ലഹരി വ്യാപനം തടയാന്‍ കര്‍ശന നടപടി: സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിക്കും പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം | സ്ഥിരം ലഹരിക്കേസില്‍പ്പെടുന്നവരെ രണ്ട്  വര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് പ്രതികളില്‍ നിന്ന് ബോണ്ട് എഴുതിവാങ്ങും. കുറ്റകൃത്യ പട്ടിക തയ്യാറാക്കി നിരന്തരം നിരീക്ഷിക്കും. സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും കടകളില്‍ ലഹരി വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ ആ കട പിന്നീട് തുറക്കാന്‍ അനുവദിക്കാത്ത നടപടിയുണ്ടാകും. എക്സൈസ് ഓഫീസുകളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍ ലഹരിവിരുദ്ധ സമിതികള്‍ രൂപവത്ക്കരിക്കും. ലഹരിവിരുദ്ധ പോരാട്ടത്തിന് സംഘടിത രീതിയുണ്ടാകും. ലഹരി തടയാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഈവര്‍ഷം മാത്രം 16,228 ലഹരിക്കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. സിന്തറ്റിക്, രാസവസ്തുക്കളടങ്ങിയ ലഹരിവ്യാപനം വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടിയെടുക്കും. പോലീസും എക്‌സൈസും ഒരുമിച്ചുള്ള നടപടിയുണ്ടാകും . വരുന്ന ഗാന്ധി ജയന്തി ദിനമായ ഒക്ടബോര്‍ രണ്ടിന്  ലഹരിവിരുദ്ധ പോരാട്ടദിനമായി ആചരിക്കും.  പ്രതിരോധിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ലഹരിക്കെതിരെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വിശ്വാസികള്‍ക്ക് ബോധവത്ക്കരണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ലഹരിവ്യാപനം ചൂണ്ടിക്കാട്ടി പി സി വിഷ്ണുനാഥാണ് എം എല്‍ എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എം ഡി എം എ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

കേരളം മയക്കുമരുന്ന് ബാധിത മേഖലയായി മാറിയിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ അടക്കം ലഹരി ഉപയോഗം വ്യാപകമാണ്. സ്‌കൂളിന്റെ പേര് ചീത്തയാകാതിരിക്കാന്‍ അധികൃതര്‍ ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെക്കുകയാണെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ലഹരിവ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിക്കും പ്രതിപക്ഷത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. സംസ്ഥാനത്തിന് വലിയ ഭീഷണിയായി പുതുതലമുറയുടെ ലഹരി ഉപയോഗം മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest